Current Date

Search
Close this search box.
Search
Close this search box.

ദുനിയാവ് ഒരു നിഴലാണ്

shadow.jpg

”ദുനിയാവ് ഒരു നിഴല്‍ പോലെയാണ്. നിങ്ങള്‍ അതിനെ പിടികൂടാന്‍ ശ്രമിച്ചാല്‍, ഒരിക്കലും അത് പിടി തരില്ല. എന്നാല്‍ നിങ്ങള്‍ അതിനോട് മുഖംതിരിച്ചാല്‍ അത് നിങ്ങളെ അനുഗമിക്കും” – ഇബ്‌നു ഖയ്യിം

പ്രശസ്ത ചിന്തകനായ ഇബ്‌നു ഖയ്യിം ഈ വരികളില്‍ ദുനിയാവിനെ നിഴലിനോടാണ് ഉപമിക്കുന്നത്. ഒരു വസ്തുവില്‍ പ്രകാശം പതിക്കുമ്പോള്‍ അതിന്റെ പിന്നിലായാണ് നിഴല്‍ രൂപപ്പെടുന്നത്. നിഴല്‍ മനുഷ്യനെ ഓര്‍മിപ്പിക്കുന്ന നാലു കാര്യങ്ങളുണ്ട്.

1. നിഴല്‍ ഒരു മിഥ്യയാണ്. യാഥാര്‍ത്ഥ്യത്തിന്റെ പ്രതിബിംബം മാത്രമാണത്. ഈ ദുനിയാവും നിഴലു പോലെ മിഥ്യയാണ്. പരലോകമാണ് അതിന്റെ യാഥാര്‍ത്ഥ്യം. അതിനാല്‍ ഈ ദുനിയാവിന് പിന്നാലെ പോകുന്നത് ഒരു വ്യക്തിക്ക് പകരം അയാളുടെ നിഴലിന് പിന്നാലെ പോകുന്നതിന് തുല്യമാണ്.

2. എന്നാല്‍ യഥാര്‍ത്ഥമായ ഒന്ന് നിലനില്‍ക്കുന്നു എന്നതിന്റെ സൂചന നിഴല്‍ നല്‍കുന്നു. അഥവാ ഒരു നിഴല്‍ ഒരു ശരീരത്തിന്റെയോ വസ്തുവിന്റെയോ ഉണ്‍മയെ കുറിക്കുന്നു. ദുനിയാവ് പരലോകം നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്. അതൊരിക്കലും സ്വയം പൂര്‍ണമല്ലെങ്കിലും.

3. അതുപോലെ, നിഴല്‍ താല്‍ക്കാലികമാണ്. വെളിച്ചത്തിന്റെ സ്ഥാനവും ഏറ്റക്കുറച്ചിലുമനുസരിച്ച് അതിന്റെ സ്ഥാനവും തീവ്രതയും മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ശരീരത്തെ അത് ബാധിക്കുകയില്ല. ഉള്ളിടത്ത് തന്നെ നിലനില്‍ക്കാന്‍ അതിന് കഴിയും. എല്ലാം നശിക്കാനുള്ളതാണെന്ന് നിഴലു പോലെ തന്നെ ദുനിയാവും നിരന്തരം ഓര്‍മിപ്പിക്കുന്നു.

4. നിഴല്‍ മനുഷ്യന് വില കുറഞ്ഞ ഒന്നാണ്. നിഴല്‍ കൊണ്ട് വളരെ കുറഞ്ഞ ഉപയോഗങ്ങള്‍ മാത്രമേ നമുക്കുള്ളൂ. തണല്‍, മറ എന്നിവയൊക്കെ അതില്‍ പെടുന്നു. എന്നാല്‍ കാര്യമായ ഉപകാരങ്ങള്‍ നിഴല്‍ കൊണ്ട് നമുക്കില്ല. അതുകൊണ്ട് യഥാര്‍ത്ഥമായ പരലോകത്തേക്കാള്‍ ഒരിക്കലും ദുനിയാവെന്ന നിഴലിനെ നമുക്ക് വിലമതിക്കാനാവില്ല.

നിഴല്‍ മനുഷ്യനെ പഠിപ്പിക്കുന്ന നാലു കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. നിഴല്‍ ഒരിക്കലും മനുഷ്യന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ല. അത് മനുഷ്യരുടെ പുറകിലാണ് എപ്പോഴും നിലകൊള്ളുക. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം:
‘നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും” (ഇബ്‌റാഹീം: 7)
ഭൗതികതക്ക് പിന്നാലെ പോകാതെ അതിനെ അവഗണിക്കാന്‍ ശ്രമിച്ചാല്‍ അത് നമ്മെ അനുഗമിക്കും. എനിക്ക് സമ്പത്തില്ലെന്ന് ആവലാതി പറയുന്നതിന് പകരം ഉള്ളതില്‍ തൃപ്തിപ്പെടുകയാണ് നാം ചെയ്യേണ്ടത്. അപ്പോള്‍ അല്ലാഹു അത് നമുക്ക് വര്‍ധിപ്പിച്ചു തരും. തീരെ അധ്വാനിക്കാതെ അല്ലാഹുവിനെ സ്മരിക്കല്‍ അല്ല അതുകൊണ്ട് ഉദ്ദേശ്യം. എന്നാല്‍ സ്വയം പരിശ്രമിച്ചു തന്നെ അല്ലാഹു നല്‍കിയതില്‍ നന്ദി അര്‍പിച്ച് കഴിയുന്നവര്‍ക്ക് അവന്‍ ദുനിയാവും നല്‍കും. ദാനധര്‍മങ്ങള്‍ സമ്പത്ത് വര്‍ധിപ്പിക്കുമെന്ന് അല്ലാഹു പറയുന്നു. ദരിദ്രനായി മരിച്ചുപോയ ഏതെങ്കിലും ധര്‍മിഷ്ഠനെ നാം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല. കാരണം, അല്ലാഹു അയാളുടെ ധര്‍മത്തിന്റെ പ്രതിഫലം അയാളുടെ സമ്പത്തില്‍ തന്നെ നല്‍കും. ദാനധര്‍മങ്ങള്‍ നടത്തുമ്പോള്‍ ദുനിയാവിനെ നിരസിക്കുകയും പരലോകത്തെ തെരെഞ്ഞെടുക്കുകയുമാണ് നാം ചെയ്യുന്നത്.

ദുനിയാവ് ഒരു ആയുധമാണ്. നാം അതിനെ എന്തിന് വേണ്ടി ഉപയോഗിക്കുന്നു, അതിനോടുള്ള നമ്മുടെ സമീപനം എന്ത് എന്നിവയെ ആശ്രയിച്ചിരിക്കും അതില്‍ നിന്നുള്ള ഫലം. നമ്മുടെ ആത്യന്തികമായ ലക്ഷ്യം പരലോകമായിരിക്കണം. നമ്മുടെ ജോലിഭാരം ഒരിക്കലും നമസ്‌കാരങ്ങള്‍ നഷ്ടപ്പെടുന്നതിലേക്കോ പിന്തിക്കുന്നതിലേക്കോ നമ്മെ നയിക്കാന്‍ പാടില്ല. നാം തെറ്റിലേക്ക് പോകുമെന്ന് വിചാരിച്ച് കൂട്ടുകൂടാതിരിക്കലോ ജീവിതാവശ്യങ്ങള്‍ക്കുള്ള തത്രപ്പാടില്‍ ജീവിക്കാന്‍ മറക്കലോ അല്ല. ജീവിതത്തിന്റെ അമരത്ത് അല്ലാഹുവിന്റെ ഇച്ഛയെ പ്രതിഷ്ഠിക്കുക എന്നതാണ് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുക എന്നു പറയുന്നത്. തങ്ങള്‍ ദുനിയാവില്‍ നിന്ന് ഓടിയൊളിച്ചെങ്കിലും ദുനിയാവ് തങ്ങളെ വിടാതെ പിന്തുടരുകയായിരുന്നുവെന്ന് മഹാന്മാരായ ആളുകള്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ മുന്നില്‍ ഭക്തരായ പല സ്വഹാബിമാരും ജനങ്ങളുടെ മുന്നില്‍ സമ്പന്നര്‍ കൂടിയായിരുന്നു. കാരണം, അവര്‍ ദുനിയാവിനോട് മുഖം തിരിച്ചു. എന്നാല്‍ അല്ലാഹു അവര്‍ക്ക് ഐശ്വര്യമരുളി.

റസൂല്‍(സ) പറയുന്നു: ”ആരെങ്കിലും പരലോകം ലക്ഷ്യം വെച്ചാല്‍ അല്ലാഹു അവന്റെ ഹൃദയത്തെ സമ്പന്നമാക്കും. അവന്റെ കാര്യങ്ങള്‍ എളുപ്പമാക്കും. അവന്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ദുനിയാവ് അവനിലേക്ക് വരും. ആരെങ്കിലും ദുനിയാവാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ അല്ലാഹു അവനെ ദരിദ്രനാക്കും. അവന്റെ കാര്യങ്ങള്‍ പ്രയാസത്തിലാക്കും. ദുനിയാവ് അവന് അരികിലേക്ക് വരികയുമില്ല, അവന് വിധിച്ചതൊഴികെ” (തിര്‍മിദി)

വിവ: അനസ് പടന്ന

Related Articles