Current Date

Search
Close this search box.
Search
Close this search box.

നല്ലത് ചെയ്യാം നന്നാക്കി ചെയ്യാം

നല്ല കാര്യങ്ങള്‍ ചെയ്യുക, അത് ഏറ്റവും നന്നാക്കി ചെയ്യുക, ഇതിനെയാണ് ഇഹ്‌സാന്‍ എന്ന് പറയുന്നത്. നല്ല കാര്യങ്ങള്‍ മാത്രമേ നന്നാക്കി ചെയ്യാനാവൂ. തികവിലും മികവിലും ചെയ്യാനാണ് അല്ലാഹുവിന്റെ കല്‍പന. ഇഹ്‌സാന്‍ എന്നത് ഏതൊരു കാര്യത്തിന്റെയും പെര്‍ഫക്ഷനാണ്. എല്ലാം പെര്‍ഫെക്ടാവാന്‍ ആവശ്യമായ ഒരുക്കങ്ങളും പരിശീലനവും സൂക്ഷ്മതയും പുണ്യകരവുമത്രെ. അല്ലാഹുവെ കാണുന്നതുപോലെ കര്‍മ്മം ചെയ്യുക. നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നു. നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു നീതിയുടെ വികാസമാണ് ഇഹ്‌സാന്‍.

കല്പിക്കപ്പെട്ട നിയമങ്ങള്‍ പാലിച്ചാല്‍ നീതി, അത് മനോഹരമായി,പൂര്‍ണ്ണതയില്‍ ചെയ്താല്‍ ഇഹ്‌സാന്‍. സൗന്ദര്യത്തോടും സൂക്ഷ്മതയോടെയും സുന്നത്തുകള്‍ പാലിച്ചും നമസ്‌കാരത്തില്‍ ഇഹ്‌സാന്‍ ഉള്ളവര്‍ ആവാം. സ്തുതിയും വിനയവും ഭക്തിയും വിഹിതമായ സമ്പാദ്യവും പ്രാര്‍ത്ഥനയെ ഇഹ്‌സാന്‍ ഉള്ളതാക്കും.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക. നിങ്ങളുടെ കൈകളാല്‍ തന്നെ നിങ്ങള്‍ ആപത്തിലകപ്പെടുത്തരുത്. നന്മ ചെയ്യുക. തീര്‍ച്ചയായും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (Sura 2 : Aya 195). സമയത്ത് നല്‍കാതിരിക്കല്‍, വേണ്ടാത്തത് നല്‍കല്‍, ഉപകാരപ്രദമല്ലാത്തത് നല്‍കല്‍ തുടങ്ങിയവ ദാന ധര്‍മ്മത്തിലെ ഇഹ്‌സാന്‍ ഇല്ലാതാക്കും. മാതാപിതാക്കള്‍ക്ക് വേണ്ടത് കണ്ടറിഞ്ഞു ആദരവോടെ സ്‌നേഹത്തോടെ നല്‍കുന്നത് അവരോടുള്ള ഇഹ്‌സാനാണ്. വിശ്വാസി കരഗതമാക്കുന്ന ഉന്നത പദവിയാണ് മുഹ്‌സിന്‍ എന്നത്.

അല്ലാഹുവോടുള്ള സ്‌നേഹത്തില്‍ നിന്നാണ് അത് ഉരുവംകൊള്ളുന്നത് അല്ലാഹു സ്‌നേഹിക്കുന്നതും മുഹ്‌സിനുകളെയാണ്. സന്മാര്‍ഗ്ഗവും ദിവ്യകാരുണ്യവും ഇഹ്‌സാന്‍ ഉള്ളവര്‍ക്കാണ് (Sura 31: Ay-a 3). ഇഹ്‌സാനിന്റെ പ്രതിഫലം ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് കാണാം.

നന്മ ചെയ്തവര്‍ക്ക് നല്ല പ്രതിഫലമുണ്ട്. അവര്‍ക്കതില്‍ വര്‍ധനവുമുണ്ട്. അവരുടെ മുഖത്ത് ഇരുളോ നിന്ദ്യതയോ ബാധിക്കുകയില്ല. അവരാണ് സ്വര്‍ഗാവകാശികള്‍. അവരവിടെ സ്ഥിരവാസികളായിരിക്കും.(Sura 10 : Aya 26). ആരെങ്കിലും വല്ല നന്മയുമായി വന്നാല്‍ അവന് അതിന്റെ പത്തിരട്ടിയുണ്ട്. ആരെങ്കിലും വല്ല തിന്മയുമായി വന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവനുണ്ടാവുകയുള്ളൂ. അവരോട് ഒരനീതിയും കാണിക്കുകയില്ല. (Sura 6 : Aya 160) നന്മയുടെ പ്രതിഫലം നന്മയല്ലാതെന്ത്?(Sura 55 : Aya 60).

ഈസാ നബി പറഞ്ഞു: നിന്നോട് തിന്മ ചെയ്തവനോട് നീ ചെയ്യുന്ന നന്മ മാത്രമാണ് ഇഹ്‌സാന്‍, നിന്നോട് നന്മ ചെയ്തവന് നീയും നന്മ ചെയ്യലല്ല. സുഫിയാന്‍ ബിന്‍ ഉയയ്ന്‍ പറഞ്ഞു: ഒരുവന്റെ രഹസ്യജീവിതം പരസ്യ ജീവിതത്തെക്കാള്‍ നന്നാവുകയാണ് ഇഹ്‌സാന്‍. നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍. (Sura 16 : Aya 90).

Related Articles