Current Date

Search
Close this search box.
Search
Close this search box.

ചരിത്രം ഉറങ്ങുന്ന അലക്സാണ്ടറിയ

മെഡിറ്ററേനിയന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈജിപ്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ രണ്ടാമത്തേതും, പ്രധാന തുറമുഖങ്ങളിൽ ഒന്നുമായ അലക്സാണ്ട്രിയ പുരാതന കാലം മുതൽ വിവിധ സംസ്കാരങ്ങളുടേയും ഭരണകൂടങ്ങളുടേയും കേന്ദ്രമാണ്. അലക്സാണ്ട്രിയയുടെ പ്രൗഢി നഗ്നനേത്രങ്ങളാൽ ആവാഹിച്ചെടുക്കാൻ ഞങ്ങൾ കൈറോയിൽ നിന്നും യാത്ര പുറപ്പെട്ടു. ഞങ്ങൾ പതിമൂന്നു പേരടുങ്ങുന്ന സംഘമായിരുന്നു. ഞങ്ങളുടെ യാത്ര വെള്ളിയാഴ്ച ആയതിനാൽ അലക്സാണ്ട്രിയയിൽ എത്തിയ ഉടനെ ആദ്യം പോയത് ഇമാം ശാദുലിയുടെ പ്രിയ ശിഷ്യനായ അബുൽ അബ്ബാസ് അൽ മുർസിയുടെ പള്ളിയിലേക്കായിരുന്നു. അദ്ദേഹത്തിന്റെ ഖബർ സന്ദർശനവും ജുമുഅ നമസ്കാരവും കഴിഞ്ഞിറങ്ങാൻ നേരത്ത് നല്ല മഴ ലഭിച്ചു. ജുമുഅ നമസ്കാരാനന്തരം ശാദുലി ത്വരീഖത്തുമായി ബന്ധപ്പെട്ട ഒരുപാട് മൗലിദ് സദസ്സുകൾ ഓരോ രാജ്യക്കാർ വട്ടം കൂടി നടത്തുന്നുണ്ടായിരുന്നു. അതോടൊപ്പം അവിടെയുള്ളവർക്കൊക്കെ ഈത്തപ്പഴവും ഈജിപ്ഷ്യൻ പലഹാരങ്ങളും വിതരണം ചെയ്യുന്നതും കാണാം.

തുടർന്ന്  ഇമാം ബൂസിരിയുടെ ഖബർ സന്ദർശനം നടത്തി. പള്ളിയുടെ തൊട്ടടുത്ത് തന്നെയാണ് അദ്ദേഹത്തിന്റെ മഖ്‌ബറയും അതിനോടനുബന്ധിച്ച് പള്ളിയും സ്ഥിതി ചെയ്യുന്നത്. ലോക പ്രസിദ്ധമായ ഖസീദത്തുൽ ബുർദയുടെ രചയിതാവാണ് അദ്ദേഹം. മഹാനവർകളുടെ ഖബറിങ്കൽ ബുർദ പാരായണ സദസ്സ് സ്ഥിരമായി ഉണ്ടാകാറുണ്ട്.

Also read: ആമിന: ഭരണമികവിന്റെ ആഫ്രിക്കൻ പെൺഗാഥ

തുടർന്ന് ഞങ്ങൾ ലക്ഷ്യമിട്ടത് അലക്സാണ്ട്രിയയിലെ ചരിത്ര പ്രസിദ്ധമായ ഗ്രന്ഥാലയത്തിലേക്കാണ്, ഗ്രന്ഥശാലയിൽ പോകുന്നതിന് മുമ്പായി വഴിമധ്യേ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ട്രാം കണ്ടു. ഈജിപ്തിലെ മറ്റു നഗരങ്ങളിലൊന്നും ട്രാം പൊതുഗതാഗത രംഗത്ത് കാണപ്പെട്ടിട്ടില്ല.

ഇനി ലോക പ്രസിദ്ധമായ Bibliotheca Alexandrina (അലക്സാൻഡ്രിയ ലൈബ്രറിയുടെ ഇപ്പോഴത്തെ പേര് ) യുടെ ചരിത്രം അൽപ്പം പറയാം. അലക്സാണ്ടർ ചക്രവർത്തിയുടെ ആഗമനത്തോടെ ഗ്രീക്ക്-സെമിറ്റിക് സംസ്കാരങ്ങളുടെ കേന്ദ്രമായി മാറിയ അലക്സാണ്ട്രിയയിൽ ടോളമിയുടെ ഭരണകാലത്ത് ഉയർന്ന് വന്നതാണ് ഈ ഗ്രന്ഥശാലയും അതിനോടനുബന്ധിച്ച മ്യൂസിയവും. Museum of Alexandria, Greek Mouseion, Seat of the Muses എന്നായിരുന്നു പഴയ നാമം. Royal Library of Alexandria എന്ന പേരിലും BC 283 ൽ അറിയപ്പെട്ടിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങളുണ്ടായിരുന്നത് ഈ ഗ്രന്ഥശാലയിലാണെന്ന് കരുതപ്പെടുന്നു. 7 ലക്ഷത്തോളം പുസ്തകങ്ങൾ നിലവിൽ അവിടെയുണ്ട്. ഇസ്ലാമിക വൈജ്ഞാനിക ശാസ്ത്ര രംഗത്ത് മുസ്ലിം പണ്ഡിതർ സംഭാവന ചെയ്ത ഒട്ടേറെ കൃതികളുടെ കയ്യെഴുത്തു പ്രതികൾ ഭദ്രമായി തരം തിരിച്ച് സൂക്ഷിക്കുന്ന അമൂല്യമായ മ്യുസിയം ചരിത്രത്തിന്റെ ഓർമ്മകളിലേക്ക് നമ്മെയും കൊണ്ട് സഞ്ചരിക്കും. പുരാതന കയ്യെഴുത്തു പ്രതികളെ പറ്റി ഈജിപ്തിൽ നിന്നും പ്രത്യേക പഠനം നടത്തിയ സുഹൃത്ത് അഫ്താബ് അൽ ഐനി കൂടെ ഉണ്ടായത് നിമിത്തം പുസ്തകങ്ങളെ പറ്റി ആഴത്തിലുള്ള വിശദീകരണം കിട്ടി.

Also read: മനുഷ്യരുടെ വഴിവെളിച്ചം

ചില ചരിത്രകൃതികളിൽ ഖലീഫ ഉമറിന്റെ ആജ്ഞ പ്രകാരം ഈജിപ്ത് മോചിപ്പിച്ച മുസ്ലീം സൈന്യാധിപൻ അംറുബ്നു ആസ് (റ) ഗ്രന്ഥശാല അഗ്നിക്കിരയാക്കി എന്ന പ്രസ്താവനയുണ്ട്. എന്നാൽ ഇത് തീർത്തും ചരിത്ര വസ്തുതയ്ക്ക് വിരുദ്ധമാണ്. ഗിബ്ബൺ,ബട്ലർ,സഡ്യോ,ലിബോൺ, എന്നീ ഫ്രഞ്ച് ചരിത്രകാരന്മാർ അത് ചൂണ്ടി കാണിച്ചിട്ടുമുണ്ട്.

അക്കാലത്ത് ഈജിപ്തിന്റെ ചരിത്രം വിശദമായി എഴുതിയ മുസ്ലീം _ അമുസ്ലീം ചരിത്രകാരന്മാർ ആരും തന്നെ ഇത്തരമൊരു സംഭവം പരാമർശിച്ചിട്ടില്ല. ഉദാഹരണത്തിന് ഈജിപ്തിന്റെ ചരിത്രം ആധികാരികമായി എഴുതിയ ക്രിസ്ത്യൻ പുരോഹിതനായ യൂട്ടിക്സ് (മരണം: 311) ഗ്രന്ഥശാല ചുട്ടെരിച്ചതായി പറയുന്നില്ല. പൗരാണിക ചരിത്രകാരന്മാരായ യഅഖൂബി, ത്വബരി, കിന്ദി തുടങ്ങിയവരുടെ ചരിത്ര ഗ്രന്ഥങ്ങളിലോ അവരെ അവലംബിച്ച് ചരിത്ര രചന നടത്തിയ ഇബ്നു അഥീർ ,ബുയൂത്വി തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലോ ഇത്തരമൊരു സംഭവമില്ല.

അബ്ദുല്ലത്വീഫിൽ ബാഗ്ദാദിയാണ് ഇത്തരമൊരു ആരോപണമെഴുതിയത്. പക്ഷേ അദ്ദേഹമത് തറപ്പിച്ച് പറഞ്ഞിട്ടില്ലതാനും. ‘അമുദ്ദുഫാരി’ എന്ന ശീർഷകത്തിൽ സംഭവങ്ങളെക്കുറിച്ച് വിവരിക്കവെ ഇങ്ങനെ ഒരു സംഭവം കൂടി പറഞ്ഞ് കേൾക്കുന്നു എന്ന് വ്യംഗമായി സൂചിപ്പിക്കുക മാത്രമേ അദ്ദേഹം ചെയ്യുന്നുള്ളൂ. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഈ പരാമർശം പൊടിപ്പും തൊങ്ങലും വെച്ച് പൊലിപ്പിച്ച് പാശ്ചാത്യ ലോകത്ത് പ്രചരിപ്പിച്ചത് ഗ്രിഗറിയേസ് അബുൽ ഫറജ് എന്ന ക്രൈസ്തവ പുരോഹിതനാണ്. അബുൽ ഫറജിന്റെ ഗ്രന്ഥത്തിന്റെ ലാറ്റിൻ പരിഭാഷ തയ്യാറാക്കപ്പെട്ട ശേഷമാണ് ലോകത്തെങ്ങും ഈ വിഷയം പ്രചരിക്കുന്നതെന്ന് ഗിബ്ബൺ രേഖപ്പെടുത്തുന്നു. സുറിയാനി ഭാഷയിലാണദ്ദേഹം പ്രസ്തുത ഗ്രന്ഥം രചിച്ചത്. ഒരു കെട്ടുകഥയോട് സാദൃശ്യമുള്ള രീതിയിലാണദ്ദേഹം കഥകൾ നെയ്തത്.

മുസ്ലീകൾ ഈജിപ്ത് വിമോചിപ്പിച്ച് 6 നൂറ്റാണ്ടുകൾ പിന്നിട്ടശേഷം ജീവിച്ചവരാണ് അബദുല്ലത്വീഫും ,അബൂൽ ഫറജും. മുസ്ലിംകൾ വിജ്ഞാനത്തിന്റേയും ശസ്ത്രത്തിന്റേയും ശത്രുക്കളാണെന്ന് വരുത്തി തീർക്കാൻ പാശ്ചാത്യർ മെനഞ്ഞുണ്ടാക്കിയ കെട്ടുകഥയാണ് ഉമറുൽ ഫാറൂഖ് അലക്സാണ്ട്രിയ ലൈബ്രറി അഗ്നിക്കിരയാക്കിയ കഥ.

Also read: ഖിയാമുന്നഹാർ അഥവാ പകൽ നമസ്കാരങ്ങൾ

ജവഹർലാൽ നെഹ്റു എഴുതുന്നു: അറബികൾ അലക്സാണ്ട്രിയയിലെ വിശ്രുതമായൊരു ഗ്രന്ഥശാല ചുട്ടു നശിപ്പിച്ചു എന്നൊരു കഥയുണ്ട്. എന്നാലത് വ്യാജമാണെന്നാണ് യഥാർത്ഥ അറിവ്. ഇങ്ങനെ ഒരു നീചവൃത്തി അവരൊരിക്കലും ചെയ്തിരിക്കാൻ വഴിയില്ല. അത്രയ്ക്ക് ഗ്രന്ഥ പ്രണയികളായിരുന്നു അവർ ( ചരിത്രാവലോകനം)

ഗ്രന്ഥാലയിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ മധ്യധരണ്യാഴിയുടെ മണവാട്ടി എന്നറിയപ്പെടുന്ന ആധുനിക രൂപത്തിലുള്ള രമ്യഹർമ്യങ്ങളും ഉദ്യാനങ്ങളും ധാരാളമുള്ള അലക്സാണ്ട്രിയയുടെ സൗന്ദര്യം ആസ്വദിക്കാനായി തീരപ്രദേശത്തേക്ക് നീങ്ങി.
മധ്യധരണ്യാഴിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഖാഇത്വ ബെ കോട്ടയിലേക്കാണ് നമ്മൾ അവസാനമായി പോയത്. അലക്സാണ്ട്രിയയിലെ പുരാതന സ്മാരകങ്ങളിലൊന്നായിരുന്ന ഫറോസ് ദീപസ്തംഭം BC 28 കാലഘട്ടത്തിൽ ടോളമി രണ്ടാമനാണ് പണികഴിപ്പിച്ചത്. വെണ്ണക്കല്ലിൽ ചതുരാകൃതിയിൽ പണികഴിപ്പിച്ച ഈ സ്തംഭം അക്കാലത്തെ ലോകാത്ഭുതങ്ങളിലൊന്നായിരുന്നു. പിന്നീടൊരിക്കൽ ഉണ്ടായ ഭൂകമ്പത്തിൽ സ്തംഭത്തിന്റെ മുകൾഭാഗം തകരുകയും തുടർന്ന് 1840 ൽ അതിന്റെ അടിത്തറയിൽ ഖാഇത്വ ബെ കോട്ട പണിയുകയും ചെയ്യുകയായിരുന്നു. എന്നാൽ 1882 ലെ ബ്രിട്ടീഷ് ആക്രമണത്തിൽ നിശ്ശേഷം തകർന്നു. ഇപ്പോൾ കേട്ടയുടെ അവശേഷിപ്പുകൾ മാത്രമണവിടെ ഉണ്ടായിരുന്നത്.

ഗ്രീക്ക് – സെമിറ്റിക്ക് സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ അലക്സാണ്ട്രിയ പകർന്ന പുത്തനറിവുകളുടെയും അനുഭങ്ങളുടെയും ഊർജ്ജവുമായി നമ്മൾ ആ നാടിനോട് യാത്ര പറഞ്ഞ് കൈറോയിലേക്ക് മടങ്ങി.

Related Articles