Current Date

Search
Close this search box.
Search
Close this search box.

ചരിത്രങ്ങള്‍ പറയുന്ന വിശുദ്ധ ഖുര്‍ആന്‍

‘മുന്നിലും പിന്നിലും നിന്ന് യാതൊരു ശൈഥില്യവുമേശാത്തതും യുക്തിമാനും സ്തുത്യര്‍ഹനുമായവന്‍റെ പക്കല്‍ നിന്ന് അവതീര്‍ണ്ണമായതുമായ ഒരജയ്യ വേദമത്രേ അത്'(ഫുസ്സിലത്ത്: 42). സാമൂഹിക സംഭവവികാസങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി ഇരുപത്തി മൂന്ന് വര്‍ഷം കൊണ്ടാണ് അത് മുഹമ്മദ് നബിക്ക് അവതീര്‍ണ്ണമായത്. വഹ് യായി ലഭിക്കുന്ന ഓരോ സൂക്തവും അധ്യായവും അത് അവതീര്‍ണ്ണമായ സമയത്തേയും ഒപ്പം രേഖപ്പെടുത്തി വെച്ചു. അതിനാല്‍ സൂക്തങ്ങള്‍ അവതീര്‍ണ്ണമാകുന്ന സമയം തിരൂദൂതര്‍ സ്വഹാബികളോടായി പറഞ്ഞു: ‘ഈ സൂക്തം ഇന്ന അധ്യായത്തില്‍ ഇന്നിടത്ത് ചേര്‍ക്കുക’.

വാന ലോകത്തുനിന്ന് ദിവ്യ സൂക്തവുമായി ഭൂമി ലോകത്തേക്ക് എത്തുമ്പോള്‍ തിരുനബിയോട് ജിബ്രീല്‍ പറയുമായിരുന്നു: ‘ഓ മുഹമ്മദ്, ഈ സൂക്തം ഇന്ന അധ്യായത്തില്‍ ഇന്നയിടത്ത് വെക്കാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു’. അതിനാല്‍ തന്നെ, ഇന്ന് നാം കാണുന്ന വിശുദ്ധ ഖുര്‍ആന്‍റെ കൃത്യമായ ഏകീകരണ രീതി അത് അല്ലാഹുവില്‍ നിന്നുള്ള ബോധനം അടിസ്ഥാനമാക്കിയുള്ളതാണെന്നതില്‍ പണ്ഡിതന്മാര്‍ ഏകപക്ഷമാണ്. വിശുദ്ധ ഖുര്‍ആനിന്‍റെ സംരക്ഷണം പ്രവാചകന്‍റെയും സ്വഹാബത്തിന്‍റെയും കാലം തൊട്ട് അന്ത്യനാള്‍ വരെ ഈ ഉമ്മത്തിന് സുഗമമാക്കിത്തന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നിശ്ചയം, ഈ ഖുര്‍ആന്‍ ചിന്തിച്ചു ഗ്രഹക്കാന്‍ നാം സുഗമമാക്കിയിട്ടുണ്ട്; പക്ഷെ, സുചിന്തിതമായി കാര്യങ്ങള്‍ ഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടോ?'(ഖമര്‍: 32). വിശുദ്ധ ഖുര്‍ആന്‍ ശാശ്വതമായിരിക്കണമെന്നത് അല്ലാഹുവിന്‍റെ തീരുമാനം. മാറ്റിത്തിരുത്തലുകളില്‍ നിന്നും അവന്‍ ഖുര്‍ആനിനെ സംരക്ഷിച്ചു. വിശ്വാസികളുടെ ഹൃദയങ്ങളിലായി അതിനെ സൂക്ഷിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: ‘ഈ ദിവ്യസന്ദേശം ലഭ്യമായപ്പോള്‍ അവിശ്വാസം വെച്ചുപുലര്‍ത്തിയവര്‍ പരാജിതര്‍ തന്നെ; മുന്നിലും പിന്നിലും നിന്ന് യാതൊരു ശൈഥില്യവുമേശാത്തതും യുക്തിമാനും സ്തുത്യര്‍ഹനുമായവന്‍റെ പക്കല്‍ നിന്ന് അവതീര്‍ണ്ണമായതുമായ ഒരജയ്യ വേദമത്രേ അത്'(ഫുസ്സിലത്ത്: 41, 42), ‘നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്; നാം തന്നെ അത് കാത്തുരക്ഷിച്ചുകൊള്ളുകയും ചെയ്യുന്നതാണ്'(ഹിജ്റ്: 9), ‘അതിന്‍റെ സമാഹരണവും പാരായണം ചെയ്ത് തരലും നമ്മുടെ ചുമതലയാണ്. അങ്ങനെ നാം ഓതിത്തരുമ്പോള്‍ താങ്കളത് അനുധാവനം ചെയ്യുക. പിന്നീടതിന്‍റെ പ്രതിപാദനവും നമ്മുടെ ബാധ്യതതന്നെ(ഖിയാമ: 17-19).

