Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തത്തിന്റെ ഭാവി

arab-spring.jpg

അമ്പതു മില്യണ്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്റിനെ ഈജിപ്ഷ്യന്‍ ഭരണഘടനാ കോടതി രണ്ട് ദിവസം മുമ്പ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് ശത്രുക്കള്‍ വിപ്ലഴത്തെ വിഴുങ്ങുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ലക്ഷണമാണ്. ഇത്തരം ആശങ്കകളാണ് യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ബ്രദര്‍ ഹുഡിനെ നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും ഭിന്നമായി പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചത്. പാര്‍ലിമെന്റില്‍ ഭൂരിപക്ഷം ലഭിക്കുമെങ്കിലും, അധികാരം വിട്ടൊഴിയാന്‍ പട്ടാളം വിസമ്മതിക്കുമെന്നവര്‍ക്ക് ബോധ്യപ്പെട്ടു. മന്ത്രി സഭാ രൂപീകരണത്തിന് പട്ടാളം ബ്രദര്‍ഹുഡിന് മുന്നില്‍ ഉപാധി വെച്ചതോടെയാണത്. ധനകാര്യം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ തങ്ങള്‍ തന്നെ കയ്യാളുമെന്നായിരുന്നു പട്ടാളത്തിന്റെ നിലപാട്. ഇതോടെ പ്രസിഡന്‍ഷ്യല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ലിമെന്റ് ഭൂരിപക്ഷം കൊണ്ട് മാത്രം ലക്ഷ്യത്തിലെത്താനാവില്ലെന്ന് ഉറപ്പിക്കുകയും, പ്രസിഡന്റ് സ്ഥാനം കൂടി ലഭിച്ചെങ്കിലെ വിപ്ലവത്തെ വിജയിപ്പിക്കാനാവൂ എന്ന് തിരിച്ചറിയുകയും ചെയ്ത ബ്രദര്‍ഹുഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അപ്പോഴാണ് മുബാറക് ഭരണകൂടാവശിഷ്ടമായ അഹ്മദ് ശഫീഖിനെ രംഗത്തിറക്കി വിപ്ലവത്തെ തകര്‍ക്കാന്‍ ശ്രമിച്ചത്. ബ്രദര്‍ഹുഡിന് ഭൂരിപക്ഷമുള്ള പാര്‍ലിമെന്റാവട്ടെ പിരിച്ച് വിടുകയും ചെയ്തു.

തുനീഷ്യയിലെപ്പോലെ ഈജിപ്തില്‍ അധികാരക്കൈമാറ്റം എളുപ്പമാവില്ല എന്ന് നേരത്തെ തന്നെ എല്ലാവര്‍ക്കുമറിയാം. ലോക ഭൂപടത്തില്‍ ആ രാജ്യത്തിന്റെ തന്ത്രപ്രധാന സ്ഥാനം തന്നെയാണ് കാരണം. ഈജിപ്തിലുണ്ടാവുന്ന ഏതൊരു മാറ്റവും മധ്യപൗരസ്ത്യ ദേശത്തും, ആഗോള തലത്തിലും വമ്പിച്ച മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കും. ഇസ്രയേല്‍ എന്ന ഒരു രാഷ്ട്രത്തിന്റെ അവസാനം കുറിച്ചേക്കാം അത്. അതോടെ ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കും നേരെയുള്ള അമേരിക്കന്‍ നിലപാടിലും കാതലായ മാറ്റങ്ങള്‍ സംഭവിക്കും. ലോകത്ത് നിലവിലുള്ള ശാക്തിക സന്തുലനത്തെ അത് അട്ടിമറിച്ചേക്കാം. അത് പോലെത്തന്നെ ഇപ്പോള്‍ ജനാധിപത്യ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ള അറബ് രാഷ്ട്രങ്ങളില്‍ അവ വിജയിക്കാന്‍ ഈജിപ്ത് വിജയം നിമിത്തമാവും. പ്രക്ഷോഭം ആരംഭിച്ചിട്ടില്ലാത്ത രാഷ്ട്രങ്ങളില്‍ അത് പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തും.

ഇത്രയും ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള അറബ് വസന്തത്തെ ഊതിക്കെടുത്താന്‍ ആരൊക്കെ രംഗത്തുണ്ടാവും എന്ന് ഇനി വിശദീകരിക്കേണ്ടതില്ല. ശക്തരാണവര്‍. അവരെ മറികടന്ന് വേണം വസന്തത്തിന്റെ മുല്ലപ്പൂ വിരിയാന്‍. ശത്രുക്കളെ മാത്രമല്ല അറബ് വസന്തത്തിന് മറികടക്കേണ്ടി വന്നിരിക്കുന്നത്, മിത്രങ്ങള്‍ കൂടിയാണ്. സ്വേഛാധിപത്യത്തെ സംഹരിക്കുക എളുപ്പമാണ്. എന്നാല്‍ ജനാധിപത്യത്തെ നിര്‍മിച്ചെടുക്കുക അത്ര എളുപ്പമല്ല. അറബ് വസന്തത്തിന് ആരംഭം കുറിച്ച തുണീഷ്യയെ നോക്കൂ. സ്വേഛാധിപത്യം തരിപ്പണമാക്കിയ ഒരു രാജ്യത്തെയാണ് അന്നഹ്ദക്ക് ഏറ്റെടുക്കേണ്ടി വന്നത്. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ മെനക്കെടുമ്പോള്‍ ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്ന പഴയ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെ പിഴുതെറിയുന്നതില്‍ പങ്ക് വഹിച്ച സലഫികളാണ്. കട്ടവന്റെ കൈ മുറിക്കുന്നതിനും, സ്ത്രീകള്‍ക്ക് മുഖപടം നിര്‍ബന്ധമാക്കുന്നതിനും തെരുവിലിറങ്ങി പോലീസിനോട് ഏറ്റുമുട്ടലാണ് അവരുടെ പണി. ആദ്യം പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുക്കാന്‍ നോക്കട്ടെ എന്ന് അന്നഹ്ദ എത്ര പറഞ്ഞ് നോക്കിയിട്ടും കാര്യമില്ല. സകല വിദേശ കമ്പനികളും രാജ്യം വിട്ട് കൊണ്ടിരിക്കുന്നു. ടൂറിസ്റ്റുകള്‍ ഭയം കാരണം രാജ്യത്തേക്ക് വരുന്നില്ല. രാജ്യത്ത് സുരക്ഷയില്ലെന്ന ന്യായം നിരത്തി ശത്രുക്കള്‍ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതിന് ബലം നല്‍കുകയാണ് സലഫികളുടെ തെരുവ് പ്രക്ഷോങ്ങള്‍. വിപ്ലവത്തെ അതിന്റെ മിത്രങ്ങള്‍ തന്നെ വിഴുങ്ങിക്കളയുന്നത് ഇങ്ങനെയാണ്.

മേല്‍പറഞ്ഞ ബാഹ്യവും, ആഭ്യന്തരവുമായ വമ്പിച്ച ഭീഷണികളെ മറികടക്കാന്‍ മാത്രം ഇഛാശക്തിയുള്ളൊരു ജനത പിന്നിലുണ്ടെങ്കില്‍ അറബ് വസന്തം അതിന്റെ ലക്ഷ്യം കാണും. സ്വേഛാധിപത്യത്തെ പിഴുതെറിയാന്‍ അവര്‍ കാണിച്ച ഇഛാശക്തി ജനാധിപത്യത്തെ പുനസ്ഥാപിക്കാനും പ്രകടിപ്പിച്ചാല്‍ വിജയം സാര്‍ത്ഥകമാകുമെന്ന് കരുതാനാണ് ന്യായം.

Related Articles