Current Date

Search
Close this search box.
Search
Close this search box.

അൽപ്പമെങ്കിലും വിനീതരാവുക, സത്യം കണ്ടെത്താം

ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും വിശ്വസിക്കില്ലെന്ന് ശഠിക്കുന്ന യുക്തിവാദികളെ ശാസ്ത്രത്തിന് പ്രവേശനമില്ലാത്ത നിരവധി മേഖലകളുണ്ടെന്ന് കാണിച്ച് യുക്തിവാദികൾ തന്നെ തിരുത്തുന്നു. കാസർകോട്ടെ എൻഡോസൾഫാൻ രോഗ ബാധിത പ്രദേശം സന്ദർശിച്ചിട്ടുണ്ട്. രോഗികളുമായും അവരുടെ ബന്ധുക്കളുമായും പലതവണ ഇടപഴകിയിട്ടുണ്ട്. അന്നാട്ടുകാർക്കും അവരുമായി ബന്ധപ്പെട്ടവർക്കും ഒരു സംശയവുമില്ല; മാരകമായ രോഗത്തിനും അത്യന്തം ദയനീയമായ ശാരീരിക വൈകല്യങ്ങൾക്കും കാരണം എൻഡോസൾഫാൻ കീടനാശിനിയാണെന്നതിൽ. അതവരുടെ അനുഭവമാണ്.
എന്നാൽ അതിനെ എൻഡോസൾഫാൻ കെട്ടുകഥയെന്നാണ് കേരളത്തിലെ ഏറ്റവും പ്രമുഖനായ യുക്തിവാദി നേതാവ് രവിചന്ദ്രൻ പറയുന്നത്. അതിനു പറയുന്ന കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ്. (മാധ്യമം വാർഷികപ്പതിപ്പ്. 2020)

ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും അംഗീകരിക്കുകയില്ലെന്നും രവിചന്ദ്രൻ ശഠിക്കുന്നു. അപ്പോൾ സ്നേഹവും വെറുപ്പും സന്തോഷവും ദുഃഖവും അഭിമാനവും അപമാനവും പ്രത്യാശയും നിരാശയും പോലുള്ള വികാരങ്ങളോ? ഇവയൊക്കെ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമോ? നാം മാതാവിനെ സ്നേഹിക്കുന്നു. സഹോദരിയെയും മകളെയും ഭാര്യയെയും സ്നേഹിക്കുന്നു. യുക്തിവാദികളൊഴിച്ചുള്ളവർക്കെല്ലാം ഈ എല്ലാ സ്നേഹവും ഒരേ പോലെയല്ല. ഈ ഓരോ സ്നേഹത്തിലെയും വ്യത്യാസവും അനുപാതവും ശതമാനവും ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമോ?

Also read: മരണാസന്നമായവരോടുള്ള പത്ത് ബാധ്യതകള്‍

വിനയം ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്ന ഒന്നല്ല. അതൊട്ടും ഇല്ലാത്തവരാണ് ശാസ്ത്രീയമായി തെളിക്കപ്പെടാത്തതൊന്നും സ്വീകരിക്കുകയില്ലെന്ന് വാദിക്കുന്നവർ. താൻ പറയുന്നതല്ലാത്തതൊന്നും ശരിയല്ലെന്ന ധാർഷ്ട്യമാണല്ലോ തൻറെ വാദം അംഗീകരിക്കാത്ത കേരളത്തിലെ യുക്തിവാദികളെയെല്ലാം തള്ളിപ്പറയാൻ രവിചന്ദ്രനെ പ്രേരിപ്പിച്ചത്.
എന്നാൽ സത്യസന്ധതയും വിനയവുമുള്ള ദൈവനിഷേധികൾ പോലും മനുഷ്യൻറെയും ശാസ്ത്രത്തിൻറെയും പരിമിതികൾ ഒട്ടും മടികൂടാതെ അംഗീകരിക്കും.

കെ.വേണു എഴുതുന്നു:”പ്രകൃതിയുടെ രഹസ്യങ്ങൾ തേടിയുള്ള ഗവേഷണങ്ങൾ അടിസ്ഥാനപരമായി നേരിടുന്ന ചില പരിമിതികളുണ്ട്. ജനന മരണങ്ങളാൽ പരിമിതരായ മനുഷ്യർ ആദിമധ്യാന്തങ്ങളില്ലാത്ത അനന്തമായ പ്രകൃതിയെയാണ് മനസ്സിലാക്കാൻ ശ്രമിക്കുന്നത്. പരിമിതമായതിന് അപരിമിതമായതിനെ ഉൾക്കൊള്ളാൻ ആവുകയില്ലെന്നാണ് സാമാന്യബുദ്ധി മനസ്സിലാക്കുക.”(മാധ്യമം വാർഷികപതിപ്പ് 2020.പുറം:162)
“അതോടൊപ്പം തന്നെ ശാസ്ത്രത്തിൻറെ പരിമിതിയും നാം തിരിച്ചറിയണം.പ്രകൃതിയുടെ സ്ഥൂലമായ അനന്തതയിലേക്കും സൂക്ഷ്മമായ അനന്തതയിലേക്കും ശാസ്ത്രത്തിലൂടെ മനുഷ്യർക്ക് ഒരിക്കലും കടന്നുചെല്ലാനാവുകയില്ല. അവയ്ക്കിടയിലുള്ള മേഖലകളാണ് മനുഷ്യരുടെ വിഹാര രംഗം. ജനനമരണങ്ങളുള്ള,ആദിമധ്യാന്തങ്ങളുള്ള മനുഷ്യരുടെ പരിമിതത്വം തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണവും. ഈ പരിമിതിയെ അൽപമെങ്കിലും ഭേദിക്കാനാവുന്നത് ദർശനത്തിലൂടെയാണ്.”(ibid)

Also read: ശൈഖ് അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖ് അല്ലാഹുവിലേക്ക് യാത്രയായി

“ശാസ്ത്രത്തിൻറെ പരിമിതമായ ചട്ടക്കൂടുകളെ ഭേദിച്ചുകൊണ്ട് പ്രകൃതിയുടെ അനന്തവിശാലമായ മേഖലകളിലേക്ക് കടന്നുചെല്ലാൻ ദർശനത്തിന് കഴിയുന്നു.”(ibid)
കെ .പാപ്പുട്ടി എഴുതുന്നു:”അസത്യ വൽക്കരണത്തിന് പറ്റിയ നിരീക്ഷണ പരീക്ഷണങ്ങൾ ആവിഷ്കരിക്കാൻ കഴിയാത്ത ഒന്നും ശാസ്ത്രത്തിൻറെ മേഖലയിൽ വരില്ല. ഉദാഹരണത്തിന് മനുഷ്യന് ആത്മാവുണ്ടെന്നും അത് മരണശേഷം സ്വർഗത്തിലോ നരകത്തിലോ പോകുമെന്നും ആരെങ്കിലും പറഞ്ഞാൽ അത് തെറ്റെന്നോ ശരിയെന്നോ സ്ഥാപിക്കാൻ പറ്റിയ ഒരു പരീക്ഷണം ആവിഷ്കരിക്കാൻ കഴിയാത്തതുകൊണ്ട് അത് ശാസ്ത്രമേഖലയിൽ വരില്ല. അതല്ലാതെ അതബദ്ധമാണെന്ന് പറയാനുള്ള അവകാശമൊന്നും ശാസ്ത്രത്തിനില്ല.”(പുറം:165)
ശാസ്ത്രത്തിൻറെ പരിമിതികളംഗീകരിക്കാനും ജീവിതാനുഭവങ്ങളെ മാനിക്കാനുമുള്ള വിനയവുമുണ്ടെങ്കിൽ സത്യം കണ്ടെത്താം; തീർച്ച.

Related Articles