Current Date

Search
Close this search box.
Search
Close this search box.

‘സൗഹൃദം’ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍

VFDSJ.jpg

നമ്മുടെ ജീവിതത്തില്‍ സുഹൃത്തുക്കള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അതുകൊണ്ടാണ് ‘നിന്റെ സുഹൃത്തിനെ എനിക്കു കാണിച്ചു തന്നാല്‍, നീ എങ്ങനെയുള്ള ആളാണെന്ന ഞാന്‍ പറഞ്ഞു തരാമെന്ന്’ നമ്മള്‍ക്കിടയില്‍ വ്യാപകമായി പറയാറുള്ളത്.
ഇസ്ലാം എന്നാല്‍ കേവലം ഒരു മതമല്ല, അതൊരു ജീവിത രീതി കൂടിയാണ്. അതിനാല്‍ തന്നെ നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് സൗഹൃദം എന്നത്. ജീവിതത്തിലെ സമസ്ത മേഖലകളിലും എങ്ങനെ പെരുമാറണമെന്ന് പ്രതിപാദിച്ചതുപോലെ സുഹൃത് ബന്ധങ്ങളുടെ കാര്യത്തിലും ഇസ്ലാം ചില ചിട്ടവട്ടങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

ഇസ്ലാമിന്റെ ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാത്ത സൗഹൃദങ്ങള്‍ പരാജയത്തിലേക്കെത്തിക്കും. അത് ഒന്നുകില്‍ ഈ ലോകത്താകാം അല്ലെങ്കില്‍ പരലോകത്തുവെച്ചാകാം. ഒരു മികച്ച സുഹൃദ് ബന്ധം സ്ഥാപിക്കുന്നതില്‍ ഇസ്ലാം ചില വ്യവവസ്ഥകളും നിര്‍ദേശങ്ങളും മുന്നോട്ടു വെക്കുന്നത്.

എല്ലാതരം സൗഹൃദങ്ങളുടെയും അടിസ്ഥാനം നമ്മുടെ ഈ ലോകത്തേക്കുള്ള ഒരു സുഹൃത്തിനെ തെരഞ്ഞെടുക്കുക എന്നതാകും. അതിലപ്പുറം നമ്മുടെ പരലോക ജീവിത വിജയത്തിന് മുതല്‍കൂട്ടാവുന്ന, ഉപകരിക്കുന്ന ഒരു സുഹൃത്തിനെ തരെഞ്ഞെടുക്കാനാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്. അല്ലാതെ പാരത്രികലോകത്തെ നേട്ടം മാത്രം മുന്നില്‍ക്കണ്ടല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കേണ്ടത്.

‘വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച’.(സൂറത്തുതൗബ-71).

‘സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കും’. (അല്‍ ഹുജറാത്-10)

‘കൂട്ടുകാരൊക്കെയും അന്നാളില്‍ പരസ്പരം ശത്രുക്കളായി മാറും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ’ (അസ്സുഖ്റുഫ്-66)

നബി (സ) പറഞ്ഞു: ‘നിങ്ങളാരും വിശ്വസികാളുകന്നതു വരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതു വരെ നിങ്ങളാരും വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ക്കിടയില്‍ പരസ്പരം സ്‌നേഹമുണ്ടാവാനുള്ള ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നിങ്ങള്‍ പരസ്പരം സലാം വ്യാപിക്കുക’ (മുസ്‌ലിം)

വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹഥീസില്‍ നിന്നുമുള്ള ഈ ഉദാഹരണങ്ങളില്‍ നിന്നും വളരെ വ്യക്തമാണ് ഇസ്ലാമില്‍ സുഹൃദ് ബന്ധത്തിന്റെ പ്രാധാന്യവും അതിനു നല്‍കേണ്ട പരിഗണനയും. നന്മ പ്രചരിപ്പിക്കാനും തിന്മ തടയാനും ആളുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ഇസ്ലാം നമ്മോട് ആഹ്വാനം ചെയ്യുന്നത്. പരസ്പരം ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. തീര്‍ച്ചയായും ‘ഐക്യമത്യം മഹാബലം’ തന്നെയാണ്.

ഓരോ ഐക്യവും അല്ലാഹുവിന്റെ പ്രതിഫലത്തെ ലക്ഷ്യം വച്ചുള്ളതാവണം. ഇതാണ് ഇസ്ലാം വാദിക്കുന്ന സൗഹൃദം. അതിനാല്‍ തന്നെ നേട്ടങ്ങളും പ്രതിഫലവും ആഗ്രഹിച്ചല്ല നാം സുഹൃദ് ബന്ധം കെട്ടിപ്പടുക്കേണ്ടത്. പരലോകത്തില്‍ അന്തിമവും ശാശ്വതവുമായ ആനന്ദമുണ്ടെന്ന ബോധത്തെ അടിസ്ഥാനാക്കിയുള്ള സൗഹൃദങ്ങള്‍ സ്ഥാപിക്കാനാണ് നാം മുന്‍കൈയെടുക്കേണ്ടത്.

 

 

 

 

Related Articles