Current Date

Search
Close this search box.
Search
Close this search box.

ദുല്‍ഹജ്ജിനെ വരവേല്‍ക്കാം

ഹിജ്‌റ വര്‍ഷം 1441 ലെ അവസാനമാസത്തിലേക്ക് അഥവാ അനുഗ്രഹീതമായ ദുല്‍ഹജ്ജ് മാസത്തിലേക്ക് നാം പ്രവേശിക്കാന്‍ പോവുകയാണ്. ദുല്‍ഹജ്ജിലേക്ക് അഥവാ ഹജ്ജിന്റെ മാസത്തിലേക്ക് ഇനി നാലുദിവസങ്ങള്‍ മാത്രമാണ് നമുക്ക് മുന്നില്‍ ബാക്കിയുള്ളത്. നാം എത്ര അനുഗ്രഹീതരാണ്. പരീക്ഷണങ്ങളുടെ ഈ മഹാമാരിയിലും നമുക്ക് അല്ലാഹു എത്രയാണ് അവസരങ്ങള്‍ തന്നത്!  അവനോട് ചേര്‍ന്ന് നില്‍ക്കാന്‍, അവന്റെ മുമ്പില്‍ സങ്കടങ്ങള്‍ ബോധിപ്പിക്കാന്‍, കൂടുതല്‍ നന്മചെയ്ത് അവന്റെ ഇഷ്ടദാസന്മാരായി മാറാന്‍ സകല സങ്കടങ്ങളും മറന്ന് നാം ഇബാദത്തില്‍ മുഴുകിയ റമദാന്‍ അല്ലാഹു നമുക്ക് നല്‍കിയ മഹത്തായ സമ്മാനമായിരുന്നില്ലേ. ഇപ്പോള്‍ കോവിഡ് സാമൂഹ്യവ്യാപനത്തിലേക്ക് എത്തുമ്പോള്‍ അനുഗ്രഹീത ദുല്‍ഹജ്ജ് മാസം കൊണ്ട് റബ്ബ് നമ്മെ വീണ്ടും ആശ്വസിപ്പിക്കുകയാണ്. പ്രതീക്ഷകള്‍ നല്‍കുകയാണ്. ഇല്ല,നിന്റെ നാഥന്‍ നിന്നെ കൈവെടിഞ്ഞിട്ടില്ല. നിന്നെ വെറുത്തിട്ടുമില്ല. ഇപ്പോള്‍ നാം കടന്ന് പോയികൊണ്ടിരിക്കുന്ന ദുല്‍ഖഅദ് മാസവും വരാനിരിക്കു ദുല്‍ഹജ്ജും മുഹര്‍റവും അല്ലാഹു ആദരിച്ച മാസങ്ങളില്‍ പെട്ടവയാണല്ലോ. റബ്ബ് നമ്മോട് കുടെ തന്നെയുണ്ട്. ദുഖിക്കാതിരിക്കുക. നിരാശരാവാതിരിക്കുക. പടച്ചതമ്പുരാനില്‍ ശുഭാപ്തിവിശ്വാസികളാവുക.അല്ലാഹു നമ്മെ ദുല്‍ഹജ്ജിലെ അനുഗ്രഹങ്ങളിലേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ.

