Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണവര്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നത്?

islam-embraced-wom.jpg

അഖില അശോകന്റെ ഇസ്‌ലാം ആശ്ലേഷണത്തെയും, ശേഷം ഷഫിന്‍ ഷാജഹാനുമായി നടന്ന അവളുടെ വിവാഹബന്ധത്തെയും കുറിച്ച് അന്വേഷണം നടത്തുന്നതിന് മുമ്പ്, എന്തു കൊണ്ടാണ് പാശ്ചാത്യലോകത്തെ ആയിരക്കണക്കിന് വരുന്ന ആളുകള്‍, പ്രത്യേകിച്ച് വൈറ്റ് മിഡില്‍ക്ലാസില്‍ നിന്ന് വരുന്ന ആളുകള്‍ ഇസ്‌ലാം മതം തെരഞ്ഞെടുക്കുന്നതെന്ന് മനസ്സിലാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (NIA) ശ്രമിക്കേണ്ടതുണ്ട്. കേരളത്തില്‍ അമുസ്‌ലിംകളെ മതപരിവര്‍ത്തം നടത്താന്‍ ഒരു ഇസ്‌ലാമിസ്റ്റ് ഗൂഢാലോചന നടക്കുന്നുണ്ടെന്ന അന്വേഷണ ഏജന്‍സിയുടെ ധാരണയെ തിരുത്താന്‍ അതുവഴി സാധിച്ചേക്കാം.

പരസ്പര സംഘര്‍ഷത്തെ ലഘൂകരിക്കാനും, തീവ്രവാദത്തെ ചെറുക്കാനും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Faith Matters എന്ന സംഘടന 2011-ല്‍ പ്രസിദ്ധീകരിച്ച A Minority Within A Minority എന്ന റിപ്പോര്‍ട്ട് എന്‍.ഐ.എ തീര്‍ച്ചയായും സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. വെളുത്ത വര്‍ഗക്കാരുടെ ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന സ്വാന്‍സി സര്‍വകലാശായിലെ എം.എ കെവിന്‍ ബ്രൈസ് സംഘടിപ്പിച്ച സര്‍വ്വേയെ അടിസ്ഥാനമാക്കിയായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2001-ല്‍ യു.കെ-യില്‍ 60,669 പേര്‍ മതംമാറിയവരായി ഉണ്ടായിരുന്നെന്ന് ബ്രൈസ് തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 55 ശതമാനം പേര്‍ വെളുത്ത വര്‍ഗക്കാരായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം, മതംമാറിയവരുടെ എണ്ണം ഏകദേശം 1,00,000 കവിഞ്ഞു. 2010-ല്‍ മാത്രം, 5200 പേര്‍ ഇസ്‌ലാം ആശ്ലേഷിച്ചതായി കണക്കാക്കപ്പെടുന്നു. 1 : 2 എന്ന അനുപാതത്തില്‍ മതംമാറുന്ന പുരുഷന്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് മതംമാറുന്ന സ്ത്രീകളുടെ എണ്ണമെന്ന് ബ്രൈസിനെ പോലെ മറ്റുള്ളവരും വിശ്വസിക്കുന്നു.

