Current Date

Search
Close this search box.
Search
Close this search box.

മാനവവിഭവ ശേഷി വിനിയോഗം -പ്രവാചക മാതൃക

guidance.jpg

‘നിങ്ങള്‍ക്ക് ദൈവദൂതനായ മുഹമ്മദ് നബിയില്‍ ഉത്തമ മാതൃകയുണ്ട് ‘-ഖുര്‍ആന്‍

സാമൂഹ്യ പുരോഗതിയും വികസനവും ലക്ഷ്യം വെച്ചുള്ള ആധുനിക ചര്‍ച്ചകളില്‍ നിരന്തരമായി ഉയര്‍ന്നു വരുന്ന സംജ്ഞയാണ് മാനവവിഭവശേഷിയുടെ വികസനം. പ്രവാചകന്‍ മുഹമ്മദ് നബി(സ) പ്രസ്തുത ശേഷി ക്രിയാത്മകമായി എങ്ങനെ നേടിയെടുത്തെന്നും ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തില്‍ ഫലപ്രദമായി വിനിയോഗിച്ചെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ആധുനിക പശ്ചാത്യ ചിന്തകര്‍ തങ്ങളുടെ അടുക്കളയില്‍ വേവിച്ചെടുത്ത തത്വങ്ങളും സിദ്ധാന്തങ്ങളുമല്ല മുസ്‌ലിങ്ങള്‍ തങ്ങളുടെ വ്യക്തിത്വ വികാസത്തിന്റെ ആധാരമായി സ്വീകരിക്കേണ്ടത്, മറിച്ച് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലും പ്രവാചക ജീവിതത്തിന്റെ സവിശേഷമായ ഏടുകളില്‍ നിന്നുമായിരിക്കണം.

സ്ട്രാറ്റജിക്കല്‍ പ്ലാനിംഗ്, സെല്‍ഫ് മാനേജ്‌മെന്റ്, ഡിസിഷന്‍ മേക്കിങ്ങ്, പ്രോബ്ലം സോള്‍വിംഗ്, ലിസണിങ്ങ് ആന്റ് ഫോക്കസ്, കമ്യൂണിക്കേഷന്‍ സ്‌കില്‍, മോട്ടിവേഷന്‍, മാനേജ്‌മെന്റ് പ്രയോറിറ്റി, ഇഫക്ടീവ് ലീഡര്‍ഷിപ്പ്..തുടങ്ങിയ ശേഷികളിലെല്ലാം പ്രവാചകന്‍(സ) യുടെ ജീവിതത്തില്‍ മാതൃക ദര്‍ശിക്കാം. ഇതിനുള്ള ഉദാഹരണങ്ങളും പ്രായോഗിക മാതൃകകളും പ്രവാചക ജീവിതത്തില്‍ നിരവധിയുണ്ട്.

ഇത്തരം നൈപുണിയില്‍ പ്രധാനപ്പെട്ടതാണ് സ്ട്രാറ്റജിക് പ്ലാനിങ്ങ്. ഭാവിയില്‍ രൂപപ്പെടേണ്ട ലക്ഷ്യങ്ങളെയും അവയുടെ സാധൂകരണത്തിനായി വേണ്ട പ്രായോഗിക പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച കൃത്യമായ ആസൂത്രണമാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. പ്രവാചകന്‍(സ) ആദ്യാന്ത്യം നേടിയ വിജയത്തിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ആസൂത്രണ മികവും കൃത്യമായ പ്ലാനിങ്ങുമായിരുന്നു എന്ന് കാണാം. മറിച്ച്, സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താലോ സ്വാഭാവികമായോ ഉണ്ടായ വിജയങ്ങളായിരുന്നില്ല അവ.

പ്രവാചകന്‍ ഒന്നാമതായി സ്ട്രാറ്റജിക് പ്ലാനിങ്ങ് തയ്യാറാക്കുകയാണ് ചെയ്തത്. ദീനിന്റെ അടിസ്ഥാന തത്വങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക ദൗത്യം നിര്‍ണയിക്കുകയും തദടിസ്ഥാനത്തില്‍ ജീവിതവും മരണവും അതിനുവേണ്ടി സമര്‍പ്പിക്കുകയുമായിരുന്നു. തനിമയാര്‍ന്ന വിശ്വാസത്തിലേക്കും ശരിയായ നിയമസംഹിതയിലേക്കും മനുഷ്യ സമൂഹത്തെ മാര്‍ഗദര്‍ശനം ചെയ്യലാണ് മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം. പ്രവാചകനായി നിയോഗിക്കപ്പെട്ടതു മുതല്‍ മരണം വരെ ഈ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായാണ് പ്രവാചകന്‍(സ) തന്റെ ജീവിതം വിനിയോഗിച്ചത്.
രണ്ടാമതായി പ്രാചകന്‍(സ) തന്റെ ലക്ഷ്യം നിര്‍ണയിക്കുകയായിരുന്നു. പ്രായോഗികമായി നിര്‍ണിത വര്‍ഷത്തിനുള്ളില്‍ എന്തെല്ലാം ഉത്തരവാദിത്തം ചെയ്തു തീര്‍ക്കാനുണ്ട് എന്നു പ്രഖ്യാപിക്കുകയായിരുന്നു.

നാല് രീതിയിലുള്ള ഉത്തരവാദിത്തങ്ങളാണ് തന്റെ ലക്ഷ്യമായി പ്രവാചകന്‍ നിര്‍ണയിച്ചത്.
1. ദൈവത്തില്‍ നിന്നുള്ള ദിവ്യസന്ദേശം എത്തിക്കല്‍
2.സാധ്യമാവുന്നത്ര ആളുകളെ ഇസ്‌ലാമിലേക്ക് ആനയിക്കല്‍ .
3.ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കല്‍.
4.തന്റെ ശേഷം ഈ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ യോഗ്യരായ നേതൃത്വങ്ങളെ വളര്‍ത്തിയെടുക്കല്‍.

ഈ സ്ട്രാറ്റജികളാണ് പ്രവാചകന്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യമായി സ്വീകരിച്ചത്.
ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു മുമ്പില്‍ വലിയ പ്രതിസന്ധികള്‍ പ്രവാചകന് അഭിമുഖീകരിക്കേണ്ടി വന്നു. പ്രവാചകനോട് ശത്രുത വെച്ച് പുലര്‍ത്തിയ ആറ് വിഭാഗങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ഖുറൈശികള്‍, അറബികളിലെ ചില ഗോത്രങ്ങള്‍, കപടവിശ്വാസികള്‍, ജൂതന്മാര്‍, പേര്‍ഷ്യക്കാര്‍, റോമക്കാര്‍ എന്നിവരായിരുന്നു അത്. അവരില്‍ ഓരോ വിഭാഗത്തോടും പ്രത്യേകമായ പ്രബോധന ശൈലിയാണ് പ്രവാചകന്‍ സ്വീകരിച്ചത്.

മക്കയില്‍ ഖുറൈശികളോടുള്ള പ്രവാചകന്റെ പ്രബോധന ശൈലി അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ഇസ്‌ലാമിക രാഷ്ട്രത്തിന് വിത്തു പാകാനുള്ള ശ്രമത്തിലേര്‍പ്പെടുകയും ചെയ്യുക എന്നായിരുന്നു. മദീനയില്‍ എത്തിയപ്പോള്‍ ഖുറൈശികളോടുള്ള പ്രവാചക സ്ട്രാറ്റജി മദീനയിലെ ഇസ്‌ലാമിക രാഷ്ട്രത്തിന് കീഴടങ്ങാന്‍ അവരെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായിരുന്നു. എന്നാല്‍ മറ്റു അറബി ഗോത്രങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും മദീനയില്‍ വളര്‍ന്നു വരുന്ന ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെയുള്ള അവരുടെ സൈനിക നടപടിക്രമങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുക എന്നതുമായിരുന്നു.
കപടവിശ്വാസികളായവരോട് അവരുടെ സംസ്‌കരണത്തിലേര്‍പ്പെടുക, രോഗം ചികില്‍സിക്കുക, ശത്രുതാപരമായ നിലപാടുകളോട് വിശാലത കാണിക്കുക എന്ന സമീപനമായിരുന്നു പ്രവാചകന്‍ സ്വീകരിച്ചിരുന്നത്. മുഹമ്മദ് നബി തന്റെ അനുയായികളെ വകവരുത്തിക്കൊണ്ടിരിക്കുന്നു എന്ന് ശത്രുക്കളെ കൊണ്ട് പറയാതിരിപ്പിക്കാന്‍ കൂടിയായിരുന്നു പ്രവാചകന്‍ ഇപ്രകാരം അവരോട് വിശാലമായ നിലപാട് സ്വീകരിക്കാന്‍ കാരണം.

ജൂതന്മാരോടുള്ള പ്രവാചകന്റെ പ്രബോധന സ്ട്രാറ്റജി അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അവരില്‍ നിന്നു ശത്രുത പ്രകടമാകുമ്പോള്‍ മാതൃകപരമായ ശിക്ഷ നടപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു.
ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുകയും ഇസ്‌ലാമിനെതിരെയുള്ള ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈനികമായ ചെറുത്ത് നില്‍പ്പ് നടത്തുക എന്നതുമായിരുന്നു റോമക്കാരോട് പ്രവാചന്‍ സ്വീകരിച്ച സ്ട്രാറ്റജി.

എന്നാല്‍ പേര്‍ഷ്യക്കാരോടുള്ള പ്രവാച സമീപനം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അറേബ്യന്‍ ഉപഭൂഖണ്ഡത്തോട് അവിടെയുള്ള ഭരണാധികാരികളുടെ ആഭിമുഖ്യവും സഹകരണവും നിലനിര്‍ത്തുകയുമായിരുന്നു. ഇത്തരത്തില്‍ എല്ലാ വിഭാഗത്തോടും സ്വീകരിക്കേണ്ട പ്രായോഗിക സമീപനങ്ങള്‍ പ്രവാചകന്‍ (സ) നിര്‍ണയിക്കുകയുണ്ടായി. ക്രമപ്രവൃദ്ധമായി തന്റെ ലക്്ഷ്യ സാക്ഷാല്‍ക്കാരത്തിന് വിഘാതം നില്‍ക്കുന്നവരുടെ വെല്ലുവിളികളെ ഇല്ലായ്മ ചെയ്യാന്‍ പ്രവാചകന്‍(സ)ക്ക് തന്റെ വിയോഗത്തിന് മുമ്പ് സാധിക്കുകയുണ്ടായത് ഉന്നതമായ സ്ട്രാറ്റജി പ്ലാനിങ്ങ് കൊണ്ടായിരുന്നു.
അക്ഷരാര്‍ഥത്തില്‍ പ്രവാചകന്റെ വിജയം കൃത്യമായ ആസൂത്രണ പാടവവും അത് സാക്ഷാല്‍ക്കരിക്കാനുള്ള പരിശ്രമവും കാരണമായിരുന്നു.
പ്രായോഗികമായ ആസൂത്രണത്തിന്റെ ഫലം ഉദ്ദിഷ്ട ഫലപ്രാപ്തി നേടിയെടുക്കലാണ്. അതിനാലാണ് പ്രവാചകന് തന്റെ സ്ട്രാറ്റജിയിലൂടെ ലക്ഷ്യമായിക്കണ്ട നാല് കാര്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.

അല്ലാഹുവില്‍ നിന്നവതീര്‍ണമായ ദിവ്യസന്ദേശം എത്തിക്കുന്നതില്‍ പ്രവാചകന്‍(സ) വിജയം കൈവരിക്കുകയുണ്ടായി. അല്ലാഹു അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ‘ ഇന്ന് നിങ്ങളുടെ ദീന്‍ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള ജീവിത വ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.’ ഹജ്ജതുല്‍ വിദാഇലെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ പ്രവാചകന്‍ അനുയായികളെ സാക്ഷി നിര്‍ത്തി ചോദിക്കുകയുണ്ടായി. ‘ ഈ സന്ദേശം നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു തന്നില്ലയോ ? അതെ- എന്ന് അവരെല്ലാം മറുപടി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവേ നീ ഇതിന് സാക്ഷിയാണ് ‘.

രണ്ടാമത്തെ ലക്ഷ്യമായ ജനതയുടെ ഇസ്‌ലാമാശ്ലേഷണം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിലും പ്രവാചകന്‍(സ) വിജയിക്കുകയുണ്ടായി. മക്കാ വിജയത്തോടെ ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നു വരുന്ന നയനാനന്ദകരമായ കാഴ്ച ദൃശ്യമാവുകയുണ്ടായി. അല്ലാഹു പറഞ്ഞു: ‘ അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍, ജനം കൂട്ടം കൂട്ടമായി മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍ ‘ (അന്നസ്വര്‍:1,2). അറേബ്യ ഉപഭൂഖണ്ഡത്തിന്റെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമെല്ലാമുള്ള ഗോത്രങ്ങള്‍ ഇസ്‌ലാമിലേക്ക് അപ്രകാരം കടന്നു വരികയുണ്ടായി.
ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കുക എന്നതായിരുന്നു പ്രവാചകന്റെ മൂന്നാമത്തെ സ്ട്രാറ്റജി. മദീനയില്‍ ഇസ്‌ലാമിന്റെ പ്രഥമ രാഷ്ട്രം സ്ഥാപിതമായതോടെ പ്രസ്തുത ലക്ഷ്യവും സാക്ഷാല്‍ക്കരിച്ചു.

സഹാബികളില്‍ നിന്നും ഉന്നതമായ നേതൃപാടവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന നാലാമത്തെ ലക്ഷ്യവും പ്രവാചകന്‍(സ) പൂര്‍ത്തീകരിച്ചു. ഇസ്‌ലാമിക പ്രബോധനത്തിന്റെ ലക്ഷ്യസാഫല്യത്തിനും ഇസ്‌ലാമിക രാഷ്ട്രം കെട്ടിപ്പെടുക്കുന്നതിലും അവര്‍ മുന്‍ നിരയിലുണ്ടായി. നബിയുടെ വിയോഗ ശേഷം ഇസ്‌ലാമിക രാഷ്ട്രത്തിനു നേരെയുള്ള ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികള്‍ നേരിടുന്നതിലും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വൃത്തം വിശാലമാക്കുന്നതിലും ഇസ്‌ലാമിക വിധികളും മൂല്യങ്ങളും ആ രാഷ്ട്രങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നതിലും അവര്‍ മാതൃകകളായി നിലകൊണ്ടു.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles