Current Date

Search
Close this search box.
Search
Close this search box.

കൃത്യമായ വിധി, സമർത്ഥവും

നാലാം ഖലീഫ അലി നീതി നിഷ്ഠയിലും സാമർത്ഥ്യത്തിലും ഏറെ അറിയപ്പെടുന്ന മഹദ് വ്യക്തിയായിരുന്നു.അതിനാൽ സാധാരണ ഗതിയിൽ അബദ്ധം സംഭവിക്കാൻ സാധ്യതയുള്ള കേസുകളിൽ പോലും തീർത്തും കൃത്യവും നീതി പൂർവവുമായ തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഒരിക്കൽ രണ്ട് കൂട്ടുകാർ ഒരു യാത്രയിലായിരുന്നു.ഒരാളുടെ വശം മൂന്ന് റൊട്ടിയുണ്ടായിരുന്നു. അപരന്റെ വശം അഞ്ചും. അല്പദൂരം ചെന്നപ്പോൾ ഒരാൾ അവരുടെ കൂടെ ചേർന്നു.യാത്രയിൽ അവർ മൂന്നു പേരും റൊട്ടി തുല്യമായി ഭാഗിച്ച് ഭക്ഷിച്ചു.മൂന്നാമൻ പിരിഞ്ഞു പോയപ്പോൾ ഭക്ഷണത്തിന്റെ വിലയായി എട്ട് ദിർഹം കൊടുത്തു.അത് ഭാഗിക്കുന്ന കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തു.അഞ്ച് റൊട്ടിയുടെ ഉടമ മൂന്ന് റൊട്ടിയുടെ ഉടമക്ക് മൂന്ന് ദിർഹമേ കൊടുക്കുകയുള്ളൂവെന്ന് പറഞ്ഞത് മറ്റേയാൾ അംഗീകരിച്ചില്ല. പണം തുല്യമായി ഭാഗിക്കണമെന്നതായിരുന്നു അയാളുടെ ആവശ്യം.അവസാനം പ്രശ്ന പരിഹാരത്തിന് അലിയ്യിബ്നു അബീത്വാലിബിനെ സമീപിക്കാൻ തീരുമാനിച്ചു.എല്ലാം കേട്ട അലി ചോദിച്ചു.എല്ലാവരും തുല്യമായാണോ റൊട്ടി കഴിച്ചത്?”അതെ”യെന്ന് പറഞ്ഞപ്പോൾ ഒരു ദിർഹം മൂന്ന് റൊട്ടിയുടെ ആൾക്കും ഏഴ് ദിർഹം അഞ്ച് റൊട്ടിയുടെ ആൾക്കുമാണെന്ന് വിധിച്ചു.ഉടനെ മൂന്ന് റൊട്ടിയുടെ ഉടമ അത് കടുത്ത അനീതിയാണെന്ന് വാദിച്ചു.

Also read: പരോപകാരം പ്രധാനം; പക്ഷെ നന്ദി പ്രതീക്ഷിക്കരുത്

അപ്പോൾ ഹസ്രത്ത് അലി ചോദിച്ചു.”എട്ട് റൊട്ടി മൂന്ന് പേർക്ക് തുല്യമായി ഭാഗിക്കണമെങ്കിൽ എത്ര കഷ്ണമാക്കണം?”
“ഇരുപത്തി നാല്.”അവർ പറഞ്ഞു.
അപ്പോൾ ഓരോരുത്തരും എത്ര കഷ്ണം വീതം തിന്നു?”
എട്ടെന്ന് പറഞ്ഞപ്പോൾ മൂന്ന് റൊട്ടിയുടെ ആളോട് അലി(റ) പറഞ്ഞു: താങ്കളുടെ മൂന്ന് റൊട്ടിയുടെ ഒമ്പത് കഷ്ണത്തിൽ എട്ടും താങ്കൾ തന്നെ തിന്നു.അതിനാൽ ഒരുകഷ്ണത്തിൻറെ വിലയല്ലേ താങ്കൾക്കുണ്ടാവുകയുള്ളൂ? കൂട്ടുകാരൻറ പതിനഞ്ച് കഷ്ണത്തിൽ എട്ടെണ്ണം കഴിച്ച് ഏഴെണ്ണത്തിൻറെ വില അദ്ദേഹത്തിന് അവകാശപ്പെട്ടതാണല്ലോ.
ഹസ്രത്ത് അലിയുടെ നീതി നിഷ്ഠയിലും സാമർത്ഥ്യത്തിലും മതിപ്പ് രേഖപ്പെടുത്തി ഇരുവരും സന്തോഷ പൂർവം വിധി അംഗീകരിച്ചു.

Related Articles