Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കുമിടയില്‍ ഒരു ഗള്‍ഫ് – 2

gulf2.jpg

സഹോദരങ്ങളെ,
ഞാനീവിവരിച്ച കാര്യം നമുക്കും ഇസ്‌ലാമിന്നുമിടയില്‍ ഒരു ഗള്‍ഫുണ്ടെന്ന കാര്യം  ശരിക്കു മനസ്സിലാക്കാന്‍ കഴിയുന്നവരാണ് ഗള്‍ഫുകാരായ നിങ്ങള്‍. ഗള്‍ഫ് ഒരിക്കലും കണ്ടിട്ടില്ലാത്ത, കരവാസികളെ സംബന്ധിച്ചിടത്തോളം, ഈ ഗള്‍ഫിനെ ശരിയായി മനസ്സിലാക്കാന്‍ കഴിയുകയില്ല.

ഇസ്‌ലാമികാധ്യാപനങ്ങളും, തിരുചര്യയും, സ്വഹാബികളുടെ ജീവിതവുമായി നമ്മെ തുലനം ചെയ്തു നോക്കിയാല്‍, നമുക്കും ഇസ്‌ലാമിന്നുമിടയില്‍ ഒരു വിടവും അകല്‍ച്ചയുമുണ്ടെന്ന് നമുക്കു മനസ്സിലാകും. അതിനാല്‍, എല്ലാകാലത്തെയും പ്രബോധകരും പരിഷ്‌കര്‍ത്താക്കളും കഠിനാദ്ധ്വാനം നടത്തിയിട്ടും സംഭവിച്ചു കഴിഞ്ഞ, ആശയപരവും കര്‍മപരവുമായ ഈ വിടവ് നികത്തുകയാണ്, സര്‍വോപരി, നാം ചെയ്യേണ്ടത്.

നാമെല്ലാം മുസ്‌ലിംകളാണ്. അല്‍ഹംദുലില്ലാഹ്. നമുക്കതില്‍ അഭിമാനമുണ്ട്. നമ്മുടെ ഇസ്‌ലാമിക വിശ്വാസവും, ഇസ്‌ലാമിക ഭവനങ്ങളിലെ നമ്മുടെ വളര്‍ച്ചയും, ഇസ്‌ലാമിക പാരമ്പര്യമുള്ളൊരു നാട്ടിലെ നമ്മുടെ ജീവിതവും, സാക്ഷാല്‍ ഇസ്‌ലാമിലേക്കു മടങ്ങി, അതിന്റെ മഹത്വങ്ങള്‍ കൈകൊണ്ട് അതിന്റെ മാതൃകയായിത്തീരുകയെന്ന മഹത്തായ കര്‍ത്തവ്യം നമുക്കെളുപ്പമാക്കി തരുന്നു. ഇസ്‌ലാമിന്റെ തൊട്ടിലും അഭയകേന്ദ്രവുമായ അറേബ്യന്‍ ഉപദ്വീപില്‍, തനതായ ഇസ്‌ലാമിക ചുറ്റുപാടില്‍ സൃഷ്ടിക്കുക വഴി അല്ലാഹു നമ്മോട് വലിയ കരുണയാണ് കാണിച്ചിരിക്കുന്നത്. ഈ ദ്വീപിനെ നമുക്കും നമ്മെ ഈ ദ്വീപിന്നും തെരഞ്ഞെടുത്ത്, നമ്മുടെ ഭാവിയെ അതിന്റെ ഭാവിയോടും, അതിന്റെ ഭാവിയെ നമ്മുടേതിനോടും ബന്ധപ്പെടുത്തിയത് അല്ലാഹുവിന്റെ വിധിയായിരുന്നു. അവന്റെ കാരുണ്യവും യുക്തിയുമായിരുന്നു. കാരണം, ഈ ഗള്‍ഫ് നികത്തി, വിടവ് തീര്‍ക്കുക വഴി സാക്ഷാല്‍ മുസ്‌ലിംകളായി തീരുക നമ്മെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമത്രെ.

സഹോദരങ്ങളെ,
അവസാനമായി, നിങ്ങളോടെനിക്കു പറയാനുള്ളതിതാണ്: പ്രവിശാലമായ മറ്റു രാജ്യങ്ങളെയപേക്ഷിച്ച്, വളരെ ചെറിയൊരു മേഖലയാണ് ഇത്. ഇവിടെ സാക്ഷാല്‍ രൂപത്തില്‍ ഇസ്‌ലാം കൈവരുത്താന്‍ കഴിഞ്ഞാല്‍, അവന് വിശാലതയോടും ജനസംഖ്യയോടും കൂടി മാത്രം രാജ്യത്തിന്റെ മഹത്വമളക്കാന്‍ കഴിയുന്ന ബഹുഭൂരിപക്ഷമായ ആളുകളുടെ ശ്രദ്ധയാകര്‍ശിക്കാനതിന്നു കഴിയും. ഇസ്‌ലാമിക വിരുദ്ധമായ സംസ്‌കാരങ്ങളും ആചാരങ്ങളുമെല്ലാം തിരോധാനം ചെയ്തു, തദ്സ്ഥാനത്ത്, ഇസ്‌ലാമിക ജീവിതം അതിന്റെ സൗന്ദര്യത്തോടും, പൂര്‍ണ്ണതയോടും, സവിശേഷതകളോടും കൂടി അവരോഹണം നടത്തുകയാണെങ്കില്‍, അങ്ങനെ, ഇസ്‌ലാമിന്റെ സുഗന്ധം ആസ്വദിക്കാന്‍ കഴിഞ്ഞാല്‍, ഒരു ആരാധനാലയത്തിലെത്തിപ്പെട്ട അനുഭവമായിരിക്കും ഇവിടെ വരുന്ന സഞ്ചാരികള്‍ക്കുണ്ടാവുക. അതെ, രാജ്യം മുഴുവന്‍ ഒരു പള്ളിയായി അവര്‍ക്കു തോന്നും. അതെ, ഷോപ്പുകളും, വ്യാപാര കേന്ദ്രങ്ങളും ആപ്പീസുകളുമെല്ലാം ആരാധനാകേന്ദ്രങ്ങള്‍! ഒരു ചാണ്‍ ഭൂമിയില്‍ പോലും ദൈവ ധിക്കാരം നടക്കുകയില്ല. കീഴ് വണക്കം മുഴുവന്‍ അല്ലാഹുവിനായി തീരും. അങ്ങനെ, കീഴ്‌വണക്കം മുഴുവന്‍ അല്ലാഹുവിനായിത്തീരുകയും, ജീവിതം മുഴുവന്‍ ആരാധനയായി മാറുകയും, സംസ്‌കാരങ്ങളെല്ലാം ഇസ്‌ലാമികമാവുകയും, മതം പ്രയോഗത്തില്‍ വരികയും (കേവലം ഭരണഘടനാപരമായ പ്രയോഗവല്‍ക്കരണമല്ല ഞാനുദ്ദേശിക്കുന്നത്), ഭരണാധികരികള്‍ നടപ്പില്‍ വരുത്തുന്നതിന്നു അല്ലാഹു അവര്‍ക്കതിന്ന് കഴിവേകട്ടെ  മുമ്പായി, നാം, നമ്മുടെ വീട്ടിലും, വ്യാപാര കേന്ദ്രങ്ങളിലും, ഭാര്യാസന്തതികളിലും, വ്യാപാരവ്യവസായങ്ങളിലും, ഇടപാടുകളിലും, വൈയക്തികവും സാമൂഹികവുമായ നമ്മുടെ നടപടികളിലും, ഇസ്‌ലാമിക നിയമം നാം നടപ്പില്‍ വരുത്തുകയും ചെയ്യുമ്പോള്‍, ഇസ്‌ലാം ജീവിക്കുന്ന, വിരലുകള്‍കൊണ്ട് ഇസ്‌ലാമിനെ തൊട്ടുനോക്കാന്‍ കഴിയുന്ന സ്ഥലം കാണാന്‍ വേണ്ടി, ലോക ചിന്തകന്മാരും തത്വചിന്തകന്മാരും കാലിലിഴഞ്ഞെങ്കിലും ഇവിടെയെത്തുമെന്ന് അവര്‍ക്ക് ബോധ്യമാകും. അപ്പോള്‍, മനോഹരമായ സുഖവാസ കേന്ദ്രങ്ങളും, സുന്ദരമായ കാഴ്ചകളും വിട്ട്, ഇസ്‌ലാമിന്റെ സുഗന്ധമാസ്വദിക്കാനവരിവിടെയെത്തും. ജീവിതത്തില്‍ അല്പ സമയം ഇവിടെ ചെലവൊഴിക്കാന്‍! അവരുടെ ജീവിതത്തില്‍ ഏറ്റവും ശ്രേഷ്ടവും സൗഭാഗ്യവുമായ സമയമായിരിക്കുമത്. തങ്ങള്‍ സ്വര്‍ഗത്തിലാണൊ എന്നവര്‍ക്കു തോന്നിപ്പൊകും. മാനവരാശിക്കാകമാനം നിങ്ങളില്‍ നിന്നു ലഭിക്കുന്ന ഒരു നന്മയായിരിക്കുമത്.

അവസാനം, എന്നെ അങ്ങേയറ്റം സ്വാഗതത്തോടെ സ്വീകരിച്ചതിലും, ഇത്രയും ശ്രദ്ധിച്ചു കേട്ടതിലും നിങ്ങള്‍ക്കു ഞാന്‍ നന്ദി പറയുകയാണ്. അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ! നിങ്ങളുടെ ഉദ്യമങ്ങള്‍ നന്നാക്കി തീര്‍ക്കട്ടെ! സുകൃതങ്ങള്‍ ചെയ്യാനും, ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കും സേവനം ചെയ്യാനും അധികാരികള്‍ക്കും, നേതാക്കള്‍ക്കും അല്ലാഹു തൌഫീഖ് നല്‍കുകയും ചെയ്യട്ടെ!

വിവ: കെ.എ ഖാദര്‍ ഫൈസി

ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കുമിടയില്‍ ഒരു ഗള്‍ഫ് – ആദ്യഭാഗം
 

Related Articles