Current Date

Search
Close this search box.
Search
Close this search box.

സംരക്ഷകനായി നാഥനുണ്ട്

protect.jpg

ജാഹിലിയ്യാ അറബികളെ സംബന്ധിച്ചേടത്തോളം ആന ആധുനിക അറബ് സമൂഹത്തില്‍ ആണവായുധത്തിന്റെയും മിസൈലിന്റെയും സ്ഥാനത്തായിരുന്നു.  അവരുടെ രാജ്യത്ത് അതില്ലാതിരുന്നതിനാല്‍ അവര്‍ക്ക് പരിചയമില്ലാത്ത ഈ ആനയെ കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കുന്ന അവര്‍ക്ക്  അതിന്റെ ഉപദ്രവത്തെ  എങ്ങനെ പ്രതിരോധിക്കണമെന്നും അറിയില്ലായിരുന്നു.

അവരതാ അബ്‌സീനിയക്കാരാല്‍ വാഴിക്കപ്പെട്ട യമന്‍ രാജാവ് ആനപ്പടയുമായി അവരെ ലക്ഷ്യമിട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഉടനെ ആനപ്പട തങ്ങളേയും തങ്ങളുടെ സ്വത്തുക്കളെയും നശിപ്പിച്ചു കളഞ്ഞേക്കുമോ എന്ന് ഭയന്ന് കഅ്ബയെ അല്ലാഹു സംരക്ഷിക്കുമെന്ന് ഉറപ്പിച്ച് കഅ്ബയെ വിട്ട് അവര്‍ കുടുംബസമേതം ഇറങ്ങി പുറപ്പെടുകയായി. അല്ലാഹു അറബികള്‍ക്ക് തീര്‍ത്തും അപരിചിതമായ തിഹാവയിലോ നജ്ദിലോ കാണപ്പെടാത്ത അജ്ഞാത പക്ഷിയെ അവന്റെ അടുത്തു നിന്ന് അവരിലേക്ക് അയച്ച് ആ പടയെ നേരിടുന്നു.

തികച്ചും നിഗൂഢമായ പക്ഷി. നിഗൂഢത യുദ്ധ വിജയത്തിന്ന് പരമപ്രധാനമായ കാരണമാണല്ലോ? എവിടെ നിന്നാണത് വരുന്നതെന്നോ എങ്ങനെയാണതിനെ നേരിടുകയെന്നോ അവര്‍ക്കറിയില്ല. കാഴ്ചയില്‍ ചെറുതും നിസ്സാരവുമായ പക്ഷി. എന്നാല്‍ ഫലത്തില്‍ അപ്രതിരോധ്യമായ മാരകായുധം! ഭീമാകാരമായ മനുഷ്യ ശരീരത്തെ വീഴ്ത്തി നശിപ്പിച്ചു കൊന്നു കളയുന്ന മാരക പദാര്‍ഥങ്ങള്‍ ഊട്ടപ്പെട്ട പക്ഷി. അവിടെ നിന്ന് ഓടിപ്പോയവരല്ലാതെ ഒരാളും അതില്‍ നിന്ന് രക്ഷപ്പെട്ടില്ല.

ഇബ്‌നു അബ്ബാസ് (റ) പറയുന്നു. ”അല്ലാഹു ആനപ്പടയുടെ മേല്‍ കല്ല് വര്‍ഷിച്ചു. ആ കല്ല് ചെന്നുപതിക്കുന്ന ശരീരഭാഗം വസൂരി കണക്കെ പൊള്ളി വീര്‍ത്ത് വ്രണമാവുമായിരുന്നു. ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കപ്പെട്ട പക്ഷികള്‍ക്ക് ഉന്നം പിഴച്ചതേയില്ല. അതോടെ ആ യുദ്ധസേന ഉണങ്ങിയ വൈക്കോല്‍തുരുമ്പ് പോലെ ചിന്നിച്ചിതറിയ കരിയിലക്ക് സമാനം തകര്‍ന്ന് നാമാവശേഷമാവുന്നു.

