Current Date

Search
Close this search box.
Search
Close this search box.

സൈന്യാധിപനായ പ്രവാചകന്‍

war-old.jpg

അല്ലാഹു നിര്‍ണിതമായ വ്യക്തികള്‍ക്ക് മാത്രം നല്‍കുന്ന സിദ്ധിയാണ് നേതൃപാടവം. നിങ്ങള്‍ വ്യതിരിക്തമായ നേതൃത്വമാവുക. ജനകോടികളെ അല്ലാഹുവിന്റെ സരണിയിലേക്ക് വഴിനടത്തിയ പ്രവാചകന്‍മാര്‍ കഴിവുറ്റ നേതാക്കന്‍മാരായിരുന്നു. എല്ലാ നേതാക്കന്‍മാര്‍ക്കും അനുകരണീയമായ മാതൃക നല്‍കുന്ന പ്രവാചകന്മാരുടെ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ ചിത്രീകരിക്കുന്നുണ്ട്. പ്രവാചകന്‍(സ) മനുഷ്യചരിത്രത്തിലെ അതുല്യ നേതാവായിരുന്നു.

നേതാവായ പ്രവാചകന്‍
പ്രവാചക ജീവിതം പരിശോധിക്കുകയാണെങ്കില്‍ സൈനികം, രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, ഭരണം തുടങ്ങിയ മേഖലകളിലെല്ലാം നിപുണനായ നേതാവായിരുന്നുവെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. തന്റെ സൈന്യത്തിന്റെ നിലയും സൈനികരുടെ കഴിവുകളും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അതനുസരിച്ചായിരുന്നു അദ്ദേഹം അവരോട് ഇടപഴകിയിരുന്നത്. തന്റെ സരണിയെക്കുറിച്ച് കൃത്യമായ ലക്ഷ്യബോധം പ്രവാചകന്‍(സ)ക്ക് ഉണ്ടായിരുന്നു. ഖുറൈശി പ്രമുഖര്‍ നബി(സ)യുടെ മുമ്പില്‍ പ്രലോഭനങ്ങളുമായി വന്നപ്പോള്‍ ഇപ്രകാരം പ്രതികരിക്കുകയുണ്ടായി. ‘സാമ്പത്തികമായ താല്‍പര്യങ്ങളോ അധികാരമോ ഔന്നിത്യമോ അല്ല എന്നെ ഈ ദൗത്യവുമായി രംഗത്ത് വരാന്‍ പ്രേരിപ്പിച്ചത്, അല്ലാഹുവാണ് വേദഗ്രന്ഥവും പ്രവാചകത്വവും നല്‍കി ജനങ്ങള്‍ക്ക് താക്കീതും സുവിശേഷവും നല്‍കാനായി എന്നെ നിയോഗിച്ചത്. ദൈവിക സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിക്കുകയും ഉല്‍ബോധിപ്പിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ ഇത് സ്വീകരിക്കുകയാണെങ്കില്‍ ഇഹപരലോകങ്ങളില്‍ നിങ്ങള്‍ക്കത് സൗഭാഗ്യമായി ഭവിക്കുന്നതാണ്. നിങ്ങളിത് തള്ളിക്കളയുകയാണെങ്കില്‍ അല്ലാഹുവിന്റെ തീരുമാനം എത്തുന്നതു വരെ ഞാന്‍ സഹനമവലംഭിക്കും.’
തന്റെ അനുയായികള്‍ക്ക് പ്രവാചകന്‍(സ) വലിയ അളവില്‍ ആത്മവിശ്വാസം നല്‍കിയിരുന്നു. ഖുറൈശികളുടെ കഠിനമായ പീഡനങ്ങള്‍ അസഹനീയമായ ഘട്ടത്തില്‍ പരാതിയുമായെത്തിയ ഖബ്ബാബ്(റ)വിനോട് പ്രവാചകന്‍(സ)യുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘അല്ലാഹു ഈ ദീന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും, സന്‍ആ മുതല്‍ ഹദര്‍മൗത് വരെ അല്ലാഹുവിനെയും ആട്ടിന്‍പറ്റത്തിലേക്ക് പാഞ്ഞടുക്കുന്ന ചെന്നായ്ക്കളെയുമല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ സുരക്ഷിതമായി യാത്രചെയ്യാന്‍ കഴിയുന്ന അവസ്ഥ ഇവിടെ സംജാതമാകും. പക്ഷെ നിങ്ങള്‍ ധൃതികാണിക്കുകയാണ്’.
ഓരോ വ്യക്തിയുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് അനുയോജ്യമായ ഉത്തരവാദിത്തം ഏല്‍പിക്കുകയെന്ന ഉത്തമ നേതാവിന്റെ ഉല്‍കൃഷ്ഠ ഗുണങ്ങള്‍ പ്രവാചക ജീവിതത്തില്‍ വായിച്ചെടുക്കാന്‍ കഴിയും. ഇത് അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഐക്യത്തിന് വഴിയൊരുക്കും, നൂതനമായ ആവിഷ്‌കാരങ്ങളിലൂടെ തങ്ങളുടെ കഴിവുകള്‍ ക്രിയാത്മകമായി ചെലവഴിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. ബദര്‍ യുദ്ധവേളയില്‍ സൈനിക കാര്യങ്ങളില്‍ നിപുണനായ ഹുബാബ് ബിന്‍ അല്‍ മുന്‍ദിര്‍ പ്രവാചന്‍(സ)യോട് അഭിപ്രായപ്പെട്ടു. പ്രവാചകരേ, ഇത് യഥാര്‍ത്ഥ സ്ഥാനമല്ല, വെള്ളം ലഭ്യമായ സ്ഥലത്തേക്ക് നമുക്ക് പുറപ്പെടാം, പിന്നെ അവിടെ നമുക്ക് കിണര്‍ കുഴിക്കാം’. പിന്നെ അവിടെ ഹൗള് നിര്‍മിച്ച് അതില്‍വെള്ളം ശേഖരിക്കാം. നമുക്കതില്‍ നിന്ന് വെള്ളം കുടിക്കാം. അവര്‍ക്ക് കുടിക്കാന്‍ കഴിയുകയുമില്ല. അപ്പോള്‍ നബി(സ) പറയുന്നു. വളരെ നല്ല അഭിപ്രായമാണ് താങ്കള്‍ ചൂണ്ടിക്കാട്ടിയത്’. ഓരോ വ്യക്തികളുടെ സാധ്യതകള്‍ പ്രവാചകന്‍(സ) തിരിച്ചറിയുന്നു. ഓരോരുത്തര്‍ക്കും അനുയോജ്യമായ വിശേഷണങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം ഒരു പിശുക്കും കാണിച്ചില്ല.

