Current Date

Search
Close this search box.
Search
Close this search box.

കരീം യൂനുസ്; കുറ്റബോധത്തോടെ ഞാനിന്ന് ഓര്‍ക്കുന്നു

kareem-yunus.jpg

കരീം യൂനുസ് എന്ന പേര് എന്റെ ഓര്‍മയില്‍ നിന്നും വിട്ടുപോയിരുന്നു. അതിലുള്ള കുറ്റബോധവും ലജ്ജയും എന്നെ ഏറെ പ്രയാസപ്പെടുത്തുന്നു. മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ് ആ ഫലസ്തീന്‍ പോരാളി. അതിലൂടെ ലോകത്തിലെ തന്നെ, ഒരുപക്ഷേ ചരിത്രത്തിലെ തന്നെ സൂപ്പര്‍ സീനിയര്‍ തടവുകാരനായി മാറിയിരിക്കുകയാണ് അദ്ദേഹം. ഏറ്റവും ചുരുങ്ങിയത് അറബ് ലോകത്തെ ഒരു പ്രതീകമായി അദ്ദേഹം മാറേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ ചിത്രം മങ്ങരുത്, ആ പേര് വിസ്മരിക്കപ്പെടുകയുമരുത്. അദ്ദേഹത്തിന്റെ കഥ വരും തലമുറകള്‍ക്ക് ധീരതയുടെ പ്രതീകമായി മാറുകയും വേണം.

തടവിലുള്ളത് അദ്ദേഹം മാത്രമല്ല എന്നത് ശരിയാണ്. കാരണം ഇസ്രയേല്‍ ജയിലില്‍ എണ്ണായിരത്തോളം തടവുകാരുണ്ട്. (അതില്‍ 240 കുട്ടികളും 73 സ്ത്രീകളുമാണുള്ളത്) തലകുനിച്ചു കൊണ്ട് പോരാളികളായ അവരോടുള്ള ആദരവ് പ്രകടമാക്കുകയാണ്. എന്നാല്‍ ആ ജയിലുകളില്‍ കിടക്കുന്നവരില്‍ തടവിന്റെ കാലദൈര്‍ഘ്യവും പ്രായവും കൊണ്ട് ഏറ്റവും മുന്നിലുള്ള ആളാണ് അദ്ദേഹം.

പ്രശ്‌നം തന്നെ അപ്പടി മറന്നവര്‍ നമുക്കിടയിലുണ്ടാകുമ്പോള്‍ അതിന്റെ ചില പ്രതീകങ്ങള്‍ മറന്നതിനെ കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല എന്നു പറയുന്നവര്‍ നമുക്കിടയിലുണ്ടാവും. ആ പ്രസ്താവന ഒരര്‍ഥത്തില്‍ ശരിയാണെങ്കില്‍ മറ്റൊരര്‍ഥത്തില്‍ തെറ്റാണ്. നമ്മുടെ കാലത്തെ ഒരു യാഥാര്‍ഥ്യത്തെയാണത് കുറിക്കുന്നത്. എന്നാല്‍ ദുഖകരമായ ആ വസ്തുത വിധികല്‍പിക്കുന്നതിന് മാനദണ്ഡമാക്കാവതല്ല. സത്യസന്ധമായും വസ്തുനിഷ്ഠമായും കാര്യങ്ങളെ വിലയിരുത്തേണ്ടത് അനിവാര്യമാണ്.

