Current Date

Search
Close this search box.
Search
Close this search box.

ഗുല്‍ബര്‍ഗ് സൊസൈറ്റി; ആരാണ് കൂട്ടക്കൊലക്ക് തുടക്കം കുറിച്ചത്?

Gulbarg-Society-zakia.jpg

ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ നാശഹേതുവാണ് വര്‍ഗീയ കലാപം. നിരപരാധികള്‍ കൊല്ലപ്പെടുകയും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയും ചെയ്യും. കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇനി ശിക്ഷിക്കപ്പെട്ടാല്‍ തന്നെ വമ്പന്‍ സ്രാവുകള്‍ വെറുതെ വിടപ്പെടും, കൂലിപട്ടാളക്കാര്‍ ശിക്ഷിക്കപ്പെടും. കൂടാതെ, ‘മുസ്‌ലിംകളാണ് കലാപങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും, പിന്നീട് കൊല്ലപ്പെടുന്നതും’ എന്ന ഒരു നിരീക്ഷണം ‘പൊതുബോധത്തിന്റെ’ ഭാഗമായി കഴിഞ്ഞിട്ടുണ്ട്, അതിന് വ്യാപക പ്രചാരം ലഭിക്കുന്നുമുണ്ട്.

2016 ജൂലൈ 2-ന് വിധി പറയപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല കേസില്‍ ഇരകള്‍ക്ക് പൂര്‍ണ്ണമായും നീതി ലഭിച്ചിട്ടില്ല. മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെയാണ് ആ കേസിലും വിധി വന്നത്. കുറ്റാരോപിതരില്‍ 24 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 11 പേര്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് കുറച്ച് കാലത്തെ തടവ് ശിക്ഷയും. കൂട്ടക്കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ശക്തികളെ ശിക്ഷാവിധി ഒന്നു തൊടുക പോലും ചെയ്തിട്ടില്ല. കൂടാതെ ഇഹ്‌സാന്‍ ജാഫ്രി വെടിയുതിര്‍ത്തതാണ് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായി തീര്‍ന്നതെന്ന ഗുജറാത്ത് പ്രോസിക്യൂഷന്റെ വാദം ജഡ്ജി ശരിവെക്കുകയും ചെയ്തു. ഫെബ്രൂവരി 28-നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൊള്ളയടിക്കപ്പെടുകയും, അവിടെ താമസിച്ചിരുന്നവര്‍ അരുംകൊല ചെയ്യപ്പെട്ടതെന്നും ഓര്‍ക്കുക. അതായത് ഗോധ്ര തീവണ്ടി കത്തിക്കല്‍ നടന്നതിന്റെ തൊട്ടടുത്ത ദിവസം. രാവിലെ മുതല്‍ക്ക് തന്നെ സര്‍വ്വായുധസജ്ജരായ ജനകൂട്ടം സൊസൈറ്റിക്ക് ചുറ്റും തടിച്ച് കൂടാന്‍ തുടങ്ങിയിരുന്നു. അവിടെയാണ് മുന്‍ എം.പിയായ ഇഹ്‌സാന്‍ ജാഫ്രി താമസിച്ചിരുന്നത്. തടിച്ച് കൂടിയ ജനകൂട്ടം ന്യൂനപക്ഷ സമുദായത്തിനെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു.

ഗോധ്ര തീവണ്ടി കത്തിക്കലിനോടുള്ള സ്വാഭാവിക പ്രതികരണമായിട്ടാണ് ഈ സംഭവം അവതരിപ്പിക്കപ്പെടുന്നത്. ഇഹ്‌സാന്‍ ജാഫ്രി ജനകൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതാണ് അവര്‍ അക്രമാസക്തരായതിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ തിയറി. പിന്നെ എന്തിനാണ് ജനകൂട്ടം ആ പ്രദേശത്ത് ആദ്യം ഒത്തുകൂടിയത് എന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്ന് വരുന്നുണ്ട്. അത്തരത്തിലൊരു ജനകൂട്ടത്താല്‍ വലയം ചെയ്യപ്പെട്ടാല്‍ ആളുകള്‍ ശാന്തരായിരിക്കുമോ? ജാഫ്രി വെടിയുതിര്‍ത്തതാണ് കൂട്ടക്കൊലക്ക് കാരണമായി തീര്‍ന്നത് എന്ന വാദം ശരിവെച്ച കോടതി, യഥാര്‍ത്ഥത്തില്‍ തന്റെ പിതാവിനെയും അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലമായ ജീവിതത്തെയും അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ജാഫ്രിയുടെ മകന്‍ തന്‍വീര്‍ പറഞ്ഞു. ‘സംഭവസ്ഥലത്ത് ഉണ്ടായിരുന്ന 24 പോലിസുകാര്‍ ആ നാല് മണിക്കൂര്‍ നേരം എന്തെടുക്കുകയായിരുന്നു, അവര്‍ ഷോ ആസ്വദിക്കുകയായിരുന്നോ?’

വര്‍ഗീയ കലാപത്തെ വിശകലനം ചെയ്യുമ്പോള്‍ പൊതുവെ കുറ്റമെല്ലാം ഇരകളുടെ മേല്‍ ചാര്‍ത്തുന്ന രീതിയിലാണ് കലാപത്തെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ രചിക്കപ്പെടുന്നത് എന്ന് കാണാന്‍ സാധിക്കും. ‘ഇരകളാണ് കുറ്റക്കാര്‍’ എന്ന രീതിയിലാണ് പ്രചാരണ പരിപാടികള്‍ പൊടിപൊടിക്കുക. ആക്രമണത്തിനുള്ള ന്യായീകരണങ്ങള്‍ വര്‍ഗീയ ശക്തികള്‍ മുന്‍കൂട്ടി തന്നെ സമര്‍ത്ഥമായി നിര്‍മിച്ചിട്ടുണ്ടാകും. ഗോധ്ര തീവണ്ടി കത്തിക്കലിന്റെ പേരു പറഞ്ഞാണ് പിന്നീട് നടന്ന എല്ലാ ആക്രണസംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഗോധ്ര തീവണ്ടി കത്തിക്കലിന്റെ കാരണങ്ങള്‍ വേറെ തന്നെ ചര്‍ച്ച ചെയ്യേണ്ട മറ്റൊരു കാര്യമാണ്. മുസ്‌ലിംകളാണ് പുറത്ത് നിന്നും തീവണ്ടി കത്തിച്ചത് എന്ന വ്യാപകപ്രചാരം നേടിയ വാദം തന്നെ പൊള്ളയാണ്. കാരണം പുറത്ത് നിന്നും തീവണ്ടി അഗ്നിക്കിരയാക്കാന്‍ കഴിയില്ല. സത്യം പുറത്ത് വരുമ്പോഴേക്കും ന്യൂനപക്ഷത്തിന് നേര്‍ക്കുള്ള ആക്രമണത്തെ കുറിച്ച് ആളുകള്‍ വ്യത്യസ്ത രീതികളിലൂടെ വിശ്വസിപ്പിക്കപ്പെടുകയും ആക്രമണത്തിന് ആള്‍കൂട്ടം സജ്ജമാക്കപ്പെടുകയും ചെയ്യും. വര്‍ഗീയ കലാപത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചുള്ള മികച്ച പഠനങ്ങളില്‍ ഒന്നില്‍, ‘പുറമെ നിന്നുള്ള വിമര്‍ശനങ്ങളെ സ്വയം പ്രതിരോധിക്കാനും, സ്വധര്‍മ്മത്തെ സംരക്ഷിക്കാനുമായി, മുസ്‌ലിംകളാണ് എല്ലാത്തിനും തുടക്കം കുറിച്ചത് എന്ന രീതിയില്‍ കാര്യങ്ങളെ ഉയര്‍ത്തികാട്ടും.’ എന്ന്  ഉത്തര്‍പ്രദേശ് പോലിസിലെ മുന്‍ ഡി.ജി.പി വി.എന്‍ റായ് ചൂണ്ടികാട്ടുന്നുണ്ട്. (Combating Communal Conflicts Pg. 56-57)

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വസ്തുത തള്ളിക്കളഞ്ഞ കോടതി, രോഷാകുലരായ ജനകൂട്ടത്തിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്ന വാദം അംഗീകരിച്ചു. സഹായം തേടി കൊണ്ട് പോലിസിനും മുഖ്യമന്ത്രിക്കും ഇഹ്‌സാന്‍ ജാഫ്രി ഫോണ്‍ വിളിച്ചിരുന്നു. റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ആ ഫോണുകളെ കുറിച്ച് എന്താണ് പറയാനുള്ളത്?  സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഇഹ്‌സാന്‍ ജാഫ്രിയുടെ ഫോണ്‍ കോളിനോട് പ്രതികരിക്കാതിരുന്ന പോലിസിനെ കുറിച്ച് ഒന്നും പറയാനില്ലെ? ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ താമസക്കാരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച്ച വരുത്തി, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ മുതല്‍ക്കുള്ള എല്ലാ ഉദ്യോഗസ്ഥരും വെറുതെ വിടപ്പെട്ടു.

