Current Date

Search
Close this search box.
Search
Close this search box.

ആത്മാഭിമാനവും ധൈര്യവും പകരുന്ന പൗരത്വം

linda-sars.jpg

‘പ്രസിഡന്റ് സ്ഥാനത്തെ ഞാന്‍ ആദരിക്കുന്നു, എന്നാല്‍ പ്രസിഡന്റിനെയോ അദ്ദേഹത്തിന്റെ ഭരണത്തെയോ അഭിപ്രായങ്ങളെയോ നിലപാടുകളെയോ ആദരിക്കുന്നില്ല.’ എന്നാല്‍ ഫലസ്തീന്‍ വംശജയായ ഒരു അമേരിക്കന്‍ മുസ്‌ലിം സ്ത്രീയുടെ വാക്കുകളാണിത്. കഴിഞ്ഞ ശനിയാഴ്ച്ച (2017 ജനുവരി 21) വാഷിംഗ്ടണില്‍ അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുത്ത സ്ത്രീകളുടെ പ്രകടനത്തിന് മുന്നിലാണ് ഈ പ്രഖ്യാപനം അവര്‍ നടത്തിയത്. അമേരിക്കയുടെ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥാനമേറ്റതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രകടനം നടന്നത്. ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രസ്താവനകള്‍ വലിയൊരു വിഭാഗം അമേരിക്കക്കാരെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. മുസ്‌ലിംകള്‍ക്കും കറുത്തവര്‍ക്കും മെക്‌സിക്കോക്കാര്‍ക്കും സമൂഹത്തിലെ ഇതര വിഭാഗങ്ങള്‍ക്കും എതിരായ അദ്ദേഹത്തിന്റെ വിദ്വേഷം നിറഞ്ഞ അഭിപ്രായങ്ങള്‍ പ്രത്യേകിച്ചും അമേരിക്കന്‍ സ്ത്രീകളെയും രോഷം കൊള്ളിച്ചിട്ടുണ്ട്.

പുതിയ പ്രസിഡന്റിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അപലപിക്കാനും ഫേസ്ബുക്ക് പേജിലൂടെ ആഹ്വാനം ചെയ്തത് തെരേസ ഷൂക് എന്ന റിട്ടയേഡ് അഭിഭാഷകയായിരുന്നു. ട്രംപിന്റെ പ്രചാരണത്തില്‍ തുടക്കം മുതല്‍ പ്രയാസമനുഭവിച്ചിരുന്ന മനസ്സുകള്‍ സ്വാഗതം ചെയ്ത് ആ ആഹ്വാനത്തെ ഏറ്റെടുക്കുകയായിരുന്നു. ട്രംപ് അധികാരമേറ്റതിന്റെ അടുത്ത ദിവസം അമേരിക്കന്‍ ഐക്യനാടുകള്‍ക്കുള്ളിലും പുറത്തും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ ആക്ടിവിസ്റ്റുകള്‍ തീരുമാനമെടുത്തു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല ഇങ്ങനെയൊരു ആശയം അവര്‍ മുന്നോട്ടു വെച്ചത്. നീതിക്കും സാമൂഹികവും അവകാശസംബന്ധവുമായ പ്രശ്‌നങ്ങള്‍ക്കും അഭയാര്‍ഥികള്‍ക്കും സമൂഹം നേരിടുന്ന മറ്റ് വിഷയങ്ങള്‍ക്കും വേണ്ടിയായിരുന്നു അത്.

വളരെ പെട്ടന്നാണ് അമേരിക്കയില്‍ മാത്രം 408 പ്രകടനങ്ങള്‍ നടന്നത്. അവയില്‍ മൂന്നര ദശലക്ഷത്തോളം പേര്‍ പങ്കെടുത്തു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പ്രകടനമായിട്ടതിനെ പരിഗണിക്കാവുന്നതാണ്. അമേരിക്കക്ക് പുറത്ത് 168 പ്രകടനങ്ങളും നടന്നു. അതില്‍ 20 എണ്ണം മെക്‌സിക്കോയിലും 29 എണ്ണം കാനഡയിലുമായിരുന്നു.

തുടക്കത്തില്‍ പരാമര്‍ശിച്ച, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ആദരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവന ലിന്‍ഡ സര്‍സൂറിന്റെ നാവില്‍ നിന്നാണ് വന്നിരിക്കുന്നത്. ഒരു അമേരിക്കന്‍ മുസ്‌ലിം എന്ന നിലക്കോ അമേരിക്കന്‍ ഫലസ്തീനി എന്ന നിലക്കോ താന്‍ ക്ഷമാപണം നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ച അവര്‍ ശിരോവസ്ത്രം ധരിച്ചാണ് രംഗത്ത് വന്നത്. തന്റെ വംശത്തിന്റെയും പൗരയെന്ന നിലക്കുള്ള സ്വത്വത്തിന്റെയും പേരില്‍ അഭിമാനം കൊള്ളുന്ന അവര്‍ രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും അന്തസ്സ് ലഭ്യമാക്കാനും നീതിക്കും വേണ്ടി അണിനിരക്കാനും ഉണര്‍ന്നെണീക്കാനുമാണ് ആഹ്വാനം ചെയ്തത്. അമേരിക്കന്‍ മുസ്‌ലിംകളുടെ ദുരിതം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നിലനില്‍ക്കുന്നതാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. അതായത് ഇറാഖ് അധിനിവേശത്തിന് ശേഷം മുസ്‌ലിംകളുടെ റെക്കോര്‍ഡ് തയ്യാറാക്കാന്‍ ബുഷ് ഭരണകൂടം ആവശ്യപ്പെട്ടത് മുതല്‍ അവരത് അനുഭവിക്കുന്നുണ്ട്. പുതിയ ഭരണകൂടത്തിന് കീഴില്‍ പ്രസ്തുത വെല്ലുവിളി മെക്‌സിക്കോകാര്‍ക്കും കറുത്തവര്‍ക്കും ഇതര വിഭാഗങ്ങള്‍ക്കുമെതിരെ കൂടി ഉയര്‍ന്നിരിക്കുന്നു. അത്തരം നയങ്ങള്‍ക്കെതിരെ ഉറച്ച് നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്ത അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു: നാം ഭൂരിപക്ഷമാണ്, ധാര്‍മിക സമൂഹത്തിന്റെ മനസാക്ഷിയാണ് നാം. നമ്മുടെ ശബ്ദവും തലയും പേടിയില്ലാതെ ഉയര്‍ന്നു നില്‍ക്കേണ്ടത് അനിവാര്യമാണ്.

സമാനമായ ശൈലിയില്‍ തന്നെയായിരുന്നു ഹുണ്ടുറാസില്‍ നിന്നുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമായ അമേരിക്കന്‍ നടി അമേരിക്ക ഫെറേറയും സംസാരിച്ചത്. ട്രംപിന്റെ സ്ഥാനാരോഹണ പ്രസംഗത്തില്‍ എല്ലാവരും കേട്ട വംശീയവിവേചന പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ നമ്മുടെ അന്തസ്സും അവകാശങ്ങളും വെല്ലുവിളി നേരിടുകയാണെന്നാണവര്‍ പറഞ്ഞത്. പ്രസിഡന്റോ അദ്ദേഹത്തിന്റെ ക്യാബിനറ്റോ അദ്ദേഹത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസോ അല്ല അമേരിക്കയെന്നും ഈ വന്‍ജനാവലി പ്രതിനിധീകരിക്കുന്ന സമൂഹമാണ് യഥാര്‍ഥ അമേരിക്കയെന്നും അവര്‍ കൂട്ടിചേര്‍ത്തു. പുതിയ പ്രസിഡന്റിനെ അഭിസംബോധന ചെയ്തു കൊണ്ട് അവര്‍ പറഞ്ഞു: മിസ്റ്റര്‍ ട്രംപ്, മുസ്‌ലിംകളെ പൈശാചികവല്‍കരിക്കുന്നതും കറുത്തവരെ പീഡിപ്പിക്കുന്നതും ഞങ്ങള്‍ അംഗീകരിക്കുന്നില്ല, അതിനുള്ള പദ്ധതികളെ തകര്‍ക്കാനുള്ള ഞങ്ങളുടെ അവകാശത്തില്‍ വിട്ടുവീഴ്ച്ച കാണിക്കുകയുമില്ല.

സാമൂഹ്യനീതിക്കുള്ള അവകാശത്തില്‍ അടിയുറച്ചു നില്‍ക്കുന്ന സമൂഹത്തെയാണ് പ്രകടനക്കാര്‍ പ്രതിനിധീകരിക്കുന്നതെന്നാണ് അവിടെ സംസാരിച്ച ഇടതുപക്ഷ എഴുത്തുകാരി ആഞ്ചല ഡേവിസ് അഭിപ്രായപ്പെട്ടത്. ട്രംപിന്റെ ഭരണത്തിലെ വരാനിരിക്കുന്ന 1459 ദിവസവും ഫലസ്തീന്‍ അടക്കമുള്ള ഈ പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിരോധത്തിന്റേത് കൂടിയായിരിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയത്.

പ്രകടനം ഉയര്‍ത്തിവിട്ട ചില സന്ദേശങ്ങളുടെ ചുരുക്കം മാത്രമാണ് മുകളില്‍ പങ്കുവെച്ചത്. വാഷിംഗ്ടണില്‍ തടിച്ചുകൂടിയ ജനങ്ങള്‍ കൈയ്യടിച്ച് ആവേശത്തോടെയാണ് അതിനെ സ്വീകരിച്ചത്. പൗരന്‍ എന്ന നിലക്കുള്ള ആത്മാഭിമാനത്തില്‍ നിന്നും വരുന്ന ധീരതയും വിശ്വാസവും പ്രതിഫലിപ്പിക്കുന്ന ആ വാക്കുകള്‍ എന്നെ ഏറെ ആശ്ചര്യപ്പെടുത്തി. ഏതൊരാള്‍ക്കും യാതൊരു ഭയവുമില്ലാതെ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമാണത് വകവെച്ചു നല്‍കുന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന വ്യക്തിയെ പോലും വിമര്‍ശിക്കാനത് അനുവാദം നല്‍കുന്നു. ആദ്യകാല ഇസ്‌ലാമിക ഭരണത്തിലെ മൂല്യങ്ങളെയാണത് ഓര്‍മപ്പെടുത്തുന്നത്. ഖലീഫയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്ന ജനതയെയാണ് നാമതില്‍ കാണുന്നത്. ആള്‍ക്കൂട്ടത്തില്‍ വെച്ച് തന്റെ തെറ്റ് തിരുത്തിയ സ്ത്രീ പറയുന്നതാണ് ശരിയെന്ന് അംഗീകരിച്ച ഉമറിനെയാണ് നാം ആ ചരിത്രത്തില്‍ കാണുന്നത്. പാശ്ചാത്യ സംസ്‌കാരത്തെ അപ്പടി പുല്‍കുന്ന നിലപാടിനെ എപ്പോഴും ഞാന്‍ എതിര്‍ത്തിട്ടുണ്ടെന്നത് മൂടിവെക്കുന്നില്ല. അതിന്റെ നന്മകളെ സ്വീകരിച്ചും തിന്മകളെ നിരാകരിച്ചും വിമര്‍ശനാത്മകമായി അതിനെ സമീപിക്കണമെന്നാണ് ഞാന്‍ ആഹ്വാനം ചെയ്യുന്നത്. നേരത്തെ പറഞ്ഞ കാര്യം അതിന്റെ നന്മയാണെന്നതില്‍ ഒരു സംശയവുമില്ല.

മൊഴിമാറ്റം: നസീഫ്‌

 

Related Articles