Current Date

Search
Close this search box.
Search
Close this search box.

മാലഖമാരും മനുഷ്യനും മത്സരിച്ചപ്പോൾ സംഭവിച്ചത്!

അന്നൊരു മഹാമത്സരം നടക്കുകയാണ്. ഒരുഭാഗത്ത്, ഒരേയൊരു മനുഷ്യൻ. മറുവശത്ത് മാലാഖമാരുടെ സംഘം തന്നെ. ‘ഞങ്ങളുണ്ടല്ലോ ഇവിടെ…’ എന്ന് മാലഖമാർ അഭിമാനം കൊണ്ടപ്പോഴാണ് മത്സരത്തിന് അരങ്ങൊരുങ്ങിയത്. മത്സരാർത്ഥികൾക്കു മുമ്പിൽ നിരത്തി വെച്ച ഒട്ടനവധി വസ്തുക്കൾ! ‘ഇവയുടെയെല്ലാം പേര് പറയൂ’ ആദ്യാവസരം മാലാഖമാർക്കാണ്. ആ വസ്തുക്കൾ നോക്കി, അവർ അന്തംവിട്ടു നിന്നു. അവയുടെയൊന്നും പേര് അറിയില്ലെന്ന് അവർ പരാജയം സമ്മതിച്ചു. അടുത്ത അവസരം മനുഷ്യൻ്റേതാണ്. എല്ലാ പേരുകളും കൃത്യമായി എണ്ണിപ്പറഞ്ഞു, മനുഷ്യൻ വിജയം വരിച്ചു. മലാഖമാർ മനുഷ്യന് വിധേയപ്പെട്ടു നിന്നുവെന്ന് വേദപാഠം.

അറിവാണ് മനുഷ്യ മഹത്വത്തിൻ്റെ മാനദണ്ഡമെന്ന് ദൈവ സന്നിധിയിൽ തീരുമാനിക്കപ്പെട്ട സുദിനമായിരുന്നു അത്. സത്യവേദം രണ്ടാം ആധ്യായം ഇരുപത് മുതൽ വചനങ്ങളിൽ ആ മത്സരചരിത്രം പറയുന്നുണ്ട്. തുടർന്നങ്ങോട്ട് അറിവിൻ്റെ മഹത്വം പ്രഘോഷിക്കുന്ന അനേക വചനങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. മാലാഖമാരെക്കാൾ മനുഷ്യൻ മഹാനായത് അറിവുകൊണ്ട്. പ്രപഞ്ചത്തിലെ മറ്റെല്ലാ സൃഷിടിജാലങ്ങളെക്കാളും മനുഷ്യൻ ഉയർന്നു നിൽക്കുന്നതും അറിവുകൊണ്ട് തന്നെ. എങ്കിൽ പിന്നെ, മനുഷ്യർക്കിടയിൽ പരസ്പരം മേൻമയും പദവിയും തീരുമാനിക്കുന്നതിൻ്റെ മാനദണ്ഡങ്ങളിൽ മുഖ്യവും അറിവാകാതെ തരമില്ല. പണം, വാഹനം, വസ്ത്രം, സൗന്ദര്യം, സ്ഥാനം… ആദിയായവയുടെ പേരിൽ മേൻമ നടിക്കുന്നവരേ, അറിവില്ലെങ്കിൽ മറ്റെന്ത് ഉണ്ടായിട്ടെന്ത്! ‘അറിവുള്ളവൻ്റെ മഹത്വം, അറിവുകെട്ടവന് ഉണ്ടാകുമോ’ എന്ന മുനകൂർത്ത ചോദ്യമുണ്ട് സത്യവേദത്തിൽ.

