Current Date

Search
Close this search box.
Search
Close this search box.

താങ്കള്‍ അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ്

surveillance.jpg

عَنْ ثَوْبَانَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَنَّهُ قَالَ: «لَأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا، فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا» ، قَالَ ثَوْبَانُ: يَا رَسُولَ اللَّهِ صِفْهُمْ لَنَا، جَلِّهِمْ لَنَا أَنْ لَا نَكُونَ مِنْهُمْ، وَنَحْنُ لَا نَعْلَمُ، قَالَ: «أَمَا إِنَّهُمْ إِخْوَانُكُمْ، وَمِنْ جِلْدَتِكُمْ، وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ، وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا»

ഥൗബാനി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: എന്റെ ജനതയില്‍ പെട്ട ഒരു വിഭാഗം ആളുകളെ എനിക്കറിക്കാം; അവര്‍ തിഹാമ മലയോളം ശുദ്ധ നന്മകളുമായി ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ വരും. എന്നാല്‍ അല്ലാഹു അതിനെ ചിതറിയ ധൂളിയാക്കി മാറ്റും. ഥൗബാന്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അവരില്‍ പെട്ടുപോകാതിരിക്കാനായി അവരെകുറിച്ച് ഞങ്ങള്‍ക്കൊന്ന് വ്യക്തമായി വിശദീകരിച്ചുതന്നാലും. ഞങ്ങള്‍ക്ക് അവരെ അറിയുകയുമില്ല. പ്രവാചകന്‍ പറഞ്ഞു: അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ ഇനത്തില്‍ പെട്ടരാണ്. നിങ്ങളെപ്പോലെ അവര്‍ രാത്രിയിലെ ആരാധനകാര്യങ്ങള്‍ നിര്‍വഹിക്കും. പക്ഷേ, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുടെ മുമ്പില്‍ തനിച്ചായാല്‍ അവയെ ലംഘിക്കുന്നവരാണവര്‍. (ഇബ്‌നുമാജ)

عَلِمَ : അറിഞ്ഞു          
قَوْمٌ (ج) أقوام : ജനത   
أَتَى : വന്നു     
حَسَنة (ج) حسنات : നന്മ   
مِثَل (ج) أَمْثَال : സദൃശത, തുല്യമായ  
جَبَل (ج) جِبال : പര്‍വതം    
بِيض – بيضاء : വെളുത്ത (ശുദ്ധമായ)
جَعَلَ : ആക്കി   
هَبَاء : ധൂളി, പൊടി   
مَنْثُور : ചിതറപ്പെട്ട    
وَصَفَ : വിശേഷിപ്പിച്ചു, വിവരിച്ചു   
جَلَّ : വ്യക്തമാക്കി    
كَانَ : ആയി    
نَحْنُ : ഞങ്ങള്‍    
أَخٌ (ج) إِخْوان : സഹോദരന്‍   
جِلْدَة : ഇനം, കുടുംബം, ജാതി  
أَخَذَ : നിര്‍വഹിച്ചു, സ്വീകരിച്ചു, എടുത്തു, പിടികൂടി   
خَلا : ഒറ്റക്കായി, ഒഴിഞ്ഞു, ശൂന്യമായി
مَحْرَم (ج) مَحَارِم : നിഷിദ്ധമാക്കപ്പെട്ടത്, കുറ്റം  
اِنْتَهَك : ലംഘിച്ചു, കളങ്കപ്പെടുത്തി

താന്‍ സദാ അല്ലാഹുവിന്റെ നിരീക്ഷണ വലയത്തിലാണെന്ന ബോധം മനുഷ്യമനസ്സില്‍ ഊട്ടിയുറപ്പിക്കാന്‍ അതിയായ താല്‍പര്യം കാണിക്കുന്നുണ്ട് ഇസ്‌ലാം. അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ അല്ലാഹുവിന്റെ വിലക്കുകളെ മറികടക്കാനുള്ള സാധ്യതകള്‍ക്ക് തടയിടാന്‍ മാത്രം ശക്തിയുള്ളതാവണം ആ ബോധം. നന്നേചുരുങ്ങിയത് എന്തെങ്കിലും കാരണവശാല്‍ വല്ല പാകപ്പിഴവോ ന്യൂനതയോ വീഴ്ചയോ സംഭവിച്ചാല്‍ അതില്‍ നിന്ന് കരകയറാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലെങ്കിലും പ്രബലമായിരിക്കണമത്.

