Current Date

Search
Close this search box.
Search
Close this search box.

പല്ലു വൃത്തിയാക്കുന്നതിലെ പുണ്യം

j.jpg

അറബികള്‍ മിസ്‌വാക് (പല്ലു വൃത്തിയാക്കുക) ചെയ്യുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അവരുടെ കൈയില്‍ എല്ലായ്‌പ്പോഴും മിസ്‌വാക് എന്ന പേരിലുള്ള ഒരു ചെറിയ മരക്കഷ്ണമുണ്ടാകും. ഇതുപയോഗിച്ചിട്ടായിരിക്കും അവര്‍ എപ്പോഴും പല്ല് വൃത്തിയാക്കുക. പ്രവാചകന്റെ കാലം മുതല്‍ അറേബ്യയില്‍ കണ്ടു വന്നിരുന്ന ഒരു രീതിയാണിത്. സിവാക് എന്ന അറബി വാക്കില്‍ നിന്നാണ് മിസ്‌വാക് ഉണ്ടാകുന്നത്. പല്ലു വൃത്തിയാക്കുന്ന മരക്കഷ്ണത്തിനു പറയുന്ന പേരാണ് സിവാക്. ഇതിനായി പ്രത്യേകം ഒരു മരത്തിന്റെ ശാഖയുടെ ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ഇതു മാറി ബ്രഷ് ആണ് ഉപയോഗിക്കുന്നത്. എന്തുപയോഗിച്ച് വൃത്തിയാക്കുന്നു എന്നതിന് ഇസ്ലാമില്‍ പ്രത്യേക പുണ്യമില്ല. മറിച്ച് പല്ല് വൃത്തിയായി സൂക്ഷിക്കണം എന്നേ പറഞ്ഞുള്ളൂ.

ഇസ്ലാമില്‍ വൃത്തിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. അതില്‍പ്പെട്ടതു തന്നെയാണ് പല്ലുകളും വായയും വൃത്തിയായി സൂക്ഷിക്കുക എന്നത്. കാരണം നാം മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ വായ്‌നാറ്റം ഒഴിവാക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലിനിടയില്‍ കുടുങ്ങി ദുര്‍ഗന്ധം വമിക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ് പല്ലുകളും വായയും വൃത്തിയായി സൂക്ഷിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെട്ടത്.

അഞ്ചു നേരം നമസ്‌കാരത്തിനായി വുദൂ എടുക്കുമ്പോള്‍ വായ നല്ലവണ്ണം വൃത്തിയാക്കാന്‍ പറയുന്നുണ്ട്. ഇതിനാലാണ് ചിലര്‍ എല്ലായ്‌പ്പോഴും മിസ്‌വാക് ഉപയോഗിക്കുന്നത്. അതേസമയം, പല്ലു വൃത്തിയാക്കല്‍ വുദുവിന്റെ സുന്നത്താണെന്നും അതല്ല നമസ്‌കാരത്തിന്റെ തന്നെ സുന്നത്താണെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്. മിസ്‌വാക് ചെയ്യല്‍ എല്ലാ നമസ്‌കാരത്തിലും സാധ്യമാവുമെങ്കില്‍ ചെയ്യണമെന്നും ചില ഹഥീസുകളില്‍ നിന്നും ഗ്രഹിക്കാം.

മിസ്‌വാക് ചെയ്യേണ്ടത് എങ്ങനെയെന്നു വരെ ചില ഹഥീസുകളില്‍ കാണാം. സാധാരണയായി എല്ലാവരും ബ്രഷ് ചെയ്യാറുള്ളത് കുത്തനെയാണ്. അങ്ങനെയല്ല തിരശ്ചീനമായിട്ടാണ് ബ്രഷ് ചെയ്യേണ്ടതെന്നും പല പണ്ഡിതന്മാരും അഭിപ്രായം പറയുന്നുണ്ട്. വുദു എടുക്കുന്ന സമയത്ത് വായ കഴുകുമ്പോള്‍ പല്ലും വൃത്തിയാക്കുന്നത് സുന്നത്താണെന്നാണ് പ്രബലമായ അഭിപ്രായം.

ഇങ്ങനെ വായ്‌നാറ്റം പോകുന്നതു വരെ പല്ലും നാവും വൃത്തിയാക്കണം. വൃത്തിയായെന്ന് നാം സ്വയം ഉറപ്പുവരുത്തുകയാണ് വേണ്ടത്. വലതു കൈയില്‍ ബ്രഷോ  അല്ലെങ്കില്‍ മിസ്‌വാകോ ഉപയോഗിച്ച് മൂന്നു തവണയാണ് വെള്ളമൊഴിച്ച് വൃത്തിയാക്കേണ്ടത്. അല്ലെങ്കില്‍ വിരലുകള്‍ ഉപയോഗിച്ചും വൃത്തിയാക്കാവുന്നതാണ്. മിസ്‌വാക് ലഭിക്കാത്തവര്‍ വിരല്‍ ഉപയോഗിച്ചാല്‍ മതിയെന്നും ഹഥീസുകളില്‍ കാണാം. പ്രവാചകന്‍ മുഹമ്മദ് നബി (സ) ഇശാഅ് നമസ്‌കാരത്തിനു മുന്‍പ് മിസ്‌വാക് ഉപയോഗിച്ചതായും ഹഥീസുകളില്‍ കാണാം.

നമ്മുടെ വായ്‌നാറ്റം മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കും. പ്രത്യേകിച്ച് മുഖാമുഖം നിന്നു സംസാരിക്കുന്നവര്‍ക്ക്. അതിനാല്‍ തന്നെ വായയും പല്ലും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ കണിശമായി തന്നെ പ്രവാചകന്‍ നമ്മോട് പറഞ്ഞു തന്നിട്ടുണ്ട്.
അഞ്ചു സന്ദര്‍ഭങ്ങളില്‍ മിസ്‌വാക് ചെയ്യുന്നത് അഭികാമ്യമാണ്. 1. പല്ലുകള്‍ മഞ്ഞ നിറമാവുമ്പോള്‍, 2.വായ്‌നാറ്റം വരുമ്പോള്‍,3.ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍,4.നമസ്‌കാരത്തിനായി തയാറാകുമ്പോള്‍,5.വുദു ഉണ്ടാക്കുമ്പോള്‍. ഈ സന്ദര്‍ഭങ്ങളില്‍ പല്ലുതേക്കാന്‍ നാം പരമാവധി ശ്രമിക്കുക.

 

Related Articles