Views

‘നാദാപുര’ങ്ങള്‍ക്ക് പരിഹാരം ക്രിയാത്മക മഹല്ലുകളാണ്

ആഗോള തലത്തില്‍ ഒട്ടോമന്‍ സാമ്രാജ്യത്വത്തെ കൊന്ന് മറമാടി മതേതരത്വത്തിന്റെ മീസാന്‍ കല്ല് പ്രതിഷ്ഠിക്കപ്പെട്ടതു മുതല്‍, നാഥനില്ലാത്ത ആട്ടിന്‍പറ്റത്തെ പോലെ അലയുന്ന മുസ്‌ലിം സമുദായത്തെ കണ്ണിചേര്‍ക്കാന്‍ ഒരര്‍ഥത്തില്‍ മഹല്ലുകള്‍ക്ക് സാധ്യമാണ്. അതുകൊണ്ട് തന്നെ പഞ്ചായത്തുകളുടെ സ്ഥാനത്താണ് ഇസ്‌ലാമിക ഭരണകൂടത്തിന്‍ കീഴില്‍ മഹല്ലുകള്‍. ഒരു മഹല്ലിനെ സംബന്ധിച്ചടത്തോളം അത് പ്രധിനിധാനം ചെയ്യുന്ന സമൂഹത്തോട് വളരെയധികം പ്രതിബദ്ധതയുണ്ട്.
    
വിശുദ്ധ കഅ്ബയെ പറ്റി വേദഗ്രന്ഥം പറയുന്നത്, ‘അവര്‍ക്ക് ഭയത്തില്‍ നിന്നും മോചനമരുളുന്ന, അവരുടെ വിശപ്പിന് ശമനം വരുത്തുന്ന, ഗേഹത്തിന്റെ നാഥനെ നിങ്ങള്‍ ആരാധിക്കുക’എന്നാണ്. ഇവിടെ രണ്ട് ദൗത്യമാണ് മഹല്ലുകള്‍ നിര്‍വഹിക്കേണ്ടത്. ഒന്നാമത്തേത്, വിശപ്പിന് ശമനം വരുത്തുക എന്നതാണ്. അതായത്, മഹല്ല് നിവാസികള്‍ പട്ടിണിയും പരിവട്ടവും കൊണ്ട് വീര്‍പ്പുമുട്ടുകയാണെങ്കില്‍ അവര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുക; സംഘടിത സകാത്ത് മുഖേന മഹല്ല് നിവാസികളുടെ സാമ്പത്തികമായ തളര്‍ച്ചക്ക് ഒരളവോളം വളര്‍ച്ച ഉണ്ടാക്കുവാന്‍ സാധിക്കും. ഖേദകരമെന്നു പറയട്ടെ, സംഘടിത സകാത്ത് സംവിധാനം ക്രിയാത്മകമായി നടന്നുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട മഹല്ലുകള്‍ മാത്രമേ കേരളത്തിലുള്ളൂ. അതുപോലെ നിവാസികളുടെ ആരോഗ്യ പരിരക്ഷയുടെ ഭാഗമായി ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ ഒരു മഹല്ലിന് നടത്താവുന്ന സംവിധാനങ്ങളാണ്. രണ്ടാമതായി, ഭയത്തില്‍ നിന്നുള്ള മോചന മന്ത്രമായി മഹല്ല് സംവിധാനം മാറണം എന്നാണ്. സമകാലിക സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും വര്‍ഗ്ഗീയ അസ്വാരസ്യങ്ങളുടെയും കൂടാരമായി മാറിയ സമൂഹത്തിനു മുന്നില്‍ നിസ്സഹായരായി കൈമലര്‍ത്തുന്നവരായി മഹല്ല് നേതൃത്വം മാറിയിരിക്കുന്നു. അധികാര തര്‍ക്കങ്ങളുടെയും അടിപിടികളുടെയും ഭൂമികയായി മഹല്ല് സംവിധാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.
    
ഇക്കാര്യത്തില്‍ ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. അവര്‍ ഇടക്കിടെ തങ്ങളുടെ ഇടവകകളില്‍ പോവുകയും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ട് അറിയുകയും ചെയ്യുന്നു. അവയെ പഠിച്ച് മനസ്സിലാക്കി ഒരവോളം അവക്ക് അറുതി വരുത്താന്‍ ശ്രമിക്കുന്നു. ഇതുപോലെ നമ്മുടെ ഖാള്വിമാരും പള്ളി പ്രസിഡന്റുമാരും നമ്മിലേക്കിറങ്ങി വന്ന് നമ്മുടെ പ്രയാസങ്ങളും വൈഷമ്യതകളും മനസ്സിലാക്കിയിരുന്നുവെങ്കില്‍ എത്രയെത്ര ‘നാദാപുര’ങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുമായിരുന്നു! എത്രയെത്ര ‘തൂണേരി’കള്‍ സൃഷ്ടിക്കപ്പെടാതിരിക്കുമായിരുന്നു! തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വം മറന്നുപോയ മഹല്ല് നേതൃത്വം പള്ളി പുതുക്കി പണിയലിലും വഅള് മാഫിയകളെ പടച്ചുവിട്ട് സമുദായത്തെ കുട്ടിച്ചോറാക്കുന്നതിലും മത്സരിച്ചു കൊണ്ടിരിക്കുകയാണ്.
    
ഒരു മഹല്ലിനെ സംബന്ധിച്ചിടത്തോളം നിവാസികള്‍ക്ക് ആവശ്യമായ തര്‍ബിയ്യത്തും തസ്‌കിയ്യത്തും നല്‍കല്‍ അതിന്റെ ബാധ്യതയാണ്. യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കും ആവശ്യമായ ദീനിപഠനം, കൗണ്‍സിലിങ് സംവിധാനം, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവ നടത്തിയാല്‍ വിപ്ലവകരമായ മാറ്റത്തിന് അത് നിദാനമായിത്തീരും. ഇത്തരത്തില്‍ മഹല്ല് നിവാസികളിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്ന, അക്ഷരാര്‍ഥത്തില്‍ ജനകീയമായ ഒരു വ്യവസ്ഥയായി മഹല്ല് സംവിധാനം മാറുന്നയിടത്താണ്, അത് വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുകയും വിശപ്പ് ശമിപ്പിക്കുകയും സുരക്ഷിതത്വ ബോധം നല്‍കുകയും ചെയ്യുന്ന സംവിധാനങ്ങളായി അവക്ക് മാറാന്‍ കഴിയുന്നത്. ഒരു മഹല്ല് സംവിധാനത്തില്‍ അമുസ്‌ലിംകളായ ആളുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അവര്‍ക്കും മേല്‍ പറയപ്പെട്ട സേവനങ്ങള്‍ ലഭ്യമാവേണ്ടതുണ്ട്. മഹാനായ പ്രവാചകന്‍ ഇബ്‌റാഹീം(അ) കഅ്ബ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വേളയില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത്, ‘അല്ലാഹുവേ, നീ ഈ നാടിനെ ഭീതി മുക്തമാക്കുകയും അതില്‍ അല്ലാഹുവിനെയും അന്ത്യനാളിനെയും വിശ്വസിച്ച ആളുകള്‍ക്ക് വിഭവം നല്‍കുകയും ചെയ്യേണമേ”എന്നാണ്. ഇങ്ങനെ പ്രാര്‍ഥിക്കുന്ന ഇബ്‌റാഹീം(അ) യെ തിരുത്തി കൊണ്ട് ‘അവിശ്വസിച്ചവര്‍ക്കും” എന്ന് അല്ലാഹു കൂട്ടിചേര്‍ക്കുന്നു. അഥവാ അമുസ്‌ലികള്‍ക്കും ഭക്ഷണവും സുരക്ഷയും ഉണ്ടാവണമെന്ന വേദഗ്രന്ഥത്തിന്റെ കല്‍പനയോട് നമ്മുടെ മഹല്ല് ഖാള്വിമാര്‍ എത്രത്തോളം നീതി പുലര്‍ത്തുന്നുണ്ട് എന്നത് വിശകലന വിധേയമാക്കേണ്ട വസ്തുതയാണ്.
    
മതസൗഹാര്‍ദ്ദത്തെയും മതസഹിഷ്ണുതയെയും പറ്റി വാഗ്‌ദോരണികള്‍ മുഴക്കുന്ന മഹല്ല് നേതൃത്വം മറുവശത്ത്, തനിക്ക് ലഭിച്ച ബലി മാംസം അയല്‍ക്കാരന് കൊടുക്കുന്നതില്‍ വൈമനസ്യം കാണിക്കുന്നില്ലേ? അവനുമായി പെരുന്നാള്‍ സന്തോഷം പങ്കുവെക്കാന്‍ നാം സന്നദ്ധമാണോ? ഒരമുസ്‌ലിമിന് നമസ്‌കരിക്കുന്നത് കാണാനോ അല്ലെങ്കില്‍ പള്ളിയില്‍ കയറാനോ അനുവദിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രവാചാകാധ്യാപനങ്ങളെ ധിക്കരിക്കുകയല്ലേ? രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും അനുഗുണമായ രൂപത്തിലും ഭാവത്തിലും ഫത്‌വ പുറപ്പെടുവിച്ച് ഏതര്‍ഥത്തിലും അവര്‍ക്ക് ഏറാന്‍മൂളുന്നിടത്തേക്ക് തരം താണുപോയ മഹല്ല് വ്യവസ്ഥ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    
പള്ളി മഹല്ലുകള്‍ ധര്‍മത്തിന്റെയും മൂല്യത്തിന്റെയും ധ്വജവാഹകരാവണം. സത്യത്തിനും നീതിക്കും കാവലാളാവേണ്ട സംവിധാനമാണത.് അത്തരത്തില്‍ മഹല്ല് നേതൃത്വം മാറി ചിന്തിച്ച് വിപ്ലവകരമായ ചുവടുവെപ്പുകള്‍ നടത്താല്‍ തയ്യാറാവേണ്ടതുണ്ട്.

(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Facebook Comments
Show More

Related Articles

Close
Close