Current Date

Search
Close this search box.
Search
Close this search box.

തഫ്‌സീറിനെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകള്‍ പറഞ്ഞത്

ഇംഗ്ലീഷ് ഓറിയന്റലിസ്റ്റായ മോണ്ട്‌ഗോമറി വാട്ട് (1909-2006) ആംഗ്ലിക്കന്‍ പുരോഹിതനും ഒരു പുരോഹിതന്റെ മകനുമായിരുന്നു. ലണ്ടനിലെയും, എഡിന്‍ബര്‍ഗിലെയും, ഖുദ്‌സിലെയും ചര്‍ച്ചുകളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മോണ്ട്‌ഗോമറി വാട്ട് അറബി ഭാഷയും, വിശുദ്ധ ഖുര്‍ആനും, ഇസ്‌ലാമും നന്നായി പഠിച്ച വ്യക്തിയുമാണ്. വാട്ടിന്റെ ഉന്നത പഠനം ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയിത്തിലാണ്. ഒരുപാട് പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1965ല്‍ ഇസ്‌ലാമിനെ കുറിച്ച് ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷം പഠനം നടത്തിയ ശേഷം അദ്ദേഹം ‘ക്രിസ്തുമതവും ഇസ്‌ലാമും ആധുനിക ലോകത്തില്‍’ (Islam and Christianity Today) എന്ന പുസ്തകം രചിച്ചു. അതില്‍ വിശുദ്ധ ഖുര്‍ആനെ സാക്ഷ്യപ്പെടുത്തികൊണ്ട് അദ്ദേഹം പറയുന്നു: ‘ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്ന് മുഹമ്മദിന് നേരിട്ടുകിട്ടിയ ദിവ്യവെളിപാടാണ് (الوحي). ഈ ദിവ്യവെളിപാട് ഏതൊരു രീതിയിലായിരുന്നോ എഴുതപ്പെട്ടിരുന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും നമ്മുടെ കൈയിലുളളത്. അതിന് ഒരു മാറ്റമോ, പരിവര്‍ത്തനമോ, വ്യതിയാനമോ സംഭവിച്ചിട്ടില്ല. ചരിത്രത്തിലുടനീളം, ഖുര്‍ആന്‍ ഉന്നതവും സുപ്രധാനവുമായ സ്ഥാനമാണ് ഇസ്‌ലാമിക സംസ്‌കാരത്തില്‍ ഏറ്റെടുത്തിരിക്കുന്നത്.’

ഈ ഉന്നതമായ സ്ഥാനമാണ് വിശുദ്ധ ഖുര്‍ആന്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. മതത്തിനും, രാഷ്ട്രത്തിനും, സംസ്‌കാരത്തിനും, നാഗരികതക്കും, ചരിത്രത്തിനും സ്ഥാപിതമായ പ്രമാണങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന സ്ഥാനമാണിത്. നമ്മുടെ പാരമ്പര്യങ്ങളിലെ ഉന്നതമായ കലകളിലൊന്നാണ് വിശുദ്ധ ഖുര്‍ആന്റെ വ്യഖ്യാനം. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് പണ്ഡിതന്മാര്‍ അത് മനസ്സിലാക്കുന്നതിനായി ‘ഖുര്‍ആന്‍ പഠനശാസ്ത്രം’ (علوم القرآن الكريم) എന്ന് വിളിക്കുന്ന ശാസ്ത്രത്തിന് അടിത്തറ പാകിയത്. ആധുനിക കാലത്ത്, ഉസ്താദുല്‍ ഇമാം മുഹമ്മദ് അബ്ദുവിന്റെ (1849-1905) തഫ്‌സീര്‍ മുസ്‌ലിം സമൂഹത്തെ സംസ്‌കരിക്കുന്നതിനും, ദീനിന്റെയും ദിനിയാവിന്റെയും മൊത്തമായ പരിഷ്‌കരിക്കരണനുമുള്ള ക്ഷണമാണ്. മുസ്‌ലിംകള്‍ക്ക് അനന്തരമായി ലഭിച്ചുകൊണ്ടിരിക്കുന്ന പിന്നാക്കവസ്ഥയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമവും, പശ്ചാത്യന്‍ അധിനിവേശ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള ആഹ്വാനമാണ് മുഹമ്മദ് അബ്ദുവിന്റെ ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥം. പക്ഷേ, അദ്ദേഹത്തിന് തഫ്‌സീര്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. നാല്‍പത് വര്‍ഷത്തോളം ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ‘അല്‍മനാര്‍’ മുന്നോട്ടുവെച്ച ഖുര്‍ആന്‍ വ്യഖ്യാന രീതിശാസ്ത്രം ഇന്നും മാതൃകാപരമാണ്. അത് വിശുദ്ധ ഖുര്‍ആനിന്റെ ആധുനിക വായനയെന്ന ആശയത്തിലേക്കുള്ള മാറ്റമായിരുന്നു. ഉണര്‍വുള്ള ആധുിനിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ ആ ഉദ്യമത്തിന്റെ ഭാഗമായി ഇന്ന് നിലകൊള്ളുന്നു.