ഇഹലോകത്തെ നിരീക്ഷണ സംവിധാനങ്ങളെ തകര്‍ത്തുകൊണ്ടോ കബളിപ്പിച്ചുകൊണ്ടോ തെറ്റുകുറ്റങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അല്ലാഹുവിന്റെ നിരീക്ഷണസംവിധാനം അങ്ങേയറ്റം ഭദ്രവും കുറ്റമറ്റതും സൂക്ഷ്മവുമാണ്. നമ്മുടെ ബാഹ്യചേഷ്ടകളെ മാത്രമല്ല മനോവികാരങ്ങള്‍ കൂടി അതില്‍ ഒപ്പിയെടുക്കപ്പെടും.
അല്ലാഹു നമ്മുടെ സദാനീരീക്ഷിക്കുന്നതുകൊണ്ട് രഹസ്യമായോ പരസ്യമായോ തനിച്ചാവുമ്പോഴോ കൂട്ടത്തിലായിരിക്കുമ്പോഴോ തെറ്റുകള്‍ ചെയ്യാന്‍ ലജ്ജ ഉണ്ടാവണമെന്ന് മുകളില്‍ ഉദ്ധരിച്ച ഹദീസ് പഠിപ്പിക്കുന്നു. ഈ യാഥാര്‍ത്ഥ്യം മനസ്സില്‍ മായാതെ മങ്ങാതെ നിലകൊള്ളാന്‍ ഒരു ഭയാനകദൃശ്യത്തിലേക്ക് സൂചന നല്‍കുകയും ചെയ്യുന്നു പ്രവാചകന്‍.

പലവിധത്തിലുള്ള നന്മകളുടെ കൂമ്പാരവുമായി ശുഭപ്രതീക്ഷയോടെ അല്ലാഹുവിന്റെയടുക്കല്‍ വിചാരണക്കെത്തുന്ന ചിലയാളുകള്‍ നേരിടേണ്ടിവരുന്ന അതിദാരുണമായ അവസ്ഥയാണ് ഇവിടെ എടുത്തുകാണിക്കുന്നത്. സൗദി അറേബ്യയില്‍ യമനുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശത്തെ പര്‍വതനിരകളാണ് തിഹാമ പര്‍വതങ്ങള്‍. അതിനുസമാനമായത്രയും സല്‍കര്‍മങ്ങള്‍ ചെയ്താലും അവയത്രയും പാഴായിപ്പോകുന്ന അവസ്ഥയാണ് പ്രവാചകന്‍ വിശദീകരിക്കുന്നത്. അവസരം കിട്ടുമ്പോഴൊക്കെ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചു എന്നതാണ് അതിന് കാരണം. ഇത്തരമൊരു അവസ്ഥ വരാതിരിക്കാനുള്ള മുന്നറിയിപ്പും താക്കീതുമാണ് ഈ ഹദീസ് ഉള്‍ക്കൊളളുന്നത്.