Also read: നോമ്പിന്റെ ആരോഗ്യ വശങ്ങൾ

അഞ്ച് വചനങ്ങളിൽ അറിവിനെക്കുറിച്ച ആറ് പ്രയോഗങ്ങൾ നടത്തി ആദ്യ അവതരണത്തിൽ തന്നെ സത്യവേദം നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടല്ലോ. അറേബ്യയിലെ ആ മലമുകളിലെ ഗുഹാന്തരത്തിൽ ദിവ്യവെളിപാടിൻ്റെ ആദ്യ വചനങ്ങളുമായി മാലാഖയെത്തി. അഞ്ച് സൂക്തങ്ങളേ അന്ന് പഠിപ്പിച്ചുള്ളൂ. അതിൽ പക്ഷേ, അറിവിൻ്റെ ആധാരങ്ങളെക്കുറിച്ച് ആറ് പ്രയോഗങ്ങൾ തന്നെ നടത്തി! മനസ്സിരുത്തി ആലോചിച്ചു നോക്കൂ; വിശ്വാസ പരിവർത്തനത്തിന് വേണ്ടി, പ്രബോധകനായ പ്രവാചകന് ആദ്യം അവതരിച്ച അഞ്ച് വേദ സുക്തങ്ങളിൽ, ആറ് തവണ അറിവ് ഇടം പിടിക്കുന്നു! ജ്ഞാനസാഗരത്തിൻ്റെ തിരയിളക്കമാണ് വേദദർശനത്തിൻ്റെ സാരസൗന്ദര്യം എന്നർത്ഥം.

സത്യവേദത്തിൽ രണ്ടാമത് ഇറങ്ങിയ അധ്യായമോ? അതും അറിവുമായി ബന്ധപ്പെട്ടതു തന്നെ; പേനയും പുസ്തകവും വരമൊഴിയും… ഇവയിൽ ആണയിട്ട് ആരംഭിക്കുന്ന ‘നൂൻ’ അധ്യായം. ആ പേരിൽ തന്നെയുണ്ട് നമ്മെ കൊളുത്തിയിടുന്നൊരു വശ്യത. ദൈവവിശ്വാസത്തിൻ്റെ മുന്നുപാധിയായും വേദഗ്രന്ഥം അറിവിനെ പ്രതിഷ്ടിച്ചിട്ടുണ്ട്. ‘അറിഞ്ഞ്, വിശ്വാസം കൈക്കൊള്ളൂ’ എന്ന വചനശകലത്തിൻ്റെ ആശയഗാംഭീര്യമെത്രയാണ്! അറിഞ്ഞ് ബോധ്യപ്പെട്ട് സംഭവിക്കുന്നതാണ് യഥാർത്ഥ വിശ്വാസം. അറിവ് ആവശ്യമില്ലാത്തതും അറിവിൻ്റെ പിൻബലമില്ലാത്തതും അന്ധവിശ്വാസമായിരിക്കും.

Also read: അതിജീവനത്തിന്റെ റമദാന്‍

അറിവിനെക്കുറിക്കുന്ന വേദഗ്രന്ഥത്തിൻ്റെ മൂല പദം ‘ഇൽമ്’ ആണ്. സകല വിജ്ഞാനീയങ്ങളെയും ഉൾക്കൊള്ളുന്ന സാരഗർഭമായൊരു പ്രയോഗമാണത്. ശാസ്ത്രവും ഇൽമാണ്, ശാസ്ത്രകാരൻ ആലിമും. വേദസുക്തങ്ങൾ വിരൽ ചൂണ്ടിപ്പറയുന്ന ജ്ഞാനാന്വേഷണങ്ങളിൽ പ്രപഞ്ചാത്ഭുതങ്ങൾ എമ്പാടുമുണ്ടല്ലോ. അവയിലൂടെ കയറിപ്പോയാൽ നാം ദൈവത്തിൽ സന്ധിക്കുന്ന ശാസ്ത്ര സത്യങ്ങളിൽ ചെന്നുചേരും. ഈ വേദദർശനം ശാസ്ത്രവുമായി ഇടയുകയല്ല, ശാസ്ത്രത്തിന്നും വഴി കാണിക്കുകയാണെന്നർത്ഥം. അതുകൊണ്ട്, ലോകമേ വേദഗ്രന്ഥത്തിൻ്റെ വെളിച്ചത്തിൽ വഴി നടക്കൂ, നമുക്ക് ഭൂമിയിൽ കാലൂന്നി ആകാശത്തേക്ക് കയറിപ്പോകാം.

Related Articles