അബൂബക്കര്‍ (അര്‍ഹമുല്‍ ഉമ്മ) കാരുണ്യത്തിന്റെ നിറകുടം.
ഉമര്‍, ഉസ്മാന്‍ (അസ്ദഖുല്‍ ഹയാ) ലജ്ജാവിഹീനര്‍
അലി ബിന്‍ അബീത്വാലിബ് (അഖഌസ്സഹാബ) ഏറ്റവും നല്ല വിധികര്‍ത്താവ്
ജഅ്ഫര്‍ ബിന്‍ അബീത്വാലിബ് (അഖ്‌യറുന്നാസി ലില്‍ മിസ്‌കീന്‍) അഗതികളുടെ ആശ്രയന്‍
ഖാലിദ് ബിന്‍ വലീദ് (സയ്ഫുന്‍ മിന്‍ സുയൂഫില്ലാഹ്) അല്ലാഹുവിന്റെ ഖഡ്ഗം
മുആദ് ബിന്‍ ജബല്‍ (അഅ്‌ലമുഹും ബില്‍ ഹലാലി വല്‍ ഹറാം) ഹലാല്‍-ഹറാം വിഷയങ്ങളില്‍ അഗ്രഗണ്യന്‍
സൈദ് ബിന്‍ സാബിത് (അഅ്‌ലമുഹും ബില്‍ ഫറാഇദ്) അനന്തരാവകാശ വിശാരദന്‍
ഉബയ്യ് ബിന്‍ കഅ്ബ് (അഖ്‌റഉല്‍ ഉമ്മ) ഖുര്‍ആന്‍ പാരായണ വിദഗ്ദന്‍
ഹംസഃ ബിന്‍ അബ്ദുല്‍ മുത്തലിബ് (അസദുല്‍ ഉമ്മ) സമൂഹത്തിന്റെ സിംഹം.

