Current Date

Search
Close this search box.
Search
Close this search box.

കാറൽ മാർക്സും തൃശൂരിലെ കച്ചവടക്കാരനും

പാവപ്പെട്ട പതിത കോടികളുടെ പ്രയാസങ്ങളും പരവശതകളും സ്വന്തം സത്തയിൽ അലിയിച്ചു ചേർത്ത് അവയുടെ പരിഹാരത്തിന് പര്യാപ്തമെന്ന് താൻ കരുതിയ പ്രത്യയശാസ്ത്രം സമൂഹ സമക്ഷം സമർപ്പിക്കാൻ കഠിനാധ്വാനം ചെയ്ത വിപ്ലവകാരിയായ കർമ്മയോഗിയാണല്ലോ കാറൽ മാർക്സ്.

1855 ൽ അദ്ദേഹത്തിൻറെ ഇഷ്ട പുത്രൻ എഡ്ഗാറിന് മാരകമായ രോഗം ബാധിച്ചു.മ്യൂഷ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ആ കുട്ടിക്ക് എട്ടു വയസ്സുള്ളപ്പോഴായിരുന്നു അത്. മകൻറെ രോഗശയ്യയിൽ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ മാർസ് തൻറെ ആത്മമിത്രമായ ഫ്രഡറിക് എംഗൽസിന് എഴുതി:”ഹൃദയം നീറുകയാണ്. തല പുകയുകയാണ്.”
എഡ്ഗാർ മരണമടഞ്ഞപ്പോൾ അത്യധികം അസ്വസ്ഥനായ അദ്ദേഹം വീണ്ടും എഴുതി:”പാവം മ്യൂഷ് മരിച്ചു…. എൻറെ ദുഃഖം എത്ര വലുതാണെന്ന് അറിയാമല്ലോ. ഒട്ടേറെ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളവനാണ് ഞാൻ. പക്ഷേ, യഥാർത്ഥ ദുഃഖമെന്നാൽ എന്താണെന്ന് ഇപ്പോഴാണെനിക്ക് മനസ്സിലായത്.”
മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുത്ത ലീ ബെന്നെറ്റ് അന്നത്തെ മാർക്സിൻറെ അവസ്ഥ ഇങ്ങനെ വിശദീകരിക്കുന്നു:”ഇതൊരു നഷ്ടമല്ല; ലക്ഷണമാണെന്നായിരുന്നു” ആശ്വാസവുമായെത്തിയവരോട് മാർക്സ് പറഞ്ഞത്.

Also read: മകനുമായുള്ള നൂഹ് നബിയുടെ സംഭാഷണം

മകനെ അടക്കം ചെയ്ത ശവ പേടകം കുഴിയിലിറക്കുമ്പോൾ മാർക്സ് അതിലേക്ക് എടുത്തു ചാടുമെന്ന് ഞാൻ ഭയന്നു. അത് തടുക്കാനായി ഞാൻ അദ്ദേഹത്തിൻറെ അടുക്കൽ തന്നെ ഉണ്ടായിരുന്നു.”

ഭാര്യ ജെന്നി മരണപ്പെട്ടപ്പോൾ ഏറെ അസ്വസ്ഥനായ മാർക്സ് ആശ്വാസം കണ്ടെത്തിയത് മദ്യത്തിലായിരുന്നു. മേരി ഗബ്രിയേൽ എഴുതിയ love and capital എന്ന അറുനൂറിലേറെ പേജുള്ള ബ്രഹദ് ഗ്രന്ഥത്തെ അവലംബിച്ച് എസ്. ജയചന്ദ്രൻ നായർ എഴുതുന്നു : “അവസാനത്തിൽ സ്നേഹിതന്മാരായ ലിബൻ നെറ്റും അയാളുടെ സഹോദരൻ ബ്രൂണിയുമൊത്ത് ഓക്സ്ഫെഡ് സ്ട്രീറ്റ് മുതൽ ഹാംസ്റ്റെറോഡ് വരെയുള്ള പമ്പുകളിലെല്ലാം കയറിയിറങ്ങി മദ്യപാനം നടത്തി ബഹളമുണ്ടാക്കുന്നതിൽ മാർക്സ് പങ്കാളിയായി. മടങ്ങുമ്പോൾ നിരത്തിലെ കല്ലുകളിളക്കി തെരുവു വിളക്കുകളിലെറിയാനും അവർ തയ്യാറായി.”(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 മാർച്ച് 3- 9)
എൻറെ ഒരു ജീവിതാനുഭവം ഇതിനോട് ചേർത്തു വെക്കുന്നത് ഉചിതമായിരിക്കുമെന്ന് വിശ്വസിക്കുന്നു. തൃശൂരിലെ വ്യാപാര കുടുംബത്തിലെ അഞ്ചംഗങ്ങൾ സേലത്തു വച്ചുണ്ടായ വാഹനാപകടത്തിൽ ഒരൊറ്റ ദിവസം മരണമടഞ്ഞു.

ആ കുടുംബനാഥനെ ആശ്വസിപ്പിക്കാനെത്തിയപ്പോൾ ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:”അല്ലാഹു തന്ന കുട്ടികളെ അവൻ തിരിച്ചെടുത്തു. അല്ലാഹു അനുഗ്രഹിച്ചെങ്കിൽ സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടാം. താങ്കൾ പ്രാർത്ഥിക്കുമല്ലോ”. മഹാനായ കാറൽ മാർക്സ് പരാജയപ്പെട്ടിടത്ത് സാധാരണക്കാരനായ ഒരു കച്ചവടക്കാരൻ വിജയിച്ചതെന്തു കൊണ്ടെന്നത് വളരെ വ്യക്തം. സുദൃഢമായ ദൈവം വിശ്വാസവും അചഞ്ചലമായ പരലോക ബോധവും കൊണ്ടു തന്നെ; തീർച്ച.

Related Articles