Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ മാത്രം മുസ്‌ലിമാകുന്നവര്‍

യാദൃശ്ചികമായി ഒരു കൂട്ടുകാരിയെ ഈയിടെ കണ്ടുമുട്ടിയപ്പോള്‍ അവള്‍ ഹിജാബ് ധരിച്ചിരിക്കുന്നു. അവളുടെ മാറ്റത്തില്‍ ഞാനവളെ അഭിനന്ദിച്ചു. അപ്പോള്‍ അവളുടെ മറുപടി ഇതായിരുന്നു: ‘ഹേയ്.. ഇത് ഞാന്‍ സ്ഥിരമാക്കുന്നൊന്നുമില്ല, റമദാനു വേണ്ടി മാത്രം.’
തിരിച്ചൊന്നും പറഞ്ഞില്ല.
ഇതുപോലെ ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. റമദാനില്‍ മാത്രം ഹിജാബ് ധരിക്കുന്ന സ്‌കൂള്‍പെണ്‍കുട്ടികളെയും പ്രായമുള്ള ഉമ്മമാരെയും കണ്ടിട്ടുണ്ട്. റമദാനില്‍ മാത്രം അഞ്ച് നേരം നമസ്‌കരിക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും, ദാനധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാരെയും കണ്ടിട്ടുണ്ട്.

ബഹുഭൂരിപക്ഷം മുസ്‌ലിംകളും സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായി റമദാനില്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും റമദാന്‍ അവസാനത്തോടെ എല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഈജിപ്തില്‍ റമദാനായി കഴിഞ്ഞാല്‍ റമദാന്‍ പാക്കേജ് എന്ന പേരില്‍ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണം വ്യാപകമായി വിതരണം ചെയ്യപ്പെടുന്നത് കാണാം. എന്നാല്‍ ഇത്തരം സഹായങ്ങള്‍ വര്‍ഷം മുഴുവനും തുടരാനുള്ള ആവശ്യം പലരുമുന്നയിക്കുന്നുണ്ട്. കാരണം അവരെപ്പോഴും ആവശ്യക്കാരാണ്.

സീസണല്‍ ആരാധന
എല്ലാ വര്‍ഷം റമദാന് തൊട്ടുമുമ്പത്തെ ആഴ്ചകളില്‍ മുസ്‌ലിംകള്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങും: റമദാന് എന്താണ് പരിപാടി? നിങ്ങളെങ്ങനെയാണ് ആരാധനാകര്‍മ്മങ്ങളൊക്കെ വര്‍ധിപ്പിക്കാന്‍ പോകുന്നത്? വലിയ വലിയ ലക്ഷ്യങ്ങള്‍ മനസില്‍ കണ്ട് പോയവര്‍ഷത്തെ റെക്കോഡ് മറികടക്കണമെന്നൊക്കെയുള്ള ചിന്തയില്‍ മുസ്‌ലിംകള്‍ അഭിരമിക്കും.

കൂടുതല്‍ നല്ലവരാകാന്‍, കൂടുതല്‍ പ്രാര്‍ഥനാനിരതരാവാന്‍, ഖുര്‍ആന്‍ പരായണം ചെയ്യാന്‍, പരദൂഷണത്തില്‍ നിന്നും മറ്റ് അനാവശ്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനെല്ലാം എല്ലാ റമദാനും നിങ്ങളെ നിര്‍ബന്ധിക്കുന്നു. നമ്മുടെ സല്‍ക്കര്‍മങ്ങള്‍ക്കെല്ലാം അനേകം മടങ്ങ് പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടതാണ് വര്‍ഷത്തിലെ ഒമ്പതാം മാസമായ റമദാനില്‍. എന്നാല്‍ വില്‍പന വര്‍ധിപ്പിക്കാന്‍ സംഘടിപ്പിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലുകളോടുള്ള സമീപനമാണഅ പല മുസ്‌ലിംകളും റമദാനോട് സ്വീകരിക്കുന്നത്.

റമദാന് ശേഷം ഇതൊന്നും നിലനിര്‍ത്താന്‍ തങ്ങള്‍ക്കാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ പരമാവധി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തുകൂട്ടാന്‍ പരിശ്രമിക്കുന്നവരാണ് മിക്കയാളുകളും. റമദാന് ശേഷം കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം കുറയുന്നു എന്നാണവര്‍ കരുതുന്നത്. രക്ഷിതാവായ അല്ലാഹുവുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനാണ് നാം ഈ സമ്മര്‍ദ്ദങ്ങളെ ഉപയോഗിക്കേണ്ടത്. എന്നാല്‍ റമദാന് ശേഷം തുടരാനാവില്ലെന്ന മനസ്സോടെ റമദാനില്‍ മാത്രം ചില മതചിട്ടകള്‍ രൂപപ്പെടുത്തുന്നതിന്റെ അര്‍ത്ഥം അല്ലാഹുവുമായുള്ള നമ്മുടെ ബന്ധത്തിന് നാം ഗൗരവം വേണ്ടത്ര നല്‍കുന്നില്ലെന്നാണ്. ഇത് അമുസ്‌ലിംകള്‍ക്ക് മുമ്പാകെ നമ്മെ കുറിച്ച് മോശം പ്രതിഛായ സൃഷ്ടിക്കുന്നുണ്ടെന്ന് പറയേണ്ടതില്ലല്ലോ.

ദുല്‍ഹജ്ജിന്റെ ആദ്യത്തെ പത്ത്, ഉംറ യാത്ര, കുട്ടികളുടെ പരീക്ഷ കാലം, എന്നിങ്ങനെ ആരാധനക്ക് വേറെയും ചില സീസണുകളുണ്ട് മിക്കയാളുകള്‍ക്കും.

ഗുരുവിന്റെ ഉപദേശം
റമദാനുള്ള ഒരുക്കങ്ങളെ കുറിച്ച് ഉപദേശം തേടിയ ശിഷ്യരോട് എന്റെ ഗുരു അവരെ പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ഒരു ഹദീസ് ചൂണ്ടിക്കാണിച്ചു: ‘നിങ്ങളുടെ കര്‍മ്മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം തുടര്‍ച്ചയായി കൃത്യതയോടെ നിങ്ങള്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളാണ്. അത് എത്ര ചെറുതായാലും.’

അദ്ദേഹം ഒരു ആയത്ത് കൂടി കേള്‍പ്പിച്ചു: ‘പറയുക: ”ഞാന്‍ നിങ്ങളോട് ഒന്നേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിനെ ഓര്‍ത്ത് നിങ്ങള്‍ ഓരോരുത്തരായോ ഈരണ്ടുപേര്‍ വീതമോ എഴുന്നേറ്റുനില്‍ക്കുക. എന്നിട്ട് ചിന്തിക്കുക. അപ്പോള്‍ ബോധ്യമാകും. നിങ്ങളുടെ കൂട്ടുകാരന് ഭ്രാന്തില്ലെന്ന്. കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കുംമുമ്പെ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവന്‍ മാത്രമാണ് അദ്ദേഹമെന്നും.”

അദ്ദേഹത്തിന്റെ ഉപദേശം വളരെ ചിന്തനീയമാണ്. പുണ്യം നേടാന്‍ വേണ്ടിയല്ല നാം നമ്മുടെ സൃഷ്ടാവിനെ ആരാധിക്കുന്നത്. പകരം, അല്ലാഹു ആരാധിക്കപ്പെടേണ്ടവുനും അനുസരിക്കപ്പെടേണ്ടവനുമാണെന്ന് നാം തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നാം അവനെ ആരാധിക്കേണ്ടത്. നാം ചെയ്യുന്നതിന്റെ പ്രതിഫലനം എന്തു തന്നെയായാലും അല്ലാഹുവിനെ തുടര്‍ന്നും അനുസരിക്കേണ്ടത് നമ്മുടെ ബാധ്യതയത്രേ. സീസണലായല്ല, അല്ലാഹുവും നമ്മളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ദൃഢീകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നാം തുടര്‍ന്നും മുഴുകണം. തങ്ങളുടെ ഇഛകളോട് അവിരാമമായ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് മുസ്‌ലിംകള്‍.

നമ്മുടെ തെറ്റുകളെ സംബന്ധിച്ച് നമുക്ക് ബോധ്യമുണ്ട്. നാം വിട്ടുപോയ അവസരങ്ങളെയും നമുക്കറിയാം. ഒത്തിരി തെറ്റുകളില്‍ നിന്ന് മുക്തരായി മറ്റൊരുകൂട്ടം നന്മകളെ നാം സ്വീകരിക്കവേ അതേക്കുറിച്ച് നാം കൂടുതല്‍ ബോധ്യമുള്ളവരാകുന്നു. എന്നാല്‍ ഇങ്ങനെ റമദാനില്‍ സംഭവിക്കുന്നത് എക്കാലത്തേക്കും സംഭവിക്കുന്നതല്ല. നിതാന്തമായ മാറ്റം സംഭവിക്കുന്നത് കൃത്യതയോടെയും പതുക്കെയുമാകും.

അതുകൊണ്ട്, എല്ലാ വര്‍ഷത്തേയും പോലെ, ഈ റമദാനില്‍ എനിക്ക് കൊടുമുടിയോളം ലക്ഷ്യങ്ങളൊന്നുമില്ല. പക്ഷെ, അല്ലാഹുവുമായുള്ള എന്റെ ബന്ധത്തെ ഞാന്‍ കിടയറ്റതാക്കും.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles