Current Date

Search
Close this search box.
Search
Close this search box.

റമദാനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കൂ

child.jpg

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് നോമ്പു നോല്‍ക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. എന്നിരുന്നാലും കുട്ടികളുടെ മാതാപിതാക്കള്‍ അവരെ നോമ്പെടുക്കാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കാറുണ്ട്. അത് അവര്‍ക്ക് പരിശീലനം നല്‍കാന്‍ വേണ്ടിയാണ്. മാത്രമല്ല, നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ നോമ്പെടുക്കണമെന്നും ചെറുപ്പത്തില്‍ തന്നെ അവരെ പഠിപ്പിക്കാന്‍ വേണ്ടിയാണുമത്.

അല്‍റുബയ്യ ബിന്‍ത് മുആവിയ(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹഥീദില്‍ പറയുന്നു: ആശൂറ ദിനത്തില്‍ രാവിലെ നബി(സ) അന്‍സാര്‍  ഗോത്രത്തിലേക്ക് ഒരാളെ അയച്ചു. അയാളോട് ഇപ്രകാരം വിളിച്ചുപറയാന്‍ കല്‍പ്പിച്ചു: വല്ലവനും ഈ ദിവസം നോമ്പനുഷ്ടിച്ചിട്ടുണ്ടെങ്കില്‍ അവന്‍ നോമ്പ് പൂര്‍ത്തീകരിക്കട്ടെ. വല്ലവനും നോമ്പനുഷ്ടിച്ചിട്ടില്ലെങ്കില്‍ അവര്‍ ഭക്ഷണം കഴിക്കാതെ സ്വമേധയ നോമ്പെടുക്കട്ടെ. അതിനുശേഷം ഞങ്ങള്‍ നോമ്പനുഷ്ടിക്കാന്‍ ആരംഭിച്ചു. ഞങ്ങളുടെ ചെറിയ കുട്ടികളെയും ഇതിനായി പരിശീലിപ്പിച്ചു. അവരെ പള്ളിയിലേക്ക് കൊണ്ടുപോകുകയും അവര്‍ക്ക് കളിക്കാനായി കളിപ്പാട്ടം നല്‍കുകയും ചെയ്തു. വിശപ്പുകൊണ്ട് അവരിലാരെങ്കിലും കരയാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് ഞങ്ങള്‍ ഒരു കളിപ്പാട്ടം നല്‍കുകയും നോമ്പ് തുറക്കുന്നത് വരെ അവര്‍ അതില്‍ കളിക്കുകയും ചെയ്യും. (ബുഖാരി,മുസ്‌ലിം)

മുകളിലത്തെ ഹഥീസില്‍ പ്രവാചകന്‍ എല്ലാവരെയും നോമ്പനുഷ്ടിക്കാന്‍ പ്രോത്സാഹിപ്പിച്ചതായി കാണാം. അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ തണലിന് അര്‍ഹരാകുന്ന ഏഴു കൂട്ടരെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു കൂട്ടര്‍ ബാല്യകാലം തൊട്ടേ ആത്മാര്‍ത്ഥമായി ദൈവാരധനയിലേര്‍പ്പെട്ടവരാണ്. അതിനാല്‍ തന്നെ അല്ലാഹുവിന്റെ തണല്‍ ലഭിക്കുന്നവരില്‍ നിങ്ങളുടെ കുട്ടികള്‍ ഉള്‍പ്പെടാന്‍ വേണ്ടി നിങ്ങള്‍ അവരെ ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കുക.

റമദാനിനെക്കുറിച്ചും നോമ്പിനെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് വിവിധ വഴികള്‍ സ്വീകരിക്കാം. ഒരു രക്ഷിതാവ് എന്ന നിലക്ക് നിങ്ങളുടെ കുട്ടിക്ക് നിങ്ങളായിരിക്കണം ഏറ്റവും വലിയ റോള്‍ മോഡല്‍. നിങ്ങള്‍ കൃത്യമായി നോമ്പെടുക്കുകയും ഇസ്ലാമിക മര്യാദകള്‍ അനുസരിച്ച് അവരോട് പെരുമാറുകയും ചെയ്യണം. നിങ്ങള്‍ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്നതിലും വേഗം അവര്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കും.

റമദാനില്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ ഇതാ ചില മാതൃകകള്‍:

1. ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. അത്താഴത്തിന് എഴുന്നേല്‍പ്പിക്കുക. നോമ്പെടുത്താല്‍ അവരെ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് പ്രശംസിക്കുക.  

2. കുട്ടികളെ പള്ളിയിലേക്ക് കൂടെ കൊണ്ടുപോവുക. പ്രത്യേകിച്ച് മഗ്രിബിന്. മറ്റുള്ളവരുടെ കൂടെ ഒന്നിച്ചിരുന്ന് നോമ്പ് തുറപ്പിക്കുക. ഇത് അവര്‍ക്ക് നോമ്പെടുക്കാന്‍ പ്രചോദനമാകും.

3. അവര്‍ നോമ്പെടുത്തില്ലെങ്കിലും നോമ്പ് തുറക്കുമ്പോള്‍ അവരെയും കൂടെ കൂട്ടുക. തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥനയും അവര്‍ക്ക് പഠിക്കാനാവും. തറാവീഹ് നമസ്‌കാരത്തിന് അവരെ കൂടെക്കൂട്ടുക. ചെറുപ്പത്തില്‍ തന്നെ ഇവ പഠിക്കാന്‍ അവര്‍ക്ക് അവസരമാകും. നമസ്‌കരിച്ച് ക്ഷീണിച്ചാല്‍ അവര്‍ക്ക് വിശ്രമം നല്‍കുക.

4. റമദാന്‍ മാസത്തില്‍ ദാനധര്‍മങ്ങള്‍ക്കും സ്വദഖകള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് അവരെ പഠിപ്പിക്കുക. റമദാന്‍ മാസത്തില്‍ നല്‍കുന്ന ധര്‍മങ്ങള്‍ക്ക് ഇരട്ടി പുണ്യമുണ്ടെന്ന് അവരോട് പറയുക. കുട്ടികള്‍ മോശമായി പെരുമാറുകയാണെങ്കില്‍ റമദാനില്‍ മോശമായി പെരുമാറുന്നവരുടെ നോമ്പ് സ്വീകരിക്കില്ലെന്ന് പറഞ്ഞ് മനസ്സിലാക്കുക.

5. പെരുന്നാളിന് അവര്‍ക്ക് പുതുവസ്ത്രം വാങ്ങി നല്‍കുക. അവരെ ഈദ്ഗാഹിലേക്ക് കൊണ്ടുപോവുക. ഈദ് ദിനം ലോകത്തുള്ള മുസ്ലിംകള്‍ക്കുള്ള ആഘോഷദിനമാണെന്ന് അവരെ പഠിപ്പിക്കുക.

ഈ കാര്യങ്ങള്‍ റമദാനില്‍ നിങ്ങളുടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ പഠിപ്പിച്ചു നല്‍കുക. ഇസ്ലാമിന്റെ മൂല്യങ്ങള്‍ക്കനുസൃതമായി അവരെ ഉയര്‍ത്തിക്കൊണ്ടുവരിക. അല്ലാഹു ഉദ്ദേശിച്ചാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കും.

അവലംബം: zawaj.com

വിവര്‍ത്തനം: സഹീര്‍ അഹ്മദ്‌

 

 

Related Articles