അല്ലാഹുവില്‍ നിന്ന് ഒന്നും മറച്ചുവെക്കാനാവില്ല എന്നും തന്നില്‍ നിന്ന് സംഭവിക്കുന്നതെല്ലാം അല്ലാഹു സസൂക്ഷ്മം രേഖപ്പെടുത്തുന്നുണ്ടെന്നും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ആ റിപ്പോര്‍ട് തന്റെ മുന്നില്‍ അവതരിപ്പിക്കുമെന്നും നന്മക്ക് പ്രതിഫലവും തിന്‍മക്ക് ശിക്ഷയും ലഭിക്കുമെന്നും പൂര്‍ണമായി വിശ്വസിക്കുന്നവനില്‍ അല്ലാഹുവിന്റെ നിരീക്ഷണത്തെ കുറിച്ച ബോധം സുദൃഢമായി നിലകൊള്ളും. ഖുര്‍ആന്‍ പറയുന്നു: അവന്‍ തന്നെയാണ് ആകാശഭൂമികളിലെ സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും പരസ്യവും അവന്‍ അറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തെന്നും അവന് നന്നായറിയാം (അല്‍അന്‍ആം 3). ഈ യാഥാര്‍ഥ്യം മനസ്സില്‍ തങ്ങി നില്‍ക്കുന്ന കാലത്തോളം അല്ലാഹു വിധിച്ച കാര്യങ്ങളില്‍ തന്റെ സാന്നിധ്യമില്ലാതിരിക്കലും നിരോധിതമേഖലയില്‍ അവന്‍ തന്നെ കാണുന്നതും സത്യവിശ്വാസി അപമാനമായി കരുതും. അല്ലാഹു പറയുന്നു: തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവനെ സൂക്ഷിക്കുക (അല്‍ബഖറ 235).

നിര്‍ബന്ധവും ഐഛികവുമായ ആരാധനാ കര്‍മങ്ങള്‍, ദിക്ര്‍, പ്രാര്‍ഥന, ഖുര്‍ആന്‍ പഠന പാരായണം, സ്വന്തത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചുമുള്ള ചിന്ത, ആത്മ പരിശോധന, സജ്ജനങ്ങളുടെ സഹവാസം തുടങ്ങിയവയെല്ലാം ദൈവിക ചിന്ത നമ്മില്‍ നിലനിര്‍ത്താന്‍ സഹായിക്കും. അല്ലാഹു കാണുന്നു എന്ന ചിന്ത മനുഷ്യനെ തെറ്റുകളില്‍ നിന്ന് അകറ്റി നിര്‍ത്തുമല്ലോ.

ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ഉള്‍പ്പെടെയുള്ള പലരും സ്വഹീഹെന്ന് വിലയിരുത്തിയ ഈ ഹദീസ് ദുര്‍ബലമാണെന്നാണ് ചിലരുടെ പക്ഷം. സനദിലും മത്‌നിലും ന്യൂനതയുണ്ടെന്നാണ് അവര്‍ കാരണമായി പറയുന്നത്. ഇതിന്റെ സനദിലുള്ള ഉഖ്ബതുബ്‌നു അല്‍ഖമ ദുര്‍ബലനാണെന്നാണ് അവരുടെ വാദം. എന്നാല്‍ ഇബ്‌നുമഈന്‍, നസാഈ തുടങ്ങിയവര്‍ അദ്ദേഹത്തെ പ്രബലനായി പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രിവായത് അസ്വീകാര്യമാണെന്ന് പറഞ്ഞവര്‍ തന്നെ അദ്ദേഹം ഔസാഇയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതോ അദ്ദേഹത്തില്‍ നിന്ന് മകന്‍ മുഹമ്മദ് നിവേദനം ചെയ്യുന്നതോ ആണ് തിരസ്‌കരിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ഹദീസില്‍ ഇവ രണ്ടും സംഭവിച്ചിട്ടില്ല. അതിനാല്‍ നന്നേ ചുരുങ്ങിയത് ഇതിന്റെ സനദ് ഹസന്‍ എന്ന പദവിയിലെങ്കിലും ഉള്ളതാണ്.

ആശയപരമായും ഇതില്‍ തെറ്റുകളില്ല. ആളുകളില്‍ നിന്ന് മറഞ്ഞു നിന്നുകൊണ്ട് തെറ്റുകള്‍ ചെയ്യുന്നവരെ ഖുര്‍ആന്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ  അവര്‍ ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കാനവര്‍ക്കാവില്ല. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത സംസാരത്തിലൂടെ രാത്രിയിലവര്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോഴും അവന്‍ അവരോടൊപ്പമുണ്ട്. അവര്‍ ചെയ്യുന്നതൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു (അന്നിസാഅ്: 108).
ഇബ്‌നു കസീര്‍ പറയുന്നു: മുനാഫിഖുകളാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്. അവര്‍ തങ്ങളുടെ ദുഷ്പ്രവര്‍ത്തികള്‍ ആളുകളില്‍ നിന്ന് മറച്ചുവെക്കുന്നുണ്ടെങ്കിലും അല്ലാഹുവിന്റെ മുമ്പില്‍ പരസ്യമായിട്ടാണവ നിര്‍വഹിക്കുന്നത്.

ജനങ്ങള്‍ അറിയാതെ ചെയ്ത തെറ്റുകള്‍ സ്വയം പരസ്യമാക്കുന്നവര്‍ ഒഴികെയുള്ളവര്‍ക്കെല്ലാം അല്ലാഹു പൊറുത്തുകൊടുക്കുമെന്ന അബൂഹുറൈറയില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസിന്(1) വിരുദ്ധമാണ് ഥൗബാന്‍ ഉദ്ധരിച്ചത് എന്നാണ് മറ്റൊരു വിമര്‍ശം. എന്നാല്‍ അബൂഹുറൈറ ഉദ്ധരിച്ച ഹദീസ് മുസ്‌ലിംകളെ കുറിച്ചും ഥൗബാന്‍ ഉദ്ധരിച്ചത് മുനാഫിഖുകളെ കുറിച്ചുമുള്ളതാണ്. അതിനാല്‍ അവ തമ്മില്‍ വൈരുദ്ധ്യമില്ല. അതേസമയം സത്യവിശ്വാസികളുടെ കൂട്ടത്തിലും തനിച്ചാവുമ്പോഴോ അവസരങ്ങള്‍ ലഭിക്കുമ്പോഴോ നിഷിദ്ധങ്ങളിലേക്ക് വഴുതിപ്പോകുന്നുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. അശ്ലീലതകള്‍ ആസ്വദിക്കല്‍, വ്യാജപേരുകളില്‍ അന്യസ്ത്രീകളുമായി ചാറ്റ് ചെയ്യല്‍ തുടങ്ങിയവ ചെയ്യുന്നവരില്‍ ചിലരെങ്കിലും പ്രത്യക്ഷത്തില്‍ അത്തരക്കാരാണെന്ന് തോന്നാത്തവിധം ജീവിക്കുന്നവരായിരിക്കും. ഇത് വളരെ ജാഗ്രത പാലിക്കേണ്ട വിഷയമാണെന്നും ഇത്തരം രഹസ്യമായ തെറ്റുകുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് മുനാഫിഖുകളെപ്പോലെ സല്‍കര്‍മങ്ങള്‍ മുഴുവന്‍ പാഴായിപ്പോകാന്‍ ഇടയാക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ഥൗബാന്‍ ഉദ്ധരിച്ച ഹദീസ്. പ്രത്യക്ഷത്തില്‍ ഇബ്‌ലീസിന്റെ ശത്രുവും പരോക്ഷമായി അവന്റെ മിത്രവുമാവുന്ന അവസ്ഥ അല്ലാഹു അംഗീകരിക്കില്ല എന്നര്‍ഥം.

തനിച്ചാവുക എന്നത് ബഹുവചന രൂപത്തിലാണ് ഈ ഹദീസില്‍ പ്രയോഗിച്ചിട്ടുള്ളത്. ഇത് രണ്ട് രൂപത്തില്‍ വ്യാഖ്യാനിക്കാം. ഓരോരുത്തരും തനിച്ചാവുക എന്നും ഒരേ രീതിയില്‍ ചിന്തിക്കുന്ന, ഒരേ സ്വഭാവമുള്ളവര്‍ ഒരുമിച്ചുകൂടുമ്പോള്‍ എന്നും.  അഥവാ ഇതില്‍ പറയപ്പെട്ട വിധത്തില്‍ നിഷിദ്ധതകള്‍ ലംഘിക്കപ്പെടുന്നത് രഹസ്യമായോ അല്ലെങ്കില്‍ പരസ്യമായിത്തന്നെ അവസരങ്ങള്‍ ഒഴിഞ്ഞുകിട്ടുമ്പോഴോ ആവാം. ദുഷിച്ച കൂട്ടുകെട്ടുകളും അപകടമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
സല്‍കര്‍മങ്ങള്‍ പാഴായിപ്പോകുന്ന ആളുകളില്‍ പെടാതിരിക്കാനുള്ള സ്വഹാബികളുടെ ജാഗ്രതയും മേല്‍പറഞ്ഞ ഹദീസില്‍ നിന്ന് വായിച്ചെടുക്കാം. അത്തരക്കാരെ കുറിച്ച് വിശദമായി പറഞ്ഞുതരണമെന്ന ഥൗബാന്റെ അഭ്യര്‍ഥന അതാണ് സൂചിപ്പിക്കുന്നത്.

‘യന്‍തഹികൂന’ എന്ന പദപ്രയോഗത്തില്‍  അവര്‍ അതിനെ അനുവദനീയമായി കാണുന്നുവെന്നും അതില്‍ ആവേശം കാണിക്കുന്നു എന്നും അല്ലാഹുവിന്റെ ശിക്ഷയെ അവര്‍ ഭയപ്പെടുകയോ അല്ലാഹു കാണുന്നുവെന്നതിനെ പരിഗണിക്കുകയോ ചെയ്യുന്നില്ല എന്നുമൊക്കെയുള്ള സൂചന അടങ്ങിയിട്ടുള്ളതായും അതുകൊണ്ടാണ് സല്‍കര്‍മങ്ങള്‍ വിഫലമായി അവര്‍ ശിക്ഷാര്‍ഹരാവുന്നതെന്നുംപണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. അഥവാ കേവലം തെറ്റിന്റെ പേരിലല്ല അവര്‍ ശിക്ഷാര്‍ഹരാവുന്നത്. അതുകൊണ്ടായിരിക്കാം അവരെ കുറിച്ച് ഒരു വ്യക്തത നല്‍കാന്‍ ഥൗബാന്‍ അഭ്യര്‍ഥിച്ചത്. അവര്‍ക്ക് പരിചയമില്ലാത്ത ആ വിഭാഗത്തില്‍ പെട്ടുപോകുമോ എന്ന ഭയമാണ് അതിന്റെ പ്രചോദനം. അത്തരക്കാരുടെ കര്‍മങ്ങള്‍ മനസ്സിലാക്കുക എന്നതിലപ്പുറം അവരുടെ മാനസിക നില അറിയലാണ് ഇത്തരം ചോദ്യങ്ങളുടെ മര്‍മം. മ്ലേഛവൃത്തികള്‍ ശീലമാക്കുകയും അല്ലാഹുവിനെ നിസ്സാരമാക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ഈ ഹദീസില്‍ വിവരിക്കുന്നത്. മനസ്താപത്തോടെ തെറ്റ് ചെയ്യുന്നതും നിസ്സങ്കോചം ചീത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. തനിച്ചാവുമ്പോഴോ ചീത്ത കൂട്ടുകെട്ടില്‍ പെടുമ്പോഴോ തെറ്റുചെയ്യുന്നവര്‍ എല്ലാവരും ഒരേ തട്ടിലല്ല എന്നര്‍ഥം.

………………..
1.    كُلُّ أُمَّتِي مُعَافًى إِلَّا الْمُجَاهِرِينَ ، وَإِنَّ مِنْ الْمُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلًا ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ فَيَقُولَ : يَا فُلَانُ عَمِلْتُ الْبَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ، وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ.

Related Articles