സൈനിക നേതാവായ പ്രവാചകന്‍
സൈനിക നേതാവ് എന്ന നിലയില്‍ പ്രവാചകന്‍(സ)യുടെ നേതൃപാടവം ബദ്ര്‍ യുദ്ധത്തില്‍ നമുക്ക് ദര്‍ശിക്കാം. യുദ്ധത്തിനുമുമ്പ് തന്നെ സൈന്യത്തിന്റെ അണിനിര വ്യവസ്ഥപ്പെടുത്തി, യുദ്ധം ആരംഭിച്ചപ്പോള്‍ തന്റെ സൈന്യത്തിലെ ശക്തരായ മൂന്ന് പേരെ പ്രതിയോഗികളെ നേരിടാനായി തെരഞ്ഞെടുക്കുന്നു. നബി(സ) പറഞ്ഞു: അലി, ഹംസ, ഉബൈദ മുന്നോട്ട് വരൂ! അല്ലാഹു അവര്‍ മുഖേന ഉത്ബ, ശൈബ, ഇബ്‌നുറബീഅ, വലീദ് ബിന്‍ ഉത്ബ എന്നിവരുടെ കഥകഴിച്ചു. ഇത് യഥാര്‍ഥത്തില്‍ യുദ്ധാരംഭത്തില്‍ തന്നെ ബഹുദൈവ മുശ്‌രിക്കുകളുടെ ആത്മവീര്യം ചോര്‍ത്തിക്കളഞ്ഞു. യുദ്ധത്തില്‍ എഴുപത് ശത്രുക്കളെ കൊല്ലുകയും എഴുപത് പേരെ ബന്ധനസ്ഥരാക്കുകയും ചെയ്തു.

പുതുമയുള്ള നേതാവ്
നൂതന ആവിഷ്‌കാരവും ദ്രുതഗതിയിലുള്ള നടപടികളും പ്രവാചകജീവിതത്തില്‍ വായിക്കാന്‍ കഴിയും. നിര്‍ണായക തീരുമാനം നടപ്പാക്കേണ്ട ഹുദൈബിയ സന്ധിയുടെ വേളയില്‍ റസൂലിന്റെ ദീര്‍ഘദൃഷ്ടിയും രാഷ്ട്രീയപാടവവും ദര്‍ശിക്കാം. മുസ്‌ലിങ്ങളെ തുല്യശക്തിയായി ശത്രുക്കള്‍ പരിഗണിക്കുകയുണ്ടായി. ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് അറബ് പ്രദേശത്തെ മുഖ്യ ശത്രുക്കളുടെ ഭാഗത്ത്‌നിന്ന് ലഭിക്കുന്ന ആദ്യത്തെ അംഗീകാരമായിരുന്നു അത്. ഇതിലൂടെ ധാരാളം ഗോത്രങ്ങള്‍ പ്രവാചകന്‍(സ)യുമായി സഖ്യത്തിലേര്‍പ്പെടുകയുണ്ടായി. ഗോത്രങ്ങള്‍ക്കിടയിലും സമീപ പ്രദേശങ്ങളിലും പ്രബോധനമെത്തിക്കാനുള്ള നിര്‍ഭയമായ അവസ്ഥ സംജാതമാവുകയുണ്ടായി. ഇതെല്ലാം അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയുടെ ഫലമായിരുന്നു.
പ്രവാചകന്‍(സ)യുടെ ആസൂത്രണമികവിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഹിജ്‌റ. തന്റെ ഉറ്റ സുഹൃത്ത് അബൂബക്കര്‍(റ)വിനെ കൂട്ടുകാരനായി നിശ്ചയിക്കുന്നു. ഖുറൈശികള്‍ക്ക് സുപരിചിതമല്ലാത്ത കടല്‍തീരത്തെ വഴി തെരഞ്ഞെടുക്കുന്നു. കാര്യങ്ങള്‍ ശാന്തമാകുന്നതുവരെ മൂന്ന് രാത്രി സൗര്‍ പര്‍വ്വതത്തിലെ ഗുഹയില്‍ താമസിക്കുന്നു. വഴികാട്ടിയായി മുശ്‌രിക്കായ അബ്ദുല്ലാഹിബ്‌നു ഉറൈഖിതിനെ തെരഞ്ഞെടുക്കുന്നു. ഖുറൈശികളുടെ വാര്‍ത്തകള്‍ അറിയിക്കുവാന്‍ അബ്ദുല്ലാഹി ബിന്‍ അബൂബക്കറിനെ അയക്കുന്നു. സുരക്ഷക്ക് വേണ്ടി ആമിറുബ്‌നു ഫുഹൈറയെ ഗുഹക്ക് ചുറ്റും ആട്ടിനെ മേയ്ക്കാന്‍ ചുമതലപ്പെടുത്തിയതും കൂടെയുള്ളയാള്‍ക്ക് അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതിന്റെ മഹത്വം വെളിപ്പെടുത്തിയതും ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു.

