Current Date

Search
Close this search box.
Search
Close this search box.

ദിവ്യബോധനമാണ് ആ മഹാവൃത്താന്തം

q10.jpg

ജനങ്ങള്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്ന ആ ‘മഹാവൃത്താന്തം’ മുഹമ്മദ് നബി(സ)ക്ക് അല്ലാഹു ഇറക്കിയ വഹ്‌യാണെന്ന അഭിപ്രായത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. ഖുര്‍ആനിലും അതിന്റെ പരസ്പര ബന്ധത്തിലുമുള്ള എന്റെ ആലോചനയിലൂടെ വ്യക്തമായ കാര്യമാണത്. വിശുദ്ധ ഖുര്‍ആനും അതില്‍ ഉള്‍പ്പെടും. വഹ്‌യില്‍ തന്നെ ഏറ്റവും മഹത്തായതാണത്.  അല്ലാഹു തന്നെ പറയുന്നു: ‘ഇവ്വിധം നാം നിനക്ക് നമ്മുടെ കല്‍പനയാല്‍ ചൈതന്യവത്തായ ഒരു സന്ദേശം ബോധനം നല്‍കിയിരിക്കുന്നു.’ (42:52) മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: ‘നാം നിനക്ക് ഈ ഖുര്‍ആന്‍ ദിവ്യബോധനം നല്‍കി.’ (12:3) അതിലൂടെ തൗഹീദ് പ്രഖ്യാപിക്കുകയും ബഹുദൈവത്വ സങ്കല്‍പത്തെ വെടിയുകയും ചെയ്തു. പുനര്‍ജീവിപ്പിക്കുന്നതിനെയും പരലോകത്തെ രക്ഷാശിക്ഷകളെയും കുറിച്ചത് പ്രഖ്യാപനം നടത്തി.

അല്ലാഹു പറയുന്നു: ‘അവരോട് പറയുക: ഞാന്‍ താക്കീത് ചെയ്യുന്നവന്‍ മാത്രമാകുന്നു. ഏകനായ അല്ലാഹുവല്ലാതെ ദൈവമേതുമില്ല. അവന്‍ ഒരുവനാകുന്നു. സകലത്തെയും ജയിക്കുന്നവന്‍. വാനഭുവനങ്ങള്‍ക്കും അവക്കിടയിലുള്ള സകലത്തിനും ഉടയവന്‍. അതിശക്തന്‍. ഏറെ വിട്ടുവീഴ്ച ചെയ്യുന്നവന്‍. അവരോട് പറയുക: ഇതൊരു മഹത്തായ സന്ദേശം (നബഉന്‍ അള്വീം) തന്നെയാകുന്നു. അതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പുറംതിരിഞ്ഞുപോവുകയാണ്.’ (38:65-68)

സന്തോഷവാര്‍ത്തയറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായി തന്റെ ദൂതനെ അയച്ച അല്ലാഹുവിന്റെ ദിവ്യസന്ദേശമാണ് ആ മഹാവൃത്താന്തം. അതുമുഖേനെയാണ്  ജനങ്ങളെ ഏകദൈവത്വത്തിലേക്കും പുനരുദ്ധാന നാളിലേക്കും ക്ഷണിച്ചത്. അല്ലാഹു പറയുന്നു: ‘എന്നിട്ട് അവിശ്വാസികള്‍ ഘോഷിച്ചു തുടങ്ങി; ഇതൊരല്‍ഭുത സംഗതിതന്നെ. നാം മരിച്ചുമണ്ണായിപ്പോയാല്‍ (പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയോ!) അങ്ങനെയൊരു തിരിച്ചുവരവ് ബുദ്ധിക്ക് വിദൂരമാകുന്നു.’ (50:3-4) മറ്റൊരിടത്ത് ഖുര്‍ആന്‍ അതിനെ കുറിച്ച് പറയുന്നു: ‘ജനത്തിന് ഒരത്ഭുതമായിരിക്കുന്നുവെന്നോ; (ബോധമില്ലാത്ത)ജനത്തിന് മുന്നറിയിപ്പു നല്‍കണമെന്നും, വിശ്വാസികള്‍ക്ക് അവരുടെ റബ്ബിങ്കല്‍ സത്യമായ യശസ്സും പ്രതാപവുമുണ്ടെന്നു സുവാര്‍ത്തയറിയിക്കണമെന്നും, അവരില്‍നിന്നുതന്നെ ഒരാള്‍ക്കു നാം ദിവ്യബോധനം നല്‍കിയത്?’ (10:2) മുന്‍കഴിഞ്ഞ പ്രവാചകന്‍മാരുടെ സമൂഹങ്ങള്‍ ആശ്ചര്യപ്പെട്ടിരുന്ന ഒന്നാണത്. നൂഹ് നബിയുടെ ജനത അദ്ദേഹത്തിന്റെ സന്ദേശത്തില്‍ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ‘നിങ്ങളെ താക്കീതു ചെയ്യുന്നതിനും നിങ്ങള്‍ തെറ്റായ നടപടികളില്‍നിന്നു മോചിതരായി അനുഗ്രഹിക്കപ്പെടേണ്ടതിനും വേണ്ടി, സ്വജനത്തില്‍പെട്ട ഒരുവനിലൂടെ റബ്ബിങ്കല്‍നിന്നുള്ള ഉദ്‌ബോധനം വന്നുകിട്ടുന്നതില്‍ അത്ഭുതപ്പെടുന്നുവോ?’ (7:63) എന്ന് ഖുര്‍ആന്‍ തന്നെ അവരോട് ചോദിക്കുന്നു. അവര്‍ക്ക് ശേഷം ഹൂദ് നബിയുടെ സമൂഹത്തോടും ഇക്കാര്യം തന്നെ ആവര്‍ത്തിക്കുന്നത് കാണാം: ‘നിങ്ങളെ താക്കീതുചെയ്യുന്നതിനുവേണ്ടി, സ്വസമുദായക്കാരനായ ഒരാളിലൂടെ റബ്ബിങ്കല്‍നിന്നുള്ള ഉദ്‌ബോധനം ലഭിക്കുന്നതില്‍ ആശ്ചര്യപ്പെടുന്നുവോ?’ (7:69)

ദിവ്യബോധനം ബഹുദൈവാരാധകരിലുണ്ടാക്കിയ അങ്കലാപ്പ്
ആ മഹാവൃത്താന്തത്തിന്റെ കാര്യത്തിലവര്‍ വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരായിരുന്നു. അതുകൊണ്ടു വന്നയാളെ കുറിച്ച് അവര്‍ പറഞ്ഞു: ജോത്സ്യനാണ്. അവര്‍ പറഞ്ഞു: കവിയാണ്, അവര്‍ പറഞ്ഞു: ആഭിചാരകനാണ്, അവര്‍ പറഞ്ഞു: ഭ്രാന്തനാണ്. അവര്‍ ഖുര്‍ആനെ കുറിച്ച് പറഞ്ഞു: ‘അവര്‍ പറയുന്നു: ഇത് പൂര്‍വികരുടെ ഇതിഹാസങ്ങളാകുന്നു. അയാള്‍ അവ പകര്‍ത്തിക്കുന്നു. രാവിലെയും വൈകീട്ടും അയാള്‍ അതു വായിച്ചു കേള്‍പ്പിക്കപ്പെടുന്നുമുണ്ട്.’ (25:5) മറ്റൊരിടത്ത് പറയുന്നു: ‘ഇയാള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നത് ഒരു മനുഷ്യന്‍ തന്നെയാണ് എന്ന് നിന്നെക്കുറിച്ച് അവര്‍ പറയുന്നുണ്ടെന്ന് നമുക്കറിയാം. എന്നാല്‍, അവര്‍ ചൂണ്ടിക്കാണിക്കുന്ന മനുഷ്യന്റെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ, തെളിഞ്ഞ അറബി ഭാഷയും.’ (16:103)

മുഹമ്മദ് നബി(സ)യെയും അദ്ദേഹം കൊണ്ടുവന്ന ദിവ്യബോധനത്തിന്റെ യാഥാര്‍ത്ഥ്യത്തിലും പരിഭ്രാന്തിയും സംശയവും ഉള്ളവരായിരുന്നു അവരെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. ‘അവര്‍ പറയുന്നു: `പക്ഷേ, ഇത് പാഴ്ക്കിനാവുകളാണ്. അല്ല, ഇത് ഇയാള്‍ സ്വയം ചമച്ചതാണ്. അല്ല, ഇയാള്‍ ഒരു കവിയാണ്. അല്ലെങ്കില്‍, ആദികാല ദൈവദൂതന്മാരോടൊപ്പം അയക്കപ്പെട്ടതുപോലുള്ള ദൃഷ്ടാന്തം കൊണ്ടുവരട്ടെ.’ (21:5) അവരുടെ നിലപാടുകളിലെ വൈരുദ്ധ്യവും ഒരു ഏകനിലപാടില്‍ സ്ഥായിയി നിലകൊള്ളാന്‍ സാധിക്കാത്തും എടുത്തു കാണിച്ചു കൊണ്ട് മറ്റൊരിടത്ത് അല്ലാഹു പറയുന്നത് കാണുക: ‘നമ്മുടെ സുവ്യക്തമായ സൂക്തങ്ങള്‍ ഓതിക്കൊടുക്കുമ്പോള്‍ അവര്‍ പറയുന്നു: `ഇയാള്‍ ഒരു മനുഷ്യന്‍ മാത്രമാകുന്നു. പൂര്‍വപിതാക്കള്‍ ആരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങളില്‍നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാനത്രെ ഇയാള്‍ ആഗ്രഹിക്കുന്നത്.` ഈ ഖുര്‍ആന്‍ കേവലം കെട്ടിച്ചമച്ച വ്യാജമാണെന്നും അവര്‍ പറയുന്നുണ്ട്. സത്യം കണ്‍മുമ്പില്‍ വന്നപ്പോള്‍ ഈ നിഷേധികള്‍ ഘോഷിച്ചു: ഭഇത് തെളിഞ്ഞ ആഭിചാരമാണ്.’ (34:43)

ഇത്തരത്തില്‍ നബി(സ) അവതരിപ്പിക്കപ്പെട്ട ദിവ്യബോധനത്തിലും അല്ലാഹു നിയോഗിച്ച ദൂതനാണ് അദ്ദേഹമെന്ന കാര്യത്തിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയിലുണ്ടായിരുന്നുവെന്ന് കാണാം. അതേസമയം പുനരുദ്ധാനത്തോടുള്ള നിലപാടില്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടായിരുന്നു. അതിനെ തള്ളിക്കളയുന്നതും നിഷേധിക്കലുമായിരുന്നു അതിലവരുടെ നിലപാട്.
‘അവര്‍ പറയുന്നു: `ജീവിതമെന്നാല്‍ നമ്മുടെ ഈ ഭൗതികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാം ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല.’ (7:24)
‘അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിത്തീര്‍ന്നാല്‍ പിന്നെയും പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുമെന്നോ?’ (17:49)
‘അവിശ്വാസികള്‍ ജനത്തോട് പറയുന്നു: `നിങ്ങളുടെ ദേഹം ദ്രവിച്ചു ചിതറിക്കