Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ഖുതുബും ഇസ്‌ലാമിക വൈജ്ഞാനിക വിപ്ലവവും

ആധുനിക ഇസ്‌ലാമിക വ്യവഹാരങ്ങളില്‍ അതുല്യ സ്ഥാനം കൈവരിച്ച ചിന്തകനാണ് ശഹീദ് സയ്യിദ് ഖുതുബ്. ഇസ്‌ലാമിക ലോകത്തു വിശ്വാസത്തിലൂന്നി നവജാഗരണത്തിനു വഴിയൊരുക്കിയ സയ്യിദ് ഖുതുബ് തന്റെ കണിശമായ സാമൂഹിക രാഷ്ട്രീയ വിമര്‍ശനത്തിന്റെയും ആദര്‍ശ സമര്‍പ്പണത്തിന്റെയും ഫലമായി രക്തസാക്ഷ്യം വരിക്കുകയാണുണ്ടായത്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക വൈജ്ഞാനിക വിപ്ലവത്തിന് ലോകതലത്തില്‍ നേതൃത്വം കൊടുത്തവരില്‍ പ്രധാനിയാണ് സയ്യിദ് ഖുതുബ്.
മുസ്‌ലിം ഭൂരിപക്ഷ നാട്ടില്‍ നിന്നുകൊണ്ട് ഇസ്‌ലാമിനെ കുറിച്ചു ചിന്തിച്ചാല്‍ അതൊക്കെ സ്‌റ്റേറ്റ് സെന്ററിക് ആയിമാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. സയ്യിദ് ഖുതുബിന്റെ ഇസ്‌ലാമിക ആശയ പ്രകാശങ്ങളെയെല്ലാം അക്രമങ്ങള്‍ക് പ്രചോദനം നല്‍കുന്നു എന്ന തരത്തിലുള്ള പ്രചാരണം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ചിന്തകളെ അപ്പാടെ അവഗണിക്കലാവും.

മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ഈജിപ്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ഇസ്‌ലാഹ് എങ്ങനെ നടപ്പാക്കണം എന്നാണ് സായ്യിദ് ഖുതുബ് പ്രധാനമായും ചിന്തിച്ചത്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍, സലഫു സാലിഹിന്റെ ജീവിത രീതികളും ആശയങ്ങളും, പ്രതികൂല സാഹചര്യങ്ങളില്‍ മുസ്‌ലിം പണ്ഡിതര്‍ സ്വീകരിച്ച നിലപാടുകള്‍, സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിന്റെയടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ വായിക്കുക എന്നിവയാണ് സയ്യിദ് ഖുതുബിന്റെ ചിന്തകളെ മുന്നോട്ട് നയിച്ചത്.
ഇമാം ഹസനുല്‍ ബന്നയുടെ സന്ദേശങ്ങള്‍ സയ്യിദ് ഖുതുബിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഈജിപ്തില്‍ താമസിക്കുമ്പോള്‍ ഇമാം ഹസനുല്‍ ബന്നയുടെ ചിന്തകളെയും പ്രവര്‍ത്തന രീതിയെയും വിമര്‍ശനാത്മകമായാണ് സയ്യിദ് ഖുതുബ് സമീപിച്ചത്. എന്നാല്‍ അമേരിക്കന്‍ യാത്രയും ഇമാം ഹസനുല്‍ ബന്നയുടെ ശഹാദത്തുമായി ചേര്‍ന്നുണ്ടായ സംഭങ്ങളാണ് ഖുതുബിനെ ഇഖ്വാനുല്‍ മുസ്‌ലിമീനിനോട് ആശയപരമായി അടുപ്പിച്ചത്. ഇസ്‌ലാമിനെ സമൂലാര്‍ത്ഥത്തില്‍ സമര്‍ഥിച്ച ഹസനുല്‍ ബന്നയുടെ ചിന്തയും ഈ ആശയത്തിന് കൂടുതല്‍ ത്വാതികമായ അടിത്തറ നല്‍കിയ മൗലാന മൗദൂദിയുമാണ് സയ്യിദ് ഖുതുബിന്റെ ഇസ്‌ലാമിക ജീവിതത്തിലെ വഴികാട്ടികള്‍.

ജാഹിലിയ്യത്തും സയ്യിദ് ഖുതുബും

വിശുദ്ധ ഖുര്‍ആനില്‍ നാലു സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ജാഹിലിയ്യത്തിന്റെ വക ഭേദങ്ങള്‍ അടിസ്ഥാനമാക്കി മൗലാന മൗദൂദി സാമൂഹിക രാഷ്ട്രീയ വിമര്‍ശനം നടത്തുന്നുണ്ട്. പൊതുവെ ജാഹിലിയ്യത് എന്നതിനെ പ്രീ പ്രോഫറ്റിക് പീരീഡ് എന്നാണ് ചരിത്ര ഗ്രന്ഥങ്ങളിലും മറ്റും കാണപ്പെടാറുള്ളത്. എന്നാല്‍ ഈ അവസ്ഥ സമയ ബന്ധിതമല്ലെന്നും ഏതൊരു സാഹചര്യത്തിലും കാണപ്പെടാന്‍ സാധ്യത ഉള്ളതാണെന്നും മൗലാന മൗദൂദി എഴുതി. വൈരാഗ്യം, വെറുപ്പ് അവ ഉത്പാദിപ്പിക്കുന്ന ചിന്തകളെ കുറിക്കുന്ന حمية الجاهلية, ഊഹത്തിന്നും അനുമാനങ്ങള്‍ക്കും അവ്യക്തതക്കും അടിസ്ഥാനത്തിലുള്ള ആശയങ്ങളെക്കുറിക്കുന്ന ظن الجاهلية അനീതിയിലതിഷ്ടിതമായ നിയമവ്യവസ്ഥകളെകുറിച്ച  حكم  الجاهلية  , അധാര്‍മികവും അതിര്‍വരമ്പുകളുമില്ലാത്ത സാമൂഹിക സാചര്യത്തെക്കുറിക്കുന്ന تبرج  الجاهلية എന്നിവയാണ് മൗലാന മൗദൂദി തന്റെ ജാഹിലിയ്യത്തിനെ കുറിച്ച ചിന്തക്കു അടിസ്ഥാനമായി സ്വീകരിച്ച ഖുര്‍ആനിക സൂക്തങ്ങള്‍.

സയ്യിദ് ഖുതുബ്, മൗലാന മൗദൂദിയുടെ ഈ ആശയത്തെ അറബ് മുസ്‌ലിം സമൂഹത്തെ പൊതുവായും ഈജിപ്ഷ്യന്‍ സമൂഹത്തെ പ്രത്യേകിച്ചും നിരൂപണം ചെയ്യാന്‍ ഉപയോഗിച്ചു. പാരമ്പര്യ മുസ്‌ലിം സമൂഹം ഇസ്‌ലാമിനെ വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ രീതിശാസ്ത്രത്തെയും ശരിയായ ഇസ്‌ലാമിന്റെ അസാന്നിധ്യം സമൂഹത്തില്‍ സൃഷ്ടിച്ച അരാജകത്വത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്രാജ്യത്വ അധിനിവേശങ്ങള്‍ ഈജിപ്തിലും അറബ് നാടുകളിലും വരുത്തിത്തീര്‍ത്ത സാംസ്‌കാരിക തകര്‍ച്ചയും ഇസ്‌ലാമിനോടുള്ള അകല്‍ച്ചയും സയ്യിദ് ഖുതുബ് കൂടുതല്‍ വിമര്‍ശനവിധേയമാക്കി.

വിദേശ അധിനിവേശങ്ങളും മുസ്‌ലിം സമുദായം തന്നെ ഈജിപ്തില്‍ വരുത്തിത്തീര്‍ത്ത ഈ സവിശേഷ സാഹചര്യത്തെ സയ്യിദ് ഖുതുബ് ജാഹിലിയ്യത് എന്ന ഖുര്‍ ആനിക സംജ്ഞ ഉപയോഗിച്ചു വിമര്‍ശന വിധേയമാക്കി. ഇസ്‌ലാഹിന്റെ അസാന്നിധ്യവും അത് മുസ്‌ലിം സമൂഹത്തില്‍ ആഴത്തില്‍ സൃഷ്ടിച്ച മുറിവും അദ്ദേഹം അനുഭവിച്ചറിഞ്ഞിരുന്നു. ഈയൊരു സഹചാര്യത്തിലാണ് ഭരണാധികാരികളെയും ഭരണ വ്യവസ്ഥയെയും ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വീക്ഷിച്ചത്. സമൂലമായ പരിവര്‍ത്തനത്തിലൂടെ ഒരു ഖുര്‍ആനിക സമൂഹത്തെ പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്. വിശ്വാസം,ധാര്‍മികത,വ്യക്തി ജീവിതത്തിലെ ശരീഅത്തിന്റെ പ്രയോഗികവത്കരണം ഇതിലൂടെ രാഷ്ട്ര നിര്‍മാണം എന്നതാണ് അദ്ദേഹം മുന്നോട്ട് വെച്ച രീതിശാസ്ത്രം.

നീതിയിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ സാമൂഹിക വ്യവസ്ഥയെ ചര്‍ച്ചാവിധേയകമാക്കുന്ന സാമൂഹിക നീതി ഇസ്‌ലാമില്‍, ഖുര്‍ആനിക തലമുറ, ഇസ്‌ലാമിക സമൂഹത്തിന്റെ രൂപീകരണം, ജിഹാദ് വിശ്വാസം സംസാരം ദേശീയത എന്നിങ്ങനെ അതിപ്രധാന വിഷയങ്ങള്‍ ഉള്‍കൊണ്ട് വഴിയടയാളങ്ങള്‍, വിശ്വാസം, ധാര്‍മികത ശരീഅത്, സാമൂഹിക വിമര്‍ശനം എന്ന രീതിയില്‍ ഖുര്‍ആനിനെ സമീപിച്ച ഖുര്‍ആനിന്റെ തണലില്‍ എന്ന തഫ്‌സീര്‍ എന്നിങ്ങനെ ഇസ്‌ലാമിന്റെ ലോക വീക്ഷണത്തെക്കുറിച്ചും രാഷ്ട്രീയ ഭാവനകളെക്കുറിച്ചും വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ മറ്റു രചനകളും ഇസ്‌ലാമിക ബൗദ്ധിക വ്യവഹാരങ്ങളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

സയ്യിദ് മൗദൂദി, അബുല്‍ ഹസന്‍ അലി നദ്വി,അല്ലാമാ ഇക്ബാല്‍, സര്‍ സയ്യിദ് അഹ്മദ് ഖാന്‍, മുഹമ്മദ് അസദ്, മഹ്മൂദ് അബ്ബാസ് അല്‍ അഖാദ്, മുഹമ്മദ് അല്‍ ബാഹി അടക്കമുള്ള ലോക പ്രസിദ്ധ പണ്ഡിതരുടെ രചനകള്‍ അദ്ദേഹം തന്റെ വിമര്‍ശന പഠനങ്ങള്‍ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഇഖ്വാനുല്‍ മുസ്‌ലിമിനോടുള്ള വിരോധം, അദ്ദേഹത്തിന്റെ ഇസ്‌ലാമേതര ആശയങ്ങളോടുള്ള വിമര്‍ശനാത്മകമായ സമീപനം,ഇസ്‌ലാമിക/ മുസ്‌ലിം ക്ഷേമ തത്പരരല്ലാത്ത ഭരണകൂടങ്ങളോടുള്ള ഇസ്‌ലാമിക പ്രമാണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കര്‍ക്കശമായ നിലപാട് എന്നിവയെല്ലാം സയ്യിദ് ഖുതുബിനെ കൂടുതല്‍ വിവാദ പുരുഷനാക്കി മാറ്റി.

എന്നാല്‍ ഇതിനെ ഇഖ്വാന്‍ പ്രവര്‍ത്തകരില്‍ ചിലര്‍ തെറ്റിദ്ധരിക്കുകയും സമൂഹം മുഴുക്കെ അരാജകത്വം നിലനില്‍ക്കുന്നു എന്ന് പ്രഖ്യാപിക്കുകയും വേണ്ടിവന്നാല്‍ സായുധമായിത്തന്നെ നേരിടണമെന്ന് വാദിക്കുകയും ചെയ്തു. ഈ വിഭാഗം ജംഇയ്യത്തുല്‍ തക്ഫീര്‍ വല്‍ ഹിജ്‌റ എന്ന് വിളിക്കപ്പെട്ടു. സയ്യിദ് ഖുതുബ് സമൂഹത്തിന്റെ ഗതിവിഗതികളെ ഇസ്‌ലാമിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് വിമര്‍ശിച്ചിട്ടുണ്ടെകിലും ഒരിക്കലും അക്രമോത്സുകതയെ പ്രോത്സാഹിപ്പിചിട്ടില്ല. എന്നാല്‍ നിലവില്‍ ഐസിസ,് അല്‍ ഖായിദ അടക്കമുള്ള നിഗൂഢ സംഘടനകളോട് ചേര്‍ത്ത് സയ്യിദ് ഖുതുബിന്റെ ചിന്തകളെ ചേര്‍ത്തുവായിക്കുന്നത് ഇസ്‌ലാമിക നവോത്ഥാനത്തില്‍ അനിഷേധ്യമായ ചലനം സൃഷ്ടിച്ച ഒരു ചിന്തകന്റെ സംഭാവനകളെ തിരസ്‌കരിക്കുന്നതിനു തുല്യമാണ്.

Related Articles