Also read: ചോദ്യങ്ങളും ജനാധിപത്യവും

ചരിത്ര സംഭവങ്ങളുടെ മഹത്തായ ഉറവിടമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതില്‍ യാതൊരു സംശയവുമില്ല. അതിന്‍റെ പ്രതിപാദനത്തിന്‍റെ സ്വീകാര്യതയിലും ഒട്ടും സംശയമില്ല. ഒരു തര്‍ക്കത്തിനും ഇടയില്ലാത്ത തരത്തില്‍ വിശ്വാസയോഗ്യമായ ചരിത്രമാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. ദിവ്യ ബോധനത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ തിരുനബി ഓതിക്കൊടുക്കുകയും സ്വഹാബികള്‍ അത് രേഖപ്പെടുത്തുകയും ചെയ്തു. പില്‍ക്കാലത്ത് അതിന്‍റെ പാരായണം തുടര്‍ന്ന പോരുകയും ചെയ്തു. പ്രവാചകന്‍ ദിവംഗതനാകുന്നതിന് മുമ്പേ അതിന്‍റെ വിശ്വാസ്യതയും തെളിയിക്കപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ കഥനങ്ങളെല്ലാം ചരിത്രപരമായ സംഭവങ്ങളും വാര്‍ത്തകളുമാണ്. ഭാവനയുടെ ലാഞ്ഛനം പോലും അതിലില്ല. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ഖുര്‍ആന്‍ പറഞ്ഞില്ല. അല്ലാഹു പറയുന്നു: ‘സത്യസമേതമാണ് നാം ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്; അത് ഇറങ്ങിയിരിക്കുന്നതും സത്യബദ്ധമായിത്തന്നെ(ഇസ്റാഅ്: 105). മേല്‍ സൂചിപ്പിക്കപ്പെട്ട പോലെ പിന്നീട് അല്ലാഹു തന്നെ മാറ്റത്തിരുത്തലുകളില്‍ നിന്നും ഖുര്‍ആനെ സംരക്ഷിച്ചു. വിശുദ്ധ ഖുര്‍ആനിന് കിതാബ്, ഖുര്‍ആന്‍ എന്നെല്ലാം പേര് വരാനുള്ള കാരണത്തെക്കുറിച്ച് ഡോ. മുഹമ്മദ് അബ്ദുല്ലാഹ് ദര്‍റാസ് പറയുന്നുണ്ട്; നാവുകൊണ്ട് പാരായണം ചെയ്യപ്പെടുന്നതിനാലാണ് ഖുര്‍ആന്‍ എന്നും പേന കൊണ്ട് രേഖപ്പെടുത്തപ്പെട്ടത് കൊണ്ടാണ് കിതാബ് എന്നും അതിന് പേര് വന്നത്. മേല്‍പറഞ്ഞ രണ്ട് രീതിയിലും അല്ലാഹു വിശുദ്ധ ഖുര്‍ആനിനെ സംക്ഷിക്കുമെന്നതിനാലാണ് ഇങ്ങനെ രണ്ട് നാമം അതിന് നല്‍കപ്പെട്ടത്. ഹൃദയങ്ങളിലും വരികളിലുമായി അല്ലാഹു അതിനെ സംരക്ഷിച്ചു നിര്‍ത്തി. ആ കരാര്‍ പൂര്‍ത്തീകരണത്തിന്‍റെ പ്രഖ്യാപനമാണ് ‘നാമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്; നാം തന്നെ അത് കാത്തുരക്ഷിച്ചുകൊള്ളുകയും ചെയ്യുന്നതാണ്'(ഹിജ്റ്: 9) എന്നത്.

