Current Date

Search
Close this search box.
Search
Close this search box.

അനുരഞ്ജനത്തിന്റെ വക്താക്കളാവാം

mediator33.jpg

ആളുകള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കുന്നതിന് വലിയ പ്രാധാന്യമാണ് ഇസ്‌ലാം കല്‍പിക്കുന്നത്. കാരണം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ദീനാണ് ഇസ്‌ലാം. അല്ലാഹു പറയുന്നു: ”അവരുടെ സംസാരങ്ങളിലേറെയും ഒരു നന്മയുമില്ലാത്തവയാണ്. എന്നാല്‍ ദാനധര്‍മത്തിനും സല്‍ക്കാര്യത്തിനും ജനങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും കല്‍പിക്കുന്നവരുടേത് ഇതില്‍പെടുകയില്ല. ആരെങ്കിലും ദൈവപ്രീതി പ്രതീക്ഷിച്ച് അങ്ങനെ ചെയ്യുന്നുവെങ്കില്‍ നാമവന് അളവറ്റ പ്രതിഫലം നല്‍കും.” (അന്നിസാഅ്: 114) പരസ്പരം പിണങ്ങിനില്‍ക്കുന്ന അല്ലെങ്കില്‍ ശത്രുത വെച്ചുപുലര്‍ത്തുന്ന രണ്ടു പേര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കലാണ് ജനങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കലിന്റെ ഉദ്ദേശ്യമെന്ന് ഇമാം ത്വബ്‌രി വിശദീകരിച്ചിട്ടുണ്ട്.

ഇങ്ങനെ ആളുകള്‍ക്കിടയില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍(സ) അറിയിച്ചിട്ടുണ്ട്. അബുദ്ദര്‍ദാഇല്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീഥില്‍ ഇങ്ങനെ കാണാം: പ്രവാചകന്‍(സ) ചോദിച്ചു: നമസ്‌കാരത്തേക്കാളും നോമ്പിനേക്കാളും സകാത്തിനേക്കാളും ശ്രേഷ്ഠമായ ഒരു കാര്യം നിങ്ങളെ അറിയിച്ചു തരട്ടെയോ? അവര്‍ പറഞ്ഞു: അറിയിച്ചു തന്നാലും. നബി(സ) പറഞ്ഞു: ആളുകള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കലാണത്. ആളുകള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നത് മുണ്ഡനം (തല മുണ്ഡനം ചെയ്ത് മുടി നീക്കുന്നത് പോലെ ദീനിനെ മുണ്ഡനം ചെയ്യല്‍) ചെയ്യലാണ്.” മറ്റൊരു റിപോര്‍ട്ടില്‍ മുടി മുണ്ഡനം ചെയ്യുന്നതല്ല അതുകൊണ്ടുദ്ദേശിക്കുന്നത് മറിച്ച് ദീനിനെ മുണ്ഡനം ചെയ്യുന്നതാണെന്ന് പറയുന്നുണ്ട്.

മുസ്‌ലിംകള്‍ക്കിടിയിലുള്ള സാഹോദര്യത്തിന്റെ തേട്ടമായിട്ടാണ് ഖുര്‍ആന്‍ അതിനെ അവതരിപ്പിക്കുന്നത്. ”സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക.” (അല്‍ഹുജുറാത്ത്: 10)

വാക്കുകളുടെയോ ഏതെങ്കിലും പ്രവൃത്തിയുടെയോ സ്വത്തിന്റെ പേരിലോ പരസ്പരം പിണങ്ങി കഴിയുന്ന വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ അയല്‍ക്കാര്‍ക്കോ ഇടയില്‍ രഞ്ജിപ്പുണ്ടാക്കുന്നത് പ്രതിഫലാര്‍ഹമായ കാര്യമാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പരസ്പരം ശത്രുത വെച്ചു പുലര്‍ത്തുന്ന രണ്ട് പേര്‍ക്കിടയില്‍ രമ്യതയുണ്ടാക്കുന്നതിന് കള്ളം പറയുന്നത് പോലും അനുവദനീയമാണെന്നാണ് ഇസ്‌ലാമിക ശരീഅത്ത് വ്യക്തമാക്കുന്നത്. നബി(സ) പറഞ്ഞതായി ഉമ്മു കുല്‍ഥൂം(റ) പറയുന്നു: ”ജനങ്ങള്‍ക്കിയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കളവുകാരനല്ല, അപ്പോള്‍ അവന്‍ നന്മ വളര്‍ത്തുകയോ നല്ലത് പറയുകയോ ആണ് ചെയ്യുന്നത്.”

രഞ്ജിപ്പിന്റെ ഫലങ്ങള്‍
– ബന്ധം വേര്‍പെടുത്തലിന്റെയും വിദ്വേഷത്തിന്റെയും സ്ഥാനത്ത് സ്‌നേഹം കടന്നുവരുന്നു.
– രഞ്ജിപ്പിലൂടെ വിട്ടുവീഴ്ച്ച ചെയ്യാനും പൊറുത്തു കൊടുക്കാനുമുള്ള മനസ്സ് അവരില്‍ ഉണ്ടാകുന്നു.
– അതിന്റെ നന്മകളിലൂടെ പദവി ഉയര്‍ത്തപ്പെടുന്നു.
– സാമൂഹ്യ ഭദ്രതയുണ്ടാവുകയും അതിന്റെ ഫലമായി ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം നീക്കിവെക്കാനും സാധിക്കുന്നു.
– പകയും വിദ്വേഷവും വിട്ടുമാറുന്നതിലൂടെ മനസ്സിന് ആശ്വാസവും സന്തോഷവും ലഭിക്കുന്നു.

സംഗ്രഹം: നസീഫ്‌

Related Articles