Current Date

Search
Close this search box.
Search
Close this search box.

സ്വര്‍ഗത്തിലെത്തുന്ന സാഹോദര്യം

brick8.jpg

عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا ‏”‏

അബൂമൂസാ(റ)വില്‍ നിന്ന് നിവേദനം: ‘നബി(സ) പറഞ്ഞു: വിശ്വാസികള്‍ക്കിടയിലെ ബന്ധം ഒരു കെട്ടിടം പോലെയാണ്. അവ പരസ്പരം ശക്തിപ്പെടുത്തുന്നു’. (മുസ്‌ലിം)

مُؤْمِنُ : വിശ്വാസി
بُنْيَانِ : കെട്ടിടം
يَشُدُّ : ശക്തിപ്പെടുത്തുക
بَعْض : ഒരു ഭാഗം, അല്‍പം

വിശ്വാസികള്‍ക്കിടയിലെ പരസ്പര ബന്ധം അവരുടെ ദൈവഭയത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ സ്വാര്‍ഥമായ ഒരു താല്‍പര്യത്തിനും അതില്‍ സ്ഥാനമില്ല. കേവലം ഐഹിക താല്‍പര്യങ്ങള്‍ക്കോ കാര്യനേട്ടങ്ങള്‍ക്കോ പരിമിതപ്പെടുത്താനാവാത്ത പാരത്രിക ജീവിതം വരെ നീണ്ടുനില്‍ക്കുന്നത്ര സുദൃഢമാണ് ആ ബന്ധം. രക്തബന്ധത്തെക്കാളും കുടുംബബന്ധത്തെക്കാളും ആഴവും അര്‍ഥവും അവകാശപ്പെടാവുന്നതാണ് വിശ്വാസികള്‍ക്കിടയിലെ സാഹോദര്യം.

അല്ലാഹു പറയുന്നു: ‘അന്ത്യദിനത്തില്‍ ചില കൂട്ടുകാര്‍ പരസ്പരം ശത്രുക്കളായിത്തീരും, ഭയഭക്തിയുള്ളവരൊഴികെ’. കേവലം ഭൗതികമായ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സാഹോദര്യത്തില്‍ നിന്നും വിശ്വാസികള്‍ക്കിടയിലെ ബന്ധത്തെ വ്യത്യസ്തമാക്കുന്നത് അത് അവരുടെ ആദര്‍ശത്തിന്റെ അടിത്തറയിലാണ് രൂപപ്പെടുന്നത് എന്നതുതന്നെ. ഇങ്ങനെ രൂപപ്പെടുന്ന ബന്ധം ലക്ഷ്യം വെക്കുന്നത് നന്മയിലുള്ള പരസ്പര സഹകരണമാണ്. അല്ലാഹു പറയുന്നു: ‘നന്മയിലും ദൈവഭക്തിയിലും പരസ്പരം സഹായിക്കുകയും തിന്മയിലും ശത്രുതയിലും സഹകരിക്കാതിരിക്കുകയും ചെയ്യുക’. മക്കയില്‍ നിന്ന് പാലായനം ചെയ്ത് മദീനയിലെത്തിയ വിശ്വാസികളോട് അന്‍സാറുകള്‍ സ്വീകരിച്ച നിലപാട് ഈ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയാണ്. തങ്ങളുടെ ധനം പാതി പകുത്ത് നല്‍കിയും പ്രിയപ്പെട്ട ഭാര്യമാരെ വിവാഹ മോചനം ചെയ്ത് മുഹാജിറുകള്‍ക്ക് വിവാഹം ചെയ്ത് കൊടുത്തതും അവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴത്തെയാണ് കുറിക്കുന്നത്.

പരസ്പര ഗുണകാംക്ഷയും സന്തോഷാവസ്ഥയിലും സന്താപാവസ്ഥയിലും തന്റെ സഹോദരന് കരുത്തായി വര്‍ത്തിക്കലും ഓരോ വിശ്വാസിയുടെയും കടമയത്രെ. നബി പറയുന്നു: ‘നിന്റെ സഹോദരനെ അവന്‍ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും സഹായിക്കുക’. സഹോദരന്‍ അക്രമിക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ നിന്ന് അവനെ രക്ഷപ്പെടുത്തിയും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അവനെ പിന്തിരിപ്പിച്ചുമാണ് സഹായിക്കേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹോദരനെ തനിച്ചാക്കുന്നത് ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല. അത് അവനെ വഞ്ചിക്കലാണ്. അവനോട് ആരെങ്കിലും പരുഷമായി പെരുമാറുന്നതോ അവനെ അപമാനിക്കാന്‍ ശ്രമിക്കുന്നതോ, പീഡിപ്പിക്കുന്നതോ ഒരു മുസ്‌ലിമിന് സഹിക്കാവുന്നതല്ല. മറിച്ച്, തന്റെ മുഴുവന്‍ ശക്തിയും കഴിവും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. എങ്കില്‍ മാത്രമെ അവര്‍ക്കിടയിലെ ബന്ധം ഇസ്‌ലാം വിഭാവനം ചെയ്യുന്ന തരത്തിലാകൂ.

വിശ്വാസികള്‍ക്കിടയിലെ ബന്ധം ഒരു കാരണവശാലും മുറിഞ്ഞുപോകരുത്. സമൃദ്ധിയോ ദാരിദ്ര്യമോ രോഗമോ മരണം പോലുമോ അതിന്റെ ആയുസ്സിനെ നിര്‍ണ്ണയിക്കരുത്. അന്ത്യദിനത്തില്‍ തന്റെ സല്‍കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാവുന്ന, സ്വര്‍ഗത്തിലേക്ക് കൈപിടിച്ചുകെണ്ടു പോകുന്ന തരത്തില്‍ അവിച്ഛിന്നമായിരിക്കണം അത്. തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് എപ്പോഴും ദ്വിതീയ സ്ഥാനം കല്‍പിക്കുന്ന സഹോദരന്റെ അവകാശങ്ങളെ പൂവണിയിക്കുന്നതില്‍ ഔത്സുക്യം കാണിക്കുന്നത്ര ധന്യമാവണം വിശ്വാസികളുടെ സാഹോദര്യം.

വിശ്വാസികള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടാന്‍ ഉതകുന്ന മാര്‍ഗമാണ് പരസ്പരം സലാം പറയലും പുഞ്ചിരിക്കലും. നബി പറയുന്നു. നന്മയില്‍ നിന്ന് ഒന്നിനെയും നിങ്ങള്‍ നിസ്സാരമാക്കരുത്. അത് നിന്റെ സഹോദരനെ പുഞ്ചിരിയോടെ കണ്ടുമുട്ടലാണെങ്കിലും ശരി. അത് ഹൃദയങ്ങളെ ശുദ്ധമാക്കുകയും നന്മയെ ഉത്തേജിപ്പിക്കുകയും ചെയ്യും. പരസ്പര ബന്ധം ശക്തിപ്പെടുത്താനുള്ള മറ്റൊരുമാര്‍ഗമാണ് സഹോദരനോടുള്ള സ്‌നേഹം തുറന്നുപറയുക എന്നത്. ഒരു ഹദീസില്‍ കാണാം. ‘നിങ്ങളില്‍ ആരെങ്കിലും തന്റെ സഹോദരനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് അവനെ അറിയിക്കുക’. പരസ്പരം പാരിതോഷികങ്ങള്‍ കൈമാറിയും കുടുംബങ്ങള്‍ക്കിടയിലെ പരസ്പര സന്ദര്‍ശനവും തന്റെ സഹോദരന് സംതൃപ്തിയും സന്തോഷവും പ്രദാനം ചെയ്യുന്ന കര്‍മ്മങ്ങള്‍ ചെയ്യുന്നതും ബന്ധങ്ങളുടെ തിളക്കം കൂട്ടുന്നതാണ്. ബന്ധങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതോ നീരസം സൃഷ്ടിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകലം പാലിക്കേണ്ടതും വിശ്വാസിയുടെ കടമയും ബാധ്യതയുമാണ്. അഭിപ്രായ വിത്യാസങ്ങളെ ഉള്‍കൊള്ളാനും വ്യക്തികള്‍ക്കിടയിലെ പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാനും ഓരോ മുസ്‌ലിമും ബദ്ധശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

Related Articles