Current Date

Search
Close this search box.
Search
Close this search box.

മതപ്രഭാഷണങ്ങള്‍ ആര്‍ക്കുവേണ്ടി?

liu.jpg

ഞങ്ങളുടെ തറവാട് വളപ്പില്‍ വലിയ ഒരു കുളവും ഒരു കിണറുമുണ്ടായിരുന്നു. മഴക്കാലത്തു ഒലിച്ചു വരുന്ന ജലം സൂക്ഷിക്കാന്‍ ഇത് ധാരാളമായിരുന്നു. തൊട്ടടുത്ത വീടുകളിലും ഇതെല്ലാം സാധാരണ സംഭവങ്ങളായിരുന്നു. ആദ്യം അപ്രത്യക്ഷമായത് കുളമാണ്. പിന്നെ കിണറും. വെള്ളം തടഞ്ഞു നിര്‍ത്താന്‍ വഴികളില്ല എന്നതിനാല്‍ ഒരിക്കലും വരള്‍ച്ച വരില്ല എന്നുറപ്പിച്ച എന്റെ നാട്ടിലും അത് വന്നു കൊണ്ടിരിക്കുന്നു. മഴയുടെ കുറവല്ല പകരം മഴവെള്ളം സൂക്ഷിക്കാനുള്ള അവസരങ്ങളുടെ കുറവാണു വരള്‍ച്ചയുടെ മുഖ്യ കാരണം.

മത പ്രഭാഷണങ്ങളുടെ കുറവല്ല സമുദായം നേരിടുന്ന പ്രശ്‌നം. ഒരുവേള അതിന്റെ ആധിക്യമാണ്. മഴ പോലെയാണു സമുദായത്തിന് ഉപദേശം ലഭിക്കുന്നത്. ഖുതുബകള്‍,ക്ലാസുകള്‍ എന്നിവ അതിനു പുറമെയാണ്. എന്നിട്ടും ഇസ്ലാമിക സംസ്‌കാരം എന്നത് ഇപ്പോള്‍ പൊതു സമൂഹത്തില്‍ അന്യമാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് മഴവെള്ളം തടഞ്ഞു വെക്കാന്‍ സ്ഥലമില്ല എന്നത് പോലെ ഉപദേശങ്ങള്‍ തടഞ്ഞു വെക്കാന്‍ മനസ്സില്‍ ഇടമില്ല എന്നതാണു തടസ്സം. മത രംഗത്ത് ഏറ്റവും കൂടുതല്‍ പൊതു പ്രഭാഷണങ്ങള്‍ നടക്കുന്നത് മുസ്ലിം സമുദായത്തിലാണ്. ഇതിനായി കൂടുതല്‍ പൈസ ചിലവഴിക്കുന്ന വിഭാഗവും മുസ്ലിംകള്‍ തന്നെ. നാമിന്നു കാണുന്ന രീതി പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെയാണ് നിലവില്‍ വന്നത്. പ്രവാചകന്‍ ആളുകളെ ഒരിമിച്ചു കൂട്ടി സ്ഥിരമായി പ്രഭാഷണം നടത്തിയതായി കാണുന്നില്ല. ചില സമയങ്ങളില്‍ പ്രവാചകന്‍ പൊതു സമൂഹത്തോട് സംസാരിച്ചതായി കാണുന്നു. പ്രവാചകന്റെ മരണം പോലുള്ള സന്ദര്‍ഭങ്ങളില്‍ അബൂബക്കര്‍ (റ) പൊതുജനത്തോടു ആ രീതിയില്‍ സംസാരിച്ചു എന്നത് പോലെയല്ലാതെ മതപ്രബോധനം ഉന്നം വെച്ച് സ്ഥിരമായ പൊതു പ്രഭാഷണങ്ങള്‍ നാം കാണുന്നില്ല.
 
പണ്ട് കാലം മുതല്‍ തന്നെ മത പഠനത്തിനു ക്ലാസ് രീതി അംഗീകരിക്കപ്പെട്ടിരുന്നു. ഇബ്‌നു അബ്ബാസ് (റ) വീടിനു മുന്നില്‍ പഠിക്കാന്‍ വന്നിരുന്ന ആളുകളുടെ നീണ്ട നിര കാണാം എന്ന് ചരിത്രം പറയുന്നു. മദ്ഹബീ ഇമാമുകള്‍ നടത്തിയിരുന്ന പള്ളി ക്ലാസ്സുകള്‍ പ്രസിദ്ധമാണ്. മക്ക മദീന കൂഫ ദമാസ്‌കസ് ബാഗ്ദാദ് ഈജിപ്ത് പോലുള്ള സ്ഥലങ്ങളില്‍ ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും നടന്നു പോന്നിരുന്ന ഇത്തരം പഠന രീതികര്‍ ഇസ്ലാമിക വിജ്ഞാന രംഗത്ത് പ്രസിദ്ധമാണ്. കേരളക്കരയില്‍ വളരെ മുമ്പ് തന്നെ മത പ്രഭാഷണ രംഗം സജീവമാണ്. ഇന്ന് കാണുന്ന സാങ്കേതിക രീതികള്‍ നിലവില്‍ വരുന്നതിനു മുമ്പ് തന്നെ കേരളത്തില്‍ മത പ്രഭാഷണ രംഗം സജീവമായിരുന്നു. മത പ്രഭാഷണം അന്ന് രാത്രികളിലാണ് നടക്കാറ്. സാധാരണക്കാരന് മതം പഠിക്കാന്‍ അത് തന്നെയായിരുന്നു വഴി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച കേരള മുസ്ലിം നവോത്ഥാനം അതിന്റെ പൂര്‍ണതയില്‍ എത്തുന്നത് ഇരുപാതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. കേരള മുസ്ലിംകളുടെ സംഘടന സംവിധാനം എന്നിടത്തു നിന്നാണു പൊതു പ്രഭാഷണം ഇത്ര മാത്രം സ്ഥാനം പിടിച്ചതും.

