Current Date

Search
Close this search box.
Search
Close this search box.

കേട്ടതെല്ലാം പറയാനുള്ളതല്ല

social-media-ef.jpg

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : ‏ كَفَى بِالْمَرْءِ إِثْمًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ. (أبوداود)

‏ كَفَى : മതിയായത്
الْمَرْء : മനുഷ്യന്‍
إِثْم : പാപം
يُحَدِّث : സംസാരിക്കുന്നു
كل : എല്ലാം, മുഴുവന്‍
سَمِعَ : കേട്ടു

അബൂഹുറൈറ(റ)ല്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ”ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം അവന്‍ കേട്ടതെല്ലാം പറയല്‍ തന്നെ മതിയായ പാപമാണ്.” (അബൂദാവൂദ്)

വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകള്‍ ഏറെ പുരോഗമിക്കുകയും ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങള്‍ വലിയ സ്വാധീനം നേടുകയും ചെയ്തിട്ടുള്ള ഇക്കാലത്ത് ഏറെ പ്രസക്തമായ ഒരു പ്രവാചകാധ്യാപനമാണിത്. സാങ്കേതികവിദ്യ ഇത്രത്തോളം പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് ഒരു വാര്‍ത്ത പ്രചരിക്കുന്നതിന് പരിധികളും പരിമിതികളും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ആ പരിമിതികളെല്ലാം ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ന് ഏതൊരു കാര്യവും ക്ഷണ നേരം കൊണ്ട് കോടിക്കണക്കിനാളുകളിലേക്ക് എത്തിക്കാന്‍ നിഷ്പ്രയാസം സാധിക്കുന്നു. വാര്‍ത്തകള്‍ പ്രചരിക്കുന്നതിലെ അതിവേഗത ഓരോ വാര്‍ത്തയും പ്രചരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അതിയായ ജാഗ്രതയും സൂക്ഷ്മതയുമാണ് വിശ്വാസികളോട് ആവശ്യപ്പെടുന്നത്.

ഒരു വാര്‍ത്ത നമ്മുടെ അടുക്കലെത്തുമ്പോള്‍ അതിനോട് സ്വീകരിക്കേണ്ട സമീപനമെന്താണെന്ന് വിശുദ്ധ ഖുര്‍ആന്‍ വളരെ കൃത്യമായി പഠിപ്പിച്ചു തരുന്നുണ്ട്.. ”അല്ലയോ വിശ്വസിച്ചവരേ, ധര്‍മനിഷ്ഠയില്ലാത്തവന്‍ ഒരു വാര്‍ത്ത കൊണ്ടുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ.” (അല്‍ഹുജുറാത്ത്: 6) ഏതൊരു കാര്യത്തിലും അതിന്റെ നിജസ്ഥിതി ഉറപ്പാക്കുന്നതിന് മുമ്പ് തീരുമാനം കല്‍പിക്കുകയോ അതിന്റെ പ്രചാരകരാവുകയോ ചെയ്യരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത്.

ഒരാളുടെ കാതുകളില്‍ എത്തുന്ന എല്ലാ കാര്യങ്ങളും നാവിലൂടെ പുറത്തുവരുന്നത് എത്രത്തോളം അപകടകരമാണെന്നാണ് മേല്‍പറഞ്ഞ വചനത്തിലൂടെ പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കുന്നത്. കേട്ടതെല്ലാം പറയുക എന്നത് തന്നെ ഒരാള്‍ ശിക്ഷിക്കപ്പെടുന്നതിന് മതിയായ തെറ്റാണെന്ന് അത് വ്യക്തമാക്കുന്നു. കേള്‍ക്കുന്ന കാര്യങ്ങളില്‍ സത്യങ്ങളും അര്‍ധസത്യങ്ങളും യാഥാര്‍ഥ്യവുമായി ഒരു ബന്ധമില്ലാത്ത പ്രചാരണങ്ങളുമെല്ലാം ഉണ്ടാകും. പലരുടെയും അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്ന കാര്യങ്ങളും നാടിനെയും സമൂഹത്തിനെയും അപകടങ്ങളിലേക്ക് തള്ളിവിടുന്ന കാര്യങ്ങളും അതിലുണ്ടാവാം. അതിന്റെ പ്രചാരണത്തില്‍ ഭാഗമാകുന്ന ഒരാള്‍ യഥാര്‍ഥത്തില്‍ ആ കുറ്റകൃത്യത്തില്‍ കണ്ണി ചേരുകയാണ്. ‘കേട്ടതെല്ലാം പറയല്‍ മതിയായ കളവാണ്’(1) എന്നാണ് സഹീഹ്  മുസ്‌ലിമിലെ റിപോര്‍ട്ടില്‍ കാണുന്നത്. കേള്‍ക്കുന്ന കാര്യങ്ങളുടെ വസ്തുത സ്ഥിരീകരിക്കാതെ പ്രചരിപ്പിക്കുമ്പോള്‍ കളവിന്റെ പ്രചാരകനാവാനുള്ള സാധ്യത ഏറെയാണ്.

സാമൂഹ്യമാധ്യമങ്ങള്‍ ജനങ്ങളെ സംബന്ധിച്ചടത്തോളം വലിയൊരു അനുഗ്രഹമാണ്. ആശയങ്ങള്‍ പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സമാനതകളില്ലാത്ത സൗകര്യമാണത് പ്രധാനം ചെയ്യുന്നത്. എന്നാല്‍ ഏതൊരു അനുഗ്രഹത്തേയും പോലെ വളരെ സൂക്ഷ്മതയോടെയായിരിക്കണം വിശ്വാസി അതിനെ കൈകാര്യം ചെയ്യേണ്ടത്. ഒരു സദസ്സില്‍ വായ തുറന്ന് സംസാരിക്കുന്ന ഒരാള്‍ പല നിയന്ത്രണങ്ങളും പാലിക്കാറുണ്ട്. പക്ഷേ, സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളില്‍ പലപ്പോഴും വിശ്വാസികള്‍ പോലും ആ സൂക്ഷ്മത കൈക്കൊള്ളാറില്ലെന്നത് ദുഖകരമായ ഒരു വസ്തുതയാണ്. അതിന്റെ ഫലമാണ് തെറ്റായ പല വാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും പ്രചാരകരായി നാം മാറുന്നത്. പല പ്രമുഖരുടെയും മരണവാര്‍ത്തകള്‍ പോലും ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ടെന്നുള്ളത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. യഥാര്‍ഥത്തില്‍ നാവുകൊണ്ട് നാം സംസാരിക്കുമ്പോള്‍ പാലിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ട രംഗമാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളില്‍. കാരണം നാവുകൊണ്ടുള്ള സംസാരം വളരെ പരിമിതമായ വൃത്തത്തിലാണ് എത്തുന്നതെങ്കില്‍ അതിനേക്കാള്‍ വേഗത്തില്‍ വിശാലമായ വൃത്തത്തില്‍ വ്യാപിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളിലെ പങ്കുവെക്കലുകള്‍. അതുകൊണ്ടു തന്നെ കിട്ടുന്നതെല്ലാം ഷെയര്‍ ചെയ്തും ഫോര്‍വേഡ് ചെയ്തും അതിലെ അസത്യങ്ങളുടെയും വ്യാജപ്രചാരണങ്ങളുടെയും പാപം പേറുന്നവരായി മാറാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രതയും മുന്‍കരുതലും പാലിക്കേണ്ടതുണ്ടെന്നാണ് ഈ ഹദീസ് നമ്മോട് ആവശ്യപ്പെടുന്നത്.

……………
1. وعن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال‏:‏ ‏ “‏كفى بالمرء كذبًا أن يحدث بكل ما سمع‏”‏‏.‏

Related Articles