Current Date

Search
Close this search box.
Search
Close this search box.

വിശ്വാസവും പ്രതിരോധവും

അമാനവ സംഗമമാണ് നിസ്കാരത്തെ കേരളത്തിൽ സ്പൊന്റെനിയസായ ഒരു പൊതുരാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി വീണ്ടെടുത്തത്. മുസ്ലിംകളുടെ വിശ്വാസത്തെ പൊതുയിടത്തിൽ ഉൾകൊള്ളുന്ന ഒരു പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു അത്. വിശ്വാസികളല്ലാത്തവരും പല തരത്തിലുള്ള വിശ്വാസികളും അതിന്റെ ഇടയിൽ നിലനിൽക്കുന്നവരും ഒരുമിക്കുന്ന പുതിയൊരു രാഷ്ട്രീയ ബഹുസ്വരത തന്നെ ഇതിന്റെ ഭാഗമായി വികസിച്ചുവന്നു. വിശ്വാസപരമായ സെൽഫ് എക്സ്പ്രഷൻ സാധ്യമായ ഒരു പൊതു മുസ്ലിം വ്യക്തിയനുഭവും സാമൂഹിക മുന്നേറ്റവും എന്ന നിലയിൽ അമാനവ സംഗമം വലിയൊരു മാറ്റം തന്നെയായിരുന്നു.

ഇതിനുശേഷം നജ്മൽ ബാബുവിനു വേണ്ടി കഴിഞ്ഞ വർഷം ഞങ്ങൾ ജെ എൻ യുവിൽ മയ്യിത്ത് നിസ്കരിച്ചിരുന്നു. കാമ്പസിൽ നജ്മൽ ബാബുവിന്റെ മയ്യിത്ത് നിസ്കാരത്തിന്റെ വാർത്ത കേട്ടപ്പോൾ, ഇപ്പോൾ കാമ്പസിനു പുറത്തുള്ള, പരിചയത്തിലുള്ള ഒരാൾ ചില തുറന്നു പറച്ചിലുകൾ നടത്തി. വിശ്വാസത്തിന്റെ പൊതുആവിഷ്കാരം സെൽഫ് സെൻസർഷിപ്പിനു വിധേയമാക്കേണ്ടി വന്ന ഒരാളുടെ കഥയായിരുന്നു അത്.

അദ്ദേഹം ജെ എൻ യുവിൽ പഠിച്ചിരുന്ന അക്കാലത്ത് എന്നും ഉച്ചക്ക് അധികമാരുമറിയാതെ നിസ്കരിക്കാൻ വുദു എടുക്കുമായിരുന്നു എന്നാൽ എന്താണ് മുഖത്താകെ വെള്ളം നനഞ്ഞിരിക്കുന്നതെന്നാരെങ്കിലും ചോദിച്ചാൽ വെറുതെ മുഖം കഴുകിയതാണെന്നു കളവ് പറയും. അത്രത്തോളം സ്വയം പിൻവലിഞ്ഞാണ് അദ്ദേഹം തന്റെ വിശ്വാസത്തെ കൊണ്ടുനടന്നത്.

മലയാളി എസ് എഫ് ഐ ക്കാർ ഓണമൊക്കെ ഇന്നും “ദേശീയമായി” കൊണ്ടാടുന്ന, ഉമർ ഖാലിദും കനയയും ഹോളി കളിക്കുന്ന, ജെ എൻ യു കാമ്പസിലാണിതൊക്കെ നടന്നിരുന്നത്. ഇന്നലെ കൊടുങ്ങല്ലൂരിൽ നജ്മൽ ബാബുവിന്റെ ഓർമയും ജുമുഅയും കണ്ടപ്പോൾ ഇത്രയും കുറിക്കണമെന്നു തോന്നി. ഒരുപാടു മനുഷ്യരുടെ ജീവിത പ്രശ്നങ്ങളുടെ ഭാഗമാണ് ഈ രാഷ്ട്രീയ പ്രവർത്തനം. വരും കാലം ഈ മാറ്റങ്ങൾ കാണാതിരിക്കില്ല.

Related Articles