ഫലസ്തീനികള്‍ ഏപ്രില്‍ 17ന് ആചരിക്കുന്ന ‘തടവുകാരുടെ ദിന’മാണ് കരീം യൂനുസിനെ കുറിച്ച ഓര്‍മ എന്നിലേക്ക് മടക്കി കൊണ്ടുവന്നത്. മഹ്മൂദ് ബക്ര്‍ ഹിജാസിയെന്ന തടവുകാരെ മോചിപ്പിക്കുന്നതില്‍ ഫലസ്തീനികള്‍ വിജയിച്ച ദിനമാണത് (1974). സയണിസ്റ്റ് ശത്രുവുമായുള്ള ഒന്നാമത്തെ തടവുകാരുടെ കൈമാറ്റ പ്രക്രിയയിലൂടെയായിരുന്നു അത്. പിന്നീട് ഒമ്പത് വര്‍ഷത്തിന് ശേഷം (1983 ജൂലൈ 1) കരീമിനെ തേടി ഗ്രീന്‍ ലൈനിന് പിന്നിലെ വടക്കന്‍ ട്രയാംഗിളിലുള്ള അദ്ദേഹത്തിന്റെ പിതാവിന്റെ വീട്ടില്‍ ഇസ്രയേലികള്‍ ഇരച്ചു കയറി. ബേര്‍ശേബയിലുള്ള ബെന്‍ഗോറിയോന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ് അവനെന്ന മറുപടിയാണ് ഇസ്രയേലികള്‍ക്ക് കിട്ടിയത്. തൊട്ടടുത്ത ദിവസം തന്നെ അവര്‍ അവനെ അവിടെ നിന്നും റാഞ്ചിയെടുത്തു. ഏതാനും പേര്‍ക്കൊപ്പം ചേര്‍ന്ന് ഇസ്രയേല്‍ സൈനികനെ കൊലപ്പെടുത്തിയെന്ന കുറ്റവും അയാള്‍ക്ക് മേല്‍ ചുമത്തപ്പെട്ടു. തൂക്കിക്കൊല്ലാനായിരുന്നു വിധി. ഇസ്രയേല്‍ നിയമത്തില്‍ ഇല്ലാത്ത വിധിയായിരുന്നു അത്. ഇസ്രയേലിനകത്തുള്ള ഫലസ്തീനികളെ ഭയപ്പെടുത്തുക എന്നതായിരുന്നു കോടതി അതിലൂടെ ഉദ്ദേശിച്ചത്.

തുടര്‍ന്ന് വധശിക്ഷ വിധിക്കപ്പെട്ടവര്‍ക്കുള്ള ചുവന്ന വസ്ത്രം അണിഞ്ഞ്, കൊലക്കയറുമായി വരുന്ന ആരാചാരെയും കാത്ത് കരീം മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ കേസിന്റെ പുനര്‍വിചാരണയില്‍ ശിക്ഷ ജീവപര്യന്തമാക്കി ലഘുകരിച്ചു. നാല്‍പത് വര്‍ഷത്തെ തടവ് എന്നാണ് പറയപ്പെട്ടത്. അതായത് ഒറ്റയടിക്കുള്ള വധശിക്ഷക്ക് പകരം അല്‍പാല്‍പമായിട്ടുള്ള മരണം പകരം വെച്ചു.

അന്ന് മുതല്‍ ഇസ്രയേലിലെ മുഴുവന്‍ ജയിലുകളിലും (22 ജയിലുകള്‍) അദ്ദേഹത്തെ മാറിമാറി പാര്‍പ്പിച്ചു. പീഡനത്തിന്റെയും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം തകര്‍ക്കുന്നതിന്റെയും ഭാഗമായിരുന്നു അത്. എന്നാല്‍ തന്റേടിയായ ആ പോരാളി തടവറകളെ സ്ഥൈര്യത്തോടെ നേരിട്ടു. മാത്രമല്ല പലപ്പോഴും നിരാഹാര സമരത്തിലൂടെ പോരാടുകയും ചെയ്തു. 25 നിരാഹാര സമരങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച തടവുകാര്‍ പ്രഖ്യാപിച്ച നിരാഹാരമാണ് അതില്‍ അവസാനത്തേത്. ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ പീഡന നയങ്ങളെ വെല്ലുവിളിച്ചു കൊണ്ട് നിലകൊള്ളുന്ന തടവുകാരുടെ മുന്‍ നിരയില്‍ ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂഥിക്കൊപ്പം കരീം യൂനുസും ഉണ്ട്.

