Current Date

Search
Close this search box.
Search
Close this search box.

ഏവർക്കും മാതൃകയുള്ള ഏക മനുഷ്യൻ

ഇന്ത്യ കണ്ട അതിപ്രഗത്ഭരായ പണ്ഡിതന്മാരുടെ മുൻനിരയിൽ ഇടം നേടിയ മഹാനാണ് സയ്യിദ് സുലൈമാൻ നദ്‌വി. പ്രവാചകനെ സംബന്ധിച്ച അദ്ദേഹത്തിൻറെ പഠനം തീർത്തും വ്യത്യസ്തവും ഏറെ ശ്രദ്ധേയവും അത്യാകർഷകവുമത്രേ. പ്രവാചകൻ എല്ലാം തികഞ്ഞ അസമാനനായ മനുഷ്യനാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു:

“നിങ്ങൾ ഒരു ധനികനാണെങ്കിൽ മക്കയിലെ വർത്തകനും ബഹ്റൈനിലെ സാമ്പത്തിൻറെ യജമാനനുമായിരുന്ന മുഹമ്മദിൽ നിങ്ങൾക്ക് മാതൃകയുണ്ട്!നിങ്ങൾ ദരിദ്രനാണെങ്കിൽ ശഅബ് അബീത്വാലിബിലെ തടവുപുള്ളിയിലും മദീനാ അഭയാർഥിയിലും അതുണ്ട്!നിങ്ങളൊരു ചക്രവർത്തിയാണെങ്കിൽ അറേബ്യയുടെ ഭരണാധികാരിയായി വാണ മുഹമ്മദിനെ വീക്ഷിക്കുക! നിങ്ങളൊരടിമയാണെങ്കിൽ മക്കയിലെ ഖുറൈശികളുടെ മർദ്ദന പീഡനങ്ങൾ ഏറ്റുവാങ്ങിയ ആ മനുഷ്യനെ ശ്രദ്ധിക്കുക! നിങ്ങൾ ഒരു ജേതാവാണെങ്കിൽ ബദറിലെയും ഹുനൈനിലെയും ജേതാവിനെ നോക്കുക! നിങ്ങൾ ക്കൊരിക്കൽ പരാജയം പിണഞ്ഞിട്ടുണ്ടെങ്കിൽ ഉഹ്ദിൽ കുഴപ്പം പിണഞ്ഞ ആ മനുഷ്യനിൽ നിന്ന് പാഠം പഠിക്കുക! നിങ്ങളൊരദ്ധ്യാപകനാണെങ്കിൽ സ്വഫാ കുന്നിലെ ആ ഉപദേശിയിൽ നിന്ന് മാതൃക ഉൾക്കൊള്ളുക! നിങ്ങളൊരു വിദ്യാർത്ഥിയാണെങ്കിൽ ജിബിരീലിൻറെ മുമ്പിൽ ഉപവിഷ്ടനായ ആ ശിഷ്യനെ അനുകരിക്കുക! നിങ്ങളൊരു പ്രഭാഷകനാണെങ്കിൽ മദീനയിലെ പള്ളിയിൽ പ്രസംഗിക്കുന്ന ആ ധർമോപദേശിയുടെ നേരെ ദൃഷ്ടി തിരിക്കുക! സ്വന്തം മർദ്ദകരോട് കാരുണ്യത്തിൻറെയും സത്യത്തിൻറെയും സുവിശേഷം പ്രസംഗിക്കുവാൻ വിധിക്കപ്പെട്ടവനാണ് നിങ്ങളെങ്കിൽ മക്കയിലെ ബഹുദൈവാരാധകർ ക്ക് ദൈവികസന്ദേശം വിവരിച്ചു കൊടുക്കുന്ന ഏകനായ ആ പ്രഭാഷകനെ വീക്ഷിക്കുക.

ശത്രുവിനെ മുട്ടുകുത്തിച്ചവനാണ് നിങ്ങളെങ്കിൽ മക്കയിലെ ആ ജേതാവിനെ കണ്ട് പഠിക്കുക! നിങ്ങൾക്ക് സ്വന്തം സ്വത്തും തോട്ടങ്ങളും പരിപാലിക്കേണ്ടതുണ്ടെങ്കിൽ ഖൈബറിലെ യും ഫദക്കിലെയും ബനുന്നദീറിൻറെയും തോട്ടങ്ങൾ എങ്ങനെ പരിപാലിക്കപ്പെട്ടുവെന്ന് കണ്ടു പഠിക്കുക! നിങ്ങളൊരു അനാഥനാണെങ്കിൽ ഹലീമയുടെ കരുണാർദ്രതക്കിട്ടു കൊടുക്കപ്പെട്ട ആമിനയുടെയും അബ്ദുല്ലയുടെയും ആ പിഞ്ചുകുഞ്ഞിനെ മറക്കാതിരിക്കുക! നിങ്ങളൊരു യുവാവാണെങ്കിൽ മക്കയിലെ ആ ഇടയ ബാലനെ നിരീക്ഷിക്കുക! നിങ്ങൾ വ്യാപാര യാത്രികാണെങ്കിൽ ബസ്വറ യിലേക്ക് പോകുന്ന സാർത്ഥവാഹക സംഘത്തിൻറെ നായകൻറെ നേരെയൊന്ന് കണ്ണയക്കുക! നിങ്ങളൊരു ന്യായാധിപനോ മാധ്യസ്ഥനോ ആണെങ്കിൽ പ്രഭാതം പൊട്ടി വിടരും മുമ്പേ വിശുദ്ധ കഅബയിലെത്തി ഹജറുൽ അസ്‌വദ് യഥാസ്ഥാനത്ത് പൊക്കി വെക്കുന്ന ആ മാധ്യസ്ഥനെ നോക്കുക; അല്ലെങ്കിൽ ധനവാനെയും ദരിദ്രനെയും തുല്യമായി വീക്ഷിക്കുന്ന ന്യായാധിപനെ! നിങ്ങളൊരു ഭർത്താവാണെങ്കിൽ ഖദീജയുടെയും ആയിശയുടെയും ഭർതാവായിരുന്ന മനുഷ്യൻറെ പെരുമാറ്റരീതികൾ പഠിക്കുക! നിങ്ങളൊരു പിതാവാണെങ്കിൽ ഫാത്വിമയുടെ പിതാവും ഹസൻ-ഹുസൈൻ മാരുടെ പിതാമഹനുമായിരുന്നയാളുടെ ജീവിതകഥയിലൂടെ കണ്ണോടിക്കുക!

Also read: ജസീന്ത ആർഡൻ മാതൃകയാവുന്നത്

ചുരുക്കത്തിൽ നിങ്ങൾ ആരുമാകട്ടെ എന്തുമാകട്ടെ നിങ്ങളുടെ ജീവിത പന്ഥാവിൽ വെളിച്ചം വിതറുന്ന ഉജ്ജ്വല മാതൃക അദ്ദേഹത്തിൽ നിങ്ങൾക്ക് ദർശിക്കാം. സർവ്വ സത്യാന്വേഷികൾക്കും വഴികാട്ടുന്ന ഒരേയൊരു ദീപസ്തംഭവും മാർഗ്ഗദർശിയുമാണദ്ദേഹം.നൂഹിൻറെയും ഇബ്രാഹിമിൻറെയും അയ്യൂബിൻറെയും യൂനുസിൻറെയും മൂസായുടെയും ഈസായുടെയും എന്നുവേണ്ട സർവ്വ പ്രവാചകന്മാരുടെയും മാതൃക മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിങ്ങൾക്ക് കണ്ടെത്താം.”(‘പ്രബോധനം’മുഹമ്മദ് നബി വിശേഷാൽ പതിപ്പ്. 1989. പുറം:10.)

Related Articles