പരിശുദ്ധ ഖുര്‍ആനെ സംബന്ധിച്ചെടുത്തോളം മുന്‍കാല ഗ്രന്ഥങ്ങള്‍ക്ക് സംഭവിച്ചത് പോലെയുള്ള യാതൊരു മാറ്റത്തിരുത്തലുകളും അതിന് സംഭവിച്ചിട്ടില്ല. മുന്‍കാല ഗ്രന്ഥങ്ങളുടെ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുക്കാതെ ജനങ്ങളിലേക്ക് ഏല്‍പിച്ചതായിരുന്നു അതിന്‍റെ പ്രധാന കാരണം. അല്ലാഹു പറയുന്നു: ‘അല്ലാഹുവിനോട് വിധേയത്വമുള്ള നബിമാരും പുണ്യവാളന്മാരും പുരോഹിതന്മാരും തദനുസൃതം ജൂതന്മാര്‍ക്കു വിധി നല്‍കിവന്നു'(മാഇദ: 44). വിശുദ്ധ ഖുര്‍ആനിന്‍റെയും മുന്‍കാല ഗ്രന്ഥങ്ങളുടെയും ഇടയിലുള്ള വ്യത്യാസം, എല്ലാ സെമിറ്റിക് ഗ്രന്ഥങ്ങളും നിശ്ചിത കാലത്തേക്കും കാലങ്ങളിലും മാത്രമുള്ളതായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ അവകളെയെല്ലാം വാസ്തവമാക്കാന്‍ വേണ്ടിയാണ് വന്നത്. എല്ലാ സത്യങ്ങളുടെയും വസ്തുതകളുടെയും ഏകീകരണമാണ് ഖുര്‍ആന്‍. അതിന് തുല്യമാകുന്നൊന്നുമില്ല. അതിനാല്‍ അന്തനാല്‍ വരെ അത് തെളിവായി അവശേഷിപ്പിക്കാന്‍ അല്ലാഹു തീരുമാനിച്ചു. അല്ലാഹു ഉദ്ദേശിക്കുന്ന ഏത് കാര്യവും അവന്ന് സുഗമമായിരിക്കും. സര്‍വ്വജ്ഞാനിയും തന്ത്രജ്ഞനുമാണവന്‍.
സാധാരണ ചരിത്രകാരന്മാരുടേത് പോലെയുള്ള ചരിത്രാഖ്യാനമല്ല ഖുര്‍ആന്‍ നിര്‍വഹിക്കുന്നത്. അത് സല്‍പാന്ഥാവിലേക്കും സന്മാര്‍ഗത്തിലേക്കും നയിക്കുന്ന ഗ്രന്ഥമാണ്. മുസ്ലിം സമൂഹത്തിനുള്ള ഭരണഘടനയായിട്ടാണ് അല്ലാഹു ഖുര്‍ആനിനെ അവതീര്‍ണ്ണമാക്കിയിട്ടുള്ളത്. മുസ്ലിം സമൂഹത്തിന്‍റെ ഐഹിക ജീവിതത്തിനുള്ള സഞ്ചാര മാര്‍ഗമാണത്. ഏകത്വത്തിലേക്കും മാനസിക സംശുദ്ധിയിലേക്കുമാണ് അത് ക്ഷണിക്കുന്നത്. ഭരണ നിര്‍വഹണത്തില്‍ നീതിയും സമത്വും നല്ല പെരുമാറ്റവുമാണ് അത് തേടുന്നത്. ചരിത്രപരമായ അതിന്‍റെ ആഖ്യാനങ്ങളെല്ലാം ഗുണപാഠവും സദുപദേശവുമാണ്. സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചയിലും വീഴ്ചയിലും നാഗരികതയുടെ അഭിവൃദ്ധിയിലും അന്ത്യത്തിലും അല്ലാഹുവിന്‍റെ ചര്യയുടെ പ്രചോദനമുണ്ട്. അക്രമങ്ങളും അനീതിയും വഞ്ചനുയം മാത്രം കൈമുതലാക്കിയയവരോടൊത്തു ചേര്‍ന്ന് സംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കളുടെ മാര്‍ഗത്തെക്കുറിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.

വൈയക്തികവും കുടുംബപരവും മാനുഷികവുമായ ഗുണപാഠങ്ങള്‍ക്ക് ഖുര്‍ആന്‍ ചരിത്രാഖ്യാനങ്ങള്‍ പ്രാധാന്യം നല്‍കുന്നു. മാനസികമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കുന്നു. ഗുണപാഠങ്ങളാണ് ഖുര്‍ആനിന്‍റെ ചരിത്രാഖ്യാനങ്ങളുടെയെല്ലാം ലക്ഷ്യം. അതില്‍നിന്ന് സാമൂഹികവും മാനുഷികവും മാനസികവുമായ ഒരുപാട് പ്രശ്നങ്ങള്‍ക്ക് ചിലപ്പോള്‍ പരിഹാരം കാണാനാകും. യൂസുഫ് നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ചരിത്രകഥനങ്ങള്‍ പോലെ പല രീതിയിലായിരിക്കും അവകളുടെ പൊരുള്‍. ബാല്യകാലത്ത് അസൂയാലുക്കളായ സഹോദരന്മാരുടെ ഉപദ്രവം ഒരുപാട് സഹിച്ചിട്ടും പില്‍കാലത്ത് അധികാരം ലഭിച്ചപ്പോള്‍ അവരോട് സ്നേഹത്തോടെ പെരുമാറിയ യൂസുഫ് നബി മാതൃകാ യോഗ്യനാണ്. വെള്ളവും ഭക്ഷണവുമില്ലാതെ മരുഭൂമിയില്‍ കിടക്കേണ്ടി വന്ന ഇസ്മാഈല്‍ നബിയാണ് മറ്റൊന്ന്. ചെറുപ്പത്തില്‍ തന്നെ ഒരുപാട് യാതനകളും വേദനകളും അനുഭവിക്കേണ്ടി വന്ന ഇസ്മാഈല്‍ നബിക്ക് അല്ലാഹു വരണ്ടുകിടന്ന മക്കാ നഗരം ഫലഭൂയിഷ്ടമാക്കിക്കൊടുത്തു. അവിടെ ഒരുപാട് ഗോത്ര സമൂഹങ്ങള്‍ വളര്‍ന്നു വന്നു.

Also read: ഇസ് ലാമും ദേശീയതയും

ഇസ്ലാമിന് മുമ്പുള്ള നൂറ്റാണ്ടുകളിലെ വിവരണങ്ങള്‍

ഇസ്ലാമാഗമനത്തിന് മുമ്പേ കഴിഞ്ഞുപോയ നൂറ്റാണ്ടുകളെക്കുറിച്ചും അക്കാലത്ത് ജീവിച്ചിരുന്ന സമൂഹങ്ങളെക്കുറിച്ചും വളരെ സുപ്രധാന വിവരണങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്. അക്കാലത്തെ അധികാര വര്‍ഗങ്ങളെക്കുറിച്ചും അവരുടെ അന്ത്യത്തെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നു. മൂസാ നബിയുടെ ചരിത്രം പറയുന്നിടത്ത് അല്ലാഹു ഫറോവമാരുടെ ഈജിപ്തിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അവസ്ഥകളെയും അഹങ്കാരികളായിരുന്ന ഫറോവമാര്‍ക്കെതിരെ എങ്ങനെയാണ് അല്ലാഹു തന്‍റെ പരമാധികാരത്തെ പ്രായോഗികവല്‍കരിച്ചതെന്നും വിവരിക്കുന്നു. അതുപോലെത്തന്നെ ഇബ്രാഹീം നബിയുടെ ചരിത്രവും ഇറാഖിന്‍റെ പഴയകാലത്തെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്നു.
അമ്പിയാക്കളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചതില്‍ ഏറ്റവും സ്പഷ്ടമായത് മൂസാ നബിയുടെയും ഇബ്രാഹീം നബിയുടെയും ചരിത്രമാണ്. സമൂഹങ്ങള്‍ക്കിടയില്‍ ഉടലെടുത്ത മാനുഷിക നാഗരികതയുടെ മഹത്തായ ചരിത്രമാണ് ആ രണ്ട് ചരിത്രാഖ്യാനങ്ങളും. രണ്ടുപേരും നദീ തീരങ്ങളില്‍ താമസിക്കുന്ന സമൂഹങ്ങളിലേക്കാണ് അയക്കപ്പെടുന്നത്. ഈജ്പ്തില്‍ നൈലും ഇറാഖില്‍ യൂഫ്രട്ടീസും ടൈഗ്രീസും. പുരാതന കാലത്ത് അവിടെയുണ്ടായിരുന്ന ഏറ്റവും നിന്ദ്യമായ ആരാധനാക്രമങ്ങള്‍ക്കെതിരെയും അധികാര ദുര്‍വിനിയോഗത്തിനെതിരെയുമായിരുന്നു മൂസാ നബിയും ഇബ്രാഹീം നബിയും നടത്തിയ ഇസ് ലാമിക മുന്നേറ്റങ്ങള്‍. ഇസ്രയേല്‍ സന്തതികളെ സംബന്ധിച്ചെടുത്തേളം, പരിശുദ്ധ ഖുര്‍ആനോളം ഒരു സെമിറ്റിക് ഗ്രന്ഥവും യഹൂദികളുടെ വിശേഷണത്തെക്കുറിച്ചും അവസ്ഥകളെക്കുറിച്ചും സ്വഭാവ പെരുമാറ്റത്തെക്കുറിച്ചും സംസാരിച്ചിട്ടില്ല. ഒപ്പം അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെക്കുറിച്ചും അവരോടുള്ള ഇസ്രയേല്യരുടെ പെരുമാറ്റത്തെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിച്ചു. അല്ലാഹു പറയുന്നു: ‘നിശ്ചയം ഈ ഖുര്‍ആന്‍ ഇസ്രയേല്യര്‍ ഭിന്നപക്ഷക്കാരായിരിക്കുന്ന മിക്ക കാര്യങ്ങളും പ്രതിപാദിച്ചു കൊടുക്കുന്നുണ്ട്'(അന്നമ് ല് :  76).

അറബ് നാടുകളെ സംബന്ധിച്ചെടുത്തോളം, ഇസ് ലാം ആഗമനത്തിന് മുമ്പ് അറബ് ഉപദ്വീപുകളിലുണ്ടായിരുന്ന സാമ്രാജ്യങ്ങളെക്കുറിച്ചും അവരുടെ അവസ്ഥകളെക്കുറിച്ചും സവിസ്തരം വിവരിക്കുന്ന ഒരുപാട് സൂക്തങ്ങളുണ്ട്. അവിടെയുണ്ടായിരുന്ന ഒരു ഭരണകൂടത്തെക്കുറിക്കുന്ന പേരില്‍ ഒരു അധ്യായം തന്നെയുണ്ട് ഖുര്‍ആനില്‍, ‘സൂറത്തു സബഅ്’. ആദ്, സമൂദ് പോലെയുള്ള അറബ് സമൂഹങ്ങളെക്കുറിച്ചുള്ള വിവരണങ്ങളെല്ലാമാണ് ഇതര മതഗ്രന്ഥങ്ങളില്‍ നിന്നും ഖുര്‍ആനിനെ വേറിട്ടു നിര്‍ത്തുന്നത്. ഗുഹാ നിവസികളുടെ ചരിത്രം, അരിം വെള്ളപ്പൊക്കം, കിടങ്ങിന്‍റെ ആളുകള്‍(അസ്വ്ഹാബുല്‍ ഉഖ്ദൂദ്), ആനക്കലഹം, ഇബ്രാഹീം നബിയുടെ പലായനം, ഹിജാസില്‍ വെച്ചുള്ള ഇസ്മാഈല്‍ നബിയുടെ ജനനം തുടങ്ങി ഒട്ടനവധി ചരിത്രാഖ്യാനങ്ങളിലൂടെ ഖുര്‍ആന്‍ കടന്നുപോകുന്നുണ്ട്.

1- ‘നബിയേ, ഉദ്ധൃത സംഭവങ്ങളത്രയും താങ്കള്‍ക്ക് നാം ദിവ്യസന്ദേശം നല്‍കുന്ന അദൃശ്യവൃത്താന്തങ്ങളില്‍ പെട്ടതാണ്. താങ്കള്‍ക്കോ സ്വജനതക്കോ നേരത്തെ അതജ്ഞാതമായിരുന്നു. അതുകൊണ്ട് ക്ഷമ കൈകൊള്ളുക. അന്തിമ വിജയം സൂക്ഷ്മാലുക്കള്‍ക്കാകുന്നു'(ഹൂദ്: 49).

