Current Date

Search
Close this search box.
Search
Close this search box.

കാന്തല വരച്ച് കാണിച്ച ‘ഇന്ത്യ’

ഡൽഹിയിൽ നിന്ന് സുഖവാസ കേന്ദ്രങ്ങൾ തേടിപ്പോക്കുമ്പോൾ കിട്ടുന്നതിനേക്കാൾ ജീവിതാനുഭവങ്ങൾ ലഭിക്കാൻ നീണ്ടമണിക്കൂറുകളോ ദിവസങ്ങളോ യാത്ര ചെയ്യണമെന്നില്ലെന്ന സ്വയം ബോധ്യപ്പെടുത്തലായിരുന്നു അഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ഈ യാത്ര നൽകിയത്. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ ശാമ് ലി ജില്ലയിലെ കാന്തല ലക്ഷ്യം വെച്ചായിരുന്നു യാത്ര. കേവലം 3 മണിക്കൂർ മാത്രമേ ഡൽഹിയിൽ നിന്ന് കാന്തലക്ക് ആവശ്യമുള്ളൂ എന്ന അറിവിൻ്റെ അടിസ്ഥാനത്തിൽ യാതൊരു വിധ തയ്യാറെടുപ്പും കൂടാതെയാണ് സഹോദരൻ തൻവീറിനൊപ്പം യാത്ര പുറപ്പെട്ടത്. ഡൽഹിയിലെ കാശ്മീർ ഗേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെയുള്ള ലോനി ഗോൽ ചെക്കറിൽ എത്തി ബസിലായിരുന്നു യാത്ര. തണപ്പും ഇടക്കിടയുള്ള മഴയും യാത്രയ്ക്ക് തടസ്സം തന്നെയായിരുന്നു. യാത്രയിൽ കാന്തല ഗ്രാമത്തെക്കുറിച്ച ഏകദേശ ധാരണ ഞങ്ങൾ മനസ്സിലാക്കി.

മഴ ശക്തിപ്പെട്ടാൽ ഈ പ്രദേശത്തേക്കുള്ള ബസ് സർവീസുകൾ പലതും പാതിയിൽ അവസാനിപ്പിക്കാറുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. റോഡിൻെറ അവസ്ഥ അതി ‘ഭീകര’മാണ്. പണ്ടെങ്ങോ കണ്ട് മറന്ന ഫെവികോളിൻെറ പരസ്യമാണ് ഈ വഴി പോകുന്ന ചില വാഹനങ്ങൾ കണ്ടപ്പോൾ ഓർമ്മ വന്നത്. മുകളിലും പിറകിലും എന്ന് വേണ്ട ഒരു വാഹനത്തെ പരമാവധി ‘ഉപയോഗപ്പെടുത്തി’ജീവിച്ച് പോരുന്ന സാധാരണക്കാരായ ഒരു പറ്റം മനുഷ്യർ.

Also read: ആത്മവിശ്വാസത്തിന്റെ കരുത്തും സ്വാധീനവും

2013 ൽ വർഗീയ കലാപം താണ്ഡവമാടിയ മുസഫർനഗർ ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു ശാമിലി. ബ്രിട്ടീഷ് ഭരണത്തിനെതിരിൽ ഇന്ത്യയുടെ സ്വാതന്ത്രത്തിനായി പ്രവർത്തിച്ചവർ തങ്ങളുടെ പ്രധാന ആലോചന കേന്ദ്രമായി പാകപ്പെടുത്തിയ ഇന്ത്യയിലെ പ്രധാന സ്ഥലമാണ് മീറത്തിനടുത്തുള്ള ശാമ് ലി. സഹാറൻ പൂർ, മുസഫർ നഗർ, ശാമ് ലി എന്നീ പ്രദേശങ്ങളായിരുന്നു 1857ലെ ഒന്നാം സ്വാതന്ത്ര കലാപത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പ്രതികരിച്ചവയിൽ മുന്നിൽ നിന്നത്. 2011 ൽ ഉത്തർപ്രദേശ് സർക്കാർ ശമ് ലിയെ ജില്ലയായി പ്രഖ്യാപിച്ചിരുന്നു. മുസഫർ നഗർ നമ്മളാരും പെട്ടന്ന് മറക്കാൻ ഇടയില്ല. കാന്തല യോടടുക്കുമ്പോൾ ഇരു ഭാഗത്തും ഉയർന്നു കാണപ്പെട്ട കരിമ്പിൻ തോട്ടങ്ങൾ മുസഫർ നഗർ കലാപത്തെ ഓർമിപ്പിക്കും വിധം ഭീതി ജനിപ്പിക്കുന്നതായിരുന്നു. കലാപത്തിൽ കരിമ്പിൻ തോട്ടങ്ങളിലെ കൊടും ക്രൂരതകളെപ്പറ്റി വായിച്ചത് ഓർമ്മയിൽ വന്നു.

ഒടുവിൽ കാന്തലയിൽ വണ്ടിയിറങ്ങി. ഡൽഹിയേക്കാൾ ശക്തമായ തണുപ്പും മഴയും അനുഭപ്പെട്ടു. പൊതുവെയും അതിശൈത്യം ഡൽഹിയേക്കാൾ കൂടുതൽ കനപ്പെടുന്ന പ്രദേശങ്ങളാണ് ഉത്തർപ്രദേശിലുള്ളത്. വിരലിലെണ്ണാവുന്ന കടകൾ മാത്രമുള്ള ചെറിയ ഗ്രാമമാണ് കാന്തല. ഗ്രാമവാസികളധികവും കരിമ്പ് പാടങ്ങളിൽ പണിയെടുക്കുന്ന കർഷകർ.

കാന്തലയിൽ എത്തിയതിന് ശേഷമാണ് യഥാർത്ഥത്തിൽ ആ നാടിനെ പഠിച്ചത്. ഒരു പിടി പണ്ഡിതന്മാരെ സൃഷ്ടിച്ച മഹത്തുക്കളുടെ നാടാനെന്ന് പിന്നിട് മനസ്സിലാക്കാൻ കഴിഞ്ഞു. മുഹമ്മദ് യൂസഫ് കാന്തലവി, മുഹമ്മദ് ഇല്യാസ് കാന്തലവി, മൗലാനാ സാദ് സാഹിബ് കാന്തലവി, ഇനാമുൽ ഹസൻ കാന്തലവി, മുഹമ്മദ് സക്കരിയ്യ കാന്തലവി, തുsങ്ങി പ്രമുഖരുടെ പേരിനൊപ്പം ഈ നാട് എന്നും നിറഞ്ഞു നിൽക്കുമെന്ന് തീർച്ചയാണ്. ‘അവ്ജിസു മസാലിക് ഇലാ മവ് ലി ഉ മാലിക് ‘, ‘അൽ അബവാബു വത്തറാജിം ലി സ്വഹീഹുൽ ബുഖാരി’ എന്നിവ മുഹമ്മദ് സക്കരിയ്യ കാന്തലവിയുടെ പ്രശസ്ത അറബി ഗ്രന്ഥങ്ങളാണ്. ഇദ്ദേഹത്തിൻ്റെ തന്നെ ‘ഫളാഇലുൽ ഖുർആൻ’ (Virtues of the Quran) എന്ന ഉറുദു ഗ്രന്ഥം 11 വ്യത്യസ്ത ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യപ്പെട്ടത്.

ഇമാം അഹ്മദ് ബിൻ മുഹമ്മദ് ത്വഹാവിയുടെ പ്രസിദ്ധ ഗ്രന്ഥമായ ‘മആനി അൽ ആസാർ’ എന്ന ഗ്രന്ഥത്തിൻ്റെ വ്യാഖ്യാനം എഴുതിയ മുഹമ്മദ് യൂസഫ് കാന്തലവി കാന്തലയിൽ ജനിച്ച് വളർന്ന പണ്ഡിതനാണ്. ‘അമാനി അൽ അഖ്ബാറു ഫി ശറഹു മആനി അൽ ആസാർ’ എന്നാണ് പ്രസ്തുത വ്യാഖ്യാന കൃതിയുടെ പേര്. തബ് ലീഗി ജമാഅത്തിൻ്റെ സ്ഥാപകനായ ഇസ്മാഈൽ കാന്തലവി ദഹ് ലവി ഈ നാട്ടുകാരനാണ്. ഇനിയും പേരിടുത്ത് പരാമർശിക്കാത്ത നിരവധി മഹാന്മാരുടെ നാടാണ് കാന്തല. ഉറുദു ഭാഷയുടെ സൗന്ദര്യം സംസാരത്തിലും പ്രഭാഷണങ്ങളിലും കാത്ത് സൂക്ഷിക്കുന്ന യുവ പണ്ഡിതരും ആ നാടിൻെറ പ്രതീക്ഷ തന്നെയാണ്.

Also read: പ്രായപൂര്‍ത്തിയാകുന്ന മക്കളോട് തുറന്ന് പറയേണ്ട 13 കാര്യങ്ങള്‍

മറ്റൊരു സവിശേഷത ഗ്രാമത്തിൽ റിക്ഷയോടിക്കുന്നവരിൽ പകുതിയും പ്രായപൂർത്തിയാവാത്ത കുട്ടികളാണെന്നതാണ്. ചെറുപ്രായത്തിൽ തന്നെ ‘കുടുംബനാഥന്മാ’രാവേണ്ടി വന്നവർ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. തൊഴിലില്ലായ്മയും പട്ടിണിയും ഈ ഗ്രാമങ്ങളെ ഏറെക്കുറെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു. പോഷകാഹാരക്കുറവ് മൂലമുള്ള പ്രയാസങ്ങൾ വരും തലമുറയിലെ ഇത്തരത്തിലുള്ള ഗ്രാമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷൻെറ അവസ്ഥ കൂടി വിവരിച്ചാലേ ഈ നാടിനെപ്പറ്റിയുള്ള വിവരണം പൂർത്തിയാവൂ. കാന്തല എന്ന സ്റ്റേഷനിൽ അധികവും വന്ന് പോകുന്നത് വൈകിയാണെങ്കിലും എത്തിച്ചേരുന്നത് പാസഞ്ചർ ട്രെയിനുകളാണ്. പുറം ലോകവുമായി ഈ നാടിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ഏറ്റവും വലിയ കെട്ടിട സമുച്ചയം പ്രസ്തുത റെയിൽവേ സ്റ്റേഷനാണ്.

ജനങ്ങളുടെ ജീവനും സ്വത്തും കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ ജനങ്ങളെ കൊള്ളയടിക്കുന്നു. മാറി വരുന്ന ഭരണ വർഗങ്ങൾക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ഇന്നും രാഷ്ട്രീയം കളിച്ച് പഠിക്കാനുള്ള ഒരു മാധ്യമം മാത്രമായി മാറുകയാണ്. ഡൽഹിയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ നാം അനുഭവിക്കുന്ന ‘ഇന്ത്യ’ ഇത്രയും അനുഭവങ്ങൾ തരുന്നതാണെങ്കിൽ അൽപം കൂടി മണിക്കൂറുകൾ ഉള്ളിലേക്ക് സഞ്ചരിച്ച് സങ്കൽപിച്ച് നോക്കിയാൽ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്ന, വരേണ്ടുന്ന ചിത്രമാണ് യഥാർത്ഥത്തിൽ നമ്മുടെ ഇന്ത്യ.

Related Articles