സമാന്തരമായി നടന്ന നരോദ പാട്ടിയ കേസില്‍, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വസ്തുത കോടതി ശരിവെക്കുകയും, രണ്ട് പ്രമുഖ ബി.ജെ.പി നേതാക്കളായ മായാബെന്‍ കോഡ്‌നാനി, ബാബു ബജ്‌റംഗി എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ‘അതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗോധ്ര തീവണ്ടി കത്തിക്കലിനോടുള്ള സ്വഭാവിക പ്രതികരണമായിരുന്നു അതെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാന്‍ സാധിക്കുകയില്ല.’ എന്ന് യാഗ്നിക്ക് ചൂണ്ടികാട്ടി. വിധിയെ തുടര്‍ന്ന് ജഡ്ജിക്ക് നേരെ വ്യത്യസ്ത രീതിയില്‍ നിരന്തരം ഭീഷണികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഗുല്‍ബര്‍ഗ്, നരോദ പാട്ടിയ കേസുകള്‍ സമാനമായിരിക്കെ ഗുല്‍ബര്‍ഗ് കേസില്‍ ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യതയെ എങ്ങനെ തള്ളിക്കളയാന്‍ സാധിക്കും.

നീതിന്യായ വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥയെ സംബന്ധിച്ച മറ്റുപല വശങ്ങള്‍, പ്രത്യേകിച്ച് വര്‍ഗീയ ലഹളയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പ്രസ്തുത കോടതിവിധി നമ്മുടെ സവിശേഷശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ട്. വര്‍ഗീയ കലാപം തടയുക, നിയന്ത്രിക്കുക, നീതി ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഭരണകൂടം ഗുരുതരമായ വീഴ്ച്ച വരുത്തുന്നുണ്ട്. 1984-ലെ സിഖ് വിരുദ്ധ കൂട്ടക്കൊലക്കും, 1992-ലെ ബാബരി ധ്വംസനത്തിന് ശേഷം നടത്ത കാലപങ്ങള്‍ക്കും ശേഷം കണ്ടത് പോലെ കലാപ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഇത് നയിച്ചത്. അടുത്തായി ഗുജറാത്തില്‍ കാര്യങ്ങള്‍ ചെറിയ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ഈ നിലക്ക് കാര്യങ്ങള്‍ എത്താന്‍ പ്രധാന കാരണം മനുഷ്യാവകാശ കമ്മീഷന്‍, ആത്മാര്‍ത്ഥതയുള്ള ന്യായാധിപന്‍മാര്‍, സിവില്‍ സൊസൈറ്റി സംഘങ്ങള്‍ എന്നിവരുടെ കഠിനപ്രയത്‌നം തന്നെയാണ്. പ്രത്യേകിച്ച് ടീസ്റ്റ സെറ്റല്‍വാദ്. കലാപ കേസുകളുമായി തളര്‍ച്ചയേതുമില്ലാതെ അവര്‍ മുന്നോട്ട് പോയതാണ് ഇരകള്‍ക്ക് പാതി നീതിയെങ്കിലും ലഭിക്കുന്ന ഒരു സാഹചര്യം ഉണ്ടാവുന്നതിലേക്ക് നയിച്ചത്. ഗുജറാത്തില്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിന്റെ പ്രതിഫലനമാണ് ഇതെന്നാണ് വിവിധ ഘടകങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചിലര്‍ക്ക് നീതി ലഭിച്ചിട്ടുണ്ടെങ്കിലും, സാമൂഹികപരവും, സ്ഥാപനവല്‍ക്കരിക്കപ്പെട്ടതുമായ ഉച്ചനീചത്വങ്ങളും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഗുജറാത്തില്‍ വ്യാപകമാണ്.

വംശഹത്യയുടെ ജീവിക്കുന്ന ഇരകള്‍ക്ക് നീതി ലഭിക്കുന്ന കാര്യത്തില്‍ അടിയുറച്ച് നിന്ന കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സക്കിയ ജാഫ്രിയുടെ നിശ്ചയദാര്‍ഢ്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ഇതേ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെച്ചാണ് അന്ന് രൂപാ മോഡിക്ക് തന്റെ മകനെ നഷ്ടപ്പെടുന്നതും, മകനെ കണ്ടെത്താന്‍ വേണ്ടി അവര്‍ രാപകല്‍ ഭേദമന്യേ അലയുകയും ചെയ്തത്. രൂപാ മോഡിക്ക് സംഭവിച്ച അത്യാഹിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച പര്‍സാനിയ എന്ന സിനിമ ഗുല്‍ബര്‍ഗ് സൊസൈറ്റിയെ മൊത്തത്തില്‍ വിഴുങ്ങിയ ആ വര്‍ഗീയ ദുരന്തത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ച് കാട്ടുന്നുണ്ട്.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഹൈകോടതികളില്‍ നിന്നും ഇരകള്‍ക്ക് മുഴുവന്‍ നീതിയും ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അവലംബം: countercurrents.org
വിവ: ഇര്‍ഷാദ് കാളാ
ചാല്‍

Related Articles