2- ‘മര്‍യമിന്‍റെ രക്ഷാകര്‍തൃത്വം ആര് ഏറ്റെടുക്കുമെന്ന് തീരുമാനിക്കാനായി തങ്ങളുടെ എഴുത്താണികളിട്ട് അവര്‍ നറുക്കെടുപ്പ് നടത്തിയപ്പോള്‍ താങ്കളവിടെ ഉണ്ടായിരുന്നില്ല. തദ്വിഷയകമായി അവര്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തിയപ്പോഴും താങ്കളവിടെ അസന്നിഹിതനായിരുന്നു'(ആലു ഇംറാന്‍: 44).

Also read: സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

3- ‘നബിയേ, മൂസാ നബിക്ക് നാം ദൗത്യമേല്‍പിച്ചു കൊടുക്കുമ്പോള്‍ ആ പശ്ചിമപര്‍വത്തിന്‍റെ പാര്‍ശ്വത്തില്‍ താങ്കളില്ലായിരുന്നു; അതിന്‍റെ സാക്ഷികളിലും താങ്കള്‍ ഉണ്ടായിരുന്നില്ല. പക്ഷെ, പല തലമുറകളെയും പിന്നീട് നാം സൃഷ്ടിക്കുകയും അവര്‍ക്ക് കാലദൈര്‍ഘ്യമുണ്ടാവുകയും ചെയ്തു. നമ്മുടെ സൂക്തങ്ങള്‍ പാരായണം ചെയ്തു കൊടുക്കാനായി മദ്യന്‍ നിവാസികളില്‍ താങ്കള്‍ കഴിഞ്ഞുകൂടിയിട്ടുമില്ലായിരുന്നു. എന്നാല്‍ ദൂതനിയോഗം നാം നിര്‍വ്വഹിച്ചുകൊണ്ടേയിരുന്നു. മൂസാ നബിയെ നാം വിളിച്ച സമയം സീനാ മലഞ്ചെരിവില്‍ താങ്കളുണ്ടായിരുന്നില്ല; പക്ഷെ, നാഥന്‍റെ അനുഗ്രഹമായി ഇതൊക്കെ ബോധനം നല്‍കുന്നു. ഒരു മുന്നറിയിപ്പുകാരനും നിയുക്തനായിട്ടില്ലാത്ത ജനസമൂഹത്തിന് താങ്കള്‍ താക്കീത് നല്‍കാനാണ് ഇത്. അവര്‍ ചിന്തിച്ച് ഗ്രഹിച്ചേക്കാമല്ലോ'(ഖസ്വസ്: 4446).

4- ‘മുര്‍സലുകളുടെ വിവരങ്ങളില്‍ നിന്നു താങ്കളുടെ ഹൃദയത്തെ ദൃഢീകരിക്കുന്ന ചരിത്ര കഥനങ്ങളാണ് നാം നിര്‍വഹിക്കുന്നത്. യാഥാര്‍ത്ഥ്യവും സത്യവിശ്വാസികള്‍ക്കാവശ്യമായ ഉപദേശവും ഉദ്ബേധനവും ഇതുവഴി താങ്കള്‍ക്ക് ലഭിച്ചിരിക്കുകയാണ്'(ഹൂദ്: 120).

5- ‘അവരുടെ വൃത്താന്തം താങ്കള്‍ക്കു നാം സത്യസന്ധമായി പ്രതിപാദിച്ചുതരാം'(കഹ്ഫ്: 13).

6- ‘നിശ്ചയം, അവരുടെ കഥാകഥനങ്ങളില്‍ ബുദ്ധിമാന്മാര്‍ക്ക് വലിയ ഗുണപാഠമുണ്ട്. കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു വൃത്താന്തമല്ല ഈ ഖുര്‍ആന്‍; പ്രത്യുത പൂര്‍വവേദങ്ങളെ ശരിവെക്കുന്നതും എല്ലാ വിഷയങ്ങളെയും അധികരിച്ചുള്ള ഒരു പ്രതിപാദനവും സത്യവിശ്വാസം കൈകൊള്ളുന്ന ജനതക്ക് സന്‍മാര്‍ഗ ദര്‍ശനവും ദിവ്യാനുഗ്രഹവുമാകുന്നു'(യൂസുഫ്: 111).

7- ഖുര്‍ആനിനെ വിശേഷിപ്പിച്ചുകൊണ്ട് തിരുനബി പറയുന്നു: ‘മഹോന്നതനായി അല്ലാഹുവിന്‍റെ ഗ്രന്ഥമാണത്. അതില്‍ മുന്‍കാല സമൂഹങ്ങളുടെയും നങ്ങള്‍ക്ക് ശേഷം വരാനിരിക്കുന്ന സമൂഹങ്ങളുടെയും വിവരണങ്ങള്‍ക്കൊപ്പം നിങ്ങളുടെ കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അതെല്ലാം തന്നെ സുവ്യക്തവുമാണ്. ധിക്കാരപൂര്‍വം അതിനെ നിഷേധിച്ചവനെ അല്ലാഹു പരാജയപ്പെടുത്തും. അതെല്ലാത്തതില്‍ സന്മാര്‍ഗം തേടിയവനെ അല്ലാഹു വഴിപിഴപ്പിക്കും. അല്ലാഹുവിന്‍റെ ഉറച്ച പാശവും വ്യക്തമായ പ്രകാശവുമാണത്. യുക്തപൂര്‍വമായ വിവരണങ്ങളാണ് അതില്‍. അതാണ് സത്യത്തിന്‍റെ പാത. വിശുദ്ധ ഖുര്‍ആന്‍ പിന്തുടര്‍ന്നവനെ സ്വേച്ഛകള്‍ വഴിപിഴപ്പിക്കുകയില്ല. സംസാരത്തില്‍ ഇടര്‍ച്ച വരികയില്ല. അതുകൊണ്ട് ആരും അഭിപ്രായ ഭിന്നതയിലാവുകയില്ല. അതിലെ ജ്ഞാനം പണ്ഡിന്മാരുടെ ദാഹമകറ്റിയിട്ടില്ല. സൂക്ഷ്മാലുക്കള്‍ക്ക് ഒരിക്കലുമതില്‍ മടുപ്പ് അനുഭവപ്പെടുകയില്ല. അതിന്‍റെ അത്ഭുതങ്ങള്‍ അവസാനിക്കുകയില്ല. അത്ഭുതകരമായ ഖുര്‍ആനിനെയാണ് ഞങ്ങള്‍ കേട്ടതെന്ന് പരായണം കേള്‍ക്കെ ജിന്നുകള്‍ പറയും. അതില്‍ നിന്നു ജ്ഞാനം കരസ്ഥമാക്കിയവന്‍ മികച്ചു നില്‍ക്കും. വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് പറയുന്നവന്‍ സത്യം മാത്രമേ പറയുന്നൊള്ളൂ. അതുകൊണ്ട് വിധിച്ചവന്‍ നീതി തന്നെയാണ് വിധിച്ചത്. അതുകൊണ്ട് പ്രവര്‍ത്തിച്ചവന് പ്രതിഫലം നല്‍കപ്പെടും. അതിലേക്ക് ക്ഷണിക്കപ്പെടുന്നവന്‍ സന്മാര്‍ഗത്തിലേക്കാണ് ക്ഷണിക്കപ്പെടുന്നത്’.

Also read: ധാര്‍മികത നാസ്തികതയില്‍

ചരിത്രാഖ്യാനത്തിന്‍റെ ലക്ഷ്യം

വെറും ചരിത്രാഖ്യാനമല്ല വിശുദ്ധ ഖുര്‍ആന്‍റെ കഥനങ്ങള്‍ കൊണ്ടുള്ള ലക്ഷ്യം. മറിച്ച്, മുന്‍കാല സമൂഹങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളാനുള്ള നിര്‍ദേശമാണ് ഖുര്‍ആന്‍റെ ബൃഹത്തായ ഈ ആഖ്യാനം. കൂടാതെ, മക്കാ മുശ്രിക്കുകളില്‍ നിന്നും ഇസ് ലാമിനോട് ശത്രുത വെച്ചുപുലര്‍ത്തയിരുന്നവരെ തടയുക, മുന്‍കാല സമൂഹങ്ങളില്‍ നിന്നും അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാര്‍ക്ക് നേരിടേണ്ടി വന്ന പീഢനങ്ങളും പ്രയാസങ്ങളും വിവരിച്ച് സത്യനിഷേധികളുടെ പീഢനങ്ങളില്‍ അസ്വസ്ഥമായ പ്രവാചകരുടെ ഹൃദയത്തിന് സമാധാനവും ശക്തിയും പകരുക തുടങ്ങിയവയെല്ലാം അതിന്‍റെ ലക്ഷ്യങ്ങളായിരുന്നു. അക്രമികളായി സമൂഹത്തില്‍ നിന്നും ഓരോ പ്രവാചകനും നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ അല്ലാഹു വിശദീകരിച്ചു. മുന്‍കാല പ്രവാചകന്മാരും അനുയായികളും ഒരിക്കലും തളരുകയോ എല്ലാ ഉപേക്ഷിച്ച് പോവുകയോ ചെയ്തില്ല. കഠിനമായ പീഢനങ്ങളില്‍ ക്ഷമാശീലരായി. ആ സന്ദര്‍ഭത്തെയാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്; ‘മുര്‍സലുകളുടെ വിവരങ്ങളില്‍ നിന്ന് താങ്കളുടെ ഹൃദയത്തെ ദൃഢീകരിക്കുന്ന ചരിത്ര കഥനങ്ങളാണ് നാം നിര്‍വഹിക്കുന്നത്. യാഥാര്‍ത്ഥ്യവും സത്യവിശ്വാസികള്‍ക്കാവശ്യമായ ഉപദേശവും ഉദ്ബേധനവും ഇതുവഴി താങ്കള്‍ക്ക് ലഭിച്ചിരിക്കുകയാണ്'(ഹൂദ്: 120). വഞ്ചന മുഖമുദ്രയാക്കിയ ശക്തന്മാരുടെ പതനത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. നാടുകള്‍ അടക്കിവാണ് അവിടം തെമ്മാടിത്തരങ്ങള്‍ കൊണ്ടുനിറച്ച അഹങ്കാരികളെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. അല്ലാഹു തന്ത്രജ്ഞനും സര്‍വജ്ഞാനിയുമാകുന്നു.

