Current Date

Search
Close this search box.
Search
Close this search box.

വസന്ത കാലത്തിന്റെ ആത്മാവ്

yui.jpg

വിശ്വാസികളുടെ സീസണാണ് പരിശുദ്ധ റമദാന്‍ മാസം.   പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കാനും ദൈവിക സാമീപ്യം സിദ്ധിക്കുവാനും സത്യവിശ്വാസികള്‍ക്ക് വന്നുകിട്ടിയിട്ടുള്ള അസുലഭമായ സന്ദര്‍ഭമാണ് റമദാന്‍ മാസം. വിശ്വാസികള്‍ കൂടുതലായി പരിശുദ്ധ ഗ്രന്ഥത്തോട് അടുപ്പം പുലര്‍ത്തുന്ന സന്ദര്‍ഭമാണ്  റമദാന്‍മാസം. മനുഷ്യ ജീവിതത്തിന് കരുത്തും ധൈര്യവും നല്‍കുന്ന മനുഷ്യന്റെ വിജയത്തിന്റെ നിദാനമായി പ്രവര്‍ത്തിക്കുന്നത് അവന്റെ ആത്മാവാണ്. അതിന്ല്‍ തന്നെ ആത്മവിശുദ്ധിയുടെ വസന്തകാലമാണ് റമദാന്‍ മാസം എന്ന് പറയുന്നത്.

വര്‍ഷത്തില്‍ ഒരു മാസം ആരാധനകളില്‍ മുഴുകുകയും മിച്ചംവരുന്ന ബാക്കി മാസങ്ങളില്‍ അലസനായി ജീവിക്കുകയും ചെയ്യുക എന്നതല്ല. ബാക്കിവരുന്ന പതിനൊന്ന് മാസത്തേക്ക് കൂടിയുള്ള ഇന്ധനം കരുതിവെക്കുകയാണ് ഈ മാസത്തില്‍ കൂടുതലായി ആരാധനകളില്‍ മുഴുകുന്നതിലൂടെ ചെയ്യുന്നത്. എന്റെ ശരീരത്തിന്റെ ഇച്ഛകളെ ദൈവേച്ഛക്ക് വേണ്ടി അവഗണിക്കാന്‍ സാധിക്കുമെന്ന്, എന്നിട്ട് ദൈവത്തിന്റെ ഇച്ഛക്ക് പ്രാധാന്യം നല്‍കാന്‍ എനിക്ക് കഴിയുമെന്ന് സ്വന്തത്തെതന്നെ ബോധ്യപ്പെടുത്തുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. ആ ബോധ്യമാണ് ബാക്കിയുള്ള കാലങ്ങളില്‍ കൂടി ആത്മീയ വിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്.

ശഅ്ബാന്‍ മാസത്തിനും ശവ്വാല്‍ മാസത്തിനും ഇല്ലാത്ത സവിശേഷത   റമദാന്‍ മാസത്തിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് എന്നതാണ്.  ഖുര്‍ആന്‍ തന്നെ അതേക്കുറിച്ച് പറയുന്നുണ്ട്. ലോകത്തെമ്പാടുമുള്ള മുഴുവന്‍ മനുഷ്യരുടെ സന്മാര്‍ഗമാണ്  അതുകൊണ്ട് അര്‍ഥമാക്കുന്നത്. എന്താണ് സത്യമെന്നും എന്താണ് അസത്യമെന്നും എന്താണ് നന്മയെന്നും എന്താണ് തിന്മയെന്നും വേര്‍തിരിച്ച് മനുഷ്യന് വളരെ കൃത്യമായി വിശദീകരിച്ച് മനസ്സിലാക്കിക്കൊടുക്കുന്നു. ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ ആ ഖുര്‍ആനിലേക്ക് കൂടുതലായി അടുക്കാനും ആ ഖുര്‍ആനിനെ കൂടുതലായി മനസ്സിലാക്കാനും വേണ്ടി പരിശ്രമിക്കണം.

വേദഗ്രന്ഥങ്ങള്‍ ലോകത്ത് ധാരാളമായി വായിക്കപ്പെടുന്നുണ്ട്.  വ്യക്തിക്കും സമൂഹത്തിനും അതിന്റെ സദ്ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ അവര്‍ ഹൃദയത്തിലേക്ക് ആ വേദഗ്രന്ഥത്തിലെ കല്‍പനകളെ, വാക്കുകളെ പ്രവേശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വേണ്ടത്.  പ്രവാചകന്റെ 23 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം കൊണ്ട് പ്രവാചകന്‍ സാധിച്ചെടുത്ത മഹാവിപ്ലവം എന്നുപറയുന്നത് പ്രപഞ്ച നാഥന്റെ വാക്കുകളായ പരിശുദ്ധ ഖുര്‍ആനിന്റെ  ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരുപാട് പതിപ്പുകളെ സൃഷ്ടിച്ചു എന്നുള്ളതാണ്.

എല്ലാ പ്രയാസങ്ങളില്‍ നിന്നുമുള്ള മോചനം ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. അതിന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ഏക പരിഹാരം  പ്രപഞ്ച നാഥനിലേക്ക് മടങ്ങുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ ഖുര്‍ആന്‍ മാനവരാശിയെ സംബന്ധിച്ചിടത്തോളം വലിയ ശമനൗഷധമാണ്. അതുപോലെ കാരുണ്യമാണ് എന്ന് ഖുര്‍ആന്‍ അതിനെ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

എല്ലാ അന്ധകാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും എല്ലാ ഇരുട്ടുകളില്‍ നിന്നും മനുഷ്യനെ വെളിച്ചത്തിലേക്ക്, യഥാര്‍ത്ഥ വിശ്വാസത്തിലേക്ക്, യഥാര്‍ത്ഥ  വിമോചനത്തിലേക്കാണ് പരിശുദ്ധ വേദഗ്രന്ഥം  നയിക്കുന്നത്. വേദഗ്രന്ഥത്തെ കുറിച്ച് യഥാര്‍ത്ഥ ജ്ഞാനമില്ലാത്തവരാണ് അന്ധവിശ്വാസത്തിന്ന് വേണ്ടി ഈ വേദഗ്രന്ഥത്തെത്തന്നെയും ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത് എന്നും നാമറിയുക.  

 

 

 

Related Articles