Current Date

Search
Close this search box.
Search
Close this search box.

ഇസ്തിഗ്ഫാറും ജീവിതസമൃദ്ധിയും

purity.jpg

عَنِ ابْنِ عَبَّاسٍ، أَنَّهُ حَدَّثَهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ لَزِمَ الِاسْتِغْفَارَ، جَعَلَ اللَّهُ لَهُ مِنْ كُلِّ ضِيقٍ مَخْرَجًا، وَمِنْ كُلِّ هَمٍّ فَرَجًا، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ ഇസ്തിഗ്ഫാര്‍ പതിവാക്കിയാല്‍ അവന് എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മോചനമേകും. എല്ലാ വ്യഥകളില്‍ നിന്നും അല്ലാഹു മുക്തി നല്‍കും. അവന്‍ വിചാരിക്കാത്ത മാര്‍ഗേണ അവന് ജീവിത വിഭവങ്ങള്‍ നല്‍കും (അബൂദാവൂദ്, ഇബ്‌നു മാജ).

لَزِمَ : പതിവാക്കി, ശീലമാക്കി      
ضِيق : ഞെരുക്കം    
مَخْرَج : മോചനം   
هَمّ : മനോവ്യഥ   
فَرَج : മുക്തി    
رَزَقَ : വിഭവം നല്‍കി   
يحتسب : വിചാരിക്കുന്നു   

നിശ്ചിത കാലം ഭൂമിയില്‍ ജീവിക്കാന്‍ നിയോഗിക്കപ്പെട്ട മനുഷ്യനെ അല്ലാഹു പലതരം ഉത്തരവാദിങ്ങള്‍ ഏല്‍പിച്ചിട്ടുണ്ടല്ലോ. തഖ്‌വ എന്ന ഇന്ധനമില്ലാതെ അവയൊന്നും യഥാവിധി നിറവേറ്റാനാവില്ല. നമസ്‌കാരം, നോമ്പ്, ഹജ്ജ്, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, പ്രാര്‍ഥന, ഇസ്തിഗ്ഫാര്‍ മുതലായവ തഖ്‌വയെ ഉല്‍പാദിപ്പിക്കുന്ന കര്‍മങ്ങളാണ്.

ഇസ്തിഗ്ഫാര്‍ അഥവാ പാപമോചനപ്രാര്‍ഥന ഒരു ശീലമാക്കണമെന്നാണ് ഉപരിസൂചിത ഹദീസ് പഠിപ്പിക്കുന്നത്. അത് വിശ്വാസിയുടെ ജീവിതം ശുദ്ധീകരിക്കും. അവനില്‍ നിന്ന് സംഭവിക്കുന്ന വീഴ്ചകളും ന്യൂനതകളും പാപങ്ങളും അതുവഴി പരിഹരിക്കപ്പെടും. മാത്രമല്ല, ദുരിതങ്ങളും ദുഃഖങ്ങളും അകറ്റി ആശ്വാസവും പ്രതീക്ഷയും നല്‍കുകയും ചെയ്യും. കൂടാതെ നിനച്ചിരിക്കാത്ത വിഭവങ്ങളുടെ വാതിലുകള്‍ തുറക്കപ്പെടും. ഇഹപര നേട്ടങ്ങള്‍ ലഭ്യമാക്കിത്തരുന്ന ഒരു പ്രക്രിയയാണ് ഇസ്തിഗ്ഫാര്‍ എന്ന് ചുരുക്കം.

ഇസ്തിഗ്ഫാറിന്റെ സല്‍ഫലങ്ങള്‍ അനാവരണം ചെയ്യുന്ന ചില സൂക്തങ്ങള്‍ നമുക്ക് പരിശോധിക്കാം. ഹൂദ് നബി പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് പാപമോചനം തേടുക. അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തു നിന്ന് സമൃദ്ധമായ മഴ വര്‍ഷിപ്പിച്ചുതരും. നിങ്ങളുടെ ഇപ്പോഴത്തെ ശക്തി വര്‍ധിപ്പിച്ചു തരും (ഹൂദ് 52).

നൂഹ് നബിയുടെ വാക്കുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് പാപമോചനം തേടുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. (നിങ്ങള്‍ അപ്രകാരം ചെയ്താല്‍0 അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായ മഴ വര്‍ഷിപ്പിച്ചു തരും. സമ്പത്തും സന്താനങ്ങളും നല്‍കിക്കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊഴുക്കിത്തരും (നൂഹ് 10-12).

ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് പാപമോചനം തേടുക. അങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. എങ്കില്‍ ഒരു നിശ്ചിത കാലം വരെ അവന്‍ നിങ്ങള്‍ക്ക് ഉത്തമമായ ജീവിതവിഭവം നല്‍കും. ശ്രേഷ്ഠത പുലര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ ശ്രേഷ്ഠതക്കൊത്ത പ്രതിഫലമുണ്ട് (ഹൂദ് 3).

