Current Date

Search
Close this search box.
Search
Close this search box.

തൗബയും ഇസ്തിഗ്ഫാറും മനസ്സിനുള്ള ചികിത്സയോ?

പശ്ചാത്താപവും പാപമോചനം തേടലും മനസ്സിനുള്ള ചികിത്സയാണോ? തെറ്റുകളില്‍ പശ്ചാതപിക്കുകയോ വീഴ്ച്ചകളില്‍ പാപമോചനം തേടുകയോ ചെയ്ത ശേഷം നിരവധിയാളുകള്‍ക്ക് മനസ്സിന് സ്വസ്ഥതയും സമാധാനവും അനുഭവപ്പെടുന്നതിനാലാണ് ഞാനീ ചോദ്യം ചോദിക്കുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് തെറ്റുകള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ ആ തെറ്റുകളും പാപങ്ങളുമുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു തെറ്റു ചെയ്യുമ്പോള്‍, അത് സ്വന്തത്തോടാണെങ്കിലും സഹസൃഷ്ടികളോടാണെങ്കിലും സ്രഷ്ടാവിനോടാണെങ്കിലും അതിലേര്‍പ്പെടുന്ന മനുഷ്യന്റെ മനസ്സില്‍ ആദ്യം അനുഭവപ്പെടുന്ന വികാരം ദുഖമാണ്. അസ്വസ്ഥത, സംഘര്‍ഷം, വിഷാദം തുടങ്ങിയ വികാരങ്ങളും അതിനെ തുടര്‍ന്ന് വരുന്നു. ചിലരെല്ലാം സ്വന്തത്തെ തന്നെ വെറുക്കുന്ന അവസ്ഥയിലെത്തുന്നു. ഈ ലോകത്ത് നിന്ന് തന്നെ രക്ഷപ്പെടാനായെങ്കില്‍ എന്നായിരിക്കും അവര്‍ ആലോചിക്കുക. കടുത്ത നിരാശയിലും വേദനയിലുമായിരിക്കും അവരുടെ ജീവിതം. ചിലരെല്ലാം സ്വന്തത്തോടുള്ള വെറുപ്പ് കാരണം ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നു. അതോടൊപ്പം തന്നെ സ്വന്തത്തിലുള്ള വിശ്വാസം ദുര്‍ബലപ്പെടുകയും ചെയ്യുന്നു.

മേല്‍പറഞ്ഞ ദോഷങ്ങളെല്ലാം തന്നെ മനസ്സുമായി ബന്ധപ്പെട്ട വികാരങ്ങളാണ്. പശ്ചാത്താപത്തിലും പാപമോചനത്തിലും അതിന്നുള്ള ചികിത്സയുണ്ട്. കാരണം പശ്ചാത്താപം മനസ്സിന്റെ സന്തുലിതത്വം വീണ്ടെടുക്കുകയും പശ്ചാതപിക്കുന്ന വ്യക്തിക്ക് ശുഭപ്രതീക്ഷയുടെ ചൈതന്യം പകരുകയും ചെയ്യുന്നു. സ്വന്തത്തെയും ജീവിതത്തെയും സംബന്ധിച്ച പുതുപ്രതീക്ഷകളും അതിലൂടെ ലഭിക്കുന്നു. പാപങ്ങളുടെയും തെറ്റുകളുടെയും ബന്ധനത്തില്‍ നിന്ന് മോചിതനാകുന്നതിനാല്‍ അതിലവന്‍ സന്തോഷം അനുഭവിക്കുന്നു. പശ്ചാത്താപം മനസ്സിനെ കഴുകുകയും അതിന്റെ ഭാരങ്ങളും ദുഖങ്ങളും നീക്കികളയുകയും ചെയ്യുന്നു. പശ്ചാത്താപവും പാപമോചനവും മനുഷ്യനില്‍ മാന്ത്രികഫലമാണുണ്ടാക്കുന്നത്. മാത്രമല്ല, സ്വന്തത്തെ വിലകല്‍പ്പിക്കാത്ത വികാരത്തില്‍ നിന്നും പശ്ചാത്താപം മനസ്സിന് മോചനം നല്‍കുന്നു. സ്വന്തത്തിലുള്ള വിശ്വാസവും അത് വീണ്ടെടുത്ത് നല്‍കുന്നു. സ്വന്തത്തോട് പോരാടുകയും വിലമതിക്കാതിരിക്കുകയും വെറുക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നിന്ന് അതിന്റെ നന്മകളും തിന്മകളും ഉള്‍ക്കൊണ്ട് കൊണ്ട് അതിനെ സ്വീകരിക്കാന്‍ മനസ്സിനെയത് പ്രാപ്തമാക്കുന്നു. വിജയത്തിന്റെ പാതയില്‍ വിലങ്ങുതടിയായി നില്‍ക്കുന്ന ഭയത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും പശ്ചാത്തപിക്കുന്നവന്‍ മോചിതനാവുന്നു. മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നേരിടുന്നതിലും മനുഷ്യനത് കരുത്ത് പകരുന്നു. കാരണം പശ്ചാത്തപിക്കുന്നവന്‍ തന്റെ രക്ഷിതാവിലാണ് അഭയം തേടിയിരിക്കുന്നത്. അവന്റെ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് നാഥന്റെ കാരുണ്യത്തിലും വിട്ടുവീഴ്ച്ചയിലുമാണ്. സ്വന്തത്തോടും നാഥനോടുമുള്ള ബന്ധം ശരിയാകുമ്പോള്‍ അവന്റെ കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കും. അതിലൂടെ മാനസികമായ സ്വസ്ഥതയും ശാന്തതയും ലഭിക്കുന്നു. മനസ്സിനുള്ള ചികിത്സയുടെ ലക്ഷ്യം അതുതന്നെയാണല്ലോ. അതുകൊണ്ടു തന്നെ പശ്ചാത്താപം മനസ്സിനുള്ള ചികിത്സയാണ്.

Also read: സഹധര്‍മ്മിണിയും ഖലീഫ ഉമറും

പശ്ചാത്താപം അല്ലാഹുവിന്റെ സ്‌നേഹത്തിനും സന്തോഷത്തിനും കാരണമാകുന്നുവെന്ന് അറിയുന്ന വ്യക്തി തന്റെ പശ്ചാതാപത്തില്‍ ഉറച്ചു നില്‍ക്കുന്നു. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെയും വിശുദ്ധരായവരെയും ഇഷ്ടപ്പെടുന്നു.” തന്റെ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാതിരിക്കാന്‍ അതവനെ സഹായിക്കുന്നു. പശ്ചാത്താപത്തിലുടെ ലഭിക്കുന്ന ഏറ്റവും വലിയ ഫലം അവന്റെ തിന്മകളെ നന്മകളാക്കി മാറ്റുന്നുവെന്നതാണ്. അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുക, കൊലപാതകം, വ്യഭിചാരം തുടങ്ങിയ കടുത്ത ശിക്ഷക്ക് കാരണമാകുന്ന ഗുരുതരമായ പല പാപങ്ങളെയും കുറിച്ച് പരാമര്‍ശിച്ചതിന് ശേഷമാണ് അല്ലാഹു ഇങ്ങനെ പറയുന്നത്: ”പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുകയും ചെയ്തവനൊഴിച്ച്. അത്തരം ജനത്തിന്റെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റിക്കൊടുക്കുന്നതാകുന്നു.” (അല്‍ഫുര്‍ഖാന്‍: 70) തിന്മകളെ നന്മകളാക്കി മാറ്റുമെന്നത് പശ്ചാത്തപിക്കാനുള്ള വലിയ പ്രോത്സാഹനവും മാനസികാശ്വാസവുമാണ് മനുഷ്യന് നല്‍കുന്നത്.

എന്നാല്‍ തൗബ ശരിയാകുന്നതിന് ചില നിബന്ധനകളുണ്ട്. അതില്‍ ഒന്നാമത്തേത് ചെയ്ത തെറ്റിലുള്ള ആത്മാര്‍ത്ഥമായ ഖേദമാണ്. തെറ്റ് പൂര്‍ണമായും ഉപേക്ഷിക്കലാണ് രണ്ടാമത്തേത്. അതേ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള അതീവ ജാഗ്രതയാണ് മൂന്നാമത്തേത്. അതേസമയം പാപമോചനം (ഇസ്തിഗ്ഫാര്‍) നാവ് കൊണ്ട് ഉച്ചരിക്കുന്ന വചനമാണ്. ഒരു തരത്തിലുള്ള ദിക്‌റാണത് (ദൈവസ്മരണ). അത് ചെയ്യുന്നവന് പ്രതിഫലം രേഖപ്പെടുത്തപ്പെടുകയും അവന്റെ വീഴ്ച്ചകള്‍ മായ്ച്ചു കളയപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം ആന്തരിക സമാധാനവും സംതൃപ്തിയും അനുഭവിക്കാനും സാധിക്കുന്നു.

തൗബയും ഇസ്തിഗ്ഫാറും സന്തുഷ്ട ജീവിതത്തിന്റെ രഹസ്യമാണ്. പ്രവാചകന്‍മാര്‍ തൗബ ചെയ്യുന്നവരായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് കാണാം. മതില് ചാടിക്കടന്ന് തന്റെ മുമ്പില്‍ പരാതിയുമായി ഒരാളെത്തിയപ്പോള്‍ ഒരാളുടെ വാദം മാത്രം കേട്ട് വിധികല്‍പ്പിച്ചതില്‍ അദ്ദേഹം പശ്ചാത്തപിച്ചു. അല്ലാഹുവിനെ കാണണം എന്നാവശ്യമുന്നയിച്ചതില്‍ മൂസാ നബിയും പശ്ചാത്തപിച്ചു. തന്നെ അനുസരിക്കാതിരുന്ന ജനതയെ ഉപേക്ഷിച്ച് പോയതില്‍ യൂനുസ് നബിയും പശ്ചാതപിച്ചു. അപ്രകാരം പ്രവാചകന്‍ മുഹമ്മദ്(സ) വളരെയേറെ പാപമോചനം തേടിയിരുന്നു. ഓരോ സദസ്സിലും അദ്ദേഹം ഇങ്ങനെ പറയാറുണ്ടായിരുന്നു: ”അല്ലയോ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക, ഞാന്‍ നിത്യേനെ നൂറ് തവണ അല്ലാഹുവോട് പശ്ചാതപിക്കാറുണ്ട്.”

Also read: കോവിഡ് 19: പോസിറ്റീവ് ചിന്ത കൊണ്ടുവരാവുന്ന ചില മാറ്റങ്ങൾ

മനുഷ്യന്‍ പ്രകൃത്യാ ദുര്‍ബലനും വീഴ്ച്ചകള്‍ സംഭവിക്കുന്നവനുമാണ്. അതേസമയം തൗബയും ഇസ്തിഗ്ഫാറും അവന് ശക്തിയും കരുത്തും പകരുന്നു. അവ രണ്ടും അവന്റെ തെറ്റുകളെ മായ്ക്കുകയും സ്വന്തത്തോടുള്ള കാഴ്ച്ചപ്പാടിനെ ശരിയാക്കുകയും ചെയ്യുന്നു. രോഗങ്ങള്‍ ശാരീരികം, മാനസികം എന്നിങ്ങനെ രണ്ട് തരമാണെന്നത് സുപരിചിതമാണ്. ശാരീരിക രോഗങ്ങള്‍ അതിന്റെ ലക്ഷണങ്ങളിലൂടെയോ എക്‌സറേ പോലുള്ള പരിശോധനകളിലൂടെയോ തിരിച്ചറിയാനാകും. അതേസമയം തെറ്റുകളുടെ ഫലമായി മനസ്സിനെ ബാധിക്കുന്ന രോഗങ്ങളെ തിരിച്ചറിയുക അത്ര എളുപ്പമല്ല. വ്യഥയും ദുഖവുമായിട്ടാണത് പ്രകടമാവുക. അതിനുള്ള ചികിത്സ പശ്ചാത്താപവും അല്ലാഹുവിലുള്ള വിശ്വാസവും പ്രാര്‍ഥനയും ദൈവഭക്തിയുമാണ്. അതുകൊണ്ടാണ് തൗബയും ഇസ്തിഗ്ഫാറും മനസ്സിനുള്ള ചികിത്സയാണെന്ന് നാം പറയുന്നത്. കാരണം മനസ്സ് സംസ്‌കരിക്കപ്പെട്ടാല്‍ മുഴുശരീരവും സംസ്‌കരിക്കപ്പെട്ടു.

വിവ. അബൂഅയാശ്

Related Articles