കേവലം കല്ലായ കഅ്ബയെ അബ്‌സീനിയക്കാരുടെയും അവരുടെ പ്രബൃതികളുകളുടെയും കുതന്ത്രത്തില്‍ നിന്ന് സംരക്ഷിച്ച അല്ലാഹു നബിയേയും സത്യവിശ്വാസികളായ അനുയായികളേയും അല്ലാഹുവിന്റെ പ്രയപ്പെട്ടവരെയും എല്ലായിടത്തും എക്കാലത്തും സംരക്ഷിക്കുക തന്നെ ചെയ്യും. തീര്‍ച്ച.
കഅ്ബയെ നോക്കി നബി (സ) പറഞ്ഞു. ”നീയെത്ര മനോഹരി! നിന്റെ പരിമളം എത്ര ഹൃദ്യം! നീയെത്ര മഹത്തരം! മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെക്കൊണ്ട് സത്യം. അല്ലാഹുവിന്റെ അടുക്കല്‍ സത്യവിശ്വാസിക്ക് എത്ര പവിത്രത! നിന്റെ അടുക്കല്‍ അവന്റെ രക്തത്തിനും ധനത്തിനുമുള്ള പവിത്രതയേക്കാള്‍ അതെത്ര മഹത്തരം!” (ഇബ്‌നുമാജ)

കണക്കില്ലാതെ ഇന്ന് ചിന്തപ്പെടുന്ന മുസ്‌ലിം രക്തം അതിനുത്തരവാദികള്‍ക്ക് ദൈവശിക്ഷ ഉറപ്പാണ്. ശാമിലും മറ്റും കുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധന്മാരെയും കൊന്നൊടുക്കുന്ന അതിക്രമകാരികളെ അല്ലാഹു അതികഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും. ”അല്‍പ കാലത്തിനു ശേഷം നിങ്ങളതിന്റെ വിവരം അറിയക തന്നെ ചെയ്യും.” (സ്വാദ് 88)

നബി(സ)യുടെ നിയോഗത്തെയും ശിര്‍ക്കിനെതിരെ ഏകദൈവ സിദ്ധാന്തത്തിന് ലഭിക്കുന്ന വിജയത്തെയും കുറിക്കുന്ന അസാധാരണ സംഭവമായിട്ടാണ് നബിതിരുമേനി ജനിച്ച വര്‍ഷം ആന സംഭവം നടന്നത്. ”മൂസയുടെ മാതാവിന്ന് അവനെ മുലയൂട്ടണമെന്ന് നാം ദിവ്യ ബോധനം നല്‍കി” മൂസാ സംഭവത്തിലെ   ഈ ദിവ്യബോധനം ഭൂമിയില്‍ പീഢിതര്‍ക്ക് ആധിപത്യം നല്‍കാനും ഫറോവയെയും സൈന്യങ്ങളെയും ശിക്ഷിക്കാനുമുള്ള ആദ്യ പടി ആയതുപോലെ.

പക്ഷേ ജനങ്ങള്‍ക്ക് ധൃതിയാണ്. എന്നാല്‍ അല്ലാഹുവിന്ന് ധൃതിയേ ഇല്ല. അവന്‍ അക്രമിക്ക് ദീര്‍ഘകാലം സുഖിക്കാനവസരം നല്‍കും. എന്നാല്‍ അവന്‍ അക്രമിയെ പിടികൂടിയാലോ, പിന്നീടൊരിക്കലും മോചനവുമുണ്ടാവില്ല. ”ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരാക്കാനും അവരെത്തന്നെ അനന്തരാവകാശികളാക്കാനും നാം ഉദ്ദേശിക്കുന്നു” എന്ന അല്ലാഹുവിന്റെ വാഗ്ദാനം സത്യമായി പുലരും.

ആന സംഭവം വിവരിക്കുന്നേടത്ത് അല്ലാഹു ആനക്കാരെ അവന്‍ എന്തു ചെയ്തുവെന്ന് നോക്കാനാണ് ആഹ്വാനം ചെയ്യുന്നത്. അവരുടെ ഗൂഢാലോചനയും ആസൂത്രണവും എന്തായിരുന്നുവെന്ന് നോക്കാനല്ല അവന്‍ ആവശ്യപ്പെടുന്നത്. അവര്‍ നടത്തിയ ആസൂത്രണവും അതിന്റെ വിശദീകരണങ്ങളും അവന്‍ പരാമര്‍ശിക്കുന്നതേയില്ല. അവരുടെ കുതന്ത്രങ്ങളപ്പാടെ വളരെ പെട്ടെന്ന് പരാജയപ്പെടുകയും നിഷ്ഫലമാവുകയുമാണുണ്ടായത്.

അതിനാല്‍ വിശ്വാസി സച്ചരിതനും സദുദ്ദേശമുള്ളവനുമാവുകയാണ് ആദ്യം വേണ്ടത്. ”ആ പരലോക ഭവനം ഭൂമിയില്‍ അഹങ്കാരികളാവാനും നാശകാരികളാവാനും ആഗ്രഹിക്കാത്ത ജനത്തിനാണ് നാം നല്‍കുക. അന്തിമ വിജയം ഭക്തന്മാര്‍ക്ക് മാത്രമാണ് (അല്‍ഖസസ് : 83) എന്ന ദൈവിക വചനം അന്വര്‍ഥമാം വിധം പ്രയോഗവല്‍ക്കരിക്കുകയും വേണം.

വിനയാന്വിതനും തളരിതഹൃദയനുമായി അവന്‍ അല്ലാഹുവിനോടടുക്കണം. നൈരാശ്യമോ ആലസ്യമോ ഒട്ടും അരുത്. സഹായവും വിജയവും രക്ഷയും അല്ലാഹുവിങ്കല്‍ നിന്നാണെന്നും അവന്നു കഴിയാത്തതായി ഒന്നുമില്ലെന്നും അവന്‍ ഉറച്ചു വിശ്വസിക്കണം. ”അവന്‍ പൂര്‍വിക ആദ് വര്‍ഗത്തെ നശിപ്പിച്ചു, സമൂദ് ഗോത്രത്തെ തുടച്ചു നീക്കി. ആരെയും അവശേഷിപ്പിച്ചില്ല. അവര്‍ക്കു മുമ്പ് നൂഹിന്റെ ജനതയെയും നശിപ്പിച്ചു. എന്തുകൊണ്ടെന്നാല്‍ അവര്‍ ഏറ്റം അതിക്രമകാരികളും ധിക്കാരികളുമായിരുന്നു. കീഴ്‌മേല്‍ മറിഞ്ഞ പട്ടണത്തെയും അവന്‍ പൊക്കിയെറിഞ്ഞു.” (അന്നജമ് 50, 51, 52, 53) ഇവിടെ സൂചിപ്പിക്കപ്പെട്ട ജനസമൂഹങ്ങളെയെല്ലാം നശിപ്പിച്ചതുപോലെ അവന്റെ അക്രമികളായ ശത്രുക്കളെ നശിപ്പിക്കുക അല്ലാഹുവിന്ന് എളുപ്പമാണെന്ന ദൃഢവിശ്വാസവും അവന്ന് വേണം.

തന്റെ സഹോദരങ്ങളെ ധനം കൊണ്ടോ ചികിത്സ കൊണ്ടോ വാക്ക് മൂലമോ പ്രതിരോധിക്കുവാന്‍ ശേഷിയുണ്ടായിട്ടും അനങ്ങാപാറ നയം സ്വീകരിക്കുന്നവന്‍ നാശത്തിന്റെ വക്കിലാണ്. പദവിയും സ്ഥാനവുമനുസരിച്ച് ഓരോരുത്തരുടെയും ഉത്തരവാദിത്തം വര്‍ധിക്കുന്നു. അധികാരവും സ്വാധീനവുമുള്ളവര്‍ ഈ രംഗത്ത് അവരുടെ ബാധ്യത നിറവേറ്റാതിരുന്നാല്‍ ഗുരുതരമായ ഭവിഷ്യത്തിനെ അവര്‍ നേരിടേണ്ടതായി വരും. അല്ലാഹുവിന്റെ ശിക്ഷയെ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടവരും അവര്‍ തന്നെ.

അബീസീനിയക്കാരായ ആനക്കാരും അവരുടെ പിന്നിലുണ്ടായിരുന്ന യമനിലെ രാജാക്കന്‍മാരും അവരുടെ പൂര്‍വഗ്രന്ഥങ്ങളില്‍ നിന്നും പരമ്പരാഗത വിശ്വാസങ്ങളില്‍ നിന്നും വിശുദ്ധ ഭവനം തകര്‍ക്കുക എന്നത്  പുണ്യകര്‍മമാണെന്ന് ധരിച്ച് ഈ ശ്രേഷ്ഠത നേടിയെടുക്കുവാന്‍ അവര്‍ അഹമിഹയാ മുന്നോട്ട് വന്നിട്ടുണ്ടാവണം. നിധി പുറത്തെടുക്കാന്‍ ലക്ഷ്യമിട്ട് അബ്‌സീനിയക്കാരനായ ഇരു ചെറുകണങ്കാലി കഅ്ബ തകര്‍ക്കാന്‍ ഉദ്യമിക്കുമെന്നും എന്നാല്‍ ഭൂമിയില്‍ അല്ലാഹുവിനെ സ്മരിക്കുകയും പരിശുദ്ധ ഭവനത്തിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയും ഏകദൈവത്വം ഉദ്ഘാഷിക്കുകയും ചെയ്യുന്നവരുള്ള കാലത്തോളം ഇത് സംഭവ്യമല്ല എന്നും ശരിയായ റിപ്പോര്‍ട്ടുകളില്‍ നമുക്ക് കാണാം.

മൊഴിമാറ്റം: കെ.കെ. ഫാതിമ സുഹ്‌റ

Related Articles