ഇസ്തിഗ്ഫാറിന്റെ ഈ ഇഹപര നേട്ടങ്ങള്‍ മുന്‍നിര്‍ത്തി പ്രവാചകന്‍ നിത്യേന അനേകം തവണ ഇസ്തിഗ്ഫാര്‍ നടത്താറുണ്ടായിരുന്നു. പാപസുരക്ഷിതനായ പ്രവാചകന്റെ അവസ്ഥ ഇതാണെങ്കില്‍ നമ്മുടെ കാര്യം ഗൗരവത്തില്‍ ആലോചിക്കേണ്ടതില്ലേ.

നബി(സ) പറഞ്ഞു: അല്ലാഹുവാണ് സത്യം, ഒരു ദിവസം ഞാന്‍ എഴുപതില്‍പരം തവണ അല്ലാഹുവോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു(1) (ബുഖാരി).

അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ഒരേ സദസ്സില്‍ വെച്ച് നാഥാ, എനിക്ക് നീ പൊറുത്തുതരേണമേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണല്ലോ എന്ന് 100 തവണ റസൂല്‍ പ്രാര്‍ഥിച്ചിരുന്നത് ഞങ്ങള്‍ എണ്ണിക്കണക്കായിരുന്നു(2) (അബൂദാവൂദ്, തിര്‍മിദി)
ഇബ്‌നു മസ്ഊദില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നു. എന്നെന്നും ജീവിച്ചിരിക്കുന്നവനും സര്‍വനിയന്താവുമായ അവനല്ലാതെ ഇലാഹില്ല. ഞാന്‍ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു എന്ന് വല്ലവനും പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും; അവന്‍ രണാങ്കണത്തില്‍ നിന്ന് ഓടിപ്പോയവനാണെങ്കിലും(3) (അബൂദാവൂദ്).

യുദ്ധക്കളത്തില്‍ നിന്ന് പേടിച്ചോടുക എന്നത് വന്‍പാപമായിട്ടാണ് ഇസ്‌ലാം ഗണിക്കുന്നത്. അതുപോലും പൊറുക്കപ്പെടും എന്ന വലിയ പ്രതീക്ഷ ഈ വചനത്തില്‍ കാണാം. അതുപോലെ സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്നറിയപ്പെടുന്ന ഒരു പ്രാര്‍ഥനയും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രവാചകന്‍ പറഞ്ഞു: ദൃഢവിശ്വാസത്തോടെ പകല്‍ വല്ലവനും അതുപയോഗിച്ച് പ്രാര്‍ഥിച്ച് അന്ന് സന്ധ്യക്കുമുമ്പേ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗവാസികളില്‍ പെടും. ഉറച്ച പ്രതീക്ഷയോടെ രാത്രിയില്‍ ഈ പ്രാര്‍ഥന നിര്‍വഹിക്കുന്നവന്‍ പ്രഭാതത്തിനുമുമ്പ് മരണപ്പെട്ടാല്‍ അവനും സ്വര്‍ഗവാസികളില്‍ പെടും(4) (ബുഖാരി).

ജീവിതത്തിന്റെ സുരക്ഷിതമായ മുന്നോട്ടുപോക്കിന് ആധാരമായ ഘടകങ്ങളില്‍ ഒന്നായി സത്യവിശ്വാസി ഇസ്തിഗ്ഫാറിനെ കാണണം. ആത്മസംസ്‌കരണത്തിലും അതിന്റെ വിമലീകരണത്തിലും ഇസ്തിഗ്ഫാറിന്റെ പങ്ക് സദാ ഓര്‍ക്കണം; തെറ്റുകളും വീഴ്ചകളും സംഭവിക്കാന്‍ സാധ്യതയുള്ളവന്‍ എന്ന നിലയിലാണ് ഇസ്‌ലാം മനുഷ്യനെ കാണുന്നത്. ജീവിതത്തിലെ പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരവും അപ്രതീക്ഷിതമായി ജീവിതവിഭവങ്ങള്‍ ലഭ്യമാവാനുള്ള മാര്‍ഗവും കൂടിയാണ് ഇസ്തിഗ്ഫാര്‍ എന്ന് തിരിച്ചറിയണം.

………….
1.    قَالَ أَبُو هُرَيْرَةَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «وَاللَّهِ إِنِّي لَأَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ فِي اليَوْمِ أَكْثَرَ مِنْ سَبْعِينَ مَرَّةً»
2.    عَنِ ابْنِ عُمَرَ، قَالَ: إِنْ كُنَّا لَنَعُدُّ لِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي الْمَجْلِسِ الْوَاحِدِ مِائَةَ مَرَّةٍ: «رَبِّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ»
3.    بِلَال بْنَ يَسَارِ بْنِ زَيْدٍ، مَوْلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: سَمِعْتُ أَبِي، يُحَدِّثُنِيهِ عَنْ جَدِّي، أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ” مَنْ قَالَ: أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ، وَأَتُوبُ إِلَيْهِ، غُفِرَ لَهُ، وَإِنْ كَانَ قَدْ فَرَّ مِنَ الزَّحْفِ “
4.    عَنْ شَدَّادِ بْنِ أَوْسٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:” سَيِّدُ الِاسْتِغْفَارِ أَنْ تَقُولَ: اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ ” قَالَ: «وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهُوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهُوَ مِنْ أَهْلِ الجَنَّةِ»

Related Articles