Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തം: ഫേസ് ബുക്കില്‍ നിന്നും പാര്‍ലമെന്റിലേക്ക്

പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെളിപ്പെടുത്തിയ കാര്യമാണ്. നിലവിലെ പ്രസിഡന്റായ ബറാക് ഒബാമയെ പിന്തുണക്കുന്നവര്‍ തങ്ങളുടെ അഭിപ്രായരൂപീകരണത്തിനും ഒബാമയെ താരമാക്കി മാറ്റുന്നതിലും പ്രധാനമായും ഉപയോഗപ്പെടുത്തിയത് ഫേസ്ബുക്കും ട്വിറ്ററും ആയിരുന്നു. അമേരിക്കയുടെ ഭാവിയെക്കുറിച്ച് വലിയപ്രതീക്ഷ നല്‍കാനും കറുത്ത വംശജനായ ആദ്യ പ്രസിഡന്റെന്ന പ്രതീതി സൃഷ്ടിക്കാനും ഇത് സഹായിച്ചു

 

രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുന്ന അമേരിക്കന്‍ ജനതയെ ആകര്‍ഷിക്കുന്നതില്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല. പ്രത്യേകിച്ച് കുടിയേറ്റക്കാരെയും റെഡ് ഇന്ത്യന്‍സില്‍പെട്ട യുവാക്കളെയും സ്വാധീനിക്കാനായില്ല. പക്ഷെ ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സമാന്തര മീഡിയാപ്രവര്‍ത്തനമായി സ്വാധീനം ചെലുത്താനും അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ഇന്റര്‍നെറ്റിലൂടെ പിന്തുണ നേടാനും ഒബാമക്ക് സാധിക്കുകയുണ്ടായി.
ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി മുന്‍ ഡയറക്ടറും സജീവരാഷ്ട്രീയ പ്രവര്‍ത്തകനുമായ മുഹമ്മദുല്‍ ബറാദിഈ പറയുന്നു ‘ഫേസ് ബുക്കിലും ട്വിറ്ററിലും ആകൃഷ്ടരായ യുവാക്കള്‍ തീര്‍ച്ചയായും അവരുടെ നാടുകളില്‍ മാറ്റത്തിന് വഴിയൊരുക്കും’. മുബാറക്കിന്റെ വ്യവസ്ഥയോട് കൂറുപുലര്‍ത്തിയവരെയും നേതാക്കളെയും പരിഹാസത്തോടെയാണ് അവര്‍ കണ്ടിരുന്നത്. ഇവരെ ബോധവല്‍കരിക്കാനും തെരുവിലിറക്കാനും പിന്തുണക്കാനും ബറാദി പ്രേരിപ്പിക്കുകയുണ്ടായി. മില്ല്യന്‍ കണക്കിന് പേരെക്കൊണ്ട് നിരവധി പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഒപ്പുശേഖരണം നടത്തുകയുണ്ടായി. ക്രമാതീതമായി യുവാക്കളെ സങ്കല്‍പലോകത്ത് നിന്നും പ്രായോഗികലോകത്തേക്ക് ഇറങ്ങാന്‍ ഇത് സഹായിക്കുകയുണ്ടായി. പ്രത്യേകിച്ച് ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ ആകൃഷ്ടരായ യുവാക്കള്‍ കൂടി ആക്രമണത്തില്‍ പങ്കുചേര്‍ന്നതോടെ വലിയ സ്വാധീനം ചെലുത്താന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് സാധിക്കുകയുണ്ടായി.

 

തെരുവിലേക്ക്
തുടക്കത്തില്‍ യുവാക്കളെ ഫേസ്ബുക്കില്‍ നിന്ന് തെരുവിലേക്കിറക്കുന്നതില്‍ പ്രതീക്ഷിച്ച വിജയം കാണാന്‍ കഴിഞ്ഞില്ല. ചിലരിലെങ്കിലും ഇത് നിരാശയുളവാക്കുകയുണ്ടായി. പക്ഷെ അറേബ്യന്‍ ഭരണാധികാരികള്‍ അവരുടെ മര്‍ദ്ധന പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് തുനീഷ്യയില്‍ മുഹമ്മദ് അല്‍ ബൂഅസീസിയുടെ ആത്മഹത്യയോടെ ഉടലെടുത്ത പ്രക്ഷോഭങ്ങളും കൃത്രിമമായ മാര്‍ഗങ്ങളിലൂടെ ഈജിപ്തില്‍ നടന്ന 2010ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഇത്തരം മീഡിയകളുടെ വന്‍സാധ്യതകള്‍ വെളിപ്പെടുത്തുകയുണ്ടായി. നിമിഷങ്ങള്‍ക്കകം ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളുടെ വാര്‍ത്തകള്‍ ചിത്രസഹിതം പുറത്ത് വന്നുകൊണ്ടിരുന്നു. വിദൂരദേശങ്ങളിലുള്ള സമാനമനസ്‌കരായ യുവാക്കള്‍ നിരന്തരം ആശയവിനിമയം നടത്തുകയുണ്ടായി. അതവരില്‍ വര്‍ദ്ധിച്ച ആവേശവും നിശ്ചയദാര്‍ഢ്യവും പ്രക്ഷോഭങ്ങള്‍ക്ക് തിരിതെളിയിക്കാന്‍ സഹായകമായി.
വിപ്ലവപ്രസ്ഥാനങ്ങള്‍ അപ്രകാരം ലക്ഷക്കണക്കിനാളുകളെ ഇന്റര്‍നെറ്റില്‍ നിന്നും തെരുവിലേക്കിറക്കുകയുണ്ടായി. പ്രക്ഷോഭകാരികളുടെ വിവിധസംഘടനകള്‍ ഐക്യത്തോടെ രംഗത്തിറങ്ങി. ഫേസ്ബുക്കും ട്വിറ്ററുമാണ് ആശയവിനിമയത്തിനുള്ള ഉപാധിയായി അവര്‍ ഉപയോഗിച്ചിരുന്നത്. തുനീഷ്യയിലും ഈജിപ്തിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മര്‍ദ്ധക ഭരണാധികാരികളുടെ പതനത്തിനും ഇസ്‌ലാമിക കക്ഷികളുടെ വിജയത്തിനും ഫേസ്ബുക്ക് തലമുറകള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയുണ്ടായി.

 

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
 

 

 

Related Articles