Pews Research Centre-ന്റെ കണക്ക് പ്രകാരം, അമേരിക്കയില്‍, 2015-ലുണ്ടായിരുന്ന 3.3 മില്ല്യണ്‍ മുസ്‌ലിംകളില്‍ 23 ശതമാനവും ഇസ്‌ലാമിലേക്ക് കടന്നുവന്നരായിരുന്നു. മതംമാറിയവരില്‍, 91 ശതമാനവും അമേരിക്കയില്‍ ജനിച്ചവരാണ്, അതില്‍ ഏതാണ്ട് 59 ശതമാനം പേര്‍ ആഫ്രോ-അമേരിക്കന്‍സ് ആയിരുന്നു. മതംമാറുന്നവരില്‍ 27 ശതമാനം വെളുത്ത വര്‍ഗക്കാരാണെന്ന് കെന്റുക്കി സര്‍വകലാശാലയിലെ ഇഹ്‌സാന്‍ ബാഗ്ബി തന്റെ 2001-ലെ പഠനത്തില്‍ പറയുന്നുണ്ട്. അമേരിക്കയില്‍ 4:1 എന്ന അനുപാതത്തില്‍ മതംമാറുന്ന സ്ത്രീകള്‍ പുരുഷന്‍മാരെ കടത്തിവെട്ടുന്നതായി വ്യത്യസ്ത പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മതപരിവര്‍ത്തനത്തിന്റെ കാരണങ്ങള്‍
പുതുമുസ്‌ലിംകളെ പ്രധാനമായും രണ്ടായാണ് തരംതിരിക്കാറ്. ജീവിതപങ്കാളികള്‍ മുസ്‌ലിംകളായ കാരണത്താല്‍ ഇസ്‌ലാം സ്വീകരിക്കുന്നവരാണ് ഒരു കൂട്ടര്‍. മറ്റൊരു കൂട്ടര്‍, തങ്ങളുടെ സാംസ്‌കാരി അനുഭവങ്ങള്‍, സൂഫിസവുമായുള്ള ഇടപഴകല്‍, യാത്രകള്‍, മുസ്‌ലിം കൂട്ടുകാര്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇസ്‌ലാമിനെ കുറിച്ച അന്വേഷണത്തിന്റെ ഐതിഹാസിക യാത്ര പുറപ്പെട്ടവരാണ്, ഒടുവിലത് അവരുടെ ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഫെയ്ത്ത് മാറ്റേഴ്‌സിന്റെ സര്‍വ്വേ പ്രകാരം, 45 ശതമാനം മതപരിവര്‍ത്തനവും വിവാഹവുമായി ഒരുതരത്തിലും ബന്ധമില്ലാത്തതാണ്. വിവാഹത്തിന് മുമ്പ് തന്നെ മതംമാറിയവരാണ് അവര്‍, കൂടാതെ അവരുടെ ഇസ്‌ലാം ആശ്ലേഷണത്തില്‍ നിന്നും സ്വാഭാവികമായി ഉണ്ടാവുന്നതാണ് തങ്ങളുടെ മതവിശ്വാസത്തില്‍ നിന്നുള്ള ജീവിതപങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവരുടെ തീരുമാനവും.

അഖില, ഇപ്പോള്‍ ഹാദിയ എന്ന പേരില്‍ വിളിക്കപ്പെടുന്നു, ഈ പ്രവണതയെ ശരിവെക്കുന്നുണ്ട്. മതംമാറുന്ന സമയത്ത് ഷഫിന്‍ ഷാജഹാനുമായി അവള്‍ക്ക് യാതൊരുവിധ ബന്ധവുമുണ്ടായിരുന്നില്ല. മതംമാറിയതിന് ശേഷമാണ്, അവള്‍ ഒരു മാട്രിമോണി വെബ്‌സൈറ്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തതും, ഷഫിനെ തെരഞ്ഞെടുത്തതും, കാരണം, അവള്‍ പറഞ്ഞുപോലെ, അവളുടെ കാഴ്ച്ചപ്പാടിന് യോജിച്ച ആളായിരുന്നു ഷഫിന്‍.

ഫെയ്ത്ത് മാറ്റേഴ്‌സ് സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേര്‍ മതംമാറുന്നതിന് സുഹൃത്തുക്കളുടെ അല്ലെങ്കില്‍ അടുത്ത് ബന്ധമുള്ളവരുടെയും, 96 ശതമാനം പേര്‍ പുസ്തകങ്ങളുടെയും, 64 ശതമാനം പേര്‍ ഇന്റര്‍നെറ്റിന്റെയും സഹായം സ്വീകരിച്ചിട്ടുണ്ട്. മതംമാറുന്നതിന് യാതൊരുവിധ സഹായം അല്ലെങ്കില്‍ മസ്ജിദുകളില്‍ നിന്നുള്ള ഉപദേശം സ്വീകരിക്കാത്തവര്‍ ആകെ 52 ശതമാനം മാത്രമാണ്. മതംമാറാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഒരേസമയം വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഹാദിയയുടെ കാര്യത്തില്‍ ഇതും സത്യമാണ്. ഇസ്‌ലാം ആശ്ലേഷത്തിനുള്ള അവളുടെ പ്രചോദനം ജസീന എന്ന ഒരു മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു. ജസീനയോടൊപ്പമാണ് കോളേജ് കാലത്ത് ഹാദിയ ജീവിച്ചത്. scroll.in റിപ്പോര്‍ട്ട് പ്രകാരം, ജസീനയുടെ പിതാവ് ഹാദിയയെ ഇസ്‌ലാം സ്വീകരിക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഹാദിയയുടെ അതിയായ ആഗ്രഹം തിരിച്ചറിഞ്ഞ അദ്ദേഹം, ഇസ്‌ലാം മതം സ്വീകരിക്കുന്നതിനുള്ള കേരളത്തിലെ രണ്ട് ഗവണ്‍മെന്റ് അംഗീകൃത സെന്ററുകളിലൊന്നായ കോഴിക്കോട്ടെ തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭയിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോയി.

സര്‍വ്വേയില്‍ പങ്കെടുത്തവരുടെ മതംമാറാനുള്ള ആഗ്രഹത്തിന് പ്രേരകമായി വര്‍ത്തിച്ച കാരണങ്ങളിലേക്ക് ഫെയ്ത്ത് മാറ്റേഴ്‌സ് സര്‍വ്വേ നേരിട്ട് കടന്നുചെന്നിട്ടില്ല. എങ്കിലും, ഇന്നത് ചെയ്യരുത്, ഇന്നത് ചെയ്യണം എന്ന് കര്‍ശനമായി കല്‍പ്പിക്കുന്ന ഇസ്‌ലാമിന്റെ കാര്‍ക്കശ്യത്തിന് സര്‍വ്വേയില്‍ പങ്കെടുത്തവരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അത് സൂചിപിക്കുന്നത്, കാരണം സര്‍വ്വേയില്‍ പങ്കെടുത്തവരിലെ 59 ശതമാനം പേര്‍ മതംമാറ്റത്തിന് മുമ്പുള്ള തങ്ങളുടെ ജീവിതശൈലിയെ ‘ചീത്തതും’, ‘പാപപങ്കിലവും’, ‘തുലഞ്ഞതും’ ആയ ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്. ‘മദ്യപാനം അഥവാ മദ്യാസക്തി’, ‘ധാര്‍മികതയുടെ അഭാവം, ലൈംഗിക അതിസ്വാതന്ത്ര്യം’, ‘അനിയന്ത്രിത ഉപഭോക്തൃസംസ്‌കാരം’ എന്നിവ ബ്രിട്ടിഷ് സംസ്‌കാരത്തിന്റെ മോശം ഗുണങ്ങളാണെന്ന് അവരില്‍ ഭൂരിഭാഗവും കരുതുന്നു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ‘സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്’ന്റെ സ്ഥാപക ഡയറക്ടര്‍ യാസിര്‍ സുലൈമാന്‍ എഴുതുന്നു: മതംമാറുന്ന സ്ത്രീകള്‍ നിരന്തരം അഭിമുഖീകരിക്കുന്ന ചോദ്യം ഇതാണ്: ‘സ്വതന്ത്രയായ/വിമോചിതയായ ഒരു പാശ്ചാത്യ സ്ത്രീ എന്തുകൊണ്ടാണ് അവളെ അടിച്ചമര്‍ത്തുന്ന ഒരു പഴഞ്ചന്‍ മതവിശ്വാസം സ്വീകരിക്കുന്നത്?’ ആധുനിക ലോകത്ത് അഭിമുഖീകരിക്കുന്ന തത്വശാസ്ത്രപരവും, അസ്തിത്വപരവുമായ ചില യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നേരിടാനായി സ്വീകരിച്ച യുക്തിപരമായ ഒരു തെരഞ്ഞെടുപ്പായിരിക്കാം മതംമാറുന്ന സ്ത്രീകളുടെ ഇസ്‌ലാം ആശ്ലേഷം എന്ന വസ്തുത നിരോധിക്കപ്പെട്ട ഒന്നായാണ് കാണപ്പെടുന്നത്…’

2013-ല്‍ പ്രകാശനം ചെയ്ത കേംബ്രിഡ്ജ് സര്‍വകലാശാലയുടെ Narratives of Conversion to Islam in Britain: Female Perspectives എന്ന പഠനത്തിന് വേണ്ടി എഴുതിയ ആമുഖത്തിലാണ് സുലൈമാന്‍ ഈ നിരീക്ഷണം നടത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം, മതംമാറ്റത്തിന്റെ പുരുഷ പരിപ്രേക്ഷ്യത്തെ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് സര്‍വകലാശാല പ്രസിദ്ധീകരിക്കുകയുണ്ടായി. ആധുനികതയുടെ സമ്മര്‍ദ്ദത്തെ നേരിടാനാണ് വൈറ്റ് മിഡില്‍ ക്ലാസില്‍ നിന്ന് വരുന്നവര്‍ ഇസ്‌ലാമിലേക്ക് തിരിയുന്നതെന്ന് രണ്ട് റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നു.

കേംബ്രിഡ്ജ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടുകളോടുള്ള പ്രതികരണത്തില്‍, The Economist മാഗസിന്‍ നിരീക്ഷിക്കുന്നു: ‘ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ മുതല്‍ ധാര്‍മിക മൂല്യങ്ങള്‍ വരെ, എല്ലാതലത്തിലും, 21-ാം നൂറ്റാണ്ടിലെ പാശ്ചാത്യ സംസ്‌കാരം വൈവിധ്യത്തെയും, തെരഞ്ഞെടുപ്പിനെയും, പരീക്ഷണത്തെയും കൊണ്ടാടുന്നുണ്ട്. ഇസ്‌ലാം സ്വീകരിക്കുന്ന ഒരു പാശ്ചാത്യന്‍ തീര്‍ത്തും എതിര്‍ദിശയിലുള്ള പൂര്‍ണ്ണബോധ്യത്തോടെയുള്ള ഒരു നീക്കമാണ് നടത്തുന്നത്: ഭക്ഷണം, വസ്ത്രം, ലൈംഗികവും സാമൂഹികവുമായ പെരുമാറ്റരീതി എന്നിവയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിയമങ്ങള്‍ സ്വീകരിക്കുന്നതിലൂടെയാണിത്. മുഖ്യധാരയുടെ അതിഭാഷണമായിരിക്കാം ചിലപ്പോള്‍, ഇസ്‌ലാമിക നിയമങ്ങളുടെ വിട്ടുവീഴ്ച്ചയില്ലാത്ത കാര്‍ക്കശ്യത്തെ ഒരു സുപ്രധാന ന്യൂനപക്ഷത്തിന് കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്.’

‘ഇസ്‌ലാമിക നിയമങ്ങളുടെ വിട്ടുവീഴ്ച്ചയില്ലാത്ത കാര്‍ക്കശ്യം’ ആയിരിക്കുമോ ഹാദിയയെ മതപരിവര്‍ത്തനത്തിന് പ്രചോദിപ്പിച്ചത്? അവളുടെ തെരഞ്ഞെടുപ്പിലെ ഒരു ഘടകം അതാണെന്നാണ് കാണുന്നത്, കാരണം, കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹാദിയയുടെ അഫിഡവിറ്റില്‍, ഫഌറ്റ്‌മേറ്റായ ജസീന, അവളുടെ സഹോദരി ഫസീന എന്നിവരുടെ സല്‍സ്വഭാവത്തോടൊപ്പം, ഇസ്‌ലാം അനുശാസിക്കുന്ന സമയബന്ധിതമായ നമസ്‌കാരത്തിലും ഹാദിയ ആകൃഷ്ടയായതായി പറയുന്നുണ്ട്. (തുടര്‍ച്ച)

ഹാദിയ കേസന്വേഷകര്‍ പഠിക്കേണ്ട മതപരിവര്‍ത്തന പാഠങ്ങള്‍

അവലംബം: scroll.in
മൊഴിമാറ്റം: irshad shariati

Related Articles