മത പ്രബോധനം എന്നതിലപ്പുറം സംഘടനയാണ് പലപ്പോഴും പൊതുപ്രഭാഷണത്തിന്റെ അടിസ്ഥാനം. സംഘടനയുടെ നയനിലപാടുകള്‍ ജനത്തെ അറിയിക്കുക സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ അന്തരം ചര്‍ച്ച ചെയ്യുക എന്നിവയില്‍ അധിക പൊതു പ്രഭാഷണങ്ങളും അവസാനിക്കുന്നു. ഇസ്ലാമിനെ കുറിച്ച് പൊതുവായ ചര്‍ച്ചകള്‍ തുലോം കുറവാണ്. പാതിരാ പ്രസംഗങ്ങളില്‍ കാര്യമായ വിഷയങ്ങള്‍ ഇസ്ലാമിലെ ആരാധന കാര്യങ്ങളായിരുന്നു. അതില്‍ തന്നെ നമസ്‌കാരം നോമ്പ് തുടങ്ങിയവയും.

തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യ കുറവാണ് എന്നതിനാലും അന്നത്തെ മത പഠന സമ്പ്രദായം വടക്കന്‍ കേരളത്തിലെ പള്ളികളെ കേന്ദ്രീകരിച്ചായിരുന്നു എന്നതിനാലും ആ മേഖലയില്‍ വടക്കന്‍ ജില്ലയിലെ ആളുകളായിരുന്നു കൂടുതല്‍ പ്രാസംഗികര്‍. കുറഞ്ഞ വാക്കുകളില്‍ മറ്റുള്ളവരുടെ സമയം മെനക്കെടുത്താതെ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സാമര്‍ഥ്യമാണ് പ്രഭാഷണകല. സംസാരത്തിലൂടെ മറ്റൊരാളുടെ ആത്മാവ് തൊടുക എന്നത് അത്ര അനായാസമല്ല. അതിന് നല്ല സിദ്ധിയും സാധനയും ആവശ്യമാണ്. പ്രസംഗ കലയുടെ ആത്മാവ് ഇതാണെങ്കിലും ചെറിയ വിഷയങ്ങളെ നീട്ടിയും പരത്തിയും ഈണത്തിലും പറയുക എന്നതാണ് മത പ്രസംഗ രീതികളില്‍ അധികവും.

ദാവൂദ് നബിക്ക് നല്‍കിയ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സംസാരവും എടുത്തു പറയുന്നു. അദ്ദേഹത്തിന് ആളുകള്‍ക്ക് വിഷയങ്ങള്‍ മനോഹരമായും എളുപ്പവും മനസ്സിലാക്കി കൊടുക്കാന്‍ കഴിഞ്ഞിരുന്നു എന്നതാണു ആ വചനത്തിന്റെ വിശദീകരണമായി പറയപ്പെടുന്നത്. ”തീര്‍ച്ചയായും സംസാരത്തിന് മാസ്മര ശക്തിയുയണ്ട്” എന്ന നബി വചനവും പ്രസിദ്ധമാണ്.

അത് സംസാരത്തെ പ്രശംസിച്ചു പറഞ്ഞതാണ് എന്നതാണു പണ്ഡിത മതം. ജനത്തെ കയ്യിലെടുക്കാന്‍ സംസാരത്തിന് കഴിയും എന്നതാണ് അത് കൊണ്ട് മനസ്സിലാക്കപ്പെടുന്നത്. അനുവാചകലോകത്തെ ഒപ്പം കൊണ്ട് പോകാന്‍ അത് ഉപകരിക്കും. പാതിരാ പ്രസംഗങ്ങളില്‍ ചരിത്ര സംഭവങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രാമുഖ്യം. പല ഇസ്രായേലീ കഥകളും ഷിയാ വിഭാഗം പടച്ചു വിട്ട കഥകളും ഇഷ്ടം പോലെ അന്ന് കേട്ടു കൊണ്ടിരുന്നു. ലേലം വിളിയും തൗബയും അന്നും പ്രസംഗങ്ങളുടെ അലങ്കാരമായിരുന്നു. അവസാന ദിവസം കൂട്ട തൗബയോടെയാണ് സമാപനം. കവര്‍ കൊടുത്തും ലേലങ്ങളിലൂടെയും വിഭവ സമാഹരണം എന്നത് സ്ഥിര സംഭവമായിരുന്നു. തൗഹീദ് പ്രഭാഷണം അധികവും വാദപ്രതിവാദ സദസ്സുകളില്‍ മാത്രമായി ചുരുങ്ങി. ദഅ്‌വ മുഖമുള്ള പൊതു ഇസ്ലാമിക പ്രഭാഷങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു എന്നും പറയാം.

തന്റെ മുന്നിലുള്ള ജനത്തിന് ദീന്‍ പഠിപ്പിക്കുക്ക എന്നതിലപ്പുറം സംഘടനയാണ് പലരുടെയും വിഷയം. മറ്റു ചിലരുടേത് ജനത്തിന്റെ കയ്യില്‍ നിന്നും പണം തട്ടലും. പണ്ഡിതന്മാരിലും പുരോഹിതരിലും അധികം പേരും ജനത്തിന്റെ ധനം മോശമായ രീതിയില്‍ ഭക്ഷിക്കുന്നു എന്നത് ഖുര്‍ആന്‍ നല്‍കിയ മുന്നറിയിപ്പാണ്. ഓരോ ചടങ്ങിനും ഓരോ സ്വഭാവമുണ്ട്. ഓരോ സ്ഥലത്തിനും അതാവശ്യപ്പെടുന്ന ചില ഔചിത്യങ്ങളുണ്ട്. ഔചിത്യമില്ലായ്മയോളം വലിയ അശ്‌ളീലവുമില്ല. ഔചിത്യ ബോധം നഷ്ടമാകുന്നു എന്നതാണു പലപ്പോഴും ഇത്തരം പ്രഭാഷകരില്‍ സംഭവിക്കുന്നത്. ഉള്ളിതൊലി പൊളിച്ച അവസ്ഥയാണു പല പ്രസംഗത്തിനും. മൊത്തം രാഗവും താളവും മാറ്റി വെച്ചാല്‍ എന്ത് നേടി എന്നതു ചിന്തിക്കണം.

സമുദായം ചിലവഴിക്കുന്ന കോടികള്‍ നേരത്തെ പറഞ്ഞ മഴവെള്ളം പോലെ ഒളിച്ചു പോകുന്നു. അതിന്റെ ഗുണം സമുദായത്തിനും സമൂഹത്തിനും ലഭിക്കുന്നുവോ എന്നതും പഠന വിഷയമാണ്. പലപ്പോഴും ഒരു മാമാങ്കം എന്നതിലപ്പുറം ഇത്തരം സംരംഭങ്ങള്‍ പോകാറില്ല. പ്രാസംഗികനും സംഘാടകര്‍ക്കും ഒരു സാമ്പത്തിക മാര്‍ഗം എന്നതിലപ്പുറം പോകാറില്ല. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന പ്രാസംഗികര്‍ മാസത്തില്‍ ഇരുപതു ദിവസത്തില്‍ അധികവും തിരക്കാണ്.

ആളുകള്‍ക്ക് വിഷയവും അവര്‍ തന്നെ നല്‍കും. മതം ഇന്നൊരു നല്ല വ്യവസായമാണ്. കോടികള്‍ മറിയുന്ന മാഫിയ രംഗമായി ദീന്‍ മാറിയിരിക്കുന്നു. നീട്ടിയും കുറുക്കിയും ഈണത്തിലും ജനത്തിന്റെ മടിയിലെ പണം നേടുക എന്നതിലപ്പുറം മനസ്സിലേക്ക് ദീന്‍ കടക്കണം എന്നതില്‍ ജനത്തിനും പ്രാസംഗികനും താല്പര്യമുണ്ട് എന്ന് തോന്നുന്നില്ല. മത പ്രഭാഷണത്തിനു നേതൃത്വം നല്‍കുന്ന നാട്ടിലെ മഹല്ല് ഭാരവാഹികളുടെ ജീവിതം തന്നെ പലപ്പോഴും അതിനൊരു നല്ല ഉദാഹരണമാണ്. വിവാഹ ദൂര്‍ത്തിനെതിരെ നടത്തിയ പ്രസംഗത്തിനും ലക്ഷം പ്രതിഫലം വാങ്ങി, അടുത്ത ദിവസം മഹല്ല് പ്രസിഡന്റ് മകളുടെ വിവാഹം എല്ലാ ദൂര്‍ത്തിനെയും തോല്‍പിക്കുന്നതായിരുന്നു.

 

Related Articles