Also read: പൊലിസ് കേസെടുക്കും വരെ അറിയപ്പെടാതിരുന്ന ഷര്‍ജീല്‍ ഇമാം

ഇത്തരത്തില്‍, വിശുദ്ധ ഖുര്‍ആനിന്റെ പുതിയ രീതിശാസ്ത്രത്തിനുള്ള മികവാര്‍ന്ന സാക്ഷ്യമാണ് അള്‍ജീരിയയെ ഇസ്‌ലാമിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി ഇമാം അബ്ദുല്‍ ഹമീദ് ബിന്‍ ബാദീസിനൊപ്പം (1889-1940) പോരാടിയ ഇമാം മുഹമ്മദ് ബഷീര്‍ ഇബ്‌റാഹീമിന്റെ (1889-1965) സാക്ഷ്യം. മുഹമ്മദ് അബ്ദുവിന്റെ തഫ്‌സീറിനെ കുറിച്ച് ഇമാം മുഹമ്മദ് ബഷീര്‍ പറയുന്നു: ‘നവോത്ഥാനത്തിന്റെ നായകനാണ് വന്നത് എന്നതില്‍ തര്‍ക്കമില്ല. പ്രതിരോധിക്കാന്‍ കഴിയാത്ത പോരാളി- ഉസ്താദുല്‍ ഇമാം മുഹമ്മദ് അബ്ദു. അദ്ദേഹത്തിന്റെ വിശുദ്ധ ഖുര്‍ആന്‍ പഠനം പുരോഗമിച്ചിരുന്നത് പൂര്‍വികര്‍ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ നടന്ന വഴിയിലൂടെയായരുന്നു; എന്നാല്‍ അവര്‍ കണ്ടെത്താതുമായിരുന്നു. ഖുര്‍ആന്‍ വ്യഖ്യാനം നടത്തേണ്ടത് രണ്ട് ഭാഷയിലാണ് എന്നതിനുള്ള ദൃഷ്ടാന്തമായിരുന്നു (آية)ആ പഠനം. ഒന്ന് അറബി ഭാഷയായരുന്നെങ്കില്‍ (لسان العرب) രണ്ടാമത്തേത് കാലത്തിന്റെ ഭാഷയായിരുന്നു (لسان الزمان). മുന്‍കടന്നവര്‍ ചെയ്തിട്ടില്ലാത്ത രീതിയില്‍ യുക്തിഭദ്രമായ ശൈലിയിലാണ് അദ്ദേഹം വിശുദ്ധ ഖുആന്‍ വ്യഖ്യാനം ചെയ്യുന്നത്. അത് സ്വതന്ത്ര്യ ചിന്തക്ക് പ്രാധാന്യം നല്‍കിയും മുരടിച്ച ആശയങ്ങളെ തമസ്‌കരിച്ചുകൊണ്ടുള്ളതുമായിരുന്നു. ആ പഠനങ്ങള്‍ അല്ലാഹു ആ പണ്ഡിതന് ഇട്ടുകൊടുത്ത ഉത്‌ബോധനമായിരുന്നു (إلهام). ഇത് മറ്റു ഗ്രന്ഥങ്ങളിലൊന്നും കാണാന്‍ കഴിയുന്നതല്ല.’

ഖുര്‍ആന്‍ വ്യഖ്യാനത്തിലെ അത്ഭുതാവഹമായ രീതിശാസ്ത്രമാണ് ഉസ്താദുല്‍ ഇമാമിന്റെ ഖുര്‍ആന്‍ തഫ്‌സീര്‍ എന്നുപറയാം. അത് ഖുര്‍ആന്‍ വ്യഖ്യാതാക്കളുടെ ഇമാമിനെ (إمام المفسرين) സംബന്ധിച്ച പ്രവചനമായിരുന്നു. മുഹമ്മദ് അബ്ദുവിന്റെ തഫ്‌സീര്‍ വായിക്കുന്ന ഏതൊരാളും അദ്ദേഹത്തിന്റെ സച്ചരിത പാതയെ കുറിച്ച് സംസാരിക്കുകയും, അദ്ദേഹത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കുകയും, അല്ലാഹുവിന്റെ ഖുര്‍ആനിലെ ദൃഷ്ടാന്തങ്ങളെ (آية) പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങളുമായി ചേര്‍ത്തുവായിക്കുകയും ചെയ്യുന്നതായിരിക്കും. ഈയൊരു ഇമാമിലൂടെ ഖുര്‍ആന്‍ വ്യഖ്യാന ശാസ്ത്രം ദര്‍ശിക്കപ്പെടുകയും അപ്രകാരം അത് പൂര്‍ണതയിലെത്തുകയുമാണ്. നാവുകൊണ്ട് വിശദീകരിക്കുന്നതുപോലെ പേനകൊണ്ട് എഴുതുന്നില്ല എന്നതല്ലാതെ അദ്ദേഹത്തെ സംബന്ധിച്ച് ഒരു ന്യൂനതയും ഉയര്‍ന്നവരുന്നില്ല. അദ്ദേഹം അപ്രകാരം ചെയ്യുകയാണെങ്കില്‍ അത് മുസ്‌ലിം സമുദായത്തിന് നല്‍കുന്നത് കേവലം ഖുര്‍ആന്‍ വ്യഖ്യാനമല്ല, മറിച്ച് വിസ്മയാവഹമായ ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥമായിരിക്കും. മുഹമ്മദ് അബ്ദുവിന്റെ ഖുര്‍ആന്‍ വ്യഖ്യാന രീതിശാസ്ത്ര ഒരു ചിന്താ പ്രസ്ഥാനമായി പ്രവഹിക്കുകയുണ്ടായി.

Also read: ഓർമ്മ മർത്യന് പുനർ ജീവിതം നല്കുന്നു (ശൗഖി)

ആധുനികരായ ഒരുപാട് പേര്‍ ആ പാത പിന്തുടര്‍ന്ന് ഗമിച്ചവരായിരുന്നു. റശീദ് റിദാ, ഇബ്‌നു ബാദീസ്, ഇബ്‌നു ആശൂര്‍, ഹസനുല്‍ ബന്ന, മുഹമ്മദ് അബ്ദുല്ല ദര്‍റാസ്, അബൂ സഹ്‌റ, ശല്‍ത്തൂത്ത്, ഗസ്സാലി തുടങ്ങിയവര്‍ പഴയ ഖുര്‍ആന്‍ വ്യഖ്യാന ശൈലിയില്‍ നിന്ന് പുറത്തുവന്ന് ദീനിനെയും ദുനിയാവിനെയും മൊത്തത്തില്‍ പരിഷ്‌കരിക്കുന്ന രീതിശാസ്ത്രം അവതരിപ്പിക്കുന്നവരാണ്. എത്രത്തോളമെന്നാല്‍, മുഹമ്മദ് അബ്ദുവിന്റെ ഖുര്‍ആന്‍ വ്യഖ്യാനം ബൈറൂത്തിലെ ക്രിസ്തുമത വിശ്വാസികളെ വരെ ആകര്‍ഷിച്ച ഒന്നായിരുന്നു. അറബ് വിപ്ലവം പരാജയപ്പെട്ടതിന് ശേഷം നാടുകടത്തപ്പെട്ട സമയത്ത് ഉമരി മസ്ജിദില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോള്‍, ക്രസ്തുമത വിശ്വാസികള്‍ പള്ളിയുടെ വാതില്‍ക്കല്‍ വന്നുനിന്ന് ക്ലാസ്സ് കേള്‍ക്കുമായിരുന്നു. റോഡിലെ ശബ്ദ കോലാഹലം കാരണമായി അവര്‍ പള്ളിയുടെ അകത്തേക്ക് കയറിയിരിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഇമാം അവര്‍ക്ക് അനുവാദം നല്‍കി. ഇതുകൊണ്ട് തന്നെയാണ് ഈ തഫ്‌സീര്‍ മുസ്‌ലിംകളെന്ന പോലെ അമുസ്‌ലിംകളെയും സമാന്തരമായി ആകര്‍ഷിക്കുന്നത്!

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Related Articles