Current Date

Search
Close this search box.
Search
Close this search box.

ലോകം നിശ്ചലമായിരിക്കെ നമുക്ക് റമദാനിനെ സ്വാഗതം ചെയ്യാം

കോവിഡ് 19 വൈറസ് ലോകത്തെയാകമാനം നിശ്ചലമാക്കിയിരിക്കെ, നാം ഏറെ ആവേശത്തോടെ കാത്തിരുന്ന റമദാന്‍ മാസം കടന്ന് വരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ വൈറസ് രോഗം വ്യാപിക്കുന്നത് സമ്പര്‍ക്കത്തിന്‍റെ അടിസ്ഥാനത്തിലാണെന്നതിന്‍റെ തിരിച്ചറിവില്‍ ആരാധനകള്‍ ഉള്‍പ്പടെയുള്ള എല്ലാ സാമൂഹ്യ കൂടിച്ചേരലുകള്‍ക്കും മിക്ക ഭരണാധികാരികളും മോറിട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരമൊരു അതിസങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ പുണ്യമാസമായ റമദാനിനെ എങ്ങനെയാണ് നാം സ്വാഗതം ചെയ്യേണ്ടത്? അതിന് നാം എപ്പോഴാണ് തയ്യാറെടുക്കേണ്ടത്? ഇതില്‍ പ്രവാചകന്‍റെയും അനുചരന്മാരുടേയും മാതൃക എന്താണ്?

പ്രവാചകനും സഹാബികളും റമദാന്‍ ആഗതമാവുന്നതിന്‍റെ ആറ് മാസം മുമ്പ് തന്നെ റമദാനിനെ സ്വീകരിക്കാന്‍ തയ്യാറെടുക്കുമായിരുന്നു. കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കലല്ല വൃതാനുഷ്ടാനം. അസഭ്യമായ സംസാരം, വികാര പ്രകടനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് മുക്തമാവുകയും നമ്മുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച അവബോധം ഉണ്ടാവുകയും ക്ഷമാശീലരും ധാര്‍മ്മിക ഗുണങ്ങളുള്ള വ്യക്തികളായി പരിവര്‍ത്തിക്കലാണ് വൃതാനുഷ്ടാനത്തിന്‍റെ കാമ്പും കാതലും. കൊറോണ വൈറസ് രോഗ കാലത്ത് പള്ളികളിലെ സംഘടിത നമസ്കാരങ്ങളും സംഘടിത നോമ്പ്തുറയും നടത്താന്‍ സാധിച്ചില്ലങ്കില്‍ പോലും, സല്‍കര്‍മ്മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലമുള്ള റമദാന്‍ മാസത്തെ ഇരു കൈകളും നീട്ടി ചുവടെ വിവരിക്കും വിധം നമുക്ക് വരവേല്‍ക്കാം.

Also read: കൊറോണ ബാധിച്ചവരുടെ മയ്യിത്ത് ദഹിപ്പിക്കുന്നതിന്റെ വിധി

1. സുന്നത്ത് നോമ്പുകള്‍ വര്‍ധിപ്പിക്കുക
ഉസാമ ഇബ്ന സൈദ് (റ) പറഞ്ഞു: ഞാന്‍ ചോദിച്ചു: പ്രവാചകരെ! താങ്കള്‍ ശഅ്ബാനില്‍ നോമ്പ്നോല്‍ക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പനുഷ്ടിക്കുന്നതായി കണ്ടിട്ടില്ല. പ്രവാചകന്‍ (സ) പറഞ്ഞു: റജബിന്‍റെയും റമദാന്‍റെയും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാത്ത മാസമാണിത്. പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണിത്. നോമ്പുകരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.” കഴിഞ്ഞ റമദാനില്‍ നഷ്ടപ്പെട്ട്പോയ നോമ്പ് വീട്ടാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഈ ദിനങ്ങള്‍.

തിങ്കള്‍,വ്യാഴം എന്നീ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ മനുഷ്യന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിന് മുമ്പില്‍ സമര്‍പ്പിക്കുന്നതാണ്. പരസ്പരം അകന്നവരൊഴിച്ച് അല്ലാഹു എല്ലാ മുസ്ലിംങ്ങള്‍ക്കും മാപ്പ് നല്‍കുന്നു. ചാന്ദ്രമാസത്തിലെ പൗര്‍ണ്ണമി ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുക. അബുദര്‍റുല്‍ ഗിഫാരി (റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകന്‍ പറഞ്ഞു: ഓ അബുദര്‍റ്! എല്ലാ ചാന്ദ്ര മാസത്തിലും മുന്ന് ദിവസം നീ നോമ്പനുഷ്ടിക്കുന്നുവെങ്കില്‍, അത് 13,14,15 എന്നീ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുക.

2. ഖുര്‍ആനുമായുള്ള ബന്ധം
റമദാനിനെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. ഖുര്‍ആന്‍ പാരായണം,ഗ്രാഹ്യത,ചിന്ത,പ്രാവര്‍ത്തികമാക്കല്‍,ഖുര്‍ആന്‍റെ പ്രചാരണം ഇതെല്ലാം ഖുര്‍ആനുമായി ആത്മബന്ധം സ്ഥാപിക്കാന്‍ സഹായിക്കും. അല്ലാഹുവുമായി അടുക്കുവാനും നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കുവാനും ഖുര്‍ആന്‍റെ ആശയം ഗ്രഹിക്കുന്നത് നമുക്ക് തുണയാകും. ഈ തലത്തില്‍ ഖുര്‍ആനുമായി ബന്ധപ്പെടുന്ന ഓരോ നിമിഷത്തിലും അതിന്‍റെ അര്‍ത്ഥ തലങ്ങളുടെ ആഴം ബോധ്യമാവാനും അതിലൂടെ ഇഹ പര ലോകത്ത് ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കാനും കാരണമാവുകയും ചെയ്യും.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -ഒന്ന്

3. പ്രവാചകചര്യ പിന്തുടരുക
റമദാനിനെ സ്വീകരിക്കുവാനായി പ്രവാചകനെ (സ) യെ കൂടുതല്‍ മനസ്സിലാക്കികൊണ്ട് അദ്ദേഹത്തിന്‍റെ ചര്യ പിന്തുടരുക. റമദാനിനെ അവിടന്ന് വരവേറ്റത് പോലെ നാമും വരവേല്‍ക്കുക. റമദാനിനെ കുറിച്ച സരോപദേശങ്ങള്‍, അതിന്‍റെ പ്രത്യേകത വിവരിക്കല്‍ എന്നിവകൊണ്ടെല്ലാം സമ്പന്നമായിരുന്നു നബിയുടെ ഉദ്ബോധനങ്ങള്‍. ഖുര്‍ആന്‍ പറയുന്നു: പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.3:31

4. ധാരാളമായി പാശ്ചാതപിക്കുക
മനുഷ്യരെന്ന നിലയില്‍ നാമെല്ലാം തെറ്റ് ചെയ്ത്പോവും. മാരകമായ വൈറല്‍ രോഗം നമ്മെ കീഴ്പ്പെടുത്തിയിരിക്കെ, അല്ലാഹുവിന്‍റെ കോപത്തില്‍ നിന്നും പാശ്ചാതപിച്ച് മടങ്ങാനുള്ള ഏറ്റവും നല്ല അവസരമാണ റമദാന്‍. നബി (സ) പറഞ്ഞു: ആദമിന്‍റെ സന്താനങ്ങളെല്ലാം തെറ്റ്ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റു ചെയ്യുന്നവരില്‍ ഉത്തമര്‍ പാശ്ചാതപിച്ചു മടങ്ങുന്നവരത്രെ. മനസ്സ് ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് തൗബയും ഇസ്തിഗ്ഫാറും. എഴുപതിലധികം പ്രാവിശ്യം നബി (സ) അത് നിര്‍വ്വഹിച്ചിട്ടുണ്ട്. അങ്ങനെ ശുദ്ധീകരിച്ചവരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.