Also read: ദുരിതാശ്വാസം ഇടക്കാലാശ്വാസമാവരുത്

വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ കഥകളെല്ലാം സത്യവും വ്യക്തവുമാണ്. അത് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നുണ്ട്; ‘അല്ലാഹുവിനേക്കാള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുന്നവന്‍ ആരുണ്ട്'(നിസാഅ്: 87), ‘ഇത് സത്യനന്ധമായ കഥാകഥനം തന്നെയാണ്'(ആലു ഇംറാന്‍: 62), ‘അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളാണിവയെല്ലാം. താങ്കള്‍ക്കവ സത്യസമേതം നാം പാരായണം ചെയ്തുതരികയാണ്. അങ്ങ് ദൂതന്മാരില്‍ പെട്ടയാള്‍ തന്നെയാകുന്നു'(ബഖറ: 252), ‘മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ട് താങ്കള്‍ക്കവന്‍ സത്യസമേതം ഗ്രന്ഥമിറക്കി'(ആലു ഇംറാന്‍), ‘മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ട് അങ്ങേക്ക് നാം ദിവ്യസന്ദേശമായി നല്‍കിയ ഗ്രന്ഥം തന്നെയാണ് സത്യനിഷ്ഠം'(ഫാത്വിര്‍: 32), ‘അങ്ങേക്ക് നാം ഇതവതരിപ്പിച്ചു തന്നത് സത്യസന്ധമായിത്തന്നെയാകുന്നു'(സുമര്‍: 2), ‘താങ്കള്‍ക്ക് നാം പാരായണം ചെയ്തു തരുന്ന അല്ലാഹുവിന്‍റെ സത്യ സൂക്തങ്ങളാണ് ഇവയത്രയും. അല്ലാഹുവിനും അവന്‍റെ സൂക്തങ്ങള്‍ക്കുമപ്പുറം ഇനി ഏതൊരു വാര്‍ത്തയാണ് നിഷേധികള്‍ വിശ്വാസിക്കുക?'(ജാസിയ: 6), ‘എന്നാല്‍ സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുകയും മുഹമ്മദ് നബിക്കവതീര്‍ണ്ണമായതില്‍ -അവരുടെ നാഥങ്കല്‍ നിന്നുള്ള സത്യമത്രേ അത്- വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളവന്‍ മാപ്പാക്കുന്നതും അവസ്ഥ മെച്ചപ്പെടത്തുന്നതുമാകുന്നു'(മുഹമ്മദ്: 2).
സമകാലിക ചരിത്ര ഗ്രന്ഥങ്ങളോ യഹൂദികള്‍ ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന തൗറാത്തോ വായിക്കുമ്പോള്‍ കാണുന്ന അമിത പറച്ചിലുകള്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സമയത്ത് കാണാനാകില്ല. ഖുര്‍ആന്‍ പറഞ്ഞതെല്ലാം വളരെ വ്യക്തമാണെന്ന് മാത്രമല്ല സമകാലിക ചില സംഭവങ്ങള്‍ അതിന്‍റെ വിശ്വാസ്യതയെ ശക്തിപ്പെടുത്തുന്നുമുണ്ട്. ടോളമിയുടെ ജ്യോഗ്രഫിയില്‍ ആദ്, സമൂദ് സമൂഹങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതുപോലെത്തന്നെ സമൂദിനെക്കുറിച്ച് വിവരിക്കുന്ന മറ്റനേകം ഗ്രീക്ക്, റോമന്‍ ഗ്രന്ഥങ്ങളുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ പോലെത്തന്നെ ഇറം എന്ന പേരിന് തൊട്ടു പിറകെയാണ് അവരെല്ലാവരും തന്നെ ആദിനെ പ്രതിപാദിച്ചിട്ടുള്ളത്.

അല്ലാഹു പറയുന്നു: ‘താങ്കള്‍ക്കു നാം സത്യസമേതം ഗ്രന്ഥമവതരിപ്പിച്ചു തന്നിരിക്കുന്നു. മുമ്പുള്ള വേദങ്ങളെ അംഗീകരിക്കുന്നതും സംരക്ഷിക്കുന്നതുമാണത്'(മാഇദ: 48), ‘ഈ ഖുര്‍ആന്‍ അനുഗ്രഹീതവും മുമ്പുള്ളതിനെ ശരിവെക്കുന്നതുമായി, മക്കക്കാരെയും അതിനു ചുറ്റുമുള്ളവരെയും താങ്കള്‍ താക്കീത് ചെയ്യാനായി നാമവതരിപ്പിച്ചതാണ്'(അന്‍ആം: 92), ‘മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ട് അങ്ങേക്ക് നാം ദിവ്യസന്ദേശമായി നല്‍കിയ ഗ്രന്ഥം തന്നെയാണ് സത്യനിഷ്ഠം'(ഫാത്വിര്‍: 32).

വിശുദ്ധ ഖുര്‍ആന്‍ വിവരിച്ച ചരിത്രങ്ങളെല്ലാം അറബ് നാടുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗോത്ര കഥകളിലേക്കുള്ള സൂചനയാണെന്ന ചിലരുടെ അഭിപ്രായം തീര്‍ത്തും ബാലിശമാണ്. കാരണം, ഖുര്‍ആന്‍ പറഞ്ഞ ചരിത്രങ്ങളില്‍ നിന്നും ഒന്നും തന്നെ അറബികള്‍ക്ക് അറിയുമായിരുന്നില്ല. അതുകൊണ്ടാണ് നൂഹ് നബിയുടെ ചരിത്രകഥനം അല്ലാഹു ഇങ്ങനെ അവസാനിപ്പിച്ചത്; ‘നബിയേ, ഉദ്ധൃത സംഭവങ്ങളത്രയും താങ്കള്‍ക്ക് നാം ദിവ്യസന്ദേശം നല്‍കുന്ന അദൃശ്യവൃത്താന്തങ്ങളില്‍ പെട്ടതാണ്. താങ്കള്‍ക്കോ സ്വജനതക്കോ നേരത്തെ അതജ്ഞാതമായിരുന്നു. അതുകൊണ്ട് ക്ഷമ കൈകൊള്ളുക. അന്തമ വിജയം സൂക്ഷ്മാലുക്കള്‍ക്കായിരിക്കും'(ഹൂദ്: 49). ഇതെല്ലാം അറബ് ഗോത്ര കഥകളായിരുന്നുവെങ്കില്‍ പ്രവാചകരോട് കടുത്ത ശത്രുത വെച്ചു പുലര്‍ത്തിയിരുന്നവര്‍ ഈ സൂക്തം അവതീര്‍ണ്ണായ സമയത്ത് പ്രതികരിക്കാതിരിക്കുമായിരുന്നോ? തിരുനബിയില്‍ നിന്നും ചെറിയൊരു വീഴ്ചക്ക് വേണ്ടി കാത്തിരിക്കുന്നവരായിട്ടും എന്തുകൊണ്ട് ഇതിനെതിരെ അവരൊന്നും പറഞ്ഞില്ല? അതിനര്‍ത്ഥം വിശുദ്ധ ഖുര്‍ആനിന്‍റെ ചരിത്രകഥനങ്ങളെല്ലാം സത്യനിഷേധികളായി അറബികള്‍ക്ക് അജ്ഞാതമായിരുന്നു.

അവലംബം:
1- ജലാലുദ്ദീന്‍ അല്‍-സുയൂത്വി(വ: ഹി.911), അല്‍-ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍, അല്‍-ഹയ്അത്തില്‍ മിസ്വ്രിയ്യത്തില്‍ ആമ ലില്‍കിതാബ്, ആദ്യ പതിപ്പ്, 1924, 2/151.
2- അബ്ബാസ് മഹ്മൂദ് അല്‍-അഖാദ്, അല്‍-ഇസ്ലാമു ദഅ്വത്തുന്‍ ആലമിയ്യ, അല്‍-മക്തബത്തുല്‍ അസ്വ്രിയ്യ, ബയ്റൂത്ത്, സ്വീദാ, ലബനാന്‍, 1999, പേ. 218-219.
3- അബ്ബാസ് മഹ്മൂദ് അല്‍-അഖാദ്, മത്വ്ലഉന്നൂര്‍/ ത്വവാലിഉല്‍ ബിഅസത്തില്‍ മുഹമ്മദിയ്യ, ദാറുന്നഹ്ദ, കയ്റോ, ഈജിപ്ത്, 1955, പേ. 61.
4- അലി മുഹമ്മദ് സ്വലാബി, നൂഹ് അലൈഹിസ്സലാം വത്തൂഫാനുല്‍ അളീം, ദാറു ബ്നു കസീര്‍, ബയ്റൂത്ത്, ആദ്യ പതിപ്പ്, 2020, പേ. 66-72.
5- മുഹമ്മദ് അബൂ സഹ്റ, അല്‍-മുഅ്ജിസത്തുല്‍ കുബ്റല്‍ ഖുര്‍ആന്‍, ദാറുല്‍ ഫിക്രില്‍ അറബി, കയ്റോ, പേ. 15, തഫ്സീറുല്‍ ഖുര്‍ത്വുബി, 1/5.
6- മുഹമ്മദ് ബയൂമി മഹ്റാന്‍, ദിറാസാത്തുന്‍ താരീഖിയ്യത്തുല്‍ ഫില്‍ ഖുര്‍ആനില്‍ കരീം, 1/19-39.
7- മുഹമ്മദ് റഷീദ് രിളാ, അഹ്ദാഫുല്‍ ഖുര്‍ആന്‍ വ മഖാസ്വിദുഹു, അല്‍-ഹയ്അത്തുല്‍ മിസ്വ്രിയ്യത്തില്‍ ആമ ലില്‍കിതാബ്, കയ്റോ, 1990, 1/286-293.
8- മുഹമ്മദ് അബ്ദുല്ലാഹ് ദര്‍റാസ്, അന്നബഉല്‍ അളീം; നള്റാത്തുന്‍ ജദീദ ഫില്‍ ഖുര്‍ആന്‍, ദാറുത്ത്വയ്ബ ലിന്നശ്രി വത്തൗസീഅ്, രിയാള്, സഊദി, ആദ്യ പതിപ്പ്, 1997, പേ. 12-14.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles