Current Date

Search
Close this search box.
Search
Close this search box.

മാലിന്യത്തെ മാലിന്യം കൊണ്ട് ശുദ്ധീകരിക്കാനാവില്ല

എക്കാലത്തെയും എവിടത്തെയും ഏറ്റവും ശ്രദ്ധേയമായ പ്രഭാഷണങ്ങളിലൊന്നാണ് മാർട്ടിൻ ലൂഥർ കിംഗിൻറെ “എനിക്കൊരു സ്വപ്നമുണ്ട്”എന്നത്. 1964 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ അദ്ദേഹം 1963 ൽ സംഘടിപ്പിക്കപ്പെട്ട ചരിത്രപ്രസിദ്ധമായ വാഷിംഗ്ടൺ മാർച്ചിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണത്. കറുത്ത വർഗക്കാർ അനുഭവിക്കുന്ന കൊടും പീഢനത്തിനെതിരെ അത്യുജ്ജ്വലമായ വിപ്ലവം നയിക്കുമ്പോഴും അദ്ദേഹം പുലർത്തിയ അത്യസാധാരണമായ പക്വതയും വംശ വെറിയെ സ്നേഹംകൊണ്ട് നേരിടാനുള്ള ആഹ്വാനവും പ്രസ്തുത പ്രഭാഷണത്തെ കൂടുതൽ മഹത്വവും ശോഭയുമുള്ളതാക്കി.

അതിൽ അദ്ദേഹം പറഞ്ഞു;”1963 ഒരവസാനമല്ല. ഒരാരംഭമാണ്. നീഗ്രോ ജനതയ്ക്ക് നീതിയും പൗരാവകാശങ്ങളും അനുവദിക്കുന്നതുവരെ അമേരിക്കയിൽ വിശ്രമമോ സമാധാനമോ ഉണ്ടാവുകയില്ല. നീതിയുടെ പ്രകാശപൂർണ്ണമായ ദിനം പ്രത്യക്ഷപ്പെടുന്നതുവരെ ഈ രാജ്യത്തിന്റെ അടിത്തറയെ പിടിച്ചുലയ്ക്കുന്ന പ്രതിഷേധത്തിന്റെ ചുഴലിക്കൊടുങ്കാറ്റ് ഇവിടെ വീശിയടിച്ചു കൊണ്ടേയിരിക്കും.

Also read: സൈനികവത്കരണത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ

നീതിയുടെ രാജകൊട്ടാരത്തിലേക്കുള്ള ഊഷ്മളമായ കവാടത്തിനു മുന്നിൽ നിൽക്കുമ്പോൾ എനിക്ക് എന്റെ ജനതയോട് ചിലകാര്യങ്ങൾ കൂടിപറയാനുണ്ട്. നമുക്കവകാശപ്പെട്ട ശരിയായ സ്ഥാനത്തിനു വേണ്ടി നാം നടത്തുന്ന ഈ പോരാട്ട പ്രക്രിയയിൽ നാം ഒരിക്കലും തെറ്റായ രിതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ ദാഹം തീർക്കാൻ, നാം കുടിക്കേണ്ടത്, ഒരിക്കലും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പാനപാത്രത്തിൽ നിന്നാവരുത്.

നമ്മുടെ സമരം നയിക്കേണ്ടത് എല്ലായ്പ്പോഴും അന്തസിന്റേയും അച്ചടക്കത്തിന്റേയും ഏറ്റവും ഉന്നതമായ തലങ്ങളിൽ നിന്നുകൊണ്ടാവണം. നാം നമ്മുടെ സർഗാത്മകമായ സമരപദ്ധതിയെ കായികമായ അക്രമത്തിന്റെ തലത്തിലേക്ക് ഒരിക്കലും തരം താഴ്ത്താൻ പാടില്ല. കായികമായ ശക്തിയെ ആത്മബലം കൊണ്ട് നേരിടുന്ന മഹോന്നതമായ ഒരവസ്ഥയിലേക്ക് നാമുയരണം. നമ്മുടെ രാജ്യത്തിന്റെ പ്രതാപപൂർണ്ണമായ പുതിയ സൈനികശക്തി, കറുത്ത ജനതയുടെ ജീവിതത്തിനു ചുറ്റുമായി വിന്യസിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും നാം ഈ രാജ്യത്തുള്ള വെള്ളക്കാരായ സഹോദരന്മാരെ മുഴുവൻ അവിശ്വസിക്കാൻ അത് കാരണമായിത്തീരരുത്. ഇവിടെ നമ്മളോടൊപ്പം കൂടിയിരിക്കുന്ന വെള്ളക്കാരായ സുഹൃത്തുക്കൾ തന്നെ, അവർ ഇക്കാര്യങ്ങൾ ശരിയായി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിനു തെളിവാണ്. അവരുടെ ഭാവി നമ്മുടെ ഭാവിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നും അവരുടെ സ്വാതന്ത്ര്യം നമ്മുടെ സ്വാതന്ത്ര്യവുമായി വേർപെടുത്താനാവാത്തവണ്ണം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും അവർ മനസ്സിലാക്കിയിരിക്കുന്നു. നമുക്കാവട്ടെ ഒറ്റയ്ക്ക് മുന്നോട്ട് പോകാനുമാവില്ല”

Also read: നൊബേൽ ജേതാവ്

തീയിനെ തീകൊണ്ട് കെടുത്താനാവില്ല. വെറുപ്പിനെ വെറുപ്പ് കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. വംശീയതയെ വംശീയത കൊണ്ട് തടയാനാവില്ല. വർഗീയതയെ തൂത്തു മാറ്റാൻ വർഗീയതക്കാവില്ല. ചീത്തയെ ചീത്ത കൊണ്ട് പ്രതിരോധിക്കാൻ സാധ്യമല്ല.മാലിന്യത്തെ മാലിന്യം കൊണ്ട് വൃത്തിയാക്കാൻ കഴിയാത്ത പോലെ തന്നെ.
അതിനാലാണ് ഖുർആൻ നന്മയും തിന്മയും തുല്യമാവില്ലെന്നും തിന്മയെ ഏറ്റവും നല്ല നന്മകൊണ്ടാണ് തടയേണ്ടതെന്നും ഊന്നിപ്പറഞ്ഞത്. അപ്പോഴാണ് കൊടിയ ശത്രുക്കൾ പോലും ആത്മമിത്രങ്ങളാവുകയെന്നും.

Related Articles