5. ദാനധര്‍മ്മം ചെയ്യുക
ദിനേന പണി എടുത്ത് കുടുംബം പുലര്‍ത്തിയിരുന്നവരും മറ്റു പലരും കൊറോണ കാലത്ത് ഏറെ പ്രയാസം നേരിട്ടേക്കാം. അത്തരക്കാരെ കണ്ടത്തെി ജാതി മത ഭേദമന്യേ സഹായിക്കല്‍ നമ്മുടെ ബാധ്യതയാണ്. നബി (സ) പറഞ്ഞു: അല്ലാഹു തന്‍റെ അടിമയെ സഹായിച്ച്കൊണ്ടിരിക്കും. അയാള്‍ മറ്റുള്ളവരെ സഹായിച്ച്കൊണ്ടിരിക്കുന്നേടുത്തോളം. ഖുര്‍ആന്‍ ചോദിക്കുന്നു: അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കാന്‍ ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അനേകമിരട്ടിയായി തിരിച്ചുതരും. മാന്യമായ പ്രതിഫലത്തിനര്‍ഹനും അയാള്‍തന്നെ. 57:11 റമദാനില്‍ അടിച്ച് വീശുന്ന കാറ്റിനെക്കാള്‍ ഉദാരനായിരുന്നു പ്രവാചകന്‍.

Also read: കൊറോണ കാലത്ത് മക്കളെ ഡയറി എഴുതാൻ ശീലിപ്പിക്കാം

6. സ്വഭാവം മെച്ചപ്പെടുത്തുക
നമ്മുടെ ദീന്‍ ശക്തമായി ഊന്നുന്ന കാര്യം സ്വഭാവം മെച്ചപ്പെടുത്താനാണ്. ഉന്നത സ്വഭാവഗുണങ്ങളുള്ളവരാണ് നിങ്ങളില്‍ ഉത്തമന്‍ എന്ന് പ്രവാചകന്‍ (സ) അരുളുകയുണ്ടായി. ലോക പ്രശസ്ത സാഹിത്യകാരന്‍ പൗലൊ കൊയ് ലോ പറയുന്നു: Paulo Coelho ”When we strive to become better than we are, everything around us becomes better too.” നാം ഇന്നുള്ളതിനെക്കാള്‍ നന്നാവാന്‍ ശ്രമിക്കുമ്പോള്‍, നമുക്ക് ചുറ്റുമുള്ളതെല്ലാം നന്നാവുന്നു. ഈ റമദാനിനെ നാം വരവേല്‍ക്കുന്നത് ഉത്തമ സ്വഭാവഗുണങ്ങളുള്ളവനായിരിക്കും എന്ന ദൃഡവിശ്വാസത്തോടെയാവട്ടെ.

7. മിതത്വം പുലര്‍ത്തുക
ഭക്ഷണം, സംസാരം തുടങ്ങിയ കാര്യങ്ങളില്‍ റമദാനില്‍ മിതത്വം പുലര്‍ത്താന്‍ ഇപ്പോള്‍ തന്നെ തയ്യാറെടുക്കുക. അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പേള്‍ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്ന് നബി അരുളി. കൊറോണ വൈറസ് മൂലം ലോകം നിശ്ചലമായിരിക്കെ, നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള ക്ഷാമം രൂക്ഷമാവാനാണ് സാധ്യത. ഇതെല്ലാം മുന്നില്‍ കണ്ട്, കഴിഞ്ഞ കാലത്ത് സംഭവിച്ച ആര്‍ഭാടങ്ങളില്‍ മനം നൊന്ത് പരമാവധി മിതത്വം പാലിക്കുകയും മറ്റുള്ളവരെ പരിഗണികകയും ചെയ്യുന്നത് അല്ലാഹുവിന്‍റെ പ്രീതി ലഭിക്കാന്‍ കാരണമാവും.

8. പ്രാര്‍ത്ഥനകള്‍ വര്‍ധിപ്പിക്കുക
ഇബാദത്തുകളുടെ മജ്ജയാണ് പ്രാര്‍ത്ഥനയെന്ന് നബി (സ) പറയുകയുണ്ടായി. മനുഷ്യ ചരിത്രത്തില്‍ തന്നെ ഇത്രയും ദുരിതപൂര്‍ണ്ണമായ ദിനങ്ങള്‍ കഴിഞ്ഞ്പോയിട്ടുണ്ടാവുക വിരളമായിരിക്കും. ചെറുതും വലുതുമായ നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും മനംനൊന്ത് സൃഷ്ടാവിനോട് പ്രാര്‍ത്ഥിക്കാനുള്ള ഏറ്റവും നല്ല സന്ദര്‍ഭമാണ് റമദാന്‍ മാസം. പുണ്യ റമദാനിനെ ഉപയോഗപ്പെടുത്താനുള്ള അവസരത്തിനായി ധാരാളമായി പ്രാര്‍ത്ഥിക്കുക. അല്ലാഹുവേ, റജബിലും ശഅ്ബാനിലും അനുഗ്രഹിക്കുക. റമദാനിനെ നമുക്ക് എത്തിച്ച് തന്നാലും എന്ന പ്രാര്‍ത്ഥന ഉരുവിടുക.

9. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക
നമ്മുടെ ബന്ധങ്ങളില്‍ പലതരം തെറ്റുകളും സംഭവിച്ചിരിക്കാം. നിസ്സാരമായ കാരണങ്ങളെ ചൊല്ലി ഭാര്യ ഭര്‍തൃ ബന്ധങ്ങളും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും അകലുന്ന കാലമാണിത്. നബി (സ) പറഞ്ഞു: മൂന്ന് ദിവസത്തിലധികം തന്‍റെ സഹോദരനുമായി ഒരു മുസ്ലിമിന് പിണങ്ങി നില്‍ക്കാന്‍ അനുവാദമില്ല. അങ്ങനെ മൂന്ന് ദിവസത്തിലധികം പിണങ്ങി ഒരാള്‍ മരിച്ചാല്‍ അവന്‍ നരഗത്തില്‍ പ്രവേശിച്ചത് തന്നെ. മരണം മുന്നില്‍ കണ്ട് ജീവിക്കുന്ന ഈ ആസുര കാലത്ത് എല്ലാവിധ പിണക്കങ്ങളോടും നമുക്ക് വിട പറയാം.

10. ജീവകാരുണ്യ പ്രവര്‍ത്തനം
ജീവകാരുണ്യ പ്രവര്‍ത്തനവു ജനസേവനവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍ പോലെ ഇസ്ലാമിന്‍റെ അഭിവാജ്യ ഘടകമാണ്. വൃതാനുഷ്ടാനം പോലെ തന്നെ പ്രതിഫലാര്‍ഹമായ കര്‍മ്മമാണ് ജീവകാരുണ്യ പ്രവര്‍ത്തനവും. അന്യരുടെ വിഷപ്പിന്‍റെ രുചി അറിയുകയും അതിന് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് വൃതാനുഷ്ടാനത്തിന്‍റെ ചൈതന്യം. കൊറോണ കാലത്തെ റമദാന്‍ മാസം ഇത്തരം സല്‍കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കാന്‍ നമുക്ക് ശ്രമിക്കാം. ആസന്നമായ റമദാനിനെ സ്വീകരിക്കാന്‍ മുകളില്‍ പറഞ്ഞതും അല്ലാത്തതുമായ എല്ലാ സല്‍കര്‍മ്മങ്ങളും ചെയ്ത്കൊണ്ട് ജീവിതത്തിലെ അസുലഭമായ മറ്റൊരു റമദാനിനെ വരവേല്‍ക്കാന്‍ നമുക്ക് ഇപ്പോള്‍ തന്നെ തയ്യാറെടുക്കാം.

Related Articles