Current Date

Search
Close this search box.
Search
Close this search box.

ദൈവസ്മരണയുടെ മാധുര്യം

നിർബന്ധ നമസ്കാരങ്ങൾക്കു ഒരു നിശ്ചിത സമയമുണ്ട്. നിർബന്ധമായ വൃതം റമദാനിൽ മാത്രമേ ഉള്ളൂ. സകാത്തും വർഷത്തിൽ ഒരു തവണയേ ഉള്ളൂ. ഹജ്ജ് ആകട്ടെ ഒരാൾക്ക് സൗകര്യം ഒത്തു കിട്ടിയാൽ ജീവിതകാലത്തു ഒരിക്കൽ മതി. എന്നാൽ ദൈവസ്മരണയ്ക്കു ഒരു നിശ്ചിത സമയം നിർണ്ണയിച്ചു വെച്ചിട്ടില്ല. പ്രത്യേക സ്ഥലവുമില്ല. ഏതെങ്കിലും തരത്തിലുള്ള നിബന്ധനകളുമില്ല. അതു ഇരുന്നിട്ടാകാം, കിടന്നിട്ടാകാം, വുളുവോടു കൂടിയും അല്ലാതെയുമാകാം, വീട്ടിൽ ഇരിക്കുമ്പോഴും യാത്ര പോകുമ്പോഴും ആകാം, ആരോഗ്യമുള്ള സമയത്തും അല്ലാത്ത സമയത്തുമാകാം, രാത്രിയിലും പകലിലും ആകാം. അതു എത്ര വർധിപ്പിക്കുന്നുവോ അത്രയും പുണ്യം. ശ്രേഷ്ടം, പ്രതിഫലാർഹം.

സൂറത്തുൽ അഹ്സാബിൽ അല്ലാഹു പറയുന്നു… “ഓ വിശ്വസിച്ചവരെ, നിങ്ങൾ അല്ലാഹുവിനെ ധാരാളം സ്മരിക്കുവിൻ (അഹ്സാബ് . 41).യുദ്ധരംഗത്ത് ശത്രുവിനെ നേരിടുന്ന സന്ദർഭത്തിൽ പോലും വിജയം നേടണമെങ്കിൽ ദൈവസ്മരണ കൂടെയുണ്ടാകണമെന്നും അല്ലാഹു ഉണർത്തുന്നു.. ” അല്ലയോ വിശ്വസിച്ചവരെ, നിങ്ങൾ ഒരു സൈന്യത്തെ നേരിടുമ്പോൾ സ്ഥൈര്യത്തോടെ നിലകൊള്ളുക, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക, നിങ്ങൾക്ക് വിജയസൗഭാഗ്യം പ്രതീക്ഷിക്കാം ” ( സൂറത്തുൽ അൻഫാൽ 45). സൗർ ഗുഹയിൽ ശത്രുക്കളുടെ ഒരു ചാൺ മുന്നിലെത്തിയപ്പോൾ, കൂട്ടുകാരനു പോലും വിഭ്രമം വന്നപ്പോൾ പ്രവാചകനു വിജയം നൽകിയത് ഈ സ്മരണയാണെന്ന് ചരിത്രം നമ്മോട് പറയുന്നു. ഫറവോൻ പ്രഭൃതികൾ പിന്നിലും ചെങ്കടൽ മുന്നിലും മാത്രമായപ്പോൾ മൂസാപ്രവാചകന്റെ രക്ഷയ്ക്കെ ത്തിയതും ഈ ദൈവസ്മരണ തന്നെയാണ്. ഇങ്ങനെ എത്ര യെത്ര ഉദാഹരണങ്ങൾ !

ഒരു ഗ്രാമീണൻ ഒരിക്കൽ തിരുനബിയുടെ അടുത്തു വന്നു പറഞ്ഞു. “നിർബന്ധവും ഐച്ഛികവുമായ കുറേ കാര്യങ്ങൾ ഇസ്ലാമിൽ ഉണ്ടെന്നു എനിക്കറിയാം. എന്നാൽ വളരെ എളുപ്പമുള്ളതും എനിക്കെപ്പോഴും പ്രയാസം കൂടാതെ ചെയ്യാൻ പറ്റുന്നതുമായ ഒരു കാര്യം പറഞ്ഞു തന്നാലും..” പ്രവാചക ൻ പറഞ്ഞു. ” ദൈവസ്മരണ കൊണ്ടു നിന്റെ നാവിനെ നിതാന്തമാക്കുക”.

ഖുർആൻ പാരായണം ദൈവസ്മരണയുടെ ഏറ്റവും ഉത്തമമായ ഉപാധിയാണ്. സൂറത്തുസുമറിൽ അല്ലാഹു വിവരിക്കുന്നു. ” സമുൽകൃഷ്ടമായ വചനങ്ങളത്രെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. ഘടകങ്ങളൊക്കെയും പരസ്പരം ചേർന്നതും വിഷയങ്ങൾ ആവർത്തിച്ചുറപ്പിക്കപ്പെട്ടതുമായ വേദമത്രെ അതു. അതു കേൾക്കുമ്പോൾ റബ്ബിനെ ഭയപ്പെടുന്ന ജനത്തിന് രോമാഞ്ചമുണ്ടാകും. അനന്തരം അവരുടെ ശരീരവും മനസ്സും തരളിതമായി ദൈവസ്മരണയിലേക്കുന്മുഖമാകുന്നു. ഇതത്രെ അല്ലാഹുവിന്റെ സന്മാർഗ്ഗം . താനിച്ഛിക്കുന്നവരെ അവൻ ആ സന്മാർഗ്ഗത്തിലേക്കു നയിക്കുന്നു. ആർക്കു അല്ലാഹു സന്മാർഗം നൽകുന്നില്ലയോ അവനു പിന്നെ സന്മാർഗ്ഗദർശ കനായി ആരുമില്ല.. ” ( സൂറത്തുൽ സുമർ 23).

ദൈവസ്മരണയിൽ നിന്നു അകന്നു നിൽക്കുന്നവർ വലിയ നഷ്ടത്തിൽ ആണെന്നും ഖുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. അവർ പിശാചിന്റെ സുഹൃത്തുക്കളാകുമത്രെ. ” ഏതൊരുവൻ കരുണാവാരിധി യുടെ സ്മരണയിൽ അശ്രദ്ധനായി വർത്തിക്കുന്നുവോ അവന്റെ മേൽ നാം ഒരു ചെകുത്താന് സ്വാധീനമേകുന്നതും ചെകുത്താൻ പിന്നെ അവന്റ തോഴനായി തീരുന്നതുമാണ്. അത്തരക്കാർ സന്മാർഗ്ഗം പ്രാപിക്കുന്നതിനെ ഈ ചെകുത്താൻ തടയുന്നു. അവരാകട്ടെ തങ്ങൾ സന്മാർഗ്ഗ ചാരികളാണെന്നു വിചാരിക്കുകയും ചെയ്യുന്നു. ഒടുവിൽ ഈ മനുഷ്യൻ നമ്മുടെ സന്നിധിയിലെത്തുമ്പോൾ തന്റെ ചെകുത്താനോട് പറയും.” കഷ്ടം.. നിനക്കും എനിക്കുമിടയിൽ പൂർവ്വ ചക്രവാളവും പശ്ചിമ ചക്രവാളവും തമ്മിലുള്ള അകലമുണ്ടായിരുന്നെങ്കിൽ ! നീ എന്ത് മാത്രം ദുഷ്ടനായ കൂട്ടുകാരൻ” ! ( സൂറത്തു സുഖ്‌റഫ്..36..38).

പിശാചിന്റെ മുഖ്യജോലി തന്നെ മനുഷ്യനെ ദൈവസ്മരണയിൽ നിന്നു അകറ്റുകയാണ്.
” മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയിൽ നിന്നും നമസ്കാരത്തിൽ നിന്നും നിങ്ങളെ തടയുന്നതിന് മാത്രവു മാകുന്നു ചെകുത്താൻ ആഗ്രഹിക്കുന്നത് “( അൽ മാഇദ. 91).

സമ്പത്തും സന്താനങ്ങളുമാണ് ദൈവസ്മരണയിൽ നിന്നു മനുഷ്യനെ അകറ്റുന്ന പ്രലോഭനങ്ങളിൽ മുഖ്യം. ആയതിനാൽ വിശ്വാസികളെ വിളിച്ചു കൊണ്ടു അല്ലാഹു പറയുന്നു. ” അല്ലയോ വിശ്വസിച്ചവരെ, സമ്പത്തും സന്താനങ്ങളും നിങ്ങളെ അല്ലാഹുവിനെ സ്മരിക്കുന്നതിൽ അശ്രദ്ധരാക്കിക്കൂടാ. വല്ലവരും അങ്ങിനെ ചെയ്യുന്നുവെങ്കിൽ അവർ നഷ്ടം ഭാവിച്ചവർ തന്നെയാകുന്നു. ” ( സൂറത്തുൽ മുനാഫിക്കൂൻ 9).

സത്യവിശ്വാസികളുടെ ലക്ഷണമായിട്ട് അല്ലാഹു ഒരു വിഭാഗത്തെ പരിചയപ്പെടുത്തുന്നു. “വ്യാപാരമോ കൊള്ളക്കൊടുക്ക കളോ ഒന്നും അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും നമസ്കാരം നില നിറുത്തുന്നതിൽ നിന്നും സകാത് നൽകുന്നതിൽ നിന്നും അവരെ അശ്രദ്ധരാക്കുന്നില്ല.. മനസ്സുകൾ താളം തെറ്റുകയും ദൃഷ്‌ടികൾ പതറിപ്പോവുകയും ചെയ്യുന്ന ആ ദിനത്തെ ഭയപ്പെടുന്നവരാണവർ”. (അൽ നൂർ 37).

അബൂ ദർ (റ) റിപ്പോർട്ട്‌ ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരിക്കൽ പ്രവാചക പുംഗവർ കൂടിയിരിക്കുന്ന സ്വഹാബികളോട് ചോദിച്ചു.. ” ഞാൻ നിങ്ങൾക്ക് ഒരു കാര്യം പറഞ്ഞു തരട്ടയോ? ആയത് നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളുടെയും മേലെയുള്ളതാണ്. അതാകട്ടെ അല്ലാഹു എളുപ്പത്തിൽ സ്വീകരിക്കുന്നതുമാണ്. കൂടാതെ നിങ്ങളുടെ പദവി ഉയർത്തുന്നതുമാണ്. തീർന്നില്ല. നിങ്ങളുടെ പക്കലുള്ള സ്വർണ്ണവും വെള്ളിയും മുഴുവൻ ദൈവമാർഗ്ഗത്തിൽ ചെലവഴിക്കുന്നതിലും ഉപരിയാണ്. നിങ്ങൾ വധിക്കപ്പെടാനും നിങ്ങൾ വധിക്കുവാനും സാധ്യതയുള്ള വലിയ ദൈവമാർഗ്ഗത്തിലുള്ള സമരത്തേക്കാളും പ്രധാനപ്പെട്ടതാണത്. ” സ്വഹാബികൾ ഒന്നടങ്കം പറഞ്ഞു. ” അതെന്താണെന്ന് പറഞ്ഞു തന്നാലും നബിയെ ” നബി മൊഴിഞ്ഞു.. അതു മറ്റൊന്നുമല്ല. അല്ലാഹുവിനെ ക്കുറിച്ചുള്ള സ്മരണ മാത്രമാണ്. ഈ ഒറ്റ ഹദീസ് മതി ദൈവസ്മരണയുടെ പ്രാധാന്യം മനസ്സിലാക്കാൻ.

ഖുദ്സിയായ ഒരു ഹദീസിൽ അല്ലാഹു പറഞ്ഞു. ” ആർ എന്നെ അവരുടെ ഹ്രദയത്തിൽ ഓർക്കുന്നുവോ അവരെ ഞാനും എന്റെ ഹ്രദയത്തിൽ ഓർക്കും. ആരെങ്കിലും എന്നെ ഒരു സദസ്സിൽ വെച്ച് ഓർമ്മിച്ചാൽ അതിലും വലിയ സദസ്സിൽ വെച്ച് ഞാൻ അവരെയും ഓർക്കും ”

ഒരിക്കൽ പ്രവാചകപുത്രി ഫാത്തിമ വീട്ടു ജോലിയെടുത്തു തഴമ്പിച്ച കൈകളുമായി ഒരു വേലക്കാരിയെ കിട്ടുമോ എന്ന് നോക്കാൻ പിതാവിന്റെ അരികിൽ ചെന്നു. ധാരാളം യുദ്ധതടവുകാർ മദീനയിൽ എത്തിയ ഒരു സന്ദർഭത്തിൽ ആയിരുന്നു അതു. നബി മകൾക്കു കൊടുത്ത മറുപടി രാത്രി ഉറങ്ങാൻ നേരത്തു ദൈവസ്മരണ നിലനിറുത്താൻ സഹായിക്കുന്ന അദ്കാറുകൾ ആയിരുന്നു. സുബ്ഹാനല്ലാഹ് എന്ന് 33 തവണയും അൽഹംദുലില്ലാഹ് എന്ന് 33 തവണയും അല്ലാഹു അക്ബർ എന്ന് 33 തവണയും ചൊല്ലിയാൽ ഈ മടിയും ക്ഷീണവും ഇല്ലാതാകുമെന്നും വേലക്കാരിയെക്കാൾ നിനക്കു നല്ലത് ഇതാണെന്നും നബി ഉപദേശിച്ചു കൊടുത്തു. പിന്നീട് അലി (റ) പറഞ്ഞത് ആ പതിവ്  ഒരിക്കലും തെറ്റിച്ചില്ല എന്നാണ്. യുദ്ധ വേളയിൽ പോലും.

ഇനി അബൂഹുറൈറ (റ) റിപ്പോർട്ട്‌ ചെയ്ത ഒരു ഹദീസും കൂടി നോക്കുക. ഒരു ദരിദ്രനായ അനുചരൻ വന്നു നബിയോട് പരാതി പറഞ്ഞു. “ഞങ്ങൾ നമസ്കരിക്കുന്ന പോലെ ഞങ്ങളുടെ കൂട്ടത്തിലെ ധനികരും നമസ്കരിക്കുന്നു. ഞങ്ങൾ നോമ്പെടുക്കുന്ന പോലെ അവരുമെടുക്കുന്നു. എന്നാൽ അവർക്കു സകാത് കൊടുക്കാൻ പറ്റുന്നു, ഹജ്ജിനും ഉംറയ്‌ക്കും പോകാൻ പറ്റുന്നു. അതു ഞങ്ങൾക്ക് പറ്റുന്നില്ല. ആയതിനാൽ നന്മയിൽ അവരോട് മത്സരിക്കാൻ ഞങ്ങൾക്ക് പറ്റുന്നില്ല. അതിനുള്ള പ്രവാചകന്റെ മറുപടിയും ഫാത്തിമ ബീവിക്ക് കൊടുത്ത അദ്കാറുകൾ ആയിരുന്നു. പക്ഷെ ചൊല്ലേണ്ടത് എല്ലാ നമസ്കാര ശേഷവും. ഇങ്ങനെ പതിവാക്കിയാൽ നിങ്ങൾക്കും അവരോടൊപ്പമെത്താം. പ്രവാചകൻ സമാധാനിപ്പിച്ചു.

ഒരു പ്രാർത്ഥന എല്ലാ നമസ്കാര ശേഷവും പതിവാക്കാൻ തിരുനബി മാസ് ബിൻ ജബൽ (റ) എന്ന സ്വഹാബിയെ ഉപദേശിക്കയുണ്ടായി. ” ഓ അല്ലാഹ്, നിന്നെ സ്മരിക്കാനും നിനക്ക് നന്ദി കാണിക്കാനും നിന്നെ ഏറ്റവും നന്നായി ആരാധിക്കാനുമുള്ള ഉദവി നീ ചെയ്തു തരേണമേ “.

ഹൃദയങ്ങൾ ശാന്തമാകുന്നത് ദൈവസ്മരണ കൊണ്ടു മാത്രമെന്നു ഖുർആൻ അസന്നിഗ്ദമായി പ്രസ്താവിക്കുന്നു. ” അറിഞ്ഞിരിക്കുവിൻ ദൈവസ്മരണയാൽ മാത്രമാകുന്നു ഹ്രദയങ്ങൾ ശാന്തിയടയുന്നത്. (അൽ റഅ ദ്. 28).

Related Articles