Current Date

Search
Close this search box.
Search
Close this search box.

ചൊല്ല് നന്നായാലെല്ലാം ചൊവ്വാകുമെന്നത് വെറും വാക്കല്ല

വാക്കിന് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നത് പതിരില്ലാത്ത ചൊല്ലാണ്. കലഹപ്രിയരാണിന്ന് ഏറെയും. വാക്കുത്തര്‍ക്കങ്ങള്‍, ശകാരവര്‍ഷം, ആക്ഷേപം തുടങ്ങി സോഷ്യല്‍മീഡിയകള്‍, ചാറ്റ്‌റൂമുകള്‍ എല്ലാം പരസ്പരം ചെളി വാരിയെറിയുന്നു. തങ്ങളുടെ ഭാഗം ശരിവെക്കാനായി തോന്നിയതെല്ലാം വിളിച്ചുപ്പറയുന്ന ചാനല്‍ ചര്‍ച്ചകളുടെ ആസുരകാലം.

നാവിന്‍തുമ്പത്ത് വാക്കുകളെ വിന്യസിക്കുന്നതിനുമുമ്പ്, അതുമൂലമുണ്ടാകുന്ന പ്രയോജനത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ബുദ്ധിപ്പൂര്‍വ്വമൊന്ന് ചിന്തിക്കട്ടെ. തീര്‍ത്തും അനാവശ്യവും പ്രയോജനരഹിതവുമാണ് സംസാരമെങ്കില്‍ മൗനമാണുചിതം. ഫിറോസ് ഷഹന ദമ്പതികള്‍, പ്രണയമൊരുപ്പിച്ച ഇണക്കുരുവികള്‍! മധുവിധു ഗംഭീരമായി ആഘോഷിച്ച് മൂന്നുനാലുമാസങ്ങള്‍കൊണ്ടുത്തന്നെ അവന്‍ ഗള്‍ഫിലേക്ക് പറന്നിരുന്നു. പിന്നീട് ഇടയ്ക്കിടക്ക് വരുന്ന ഫോണ്‍ കോളുകള്‍, വാട്‌സ്ആപ്പ് ചാറ്റിങ്ങുകള്‍. പ്രതീക്ഷയോടുകൂടിയ കാത്തിരിപ്പ്!

ഉമ്മാന്റെയും നാത്തൂന്‍മാരുടേയും പരാതിപ്പട്ടികക്ക് നീളം കൂടാന്‍ തുടങ്ങയപ്പോളാണ് അവന്റെ മനസ്സമാധാനം കെടാന്‍ തുടങ്ങിയത്. പിന്നീട് സങ്കടങ്ങളായി, പരിഭവങ്ങളും ആക്ഷേപങ്ങളും! ജീവിതമെന്നത് വെറുക്കപ്പെട്ട ദിനരാത്രങ്ങളുടേതായി. തന്നിഷ്ടക്കാരിയാണ്, അനുസരണയില്ല, മടിച്ചിയാണ്, ബഹുമാനമില്ല, നാത്തൂന്‍മാരോട് കലിപ്പാണ് തുടങ്ങി ഷഹനയ്ക്കില്ലാത്ത കുറ്റങ്ങളില്ലാതായി.ഫിറോസിന്റെ വക ശകാരങ്ങള്‍കൂടിയായപ്പോള്‍ അവള്‍ തെറ്റിപ്പിരിഞ്ഞ് തന്റെ വീട്ടിലേക്ക് പോയി. പരസ്പരം ആരോപണങ്ങളും പഴിചാരലുകളുമായപ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തവിധം ആ ബന്ധം അറ്റുപ്പോയി.

ഒന്നു കണ്ണടച്ചിരുന്നെങ്കില്‍, മാപ്പു ചോദിച്ചിരുന്നെങ്കില്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഉണ്ടായിരുന്നൊള്ളൂ. വാക്കുകള്‍കൊണ്ടുള്ള ഏറില്‍ പലര്‍ക്കും മുറിവേല്‍പ്പിക്കപ്പെടുകയായിരുന്നു. ഒഴുക്കിന് തടയണക്കെട്ടുന്നതിനേക്കാള്‍ പ്രയാസമാണ് നാവിന് തടയിടുന്നത്. ബന്ധങ്ങള്‍ ഊഷ്മളമാക്കാനും ഛിന്നഭിന്നമാക്കാനും ഒരൊറ്റ വാക്കുമതി. അതുകൊണ്ടാണല്ലൊ മുത്തു റസൂല്‍ താടിയെല്ലുകള്‍ക്കിടയിലുള്ള ഈ മാംസകഷ്ണത്തെ സൂക്ഷിച്ചവന് ജന്നാത്തുല്‍ ഫിര്‍ദൗസ് പ്രതിഫലമായുണ്ടെന്ന് അരുള്‍ ചെയ്തത്.

Related Articles