അല്ലാഹു വെച്ച്‌നീട്ടുന്ന സമ്മാനങ്ങളുടെ വിലയറിയാതെ പോകുന്നുവെന്നതാണ് നമ്മുടെ ഒരു പ്രശ്‌നം. ദുല്‍ഹജ്ജ് മാസത്തെപ്പറ്റി നാം അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ. പ്രഭാതമാണ, പത്തുവീതം രാവുകളാണ. ഏതാണ് ഈ പത്തുവീതം രാവുകള്‍. ദൂല്‍ഹജ്ജിലെ ആദ്യത്തെ പത്തുരാവുകളാണെ് ഇബ്‌നുഅബ്ബാസ് (റ). മുഹര്‍റമിലെ ആദ്യത്തെ പത്തും റമദാനിലെ ആദ്യത്തെ പത്തും ഇതിന്റെ വ്യാഖ്യാനത്തില്‍ വരുന്നുണ്ട്. അതേപോലെ സൂറത്തുല്‍ഹജ്ജിലെ അറിയപ്പെട്ട ദിനങ്ങള്‍ ഏത് ദിനങ്ങളാണ്. ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിനങ്ങളാണെ് ഇബ്‌നു അബ്ബാസ് (റ). നബി (സ) ദുല്‍ഹജ്ജിലെ ആദ്യദിനങ്ങളെ വിശേഷിപ്പിച്ചത് എങ്ങനെയാണെന്നറിയാമോ. ഈ ദുനിയാവിലെ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളാണെന്നാണ്. റമദാനിലെ അവസാനത്തെ പത്തിലെ പകലുകളേക്കാള്‍ ശ്രേഷ്ഠമാണ് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്തിലെ പകലുകള്‍ എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ ദിനങ്ങള്‍ ഇത്രയേറെ ശ്രേഷ്ഠമാകാന്‍ കാരണമെന്താണ്. മഹാനായ ഇബ്‌നുഹജറുല്‍ അസ്ഖലാനി (റ) ഫത്ഹുല്‍ബാരി എന്ന ഗ്രന്ഥത്തില്‍ അത് വെളിപ്പെടുത്തുന്നുണ്ട്. ഇസ്ലാമിലെ എല്ലാ അടിസ്ഥാന ഇബാദത്തുകളും അഥവാ അനുഷ്ഠാനങ്ങളും ഈ നാളുകളില്‍ ഒന്നിച്ചുവരുന്നുവെന്നതാണ്. നമസ്‌കാരം,നോമ്പ്, ദാനധര്‍മങ്ങള്‍, ഹജ്ജ് തുടങ്ങിയവ ഈ ദിനങ്ങളില്‍ ചേര്‍ന്ന് വരുന്നു. മറ്റു ദിനങ്ങളിലൊന്നും ഇവ ഒന്നിച്ച് വരുന്നില്ല. ഈ ദിനങ്ങളിലെ സല്‍കര്‍മങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദിനേക്കാളും ശ്രേഷ്ഠമാണെന്ന് നബി (സ). തന്റെ ജീവനും സമ്പത്തും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിച്ചവന്‍ മാത്രമാണ് ഇതിലും ശ്രേഷ്ഠത നേടാന്‍ കഴിയുന്ന ഒരേ ഒരാള്‍ എന്നും നബി (സ) ഓര്‍മപ്പെടുത്തുന്നുണ്ട്. ഈ നാളുകളിലെ സല്‍കര്‍മങ്ങള്‍ അല്ലാഹുവിന് അത്രമേല്‍ ഇഷ്ടമാണെന്ന് നബി (സ) അറിയിക്കുന്നു.

Also read: ടു കിൽ എ മോക്കിംഗ് ബേഡ്: വംശീയതയും നന്മ-തിന്മകൾക്കിടയിലെ സംഘർഷവും

ഈ ശ്രേഷ്ഠമായ ദിനങ്ങള്‍ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം. 1) തക്ബീറും തഹ് ലീലും വര്‍ധിപ്പിച്ചുകൊണ്ട് നമുക്ക് പ്രയോജനപ്പെടുത്താം. മഹാന്മാരായ സ്വഹാബിമാര്‍ ഇബ്‌നുഉമര്‍ (റ), അബുഹുറൈറ (റ) എന്നിവര്‍ ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് നാളുകളില്‍ അങ്ങാടിയിലൂടെ തക്ബീര്‍ ചൊല്ലി നടക്കാറുണ്ടായിരുന്നു. അപ്പോള്‍ ജനങ്ങളും അത് അനുകരിക്കുമായിരുന്നു. ത്വാബിഉകളില്‍ പ്രമുഖനായ സഈദുബ്‌നു ജുബൈര്‍ (റ) തനിക്ക് ചെയ്യാന്‍ കഴിയാത്തതെന്ന് തോന്നുന്ന സല്‍കര്‍മങ്ങള്‍, അത്രയും പ്രയാസകരമായ സല്‍കര്‍മങ്ങള്‍ ബോധപൂര്‍വം വര്‍ധിപ്പിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

അതേപോലെ തന്നെ ഈ നാളുകളില്‍ നോമ്പ് അനുഷ്ഠിക്കാമോ. ദുല്‍ഹജ്ജ് ഒമ്പതുവരെ നോമ്പെടുക്കാമെന്നാണ് ഇബ്‌നുഉമര്‍ (റ), അതുപോലെ മദ്ഹബിന്റെ ഇമാമുമാര്‍, സലഫുസ്വാലിഹീങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവരൊക്കെ അഭിപ്രായപ്പെടുന്നത് അങ്ങനെയാണ്. നബി (സ) ആ നാളുകളില്‍ അങ്ങനെ നോമ്പനുഷ്ഠിച്ചതായിട്ട് ചില റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. അതേ പോലെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക. ബലികര്‍മം നിയ്യത്ത് ചെയ്യുക, ദുല്‍ഹജ്ജ് ഒന്നിന് മുമ്പായിട്ട് ബലിയുടെ നിയ്യത്തില്‍ നാം പ്രവേശിക്കണം. നമ്മുടെ നാട്ടില്‍ പുതിയ സാഹചര്യത്തില്‍ ബലി അനുഷ്ഠിക്കാന്‍ സാധ്യമല്ലെങ്കില്‍ മറ്റുനാടുകളിലേക്ക് അതിന്റെ തുക അയച്ചുകൊടുത്തുകൊണ്ട് നമുക്ക് ബലികര്‍മത്തില്‍ പങ്കാളിയാവാം. അതുപോലെ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന വളരെയേറെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമാണല്ലോ ഇത്. പ്രത്യേകിച്ചും തൊഴില്‍ നഷ്ടപ്പെട്ടവര്‍, അതുപോലെ കച്ചവടവും മറ്റു വരുമാനമാര്‍ഗങ്ങളും പൊടുന്നനെ നിലച്ചുപോയവര്‍. അങ്ങനെയൊക്കെ വീടുകളില്‍ കഴിയുന്നവര്‍, പ്രവാസി സുഹൃത്തുക്കള്‍ അവരെല്ലാം പുറത്ത് പറയാനാവാത്ത അസ്വസ്ഥത മനസ്സിലൊതുക്കി കഴിയുന്നവരായിരിക്കും. അങ്ങനെയുള്ളവരെ ചേര്‍ത്ത് പിടിക്കേണ്ട സന്ദര്‍ഭമാണിത്. അതേപോലെ തന്നെ കൂടുതല്‍ അല്ലാഹുവുമായി അടുക്കാന്‍ ശ്രദ്ധിക്കുക. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ കൂടുതല്‍ അല്ലാഹുവുമായി നാം അടുക്കേണ്ടതുണ്ട്. ഓരോ ദിനവും നാം മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. മരണത്തിലേക്കടുക്കുന്തോറും നാം അല്ലാഹുവിലേക്കാണടുക്കേണ്ടത്. പരലോകത്തിന് വേണ്ടി വിഭവങ്ങളൊരുക്കികൊണ്ടിരിക്കുക. റമദാനിനെ വീട്ടിലിരുന്ന് പ്രയോജനപ്പെടുത്തിയവരാണ് നാം. റമദാനിന്റെ നന്മകള്‍ ഒന്നും ചോര്‍ന്ന് പോവാതെ അനുഭവിച്ചവരാണ്. അതേ പോലെ ദുല്‍ഹജ്ജിനെയും നമുക്ക് പ്രയോജനപ്പെടുത്തണം. കുടുംബവുമായി പ്രയോജനപ്പെടുത്തണം. കുടുംബവുമായി ദുല്‍ഹജ്ജിനെപ്പറ്റി ചര്‍ച്ച നടത്തുക. ഇബാദത്തുകളില്‍ മുഴുകുന്നതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കുക, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നിടത്ത് പരമാവധി പരിമിതപ്പെടുത്തുകയും നന്മകള്‍ക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്യുക.

ഹജ്ജ് ചെയ്യാന്‍ നിയ്യത്ത് ചെയ്ത ഒരുപാട് സഹോദരങ്ങള്‍ നമുക്കിടയിലുണ്ട്. അവസരം ലഭിക്കാതെ പോയ സഹോദരങ്ങള്‍ അവര്‍ മാനസികമായി പ്രയാസപ്പെടുകയല്ല വേണ്ടത്. അവരുടെ നിയ്യത്തിന് അല്ലാഹു തീര്‍ച്ചയായും പ്രതിഫലം നല്‍കുമെന്ന ഉറച്ച പ്രതീക്ഷയുണ്ടാവണം. അടുത്ത ഹജ്ജിന് അവസരം ലഭിക്കാന്‍ വേണ്ടി തേടികൊണ്ടിരിക്കണം. എന്നാല്‍ അതിന് മുമ്പ് അല്ലാഹു അവന്റെ ഇഷ്ടദാസന്മാരില്‍ ഉള്‍പ്പെടുത്തി തിരിച്ചുവിളിച്ചാലോ -അല്‍ ഹംദുലില്ലാഹ് അവര്‍ ഹജ്ജ് പൂര്‍ത്തീകരിച്ചവരായിട്ടായിരിക്കും അല്ലാഹുവിങ്കല്‍ എത്തിച്ചേരുന്നതെന്ന തികഞ്ഞ പ്രതീക്ഷയാണ് അവര്‍ക്കുണ്ടാവേണ്ടത്.

Also read: സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹും ആയാ സോഫിയയും; ചില ചരിത്ര സത്യങ്ങള്‍

പടച്ചവനേ പ്രയാസകരമായ പരീക്ഷണങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഇബാദത്തുകള്‍ ചെയ്യാന്‍ അവസരം നല്‍കണമേ റബ്ബേ. അനുഗ്രഹീതമായ ദുല്‍ഹജ്ജ് മാസത്തില്‍ പ്രവേശിക്കുവാന്‍, അതിനെ ആവേശപുര്‍വം വരവേല്‍ക്കുവാന്‍ ഞങ്ങള്‍ക്ക് നീ തൗഫീഖ് നല്‍കേണമേ. കോവിഡ് എന്ന മഹാമാരി ഞങ്ങളുടെ നാട്ടിലും വ്യാപിച്ച്‌കൊണ്ടേയിരിക്കുകയാണ്. അതിന്റെ എല്ലാ കെടുതികളില്‍ നിന്നും പ്രയാസങ്ങളില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും മറ്റെല്ലാവരെയും നീ കാത്തുരക്ഷിക്കേണമേ. ആമീന്‍.

തയാറാക്കിയത് : കെ.സി. സലീം കരിങ്ങനാട്

Related Articles