Current Date

Search
Close this search box.
Search
Close this search box.

മനസ്സില്‍ ആനന്ദമുള്ളവര്‍ പതിവാക്കുന്ന ഏഴ് കാര്യങ്ങള്‍

മനസ്സിന്‍റെ സന്തോഷവും ആനന്ദവും നമ്മുടെ ജീവിതത്തിന് എന്ത്മാത്രം പ്രാധാന്യമുണ്ടെന്ന് ആരേയും പറഞ്ഞറിയിക്കേണ്ടതില്ല. ജോലിയില്‍ കാര്യക്ഷമതയുണ്ടാവാന്‍, കുടുംബ ജീവിതം സഫലമാവാന്‍, ആരാധനകളില്‍ ആത്മനിര്‍വൃതിയുണ്ടാവാന്‍ എല്ലാം സന്തോഷം അനിവാര്യഘടകമാണ്. ഒറ്റപ്പെട്ട തുരുത്തില്‍ വിഷണ്ണനായിരിക്കുമ്പോഴുള്ള അവസ്ഥ ആലോചിച്ച് നോക്കു. ഇത്രയും ദുസ്സഹമായ ജീവിതം അധികം നീണ്ട് പോവരുതേ എന്നായിരിക്കും അത്തരക്കാരുടെ പ്രാര്‍ത്ഥന. അതിനാല്‍ മനസ്സില്‍ ആനന്ദമുള്ളവര്‍ പതിവായി ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ നമുക്കും അത് പ്രാവര്‍ത്തികമാക്കാനും സദാ പ്രസന്നവാനായിരിക്കാനും സാധിക്കുന്നതാണ്. അത്തരത്തില്‍പ്പെട്ട ഏഴ് കാര്യങ്ങള്‍ ചുവടെ:

1. ഊഷ്മള ബന്ധങ്ങള്‍
പലതരം ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നവരാണ് മനുഷ്യര്‍. രക്ഷാകര്‍തൃ ബന്ധങ്ങള്‍, കുടുംബ ബന്ധങ്ങള്‍, അയല്‍പക്ക ബന്ധങ്ങള്‍, സുഹൃദ് ബന്ധങ്ങള്‍, കച്ചവട ബന്ധങ്ങള്‍ തുടങ്ങി തൊഴില്‍ ബന്ധങ്ങള്‍ വരേ നീണ്ട്നില്‍ക്കുന്ന ബന്ധങ്ങളുടെ പട്ടിക അതിവിപുലമാണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഉണ്ടായിരിക്കുമ്പോഴാണ് മനുഷ്യര്‍ ഏറ്റവും കൂടുതല്‍ നിര്‍വൃതിയടയുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മുടെ വികാര വിചാരങ്ങള്‍ പങ്ക്വെക്കാന്‍ സാധിക്കുന്നത് ഭാരങ്ങള്‍ ഇറക്കിവെക്കാനുള്ള അത്താണിയാണ്. തീരെ സന്തോഷം ലഭിക്കാതിരിക്കുക ഒറ്റക്കിരിക്കുമ്പോഴായിരിക്കും. മനസ്സില്‍ ആനന്ദമനുഭവിക്കുന്നവര്‍ ബന്ധങ്ങള്‍ ഊഷ്മളമായി പരിപാലിക്കുന്നവരാണ്.

Also read: ഇമാം ബഗവിയുടെ ധൈഷണിക സംഭാവനകള്‍

2. കാരുണ്യവന്മാരുക
ഈ ലോകത്ത് തന്നെക്കള്‍ കഷ്ടപ്പെടുന്നവരെ കാണാനുള്ള കണ്ണുണ്ടെങ്കില്‍ ഏത് വിഷാദത്തിന് മുകളിലും സന്തോഷത്തെ പ്രതിഷ്ടിക്കാന്‍ കഴിയും. കല മനസ്സിന് ആനന്ദം നല്‍കുന്ന പോലെ കാരുണ്യവും മനസ്സിന് ആനന്ദം സമ്മാനിക്കുന്നു. മനസ്സിന് സന്തോഷമുള്ളവര്‍ ചെയ്ത്കൊണ്ടിരിക്കുന്ന പ്രധാന കര്‍മ്മമാണിത്. ഒരു കവിതയുടെ ആശയം ഇങ്ങനെ: കവി സാങ്കല്‍പികമായി മെഴുക്തിരിയോട് ചോദിക്കുകയാണ്: നീ എന്ത്കൊണ്ട് ദീര്‍ഘകാലം ജീവിക്കുന്നില്ല? മെഴുക്തിരിയുടെ പ്രതികരണം: ദീര്‍ഘകാലം ജീവിക്കുക എന്നത് എന്‍റെ പ്രകൃതമല്ല. അപരര്‍ക്ക് വെളിച്ചം നല്‍കാന്‍ സ്വയം വെന്തുരുകുന്നതിലാണ് എന്‍റെ ആനന്ദം. മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയുടെ പ്രതിബിംബമാണ് നമ്മുടെ മുഖത്ത് സന്തോഷത്തിന്‍റെ ശോഭ പടര്‍ത്തുന്നത്.

3. വ്യായാമം പ്രധാനം
മനസ്സില്‍ ആനന്ദം സൂക്ഷിക്കുന്നവര്‍ ചെയ്യുന്ന മറ്റൊരു കാര്യമാണ് വ്യായാമം. ശൈശവം മുതല്‍ യൗവ്വനം വരേ നമ്മുടെ സമയത്തിന്‍റെ സിംഹഭാഗവും കവര്‍ന്നിരുന്നത് വ്യായാമവും കളിതമാശകളുമായിരുന്നുവല്ലോ? അന്നായിരുന്ന നാം ഏറ്റവും കൂടുതല്‍ സന്തോഷിച്ചിരുന്നതെന്നും നമുക്കറിയാം. പിന്നീട് ജീവിത തിരക്കിന്‍റെ ബഹളങ്ങളില്‍പ്പെട്ട് നാമത് വിസ്മരിച്ച് പോവുകയായിരുന്നു. ഇത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. പതിയെ നാം അത് വീണ്ടും പ്രാവര്‍ത്തികമാക്കിയാല്‍, ജീവിതത്തിലേക്ക് സന്തോഷം കൊണ്ട് വരാന്‍ കഴിയും. മൊബൈല്‍ പോലുള്ള ഉപകരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാലെ വ്യായാമത്തിന് സമയം കാണാനാവൂ.

4.സന്തോഷകരമായ കാര്യങ്ങള്‍ ചെയ്യൂക
ഓരോരുത്തരും അതുല്യ പ്രതിഭകളാണ്. ആരും തുല്യരല്ല. അത്പോലെ പലര്‍ക്കും പല കാര്യങ്ങള്‍ ചെയ്യുന്നതിലായിരിക്കും ആനന്ദം. ചിലര്‍ക്ക് വായനയാണെങ്കില്‍ മറ്റു ചിലര്‍ക്ക് ചിത്രരചന. വേറെ ചിലര്‍ക്ക് എഴുത്ത്. മറ്റ് ചിലര്‍ക്ക് പുന്താട്ട പരിപാലനം, ഗാനമാലപിക്കല്‍, മല്‍സ്യം പിടിക്കല്‍ തുടങ്ങി തന്‍റെ മനസ്സിനെ സ്പാര്‍ക്ക് ചെയ്യുന്ന കര്‍മ്മങ്ങള്‍ എന്താണെന്ന് തിരിച്ചറിയുകയും അതില്‍ വ്യാപൃതരാവുകയും ചെയ്യുന്നത് മനസ്സിന് അത്യധികം സന്തോഷമുളവാക്കുന്ന കാര്യമാണ്. മനസ്സിനിണങ്ങിയ എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് ദു:ഖത്തെ ഇല്ലാതാക്കാന്‍ സഹായിക്കും. മനസ്സില്‍ സന്തോഷള്ളവര്‍ ഒരു ജീവിത രീതി അതാണ്.

Also read: സമാനതകളില്ലാത്ത മനുഷ്യൻ

5. ആത്മീയ കാര്യങ്ങള്‍
ശരീരം,മനസ്സ്, ആത്മാവ് എന്നീ സുപ്രധാന ഘടകങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യന്‍. ഇതില്‍ ആത്മാവിനെ തട്ടിഉണര്‍ത്തുന്ന കര്‍മ്മമാണ് അഞ്ച് നേരത്തെ നമസ്കാരം. പ്രവാചകന്‍ തിരുമേനി അശ്വസ്ഥനാവുമ്പോഴെല്ലാം ബിലാലിനെ വിളിച്ച് അരിഹ്നീ യാ ബിലാല്‍ (എനിക്ക് ആശ്വാസം തരൂ ബിലാലെ) എന്ന് പറയുകയും അദ്ദേഹം നമസ്കാരത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു. നിര്‍ബന്ധ നമസ്കാരങ്ങള്‍ കൂടാതെ, നമ്മുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിച്ച് പലതരം നമസ്കാരങ്ങള്‍ നബി (സ) നമ്മെ പഠിപ്പിച്ചിട്ടുള്ളത് എത്ര സന്തോഷകരമായ കാര്യമാണ്. ആവശ്യപൂര്‍ത്തീകരണത്തിനുള്ള നമസ്കാരം, പാശ്ചാതാപത്തിനുളള നമസ്കാരം, നല്ലതിനെ തെരെഞ്ഞെടുക്കാനുള്ള നമസ്കാരം തുടങ്ങിയവ ഉദാഹരണം.

6. നൈസര്‍ഗ്ഗിക കഴിവുകള്‍
ഒരു പൂമൊട്ടിന് എപ്പോഴാണ് പൂര്‍ണ്ണമായ സംതൃപ്തി ലഭിക്കുക? അത് വിടരുമ്പോഴാണ്. ഒരു വിത്തിന് സംതൃപ്തി ലഭിക്കുക അത് മുളച്ച് വരുമ്പോഴാണ്. അവിടെ തന്നെ കൂമ്പടഞ്ഞ് പോയാല്‍ അതിന് അശ്വസ്ഥതയാണുണ്ടാവുക. വിടരാനിരിക്കുന്ന പൂമൊട്ടുകള്‍ പോലെ, മുളക്കാനിരിക്കുന്ന വിത്തുകള്‍ പോലെയാണ് മനുഷ്യരുടെ നൈസര്‍ഗ്ഗിക കഴിവുകള്‍. അതിന് പൂര്‍ണ്ണമായി വളര്‍ച്ച പ്രാപിക്കാന്‍ കഴിയുമ്പോള്‍ മനസ്സില്‍ രൂപപ്പെടുന്നതാണ് യഥാര്‍ത്ഥ സന്തോഷം. നൈസര്‍ഗ്ഗിക കഴിവുകള്‍ കണ്ടത്തുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക. പണമൊ പദവിയൊ സന്തോഷം നല്‍കുന്ന ചേരുവകളാകാമെങ്കിലും, ശാശ്വതമായ ആനന്ദം ലഭിക്കാന്‍ നൈസര്‍ഗ്ഗികമായ കഴിവുകളെ പോഷിപ്പിക്കുക.

Also read: ഹിജാബ് വിരുദ്ധതയും ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിയയും

7. ക്രിയാത്മക ചിന്തകള്‍
അനിയന്ത്രിതമായ ചിന്തകളുടെ ചുഴിയില്‍പ്പെട്ട് മനുഷ്യര്‍ സ്വയം കൂഴിച്ച ചിതയില്‍ വെന്തമരാറുണ്ട്. മനസ്സിന്‍റെ ഉമ്മറപ്പടിയില്‍ ഒരു കാവല്‍കാരനെ പോലെ നിലയുറപ്പിച്ചാല്‍ മാത്രമേ ഇത്തരം ചിന്തകളെ പടിക്ക് പുറത്താക്കാന്‍ കഴിയുകയുള്ളൂ. ഭൗതികമായി എന്ത് ലഭിച്ചാലും അത് താല്‍കാലികമായി സന്തോഷം നല്‍കിയേക്കാം. എന്നാല്‍ ശാശ്വതമായ സന്തോഷത്തിന്, മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയലാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ക്രിയാത്മ ചിന്തകള്‍ ഉണ്ടായാല്‍ മത്രമേ മനസ്സിനെ അത്തരമൊരു ഉദാത്തമായ അവസ്ഥയിലേക്ക് എത്തിക്കാന്‍ കഴിയുകയുള്ളൂ. മനസ്സില്‍ ആനന്ദം കാത്ത് സൂക്ഷിക്കുന്നവര്‍ പതിവാക്കുന്ന മറ്റൊരു കാര്യമാണ് മനസ്സില്‍ പോസിറ്റിവ് ചിന്തകള്‍ സൂക്ഷിക്കുക എന്നത്.

മനസ്സില്‍ സന്തോഷത്തിന്‍റെ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഏതാനും കാര്യങ്ങളാണിത്. ഇത് കൂടാതെ വേറേയും പല കാര്യങ്ങളും ഉണ്ടാവാം. ഒരു ദിവസത്തെ ഇരുപത്തിനാല് മണിക്കൂറില്‍ വിവിധ സമയങ്ങളിലായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക. ജീവിതത്തിന്‍റെ ആസ്വാദ്യത അനുഭവിക്കാം.

Related Articles