Current Date

Search
Close this search box.
Search
Close this search box.

ഭീകരതയിൽ പെടാത്ത  ഭീകരതകൾ

അഭയം തേടി വരുന്നവരുടെ മതം തെരഞ്ഞ് മുസ് ലിം ആണെങ്കിൽ മാറ്റി നിർത്തി മുസ് ലിം അല്ലാത്ത എല്ലാവർക്കും അഭയം നൽകണമെന്നാണല്ലോ ഇപ്പോൾ കേന്ദ്ര ഗവ: അംഗീകരിച്ച പൗരത്വ ബില്ലിന്റെ കാതൽ. തികഞ്ഞ കാടത്തവും പ്രാകൃതവും ഭീകരവുമായ ഈ തീരുമാനം മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും മതമേലധികാരികളും മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നായകന്മാരുമെല്ലാം ഒററക്കെട്ടായി ചെറുത്ത്തോ ൽപ്പിക്കേണ്ടതാണ്. അതാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലിക സത്ത. നാം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നീതിബോധത്തിന്റെയും കാതൽ (പക്ഷെ അങ്ങനെ ഒരു ശ്രമം എവിടെയും നടന്നതായി
അറിവില്ല!)

മുസ് ലിംകളെ നിർദ്ദാക്ഷിണ്യം അപരവത്കരിക്കുന്ന ഈ സംഘ് മനസ്സ് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ല. അതുപോലെ തന്നെ ഇന്ത്യയിലെ മതേതര കക്ഷികൾ അറിഞ്ഞും അറിയാതെയും ഫാഷിസത്തിന് പച്ചപ്പരവതാനി വിരിക്കുന്ന ദുരവസ്ഥയും അതുവഴി “മുസ് ലിം അപരൻ ” എന്ന പൊതുബോധം ഉത്പാദിപ്പിക്കുന്നതിൽ വഹിക്കുന്ന റോളും പുതിയതല്ല.

ചരിത്രം പഠിക്കുന്ന ആർക്കും ഇന്ത്യാ വിഭജനം എന്ന ആശയം പോലും ബ്രിട്ടന്റെ ഒത്താശയോടെ അവതരിപ്പിച്ചത് ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാണാൻ പറ്റും. അതിനർത്ഥം മുസ് ലിം സാമുദായിക വാദികൾക്ക് വിഭജനത്തിൽ പങ്കില്ലെന്നല്ല. അവസരത്തിനൊത്തുയർന്ന് വിഭജനത്തെ ചെറുക്കേണ്ടതിനു പകരം തത്പരകക്ഷികൾ തീർത്ത “ഗില്ലറ്റിനി”ൽ തലവെച്ചു കൊടുക്കുന്ന ബുദ്ധിശൂന്യത കാട്ടുകയായിരുന്നു സമുദായ നേതൃത്വം. തുടർന്ന് RSS എന്ന സംഘടിത സായുധ കാക്കിപ്പടയുടെ നേതൃത്വത്തിലും അവരുടെ “വിചാരധാര” ഉൾക്കൊള്ളുന്ന അനുബന്ധ കൂട്ടായ്മകളുടെ കീഴിലും ഇന്ത്യയിലുടനീളം അതിഭീകരങ്ങളായ നൂറുക്കണക്കിന് മുസ് ലിം വംശഹത്യകൾ അരങ്ങേറി( ഭീവണ്ടി, ജലഗോൺ, ജാംഷഡ്പൂർ, അഹ്മദാബാദ്, അലഹബാദ്, മുംബൈ,മീററ്റ്, ഭോപാൽ, അസം, ഗുജറാത്ത്…..)

ഇവ്വിധം സാക്ഷാൽ ഭീകരന്മാർ ഇന്ത്യൻ മുസ് ലിംകളെ ചവച്ചു തുപ്പിയപ്പോഴും ബാബരി മസ്ജിദ് തല്ലിത്തകർത്തപ്പോഴും (ഇപ്പോൾ വിചിത്രമായ കോടതി വിധിയിലൂടെ അനീതിക്ക് വെള്ളപൂശിയപ്പോഴും) വ്യാജ ഏറ്റുമുട്ടലുകൾ, ബോംബ് ഫോടനങ്ങൾ, പശുക്കൊലകൾ, ശ്രീറാം കൊലകൾ തുടങ്ങി നൂറോളം മുസ് ലിം യുവാക്കളെ വധിച്ചപ്പോഴും കള്ളക്കേസുകൾ ചുമത്തി ആയിരങ്ങളെ ജയിലിലടച്ചപ്പോഴും ഉപര്യുക്ത മുഖ്യധാരകൾ യഥാവിധി പ്രതികരിക്കുകയോ പ്രതിരോധിക്കുകയോ ചെയ്തിരുന്നില്ല!. ഇന്ത്യയിലെ വലതുപക്ഷവും ഇടതുപക്ഷവും ഇതിന്നപവാദമല്ല (ഒറ്റപ്പെട്ട ശബ്ദങ്ങളെയും സ്വതന്ത്ര വ്യക്തിത്വങ്ങളെയും കണ്ടില്ലെന്നു നടിക്കുന്നില്ല)

വർഗീയ ദു:ശക്തികളുടെ നിരന്തരാക്രമണത്താൽ അനുദിനം മാനസികവും ശാരീരികവും സാമ്പത്തികവുമായി തകർന്ന ഇന്ത്യൻ മുസ് ലിംകളെ ചേർത്തു നിർത്തി സാന്ത്വനിപ്പിക്കുന്നതിനു പകരം പലരും മുസ് ലിംകളെ അകാരണമായി പ്രതിക്കൂട്ടിൽ നിർത്തി. അവരിലെ ചില വിവേകശൂന്യർ “ആയുധത്തെ ആയുധം കൊണ്ട് നേരിടണം” എന്ന് പറഞ്ഞ് രംഗത്തിറങ്ങിയതിനെ സാമാന്യവത്കരിച്ച്, വേട്ടക്കാരനെയും ഇരയെയും കൂട്ടിച്ചേർത്ത് മുസ് ലിം ഭീകരതയുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകൾ പ്രചരിപ്പിച്ചു.

(യഥാർത്ഥത്തിൽ സാമ്രാജ്യത്വമാണ് ഈ സമവാക്യത്തിന്റെ “ഉസ്താദ് ” അപ്പുറത്ത് മനുഷ്യനാഗരികതപിച്ചവെച്ച ഇറാഖ് ചുടലപ്പറമ്പാക്കി, അഫ്ഗാനിസ്ഥാനും സിറിയയും ചാമ്പലാക്കി… ഇപ്പുറത്ത് ഉസാമ ബിൻലാദനെയും അബൂബക്കർ ബാഗ്ദാദിയെയും സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ശേഷം ലോകത്തുടനീളം “ഇസ് ലാം ഭീകരത” യാണെന്ന് വിളിച്ചുകൂവിയ സാമ്രാജ്യത്വത്തിന്റെ “ഇസ് ലാംഫോബിയ ” തന്നെയാണ് നമ്മുടെ ഇടതു പക്ഷത്തെപ്പോലും സ്വാധീനിച്ചത് ! )

പറഞ്ഞു വരുന്നതിന്റെ ചുരുക്കം, മതം നോക്കി പൗരത്വപ്പട്ടിക തയ്യാറാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കുടില നീക്കത്തെ എല്ലാ മനുഷ്യ സ്നേഹികളും ചെറുത്ത് തോൽപ്പിക്കണമെന്നു തന്നെയാണെങ്കിലും അതിനു വേണ്ടി ആർക്കെങ്കിലും “സങ്കട ഹരജി ” സമർപ്പിക്കാൻ മുസ് ലിംകൾ തയ്യാറല്ല എന്നു കൂടിയാണ്. കാരണം മുസ് ലിംകൾക്ക് ഇത്തരം ഭീഷണിയൊന്നും പുത്തരിയല്ല. ഏഴാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടുവരെ, ആയിരം കൊല്ലക്കാലം ലോകം ഭരിച്ച ഇസ് ലാം തുടർന്ന് സ്വാഭാവികമായ അവഹോരണത്തിലാണ്. അലി ശരീഅത്തിയെ പോലുള്ളവർ നിരീക്ഷിച്ചതു പോലെ നാഗരികതകളുടെ ഉത്ഥാനപതനങ്ങളനുസരിച്ച് ഇനിയും ഇസ് ലാംലോകത്ത് പച്ച പിടിക്കും മുമ്പ് അതിന്റെ അനുയായികൾ സ്വാഭാവികമായും വമ്പിച്ച ത്യാഗം അനുഭവിക്കേണ്ടി വരും. കൂട്ടക്കൊലയുടെ ബോസ്നിയകളും റോഹിങ്ക്യകളും അതിന്റെ മികച്ച ഉദാഹരണങ്ങളത്രെ.

ഇന്ത്യൻ മുസ് ലിംകൾ പക്ഷെ അങ്ങിനെ കീഴടങ്ങാൻ തയ്യാറല്ലതന്നെ. കാരണം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത വൃത്തികെട്ട പാരമ്പര്യമല്ല, പ്രത്യുത ബ്രിട്ടന്റെ കടിക്കുന്ന പട്ടികളെയും അതിനു മുമ്പ് പോർത്തുഗീസിന്റെ പൈശാചികപ്പടയെയും കെട്ടുകെട്ടിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച മഹത്തായ പൈതൃകം പേറുന്ന അന്തസ്സാർന്ന ഒരു സമുദായത്തിന്റെ പിൻമുറക്കാറാണ് ഞങ്ങൾ… ഇക്കാര്യം അമിത് ഷായും കേന്ദ്ര ഗവ: ഉം കുറ്റകരമായ മൗനത്തിലൂടെ ഫാഷിസത്തിന് വളം നൽകുന്നവരും ഓർക്കുന്നത് നന്ന്.

Related Articles