മാതൃക നേതാവ്
പ്രവാചകന്‍(സ) തന്റെ പ്രവര്‍ത്തനം വാക്ക്, വിനയം, സ്വപ്‌നം, കാരുണ്യം, സഹനം എന്നിവയിലെല്ലാം ഉന്നത മാതൃകയായിരുന്നു. അഹ്‌സാബ് യുദ്ധവേളയില്‍ തന്റെ സൈന്യത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിലും അവരില്‍ സന്തോഷമുണര്‍ത്തുന്നതിനുമായി അവരോടൊപ്പം കിടങ്ങ് കുഴിക്കുന്നതില്‍ പങ്കാളികളായ അനുഭവം ശ്രദ്ധേയമാണ്. യുദ്ധവേളയില്‍ തന്റെ അനുചരന്‍മാര്‍ നേരിടുന്ന പ്രയാസങ്ങളില്‍ പങ്കുചേരാനും ലഘൂകകരിക്കാനും പ്രവാചകന്‍(സ)വിശാലത കാണിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്തതായി കാണാം. അണികളില്‍ നവോന്‍മേഷം ഉളവാക്കുന്നതിനും മനോദാര്‍ഢ്യം പകരുന്നതിലും അദ്ദേഹം കണിശത പുലര്‍ത്തുകയുണ്ടായി.

നീതിമാനും ദൃഢനിശ്ചയവുമുളള നേതാവ്
തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് തന്റെ അനുചരന്മാരില്‍ പ്രവാചകന്‍(സ) വളര്‍ത്തിയെടുത്തു. പ്രവാചകന്‍(സ) ഈ വിശേഷണത്തിന്ന് ഏറ്റവും അര്‍ഹനായിരുന്നു. ‘ബനൂ ഖുറൈളയില്‍ എത്തിയശേഷമേ നമസ്‌കരിക്കാന്‍ പാടുള്ളൂ ‘എന്ന് അഹ്‌സാബ് യുദ്ധത്തിന് ശേഷം തന്റെ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. അത് ഒരു നേതാവ് അണികള്‍ക്ക് നല്‍കിയ കണിശമായ നിര്‍ദ്ദേശമായിരുന്നു. ഉടനെ എല്ലാവരും ശത്രുക്കളുമായി സഖ്യത്തിലേര്‍പ്പെട്ടവരെയും കരാര്‍ലംഘകരെയും നേരിടാനായി പുറപ്പെടുകയുണ്ടായി.
സൈന്യത്തോടുള്ള നീതിപൂര്‍വ്വകമായ പെരുമാറ്റത്തിന്റെ മകുടോദാഹരണം പ്രവാചകന്‍(സ)യുടെ ജീവിതത്തില്‍ നമുക്ക് ദര്‍ശിക്കാം. ബദ്ര്‍ യുദ്ധവേളയില്‍ അദ്ദേഹം തന്റെ സൈനികരുടെ അണി ചിട്ടപ്പെടുത്തുകയായിരുന്നു. എല്ലാവരെയും തട്ടി വിടവും വളവും ഇല്ലാതാക്കാനുള്ള ചെറിയവടി അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു. അണിയില്‍ നിന്ന് അല്‍പം മുന്നിലായി നില്‍ക്കുന്ന സവാദ്(റ)ന്റെ വയറിന് തട്ടിക്കൊണ്ട് സവാദ് നീ നേരെ നില്‍ക്കുക എന്ന് പ്രവാചകന്‍(സ) പറഞ്ഞു. ഉടനെ സവാദ്(റ) അല്ലാഹുവിന്റെ ദൂതരേ താങ്കള്‍ എന്നെ വേദനിപ്പിച്ചല്ലോ! അല്ലാഹു താങ്കളെ സത്യവും നീതിയുമായി നിയോഗിച്ചതാണല്ലോ എന്ന് പറഞ്ഞു. മാത്രമല്ല എനിക്കിതിന് പ്രതിക്രിയ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉടനെ പ്രവാചകന്‍(സ) തന്റെ വയര്‍ കാട്ടിക്കൊടുത്തു പ്രതിക്രിയ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഉടനെ അദ്ദേഹം പ്രവാചകനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയുണ്ടായി. ഉടന്‍ പ്രവാചകന്‍ ചോദിച്ചു. എന്താണ് സവാദേ നിന്നെ ഇതിന് പ്രേരിപ്പിച്ചത്! എന്റെ ഏറ്റവും ഒടുവിലത്തെ അഭിലാഷം പ്രവാചനെ ആശ്ലേഷിക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ നന്മക്ക് വേണ്ടി റസൂല്‍(സ)പ്രാര്‍ത്ഥിച്ചു.
ഇപ്രകാരമായിരുന്നു പ്രവാചകന്‍(സ) തന്റെ സൈനികരോട് സഹവസിച്ചിരുന്നത്. എല്ലാ യുദ്ധത്തിലും ഉജ്വലമായ മാതൃക അദ്ദേഹം വരച്ചിട്ടു. നേതൃത്വത്തിന്റെ ഉദാത്ത ഗുണങ്ങള്‍ അദ്ദേഹത്തിന്റെ സഹവാസത്തില്‍ എപ്പോഴും ജ്വലിച്ചുനിന്നു.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles