Current Date

Search
Close this search box.
Search
Close this search box.

താരിഖ് റമദാന്‍: അനന്തമായി നീളുന്ന അന്യായ തടങ്കല്‍

 

ബലാത്സംഗ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവാന്‍ ലണ്ടനില്‍ നിന്നും സ്വമേധയാ പാരീസിലേക്ക് പറക്കുമ്പോള്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസര്‍ താരിഖ് റമദാന്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നിരിക്കണം. കാരണം ഏതെങ്കിലും ഭീകരസംഘങ്ങളുടെ മുന്നിലേക്കല്ല അദ്ദേഹം പോകുന്നത്, മറിച്ച് ഫ്രഞ്ച് പോലിസിന്റെ മുന്നില്‍ ഹാജറാവാനാണ്. അങ്ങനെ 2018 ഫെബ്രുവരി രണ്ടിന് ജയിലിലടക്കപ്പെട്ട താരിഖ് റമദാന്‍ പിന്നീടിതുവരെ പുറംലോകം കണ്ടിട്ടില്ല. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തുടക്കം മുതല്‍ തന്നെ അദ്ദേഹം നിഷേധിച്ചിരുന്നു, കൂടാതെ പ്രസ്തുത ആരോപണങ്ങള്‍ തെളിയിക്കുന്ന യാതൊരുവിധ തെളിവുകളും ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

കുറ്റം തെളിയുന്നത് വരെ ഒരാള്‍ നിരപരാധിയാണെന്ന നിയമപരിരക്ഷ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. പോലിസിന് മുന്നില്‍ ഹാജറായി അടുത്ത 45 ദിവസത്തേക്ക് ഏകാന്ത തടവറയില്‍ അടക്കപ്പെട്ട താരിഖ് റമദാനെ കുടുംബവുമായി ബന്ധപ്പെടാനും അനുവദിച്ചില്ല. അതുമൂലം അദ്ദേഹത്തിന്റെ വക്കീല്‍ എം. ഇമ്മാനുവല്‍ മാര്‍സൈനിക്ക് റമദാന്‍ എവിടെയാണെന്നോ എന്താണ് അവസ്ഥയെന്നോ അറിയാന്‍ സാധിച്ചിരുന്നില്ല. ഇരുട്ടുമുറിയില്‍ അടക്കപ്പെട്ട്, ഒരു യുദ്ധതടവുകാരനെ പോലെ താരിഖ് റമദാന്‍ നരകയാതന അനുഭവിക്കുന്ന സമയത്ത്, ആരോപണം ഉന്നയിച്ചവര്‍ തങ്ങളുടെ ആരോപണങ്ങള്‍ തെളിയിക്കേണ്ട യാതൊരു ബാധ്യതയുമില്ലാതെ, മാധ്യമശ്രദ്ധയുടെയും സെലിബ്രിറ്റി പട്ടത്തിന്റെയും വെള്ളിവെളിച്ചത്തില്‍ ആറാടുകയായിരുന്നു.

ദിനംപ്രതി ആരോഗ്യം വഷളായി കൊണ്ടിരിക്കുന്ന താരിഖ് റമദാന്റെ അന്യായ തടങ്കല്‍ അനന്തമായി നീളുകയാണ്. 2018 ഫെബ്രുവരി രണ്ടിന് ഫ്‌ളുറി മെറോഗിസ് (Fleury Merogis) തടവറയില്‍ അടക്കപ്പെടുന്ന സമയത്ത് പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യാവസ്ഥ ദയനീയമാണ്. മള്‍ട്ടിപ്പിള്‍ സ്ലെറോസിസ് പിടിപ്പെട്ടു കഴിഞ്ഞ അദ്ദേഹത്തിന്റെ കൈകാലുകളില്‍ വിറയല്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പതിനഞ്ച് ദിവസത്തിനുള്ളില്‍ വിറയല്‍ കൂടുതല്‍ രൂക്ഷമാവുകയും കാലില്‍ നിന്നും അരക്കെട്ട് വരെ വ്യാപിക്കുകയും ചെയ്തു.

കൂടാതെ കൈകളുടെ പകുതി ഭാഗവും വിറക്കാന്‍ തുടങ്ങി. അതുകൂടാതെ അസഹ്യമായ തലവേദനയും കോച്ചിപിടുത്തവും കണ്ടുതുടങ്ങി. കൈകാലുകള്‍ ചലിപ്പിക്കാനും സപര്‍ശനം അറിയാനും കഴിയാത്ത അവസ്ഥ സംജാതമായി. മാര്‍ച്ച് 20ന് ഫ്‌ളുറി മെറോഗിസ് തടവറയില്‍ നിന്നും ഫ്രെസ്‌നസ് തടവറയിലേക്ക് മാറ്റുന്ന സമയത്ത് താരിഖ് റമദാനെ നാലു തവണ അടിയന്തരമായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ 12ന് താരിഖ് റമദാനെ ഒരിക്കല്‍ കൂടി പിറ്റെ സല്‍പെട്രിയെര്‍ (Pitié-Salpêtrière) ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം ആരോഗ്യസ്ഥിതി വഷളായിരിക്കുന്നതായി ന്യൂറോളജിസ്റ്റ് കണ്ടെത്തി. അതായത് അദ്ദേഹത്തിന് വാക്കര്‍ ഉപയോഗിക്കാതെ നടക്കാന്‍ കഴിയില്ല, ഇന്ദ്രീയ സംവേദന ക്ഷമത നഷ്ടപ്പെട്ടു, ഓര്‍മ്മ നശിച്ചുകൊണ്ടിരിക്കുന്നു, ശരീരമാസകലം വിറയല്‍ അനുഭപ്പെടുന്നു തുടങ്ങി ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്നതിന്റെ എല്ലാവിധ സൂചനകളും അദ്ദേഹം കാണിച്ചു തുടങ്ങിയിരിക്കുന്നു.

ജയില്‍വാസ കാലയളവില്‍, അദ്ദേഹത്തിന്റെ നാഡീസംബന്ധമായ സങ്കീര്‍ണാവസ്ഥ കൂടുതല്‍ ഗുരുതരമായി. ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി തള്ളപ്പെട്ടു. പ്രൊഫസര്‍ താരിഖ് റമദാന്റെ ജയിലിലെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന ജയില്‍ മെഡിക്കല്‍ അതോറിറ്റി ചീഫിന്റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടാണ് ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെട്ടത്. പൂര്‍ണ്ണ നിരീക്ഷണത്തിലുള്ള വീട്ടുതടങ്കല്‍, സ്വിസ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യല്‍, ദിവസവും പോലിസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യല്‍ തുടങ്ങി താരിഖ് റമദാന്റെ അഭിഭാഷകര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളെല്ലാം കോടതി തള്ളി. താരിഖ് റമദാന്റെ അ്ത്യന്ത്യം വഷളായി കൊണ്ടിരിക്കുന്ന ആരോഗ്യ മാനസിക സ്ഥിതിക്ക് നേരെ നിര്‍വികാരതയോടെ കണ്ണടക്കുന്ന മജിസ്‌ട്രേറ്റിന്റെ നടപടി, തികച്ചും പക്ഷപാതപരമായാണ് പോലിസ് അന്വേഷണം നടക്കുന്നതെന്ന സംശയത്തിലേക്ക് റമദാന്റെ അഭിഭാഷകരെ കൊണ്ടെത്തിച്ചു.

‘Me too#’ മൂവ്‌മെന്റിന്റെ പേരിലാണ് റമദാനെതിരെയുള്ള കേസ് മുന്നോട്ട് പോയതെങ്കിലും, കേസിന് പിന്നില്‍ ഇസ്‌ലാംഭീതി സൃഷ്ടിക്കാനുള്ള ചരടുവലികള്‍ നടക്കുന്നുണ്ടോയെന്ന് ചിലര്‍ ചൂണ്ടികാട്ടിയിരുന്നു. റമദാനെതിരെയുള്ള വാദിഭാഗത്തിന്റെ ആദ്യ പരാതി ഉഉഓണ്‍ (Rouen) പ്രോസിക്യൂട്ടറുടെ ഓഫീസിലാണ് നല്‍കപ്പെട്ടതെങ്കിലും, ചില അജ്ഞാത കാരണങ്ങളാല്‍ പ്രസ്തുത പരാതി ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യനായ പാരിസ് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്കാണ് പോയത്! നിയുക്ത പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ ‘Me too#’ ഫെമിനിസ്റ്റ് കാമ്പയിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുകയും അതേസമയം തന്നെ മന്ത്രികസേരയില്‍ യാതൊരുവിധ തടസ്സവും നേരിടാതെ സസുഖം വിരാജിക്കുകയും ചെയ്യുമ്പോഴാണ് താരിഖ് റമദാന് ഈ നരകയാതനകള്‍ അനുഭവിക്കേണ്ടി വന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

കൂടാതെ, കേസിലെ രണ്ടാം പരാതിക്കാരിയുടെ ആരോപണത്തിലെ ഇസ്‌ലാമോഫോബിയ വളരെ വ്യക്തമാണ്. തുറന്ന തീവ്രവലതുപക്ഷ പ്രചാരകയായ പൗലെ എമ്മ അഥവാ ‘ക്രിസ്റ്റെല്ല’, ‘താരിഖ് റമദാനെ താറടിച്ച് കാണിക്കാന്‍ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഇമെയില്‍ അക്കൗണ്ട് നിര്‍മ്മിച്ചു’ എന്ന് സമ്മതിച്ചിരുന്നു. അതേസമയം, കേസിലെ മൂന്നാമത്തെ അന്യായക്കാരി മൗനിയയുടെ ആരോപണം, റമദാന്‍ ആദ്യമായും അവസാനമായും നേരിട്ട് ഹാജറായ ജൂലൈ 5ലെ കോടതി വിചാരണയില്‍ അടിസ്ഥാനരഹിതമെന്ന് കണ്ട് ജഡ്ജിമാര്‍ തള്ളിക്കളഞ്ഞിരുന്നു.

ജൂലൈ 18നും 19നുമാണ് അടുത്ത കോടതി വിചാരണ നിശ്ചയിച്ചിരിക്കുന്നത്. താരിഖ് റമദാന്റെ വഷളായി കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി മുന്‍നിര്‍ത്തി, അദ്ദേഹത്തിനെതിരെയുള്ള മനുഷ്യത്വവിരുദ്ധമായ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ഫ്രഞ്ച് എംബസികള്‍ക്ക് മുന്നില്‍ 2018 ജൂലൈ 17ന് ‘ഇന്റര്‍നാഷണല്‍ ഡേ ഓഫ് ആക്ഷന്‍’ എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മ നടത്താന്‍ അന്താരാഷ്ട്ര കാമ്പയിന്‍ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ജൂലൈ 17ന് വൈകീട്ട് ആറു മണിക്ക്, പാരീസിലെ ഫ്രെസ്‌നസ് തടവറക്ക് മുന്നില്‍ ഒഫീഷ്യല്‍ സപ്പോര്‍ട്ട് കമ്മിറ്റി സമാധാനപൂര്‍ണ്ണമായ പ്രതിഷേധം സംഘടിപ്പിക്കും. ഫ്രഞ്ച് എംബസികള്‍ക്കുള്ള കത്തില്‍ ഒപ്പുവെച്ച ആക്ടിവിസ്റ്റുകള്‍, ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ ഫ്രാന്‍സിലെ മുസ്‌ലിംകള്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് നിയമവ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന്റെ അപകടം’ അടിവരയിട്ടു പറയുന്നുണ്ട്. പ്രൊഫസര്‍ താരിഖ് റമദാന് ജാമ്യം നേടി കൊടുക്കുക എന്നതാണ് ഈ കാമ്പയിനിന്റെ പ്രധാന ലക്ഷ്യം. എങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ തന്റെ കുടുംബത്തെ നേരില്‍ കാണാനും സ്വജീവന്‍ രക്ഷിക്കാനും സാധിക്കുകയുള്ളു.

(International Movement for a Just World (JUST)ന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ് ലേഖിക.)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : countercurrents.org

Related Articles