വേയ്ക്കുന്ന ചുവടുകളുമായി തന്നെ സന്ദര്‍ശിക്കാനെത്തിയ (രണ്ടാഴ്ച്ചയിലൊരിക്കലാണ് അവര്‍ സന്ദര്‍ശിക്കാറുള്ളത്) എണ്‍പത് പിന്നിട്ട ഉമ്മയോട് കഴിഞ്ഞ ആഴ്ച്ച കരീം യൂനൂസ് പറഞ്ഞത് ഇനിയൊരു നൂറ് വര്‍ഷം കൂടി ജയിലില്‍ കിടക്കാനും താന്‍ തയ്യാറാണെന്നായിരുന്നു. അതുകൊണ്ടൊന്നും ഫലസ്തീനികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കണ്ണീര്‍ വരെ വറ്റിയിരിക്കുന്ന വാര്‍ധക്യത്തില്‍ ചില്ലുമറക്ക് അപ്പുറം നിന്ന് കാണുന്ന മകനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. മറ്റ് സഹോദരങ്ങളെ പോലെ അവനും വിവാഹിതനാവുന്നതെല്ലാം അവര്‍ക്ക് നഷ്ടപ്പെട്ട സ്വപ്‌നങ്ങളാണ്.

കരീം യൂനുസിനെ പറ്റെ മറന്ന തരത്തില്‍ പെരുമാറുകയും ഒന്നിലേറെ തവണ നടന്ന തടവുകാരുടെ കൈമാറ്റത്തില്‍ അദ്ദേഹത്തെ തഴഞ്ഞ ഇസ്രയേല്‍ നീക്കത്തെ അംഗീകരിച്ചു കൊടുക്കുകയും ചെയ്ത ഫലസ്തീന്‍ നേതൃത്വത്തിന് നേര്‍ക്കുള്ള അദ്ദേഹത്തിന്റെ രോഷവും ആക്ഷേപവുമാണ് എന്നെ ഏറെ സ്വാധീനിച്ചത്. ഇസ്രയേലിന്റെ ഔഗ്യോഗിക പൗരത്വമുള്ള ഗ്രീന്‍ലൈനിനകത്തുള്ള ഫലസ്തീന്‍ പ്രതിരോധകരെ കൂടുതല്‍ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. കാരണം ഇസ്രയേലിന് മെരുങ്ങി കൊടുക്കുന്നവരല്ല തങ്ങളെന്നാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഇസ്രയേലിന്റെ ചരിത്രപരമായ അപരാധത്തെ അവര്‍ ഓര്‍പ്പെടുത്തുകയും ചെയ്യുന്നു. കരീം യൂനുസിനും കൂട്ടുകാര്‍ക്കും ഫലസ്തീന്‍ നേതൃത്വത്തെ ആക്ഷേപിക്കാനുള്ള അവകാശമുണ്ട്. അതിലുപരിയായി ഇസ്രയേലിന്റെ ഉറ്റതോഴന്‍മാരായി മാറിയിരിക്കുന്ന അറബികളെയും അവര്‍ക്ക് ആക്ഷേപിക്കാം. കാരണം, തടവുകാരെ വിസ്മരിച്ചവരാണവര്‍.

27 വര്‍ഷത്തെ ജയില്‍ വാസമനുഭവിച്ച നെല്‍സണ്‍ മണ്ടേലയെ ലോകം ആഘോഷിച്ചെങ്കില്‍, ജനതയുടെയും നാടിന്റെയും അന്തസ്സിന് വേണ്ടി 35 വര്‍ഷം ജയിലില്‍ കഴിഞ്ഞ കരീം യൂനുസ് ആദരിക്കപ്പെടാന്‍ അതിലേറെ അര്‍ഹനാണ്. അദ്ദേഹം മോചിപ്പിക്കപ്പെട്ടില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് ഏതൊരു മൂല്യങ്ങള്‍ക്ക് വേണ്ടിയാണോ അദ്ദേഹം നിലകൊള്ളുന്നത് അതിന് വേണ്ടി ശബ്ദിക്കാനെങ്കിലും സാധിക്കേണ്ടിയിരിക്കുന്നു. ആരൊക്കെ അതില്‍ വീഴ്ച്ച വരുത്തിയാലും അദ്ദേഹത്തിനും കൂട്ടുകാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാം ഉണ്ടാവും. ഫലസ്തീന്‍ തടുവുകാരുടെ കാര്യത്തില്‍ നമ്മുടെ സമുദായത്തെ ബാധിച്ചിരിക്കുന്ന ദൗര്‍ബല്യത്തിന്റെയും അശക്തിയുടെയും പേരില്‍ നാം അവരോട് ക്ഷമാപണം നടത്തുകയും ചെയ്യുന്നു.

വിവ: നസീഫ്

Related Articles