Current Date

Search
Close this search box.
Search
Close this search box.

കിഴക്കോ, പടിഞ്ഞാറോ- ദൈവത്തിൻ്റെ ദിശയേത്?

കിഴക്കും പടിഞ്ഞാറും അറിയാത്തവരുണ്ടാകില്ല. ചിലയിടത്ത് തെക്കും വടക്കുമാണ്. ദിശയറിയാനുള്ള അടയാളക്കുറികളാണവ. സമുദ്ര സഞ്ചാരികൾക്കും ആകാശ യാത്രികർക്കും അത് കൂടുതൽ പ്രധാനം. എന്നാൽ ദൈവത്തിൻ്റെ ദിശയേത്? എവിടെയാണ് ദൈവമിരിക്കുന്നത്? എങ്ങോട്ട് തിരിഞ്ഞാണ് ദൈവത്തോട് പ്രാർത്ഥിക്കേണ്ടത്? പ്രസക്തമാണ് ഈ ചോദ്യങ്ങൾ. അതുകൊണ്ടാണല്ലോ സത്യവേദം ഇതും പരാമർശിച്ചത്! അപ്രസക്തമായതൊന്നും വേദഗ്രന്ഥം ചർച്ചക്കെടുക്കാറില്ല, മനുഷ്യന് പ്രയോജനപ്പെടുന്നതല്ലാതെ! സാന്ദർഭികമായി പറഞ്ഞെന്നേ ഉള്ളൂ, നമ്മുടെ ചർച്ചകളെപ്പറ്റി ആലോചിച്ചു നോക്കാൻ!

“കിഴക്കും പടിഞ്ഞാറും ദൈവത്തിൻ്റേതു തന്നെ. നിങ്ങൾ ഏതു ദിശയിലേക്ക് മുഖം തിരിച്ചാലും അവിടെ ദൈവത്തിൻ്റെ മുഖമുണ്ട്. ദൈവം അതിവിശാലനും സർവജ്ഞനുമത്രെ.” സത്യവേദം രണ്ടാം അധ്യായം, നൂറ്റിപ്പതിനഞ്ചാം വചനം. രണ്ടു മതക്കാർക്കിടയിലെ അർത്ഥമില്ലാത്ത തർക്കത്തെ വിഷയമാക്കിയാണ് ഈ വചനമിറങ്ങിയത്. പക്ഷേ, ഇതെല്ലാവരോടുമാണ് കെട്ടോ! സ്ഥലകാലങ്ങളുടെ ഉടമസ്ഥനാണ് ദൈവം. പക്ഷേ, സ്ഥലകാലങ്ങളിൽ അവൻ ബന്ധിതനല്ല. അവൻ തന്നെയാണല്ലോ കാലം! പരിമിതനല്ല, ദൈവം വിശാലനാണ്. പ്രപഞ്ചം പോലെ അനന്തമാണ് അവൻ്റെ ഔദാര്യപരിധി! എപ്പോൾ, എവിടെ, എങ്ങനെ ദൈവത്തെ ഓർത്താലും പ്രാർത്ഥിച്ചാലും അവനവിടെയുണ്ടാകും! അതാണീ വചനത്തിൻ്റെ സാരം.

Also read: ഇന്ത്യ ഭരിച്ച നാല് ആഫ്രിക്കക്കാർ

പള്ളികൾ അടച്ചാലും പ്രാർത്ഥനകൾ നിലയ്ക്കുന്നില്ല, ആരാധനകൾ മുടങ്ങുന്നില്ല, ആത്മീയത കുറയുന്നില്ല! ഇത് വല്ലാത്തൊരു സാധ്യതയും സൗന്ദര്യവുമല്ലേ! എൻ്റെ ദൈവമേ, നിന്നെ ഞാൻ ഒന്നുകൂടി വഴങ്ങി വണങ്ങട്ടെ! കൽച്ചുവരുകൾക്കകത്തെ തടവുപുള്ളിയല്ല സത്യവേദത്തിലെ ദൈവം. അതുകൊണ്ട് പ്രതീകാത്മകമായ പ്രതിഷ്ഠകൾ അവന് വേണ്ടതില്ല, പ്രകൃതിയുടെ അദ്ഭുതങ്ങളിൽ അവൻ്റെ അടയാളങ്ങൾ അസംഖ്യമുണ്ടല്ലോ. അതു തന്നെയാണവൻ്റെ പ്രതീകം! അതിനപ്പുറം മനുഷ്യർ പടച്ച പ്രതീകങ്ങൾ കണ്ണുകൊണ്ട് കണ്ടെങ്കിലേ ദൈവത്തെ പ്രാർത്ഥിക്കാനാകൂ എങ്കിൽ, അന്ധരെങ്ങനെ പ്രാർത്ഥിക്കും എന്നൊരു ചോദ്യവും അന്തരീക്ഷത്തിൽ ബാക്കിയാകുന്നു.

ആത്മാവങ്ങനെ അനന്തതയിൽ വിഹരിക്കണം, ഭൂമിയിൽ സഞ്ചരിക്കണം, ആഴിയിൽ ഊളിയിടണം, ആകാശത്ത് ചിറകടിച്ചുയരണം. അപ്പോൾ ദൈവം ഒരനുഭൂതിയായി അകം നിറയും. വിഹായസ്സിൻ്റെ അനന്തതയിലേക്ക് നാം കയറിപ്പോകും. വ്രതമാസത്തിൻ്റെ വിശുദ്ധിയിൽ, പാതിരാവിലെ പ്രാർത്ഥനയിൽ നാമീ മാധുര്യം നുകരുന്നുണ്ട്. ‘നിന്നും ഇരുന്നും കിടന്നും നമുക്ക് ദൈവത്തെ അറിയാം.’ സത്യവേദം മൂന്നാം അധ്യായം, നൂറ്റിത്തൊണ്ണൂറ്റിയൊന്നാം വചനത്തിൽ പറഞ്ഞതാണിത്. ഏകാന്തതയിൽ കണ്ണടച്ചിരുന്ന്, നമ്മുടെ ബോധമണ്ഡലത്തിലേക്ക് ദൈവത്തെ കൊണ്ടുവരാം. നമ്മുടെ ആത്മാവിൽ ദൈവത്തെ നിറക്കാം. അപ്പോൾ ഉള്ളിലെവിടെയോ ഒരു ഉറവ പൊട്ടും. ഹൃദയാന്തരാളത്തിൽ നിന്ന് കനിവായി ദൈവം കിനിഞ്ഞിറങ്ങും; കൈ നീട്ടി നൽകുന്ന സഹായമായി, കാലുകളിൽ പാഞ്ഞെത്തുന്ന പോരാട്ടവും സേവനവുമായി, കണ്ണീരണിയുന്ന തന്മയീഭാവമായി ആ ദൈവം സഹജീവികളിലേക്ക് പടരും.

Also read: പരിധിവിടുന്ന പ്രാർഥനകളുടെ അഞ്ച് രീതികൾ

‘ഏതു ദിശയിലേക്ക് മുഖം തിരിച്ചാലും…’! ഇതൊരു മറുപടി കൂടിയാണ്, അക്രമികളുടെ അഗ്നികുണ്ഡാരങ്ങൾക്കു മുകളിൽ വിജയക്കൊടി നാട്ടിയ മറുപടി. നിങ്ങൾ ആരാധനാലയങ്ങൾ തല്ലിത്തകർത്തു, തീയിട്ട് നശിപ്പിച്ചു, ദിശയറിയാത്ത തടവറകളിൽ ദൈവദാസൻമാരെ തളച്ചിട്ടു! സത്യത്തെ അങ്ങനെ തോൽപ്പിക്കാമെന്ന് കരുതുന്നുണ്ടോ? സാധ്യമല്ല, ഇരുട്ടിൻ്റെ ശക്തികളേ നിങ്ങൾക്ക് വെളിച്ചത്തെ തോൽപ്പിക്കാനാകില്ല. “ദൈവീക മന്ദിരങ്ങളിൽ ദൈവനാമം സ്മരിക്കപ്പെടുന്നത് വിലക്കുകയും അവയെ നശിപ്പിക്കാൻ തുനിയുകയും ചെയ്യുന്നവരെക്കാൾ അക്രമി ആരുണ്ട് “? രണ്ടാം അധ്യായത്തിലെത്തന്നെ നൂറ്റിപ്പതിനാലാം വചനം. ഇതിൻ്റെ തൊട്ടുശേഷമാണ്, “ഏതു ദിശയിലേക്ക് മുഖം തിരിച്ചാലും…” എന്ന വചനം. രണ്ടും ചേർത്തുവെച്ച്, ചിന്തിച്ച് വായിച്ചു നോക്കൂ; ഒന്നൊന്നിൻ്റെ തുടർച്ചയും പൂരകവുമാണ്. അർത്ഥമിതത്രെ; ആരാധനാലയങ്ങൾ ഇല്ലാതാക്കിയെങ്കിലെന്ത്, ദൈവഭക്തർക്ക് എവിടെ വെച്ചും പ്രാർത്ഥിക്കാം! പള്ളികൾ പൊളിച്ചാലും അടച്ചാലുമെന്ത്, പ്രാർത്ഥനകൾ നിലക്കില്ല, ജീവൻ നിലക്കും വരെ! ദിശ പോലുമറിയാത്ത തടവറകളിൽ തളച്ചാലെന്ത്, അതിനകത്തു കിടന്ന് ഏതു ദിശയിലേക്ക് തിരിഞ്ഞു പ്രാർത്ഥിച്ചാലും അവിടെ ദൈവത്തിൻ്റെ മുഖമുണ്ടല്ലോ! ഇതൊരു വിമോചന സാധ്യതയാണ്, സത്യവേദം പോരാളികളുടെ പറുദീസ തന്നെ!

യാത്രയിൽ ആരാധനാലയങ്ങൾ ഇല്ലെങ്കിൽ, ശുചിത്വമുള്ള എവിടെ വെച്ചും പ്രാർത്ഥിക്കാം. ദിശയറിയാൻ വഴിയില്ലെങ്കിൽ, ഏതു ദിശയിലേക്ക് തിരിഞ്ഞും പ്രാർത്ഥിക്കാം. എപ്പോഴുമെവിടെയും അനുഭവിക്കാവുന്ന ദൈവം! ഇത്തരമൊരു ദൈവത്തോട് പ്രാർത്ഥിക്കാൻ, ദിശയുടെ സൂക്ഷ്മാംശങ്ങളിൽ നടത്തുന്ന തർക്കവിതർക്കങ്ങൾ എത്രമേൽ അർത്ഥശൂന്യമാണ്! സർവജ്ഞനായ ദൈവമേ, നിൻ്റെ പേരിൽ എന്തൊക്കെയാണീ അജ്ഞർ കാണിച്ചു കൂട്ടിയത്! അവരറിഞ്ഞിരുന്നില്ലേ, നീ നിൻ്റെ ദൂതന് നൽകിയ സവിശേഷത; “ഭൂമി മുഴുവൻ പ്രാർത്ഥനാലയം, ശുചീകരണ മാർഗം”! ഇത് തരുന്നൊരു വിശാലതയുണ്ട്. പ്രപഞ്ചമാകെ ദൈവത്തിൻ്റെ സാന്നിധ്യം പരന്നു കിടക്കുകയാണെന്ന ബോധ്യം. അത് നമ്മെ മാനസികമായി സ്വതന്ത്രരാക്കും. വിശാലമായ പ്രപഞ്ചത്തിലേക്കുള്ള സ്വാതന്ത്ര്യം! സത്യവേദത്തിൻ്റെ ദൈവദർശനം സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയാണല്ലോ!

ഒരു ചോദ്യം ബാക്കിയുണ്ടല്ലേ! പിന്നെയെന്തിന് ആ വിശുദ്ധ മന്ദിരം ദിശയായി നിശ്ചയിച്ചു?

Related Articles