Current Date

Search
Close this search box.
Search
Close this search box.

അറഫാത്ത്; വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല

abbas-arafat.jpg

കഴിഞ്ഞ വാരത്തില്‍ ഫലസ്തീന്റെ മുന്‍ പ്രസിഡന്റെ യാസര്‍ അറഫാത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ കൊലയാളികളെ അറിയുമെന്ന പ്രഖ്യാപനമാണ് മഹ്മൂദ് അബ്ബാസ് നടത്തിയിരിക്കുന്നത്. 2004 നവംബര്‍ 11നാണ് പാരീസിലെ ഒരാശുപത്രിയില്‍ വെച്ച് ഇഹലോകവാസം വെടിയുന്നത്. അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമായിരുന്നില്ല, വിഷം ഉള്ളില്‍ ചെന്നാണ് മരണപ്പെട്ടതെന്ന് അന്നു മുതല്‍ പറയുന്ന കാര്യമാണ്. എന്നാല്‍ കൊലയാളി ഇപ്പോഴും മറക്കു പിന്നിലാണുള്ളത്. അദ്ദേഹത്തെ ചികിത്സിച്ച ഫ്രഞ്ച് ആശുപത്രി മരണകാരണം മറച്ചു വെച്ചിരിക്കുകയാണ്. അതേസമയം അല്‍ജസീറ ചാനലിന്റെ അന്വേഷണ റിപോര്‍ട്ട് അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷം കടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളിലും, പ്രത്യേകിച്ചും തലമറച്ചിരുന്ന ഷാളില്‍ അതിന്റെ അടയാളങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ ചോദ്യം ഉത്തരമില്ലാതെ ഇന്നും നിലനില്‍ക്കുകയാണ്: എങ്ങനെ അദ്ദേഹത്തെ കൊലപ്പെടുത്തി എന്നല്ല, ആര് കൊലപ്പെടുത്തി?

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഫലസ്തീന്‍ അതോറിറ്റി ചുമതലപ്പെടുത്തിയ പ്രത്യേക സംഘം തേടിക്കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ മരണത്തിലുള്ള അന്വേഷണം കൊലയാളികളെ വ്യക്തമാക്കുന്നത് വരെ തുടരുമെന്നാണ് അബ്ബാസ് പറഞ്ഞിട്ടുള്ളത്. ‘കൊലയാളിയെ കുറിച്ച് നിങ്ങളെന്നോട് ചോദിച്ചാല്‍ അവരെ എനിക്കറിയാമെന്നതായിരിക്കും എന്റെ ഉത്തരം. എന്നാല്‍ എന്റെ സാക്ഷ്യം മാത്രം അതിന് മതിയാവില്ല.’ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതാരാണെന്ന് അറിയുമ്പോള്‍ എല്ലാവരും ഞെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അബൂ മാസിന്‍ (അബ്ബാസ്) ഈ ബോംബ് പൊട്ടിച്ചപ്പോള്‍ ഫലസ്തീന്‍ മാധ്യമങ്ങള്‍ ഒരു വരികൂടി അതിനോട് ചേര്‍ത്തുവെച്ചു. ഫതഹ് പാര്‍ട്ടിയില്‍ നിന്നും വേര്‍പിരിഞ്ഞു പോയ നേതാവ് മുഹമ്മദ് ദഹ്‌ലാന് നേരെയാണ് അവ വിരലുയര്‍ത്തിയത്. അറഫാത്തിന് വിഷം നല്‍കി കൊലപ്പെടുത്തിയതില്‍ പങ്കുള്ള ഒരാളാണ് അദ്ദേഹമെന്ന സൂചനയോടെയായിരുന്നു റിപോര്‍ട്ടുകള്‍. അപകടകരമായ ഒരു വിവരമാണ് 12 വര്‍ഷക്കാലം അബ്ബാസ് മറച്ചുവെച്ചത്. പിന്നീട് അറഫാത്തിന് അനുസ്മരിക്കുന്ന വേളയില്‍ അന്ധാളിപ്പുണ്ടാവും വിധം അത് പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഫലസ്തീന്‍ ഭരണകൂടത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ പറയുന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ പറയാതിരിക്കുകയായിരുന്നു വേണ്ടത്. അന്വേഷണ റിപോര്‍ട്ട് കണ്ട ഒരാളെന്ന നിലയില്‍ ആ ഉറപ്പോടെയാണ് പറയുന്നതെങ്കില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു എന്നാണത് അര്‍ഥമാക്കുന്നത്. അല്ലെങ്കില്‍ അന്വേഷണം അവസാനിക്കാറായിരിക്കുന്നു. അബ്ബാസിനും അദ്ദേഹത്തിന്റെ എതിരാളി ദഹ്‌ലാനും ഇടയില്‍ പോരാട്ടം മുറുകി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് അമ്പരപ്പുണ്ടാക്കുന്ന ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതുകേട്ട ശ്രോതാക്കള്‍ ദഹ്‌ലാനെതിരെ മുദ്രാവാക്യമുയര്‍ത്തുകയും ചെയ്തു.

അബ്ബാസ് തന്റെ സംസാരത്തില്‍ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും അതിന്റെ ഉദ്ദേശ്യം ദഹ്‌ലാനാണെന്ന് മുദ്രാവാക്യം വിളിച്ചവരെ ബോധ്യപ്പെടുത്തുന്ന സൂചന സംസാരത്തിലുണ്ടായിരുന്നു എന്ന സാധ്യത തള്ളിക്കളയാനാവില്ല. എതിരാളിക്കെതിരെ ന്യായവും അന്യായവുമായ പല ആയുധങ്ങളും ഉപയോഗിച്ച അബ്ബാസ് എന്തിനായിരുന്നു 12 വര്‍ഷത്തോളം ഈ ആയുധം സൂക്ഷിച്ചുവെച്ചു എന്ന ചോദ്യം പ്രസക്തമാണ്. അറഫാത്തിന്റെ കൊലയില്‍ അബൂലുതുഫ് ഫാറൂഖ് ഖുദൂമിക്ക് പങ്കുണ്ടെന്നായിരുന്നു 2009ല്‍ അബ്ബാസ് തന്നെ ആരോപണം ഉന്നയിച്ചത്. (പി.എല്‍.ഒയുടെ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും ഫതഹ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്നു അബൂലൂതുഫ്. പിന്നീട് അബ്ബാസ് അത് തിരുത്തിയിരുന്നു.)

മുമ്പ് അറഫാത്തിനെതിരെ നിലകൊണ്ടവരായിരുന്നു അബ്ബാസും ദഹ്‌ലാനും എന്നത് നമുക്കറിയാവുന്ന കാര്യമാണ്. അവര്‍ രണ്ടു പേരുടെയും എതിര്‍പ്പിന് പിന്നില്‍ ഇസ്രയേലികളായിരുന്നുവെന്ന് അറഫാത്തുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നു. 2003ല്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചുകൊണ്ട് അബ്ബാസ് പ്രസിഡന്റ് അറഫാത്തിനെഴുതിയ കത്ത് കഴിഞ്ഞ ആഴ്ച്ച പുറത്തുവന്നിരുന്നു. തന്റെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് അറഫാത്ത് തടസ്സമാണെന്ന് അതില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും അറഫാത്തിനെതിരെ തിരിയുന്നതിനത് കാരണമായിട്ടുണ്ട്. തന്റെ ഭരണകൂടം അങ്ങേയറ്റം വികൃതവല്‍കരിക്കപ്പെടുകയാണെന്നും അബ്ബാസ് അതില്‍ പറഞ്ഞിട്ടുണ്ട്.

ജീവിച്ചിരിക്കെയും മരിച്ചിട്ടും വിവാദനായകനാക്കി അറഫാത്തിനെ മാറ്റുന്ന കത്തുകളുടെയും കടലാസുകളുമാണ് വരുന്നത്. ഇസ്രയേല്‍ എന്ന ശത്രുവിനോടുള്ള ഏറ്റുമുട്ടലിനേക്കാള്‍ കടുത്ത പോരാട്ടം ആഭ്യന്തരമായി ഫലസ്തീനില്‍ നടക്കുന്നുണ്ടെന്നാണ് അത് നമ്മോട് പറയുന്നത്.

വിവ: നസീഫ്‌

Related Articles