Current Date

Search
Close this search box.
Search
Close this search box.

യഹൂദരും ഇസ്രയേല്യരും ഖുര്‍ആനില്‍ ( 3 – 5 )

jews8888.jpg

സൂറത്ത് യൂസുഫില്‍ അദ്ദേഹത്തിന്റെ സഹോദരന്മാരുടെ വഞ്ചനയെ വിവരിക്കുന്നിടത്താണ് ഇസ്രയേല്‍ സന്തതികളുടെ കഥയാരംഭിക്കുന്നത്. തന്റെ പിതാവായ ഇസ്രായേലിന്റെ സന്താനങ്ങളെന്ന നിലക്ക് അവരദ്ദേഹത്തിന്റെ സഹോദരന്മാരാണ്. തങ്ങളെക്കാള്‍ കൂടുതലായി പിതാവ് യൂസുഫിനെ ഇഷ്ടപ്പെടുന്നുവെന്ന കാരണത്താലാണ് അവരദ്ദേഹത്തെ വഞ്ചിച്ചത്. അദ്ദേഹം ഇല്ലാതാവുന്നതോടെ പിതാവിന്റെ ഹൃദയത്തില്‍ നിന്നും അദ്ദേഹത്തിനുള്ള ഇടം നഷ്ടമാവുമെന്നും അവര്‍ കണക്ക് കൂട്ടി.

ഹറാന്‍ പ്രദേശത്തെ തങ്ങളുടെ പ്രാരംഭം മുതല്‍ ഈജിപ്തിലേക്കുള്ള പലായനം വരെ ഇസ്രയേല്യര്‍ക്ക് യഹൂദ് എന്ന പേര് പ്രയോഗിക്കപ്പെട്ടിട്ടില്ല. മൂസാ നബി(അ)യുടെ ആഗമനവും പിന്നീട് അദ്ദേഹം അവരുമായി ഈജിപ്തില്‍ നിന്ന് പുറത്ത് കടക്കുകയും ചെയ്തതിന് ശേഷമാണത് സംഭവിക്കുന്നതെന്ന് വ്യക്തം. യഹൂദികള്‍ തങ്ങളെയും ബനൂ ഇസ്രയേല്യരെയും കൂട്ടിക്കുഴച്ചത് മുഖേന രൂപപ്പെട്ട ആശയക്കുഴപ്പം ചരിത്രവിശകലനത്തിലൂടെ പരിഹരിക്കാനാണിവിടെ നാം ശ്രമിക്കുന്നത്.

ഇബ്രാഹീം പ്രവാചകന്റെ വിയോഗം
ഇബ്രാഹീമിന്റെ പ്രപിതാവ് നൂഹ് നബിയുടെ മകനായ സാം ആണെന്നത് പ്രബലമായ മതം. മരണസമയത്ത് 200 ആയിരുന്നു ഇബ്രാഹീം പ്രവാചകന്റെ പ്രായം. അബൂ ഹുറൈറ(റ) നബി തിരുമേനി(സ)യില്‍ നിന്നും നിവേദനം ചെയ്യുന്നു. പ്രവാചകന്‍ തിരുമേനി അരുളി ‘നൂറ്റി ഇരുപതാം വയസ്സില്‍ ഇബ്രാഹീം ചേലാകര്‍മ്മം നടത്തുകയും അതിന് ശേഷം 80 വര്‍ഷം ജീവിക്കുകയും ചെയ്തു’. മക്കളായ ഇസ്ഹാഖും, ഇസ്മാഈലും  അദ്ദേഹത്തെ കുളിപ്പിക്കുകയും സാറയുടെ അടുത്തായി തന്നെ മറവ് ചെയ്യുകയും ചെയ്തു. പിന്നീട് അനന്തരസ്വത്ത് വീതം വെച്ചു. തനിക്ക് ലഭിച്ച ഓഹരിയുമായി ഇസ്മാഈല്‍ മക്കയിലേക്ക് മടങ്ങി. അവ പോഷിപ്പിച്ച് അദ്ദേഹം സമ്പന്നനായി. പരിശുദ്ധ കഅ്ബാലയത്തിലേക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ദൈവത്തിന്റെ അതിഥികള്‍ക്ക് വിരുന്നൊരുക്കാന്‍ അത് മുഖേന അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന് 12 ആണ്‍മക്കളുണ്ടായിരുന്നു. അവരാണ് അറബികളുടെ പിതാക്കന്‍മാര്‍. അവര്‍ ഹിജാസ് അറബികള്‍ എന്നറിയപ്പെടുന്നു. നസമഃ എന്ന പേരുള്ള ഒരു മകളുമുണ്ടായിരുന്നു അദ്ദേഹത്തിന്.

ഇസ്ഹാഖ്(അ)
ഇസ്ഹാഖ് നബി(അ)ക്ക് രണ്ട് ഇരട്ട സന്താനങ്ങളുണ്ടായിരുന്നു. ഈസ്, യഅഖൂബ് എന്നിവരായിരുന്നു അവര്‍. തന്റെ മകന്‍ ഈസിനെ ഇസ്ഹാഖ് വളരെയധികം സ്‌നേഹിച്ചുവെന്ന് വേദക്കാര്‍ പറയാറുണ്ട്. കാരണം അവനായിരുന്നുവത്രെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ആദ്യമായി പുറത്ത് വന്നത്. അവനാകട്ടെ അദ്ദേഹത്തെ വല്ലാതെ പരിഗണിക്കുകയും അദ്ദേഹത്തിന് പാചകം ചെയ്ത് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അവന് വേട്ടയായിരുന്നു തൊഴില്‍.

എന്നാല്‍ ഉമ്മ ഇസ്രായേല്‍ എന്നറിയപ്പെട്ട യഅ്ഖൂബിനെയാണ് ഇഷ്ടപ്പെട്ടത്. യഅ്ഖൂബ് എന്ന് പേര് ലഭിച്ചത് ഈസ് പിറന്ന് വീണ് ഉടനെ പുറത്ത് വന്നത് കൊണ്ടായിരുന്നു. അതല്ല തന്റെ ഇരട്ടയായിരുന്ന ഈസിന്റെ മടമ്പ് പിടിച്ച നിലയിലായിരുന്നു ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വന്നതെന്നും അതിനാലാണ് പ്രസ്തുത നാമം ലഭിച്ചതെന്നും പറയപ്പെടാറുണ്ട്.

ഇസ്ഹാഖ് പ്രവാചകന്റെ പ്രാര്‍ത്ഥന
പ്രായാധിക്യം കാരണം ഇസ്ഹാഖ് പ്രവാചകന് കാഴ്ച മങ്ങിത്തുടങ്ങി. തന്റെ മരണം ആസന്നമായിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ മകന്‍ ഈസിനെ വിളിച്ച് ഇപ്രകാരം പറഞ്ഞു. ‘നീ എനിക്ക് ഭക്ഷണം പാചകം ചെയ്ത് തരണം. ശേഷം എനിക്ക് ശേഷം പ്രവാചകത്വം നിനക്ക് ലഭിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.’ ഈസ് ഭക്ഷണത്തിന് വേട്ടയാടാന്‍ വേണ്ടി പുറപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ഉമ്മ അവസരം മുതലെടുത്തു. അവര്‍ തന്റെ മകന്‍ ഇസ്രയേലിനെ വിളിച്ച് വരുത്തി. തന്റെ കയ്യിലുള്ള രണ്ട് ആട്ടിന്‍ കുഞ്ഞുങ്ങളെ അറുത്ത് കൊണ്ട് വരാന്‍ കല്‍പിച്ചു. ഉമ്മ അത് നന്നായി പാചകം ചെയ്തു കൊടുത്തു. ഈസിന്റെ വസ്ത്രം മകന്‍ യഅ്ഖൂബിന് അണിയിച്ചു. എന്നിട്ട് ഭക്ഷണവുമായി ഇസ്ഹാഖിന്റെ അടുത്ത് പറഞ്ഞയച്ചു. ഉമ്മ അദ്ദേഹത്തോട് പറഞ്ഞു. ഇതാ താങ്കളുടെ മകന്‍ ഭക്ഷണവുമായി വന്നിരിക്കുന്നു. അത് കഴിക്കുകയും നുബുവ്വത്തിന് അവനിലൂടെ തുടര്‍ച്ചയുണ്ടാവുന്നതിന് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അങ്ങനെ ഈസാണ് തന്റെ മുന്നിലുള്ളതെന്ന് ധരിച്ച് അദ്ദേഹം അപ്രകാരം ചെയ്തു.

അല്ലാഹുവിന്നറിയാം ആര്‍ക്കാണ് നുബുവ്വത്ത് നല്‍കേണ്ടതെന്ന്. അത് യഅ്ഖൂബിന് നല്‍കണമെന്നത് അവന്റെ തീരുമാനമായിരുന്നു.

ഈസ് തന്റെ വേട്ട കഴിഞ്ഞ് മടങ്ങി വന്നു. തന്റെ ഉപ്പക്ക് വേണ്ടി മാംസം പൊരിച്ചു. അദ്ദേഹത്തിന് കൊടുത്തു. അദ്ദേഹം പറഞ്ഞു. ‘ഇതെന്താണ് മകനെ, നീ നേരത്തെ കൊണ്ട് വന്ന ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞിരിക്കുകയാണ് ഞാന്‍. നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നെ എന്തിനാ നീ വീണ്ടും ഭക്ഷണം കൊണ്ട് വന്നത്? മകന്‍ ഈസ് അദ്ദേഹത്തോട് പറഞ്ഞു ‘ഞാന്‍ ഇപ്പോഴാണ് പുറത്ത് നിന്ന് വരുന്നത്. മുമ്പ് ഞാന്‍ ഭക്ഷണം തന്നിട്ടില്ലല്ലോ’.

അപ്പോള്‍ ഇസ്ഹാഖ് പ്രവാചകന് കാര്യം മനസ്സിലായി. അല്ലാഹു അവനിഛിക്കുന്നവര്‍ക്കാണല്ലോ തന്റെ സന്ദേശം നല്‍കുക. അതോടെ അദ്ദേഹം മൗനം ദീക്ഷിച്ചു. തന്നെ അവകാശം തട്ടിയെടുത്ത് യഅ്ഖൂബിനോട് ഈസിന് കോപം തോന്നി. അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇത് കേട്ട ഭയന്ന ഉമ്മ അദ്ദേഹത്തോട് വളരെ പെട്ടന്ന് തന്നെ ഹറാന്‍ ഗ്രാമത്തേക്ക് നാട് വിടാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ യഅ്ഖൂബ് തന്റെ പിതാവിന്റെ നാടുപേക്ഷിച്ചു യാത്രയായി. ( തുടരും )

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles