Current Date

Search
Close this search box.
Search
Close this search box.

ചില യാത്രാ വിചാരങ്ങള്‍

masjidul-haram.jpg

പരിശുദ്ധ ഹറമുകളില്‍ ഒരിക്കല്‍ കൂടി എത്തിപ്പെടാന്‍ അവസരം ലഭിച്ചതില്‍ അല്ലാഹുവിനു സ്തുതി. ഒരു യാത്രാവിവരണം ഉദ്ദേശിക്കുന്നില്ല. ചില വിചാരങ്ങള്‍ പങ്കു വെയ്ക്കുന്നു എന്നു മാത്രം. കുടുംബവും ചില ബന്ധുമിത്രാദികളും കൂടെയുണ്ടായിരുന്നു എന്നതാണ് ഇത്തവണത്തെ യാത്രയുടെ ഒരു സവിശേഷത. നെടുമ്പാശ്ശേരിയില്‍ പ്രത്യേക വിശേഷമൊന്നും ഇല്ലാത്തതിനാല്‍ ജിദ്ദ വിമാനത്താവളത്തില്‍നിന്ന് തുടങ്ങാം. വര്‍ഷത്തില്‍ 365 ദിവസവും തീര്‍ഥാടക ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന മറ്റൊരു വിമാനത്താവളം ലോകത്ത് വേറെയില്ല. പെട്രോളിന്റെ വില കുത്തനെ ഇടിഞ്ഞ് സൗദി കുടുംബത്തിന്റെ കഞ്ഞികുടി മുട്ടും എന്നായപ്പോള്‍ പുതുതായി തുടങ്ങിയതൊന്നുമല്ല തീര്‍ഥാടനത്തിന്റെ കച്ചവടവല്‍കരണം. ”വിശുദ്ധഗേഹങ്ങളുടെ സേവനം” എന്ന മറ പിടിച്ച് വര്‍ഷങ്ങളായി ഈ കച്ചവടം രാജഭരണകൂടം ലോക മുസലിംകള്‍ക്കായി ഏറ്റെടുത്തു നടത്തി വരുന്നുണ്ടല്ലോ. അമേരിക്കയുടെ അമ്പത്തൊന്നാം സംസ്ഥാനം എന്ന് പണ്ടാരോ പറഞ്ഞതിനെ ശരിവെക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ജിദ്ദ എയര്‍ പോര്‍ട്ടില്‍ കണ്ടത്. അല്ലെങ്കില്‍, അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളെ പിടികൂടിയിട്ടുള്ള ഇസ്‌ലാം ഭീതി വളരെ കൂടിയ അളവില്‍ സൗദി രാജഭരണകൂടത്തെയും ബാധിച്ചിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷസാക്ഷ്യങ്ങള്‍.

പടുവാര്‍ദ്ധക്യതിന്റെ എല്ലാ അവശതകളെയും അവഗണിച്ചു വീല്‍ ചെയറില്‍ ഇരുന്നിട്ടെങ്കിലും സ്വര്‍ഗത്തിലേക്ക് ഒരു ടിക്കറ്റ് കിട്ടുമോ എന്ന ഭാഗ്യപരീക്ഷണത്തി നിറങ്ങിയിരിക്കുന്ന, തൊലി ചുക്കിച്ചുളിഞ്ഞ വൃദ്ധന്മാരെയും വൃദ്ധകളെയും കയ്യിലെ പത്തു വിരലിന്റെയും രേഖശാസ്ത്രം നോക്കിയും, അതും പോരാഞ്ഞിട്ട് നേത്രപടലങ്ങള്‍ സ്‌കാന്‍ ചെയ്തും മാത്രമേ ഇമിഗ്രെറ്റ് ചെയ്യാന്‍ അനുവദിക്കൂ എന്ന തിന്റെ ഗുട്ടന്‍സ് വേറെ എന്താണാവോ? (കണ്ണില്ലാത്ത വരും കയ്യില്ലാത്തവരും സ്വര്‍ഗത്തിന്റെ പേരും പറഞ്ഞ് ഇനി ഈ മണ്ണിലേക്ക് വരണ്ട!!)

ഈ വയസ്സന്മാരെല്ലാം സൗദി ഭരണകൂടത്തെ അട്ടിമറിക്കാന്‍ വന്നവര്‍ ആയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതാണല്ലോ പഴുതടച്ച ഈ പരിശോധനയുടെ പൊരുള്‍. ഞങ്ങളുടെ യാത്രാഗ്രൂപിലെ ഒരു വൃദ്ധയുടെ അരയില്‍ കെട്ടിയിരുന്ന ഉറുക്കിന്റെ രഹസ്യം അന്വേഷിച്ച വനിതാ സെക്യൂരിറ്റി ഓഫീസറോട് പച്ചമലയാളത്തില്‍ ആ സ്ത്രീ തന്റെ നാട്ടിലെ മുസ്‌ലിയാരുടെ പേരുപറഞ്ഞു നടത്തിയ വിശദീകരണം തൃപ്തികരമാല്ലാതതിനാല്‍ അതൂരി വലിച്ചെറിഞ്ഞ കാര്യം അവര്‍ കണ്ണീരോടെ വിവരിച്ച കാര്യം ഭാര്യ പറഞ്ഞു പിന്നീട് ഞാനറിഞ്ഞു. ഏതായാലും ആവശ്യമില്ലാത്ത അതി സുരക്ഷയുടെ പേരില്‍ ദീര്‍ഘയാത്ര കഴിഞ്ഞെത്തിയ വയസ്സന്മാരും രോഗികളുമായ തീര്‍ഥാടകരെമണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തി പീഡിപ്പിക്കുന്ന ഈ ഏര്‍പ്പാട് രാജഭരണകൂടത്തിന്റെ സേവനത്തൊപ്പിയില്‍ ഒരു പൊന്‍തൂവലൊന്നും ആവില്ല എന്നത് മൂന്നു തരം.

മക്കയിലേക്ക് മേലില്‍ ഹജ്ജിനോ ഉംറക്കോ പോകുന്നവര്‍ കാലില്‍ വീല്‍ ചെയര്‍ കയറാതെ സൂക്ഷിക്കണം, പ്രമേഹരോഗികള്‍ ഉണ്ടെങ്കില്‍ വിശേഷിച്ചും. അത് ചിലപ്പോള്‍ കാല്‍ തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കുമല്ലോ. കോളയും ജങ്ക് ഫുഡും പതിവാക്കിയതിനാല്‍ അമിതവണ്ണം ശാപമായി കിട്ടിയ നൂറു കിലോവിനു മുകളില്‍ ഭാരമുള്ള മിസ്‌രികളും നൂറു വയസ്സിന്റെ പരിസരത്ത് എത്തിയിട്ടും അസ്രാഈല്‍ തിരിഞ്ഞു നോക്കാത്ത ചില പട്ടാണികളുമൊക്കെയാണ് പലപ്പോഴും ഈ വീല്‍ചെയര്‍ യാത്രക്കാര്‍. ആരെയും അശേഷം കൂസാതെ അവരെ തള്ളിക്കൊണ്ട് നടക്കുന്ന അവരുടെ അരോഗ ദൃഡഗാത്രരായ മക്കളും ഭര്‍ത്താക്കന്മാരും നിങ്ങളെ തെല്ലും പരിഗണിച്ചെന്നു വരില്ല. പണ്ടൊക്കെ സഫാമര്‍വയുടെ ഗ്രൗണ്ട് ഫ്‌ളോറില്‍, ഒത്ത നടുവില്‍ മറ്റാര്‍ക്കും ശല്യമില്ലാതെ പ്രത്യേകം കെട്ടിമറച്ച വണ്‍വെ ട്രാക്കിലൂടെയായിരുന്നു അവ നീങ്ങിയിരുന്നത്. പണം കിട്ടുമെങ്കില്‍ ദിവസം മുഴുവനും ‘സഅയ് ‘ നടത്താന്‍ റെഡിയായി നിരന്നു നില്‍ക്കുന്ന ആരോഗ്യമുള്ള സഊദികളുടെതു മാത്രമായിയിരുന്നു ആ ജോലി. മാറ്റാരെയും പ്രയാസപ്പെടുത്താതെ അതവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിരുന്നു.

ഇന്നിപ്പോള്‍ കാലം മാറി. കയ്യില്‍ കാശുള്ളവരെല്ലാം ഹറമിലെത്തി. എത്തിയവരില്‍ പലര്‍ക്കും ഒരാശയുദിച്ചു: തങ്ങളുടെ പ്രിയപ്പെട്ടവരെ കൂടി ഇവിടെ കൊണ്ടുവന്നു ഉംറ ചെയ്യിക്കണം. അവര്‍ സഅ്‌യും ത്വവാഫുമൊന്നും തനിയെ ചെയ്യാന്‍ കഴിയാത്തവര്‍ ആണെങ്കില്‍ പോലും. അങ്ങനെ വന്നു വന്നു ഇപ്പോള്‍ എവിടെ നോക്കിയാലും ഈ വീല്‍ ചെയര്‍ തീര്‍ഥാടകരുടെ തിരക്കാണ്. മത്വാഫിലും, ജമാഅത് നമസ്‌കാരം കഴിഞ്ഞു ആളുകള്‍ കൂട്ടമായി ഒഴുകുന്ന തെരുവുകളിലും ഈ കൂട്ടര്‍ സൃഷ്ടിക്കുന്ന ബ്ലോക്കും, മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ക്ലേശവും വിവരിക്കാനാവാത്തവിധം ഗുരുതരമാണ്. എവിടെയെങ്കിലും ജനത്തിന്റെ ഒഴുക്ക് തടയപ്പെടുന്നതായി കണ്ടാല്‍ ഉറപ്പിക്കാം: അവിടെ ഒരു അര ഡസന്‍ വീല്‍ ചെയര്‍ എങ്കിലും കുടുങ്ങിയിട്ടുണ്ടെന്ന്. പൂര്‍ണമായ ആരോഗ്യത്തോടെ നിര്‍വഹിക്കാനാവില്ലെങ്കില്‍ ഹജ്ജു പോലും നിര്‍ബന്ധമല്ല. എന്നിട്ടും ആളുകള്‍ ഈ നടക്കാന്‍ വയ്യാത്തവരെയും മറ്റും കൊണ്ടുവന്നു മടുള്ളവര്‍ക്ക് ക്ലേശം ഉണ്ടാക്കി ഉംറ ചെയ്യിച്ചു ഏതു സ്വര്‍ഗത്തിലേക്കാണാവോ അവരെ പറഞ്ഞയക്കാന്‍ പോകുന്നത്!

ഹറമുകളിലെ, വിശേഷിച്ചും മസ്ജിദുല്‍ ഹറാമിലെ ഓരോ ജമാഅത് നമസ്‌കാരവും ഓരോ ഇവന്റ് ആണ്. ആ ഒരു ഗൗരവത്തോടെയാണ് അധികൃതര്‍ അവ മാനേജ് ചെയ്തു വരുന്നതും. നമസ്‌കാരം തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് മുതല്‍ തിരക്കുള്ള റോഡുകള്‍ വാഹനമുക്തമാക്കിയും, ജനപ്രവാഹം വഴി തിരിച്ചു വിട്ടും, താല്‍കാലിക ബാരിക്കേഡുകള്‍ ഉയര്‍ത്തി ജനപ്രവാഹത്തിന് ലക്ഷ്യബോധം നല്‍കിയും, നമസ്‌കാരം തീര്‍ന്നാലുടന്‍ എല്ലാ ബാരിക്കേഡുകളും നിമിഷങ്ങള്‍ക്കകം നീക്കം ചെയ്തു ജനത്തിന് പുറത്തു കടക്കാന്‍ വഴിയൊരുക്കിയും വളരെ ശ്ലാഘനീയമായ ആസൂത്രണമികവോടെയാണ് ഓരോ നമസ്‌കാരവും അവിടെ നടക്കുന്നതെന്ന് പറയാതിരിക്കാനാവില്ല. നിയന്ത്രണങ്ങളെ മറികടക്കാനും ബാരിക്കേഡുകള്‍ ചാടിക്കടക്കാനും ശ്രമിക്കുന്നവരെ പ്രകോപിതരാവാതെ നേരിടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കു ഇക്കാര്യത്തില്‍ ലഭിച്ചു വരുന്ന പരിശീലനം അന്യൂനമാണെന്നതിന്റെ നേര്‍ സാക്ഷ്യങ്ങളാണെന്ന് പറയാമെങ്കിലും, മേല്‍ പറഞ്ഞ വീല്‍ ചെയര്‍ പ്രശ്‌നം അതിന്റെ ചില പരിമിതികളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു. (തുടരും)

സ്മാര്‍ട്ട് ഫോണ്‍ കാലത്തെ തീര്‍ഥയാത്രകള്‍

Related Articles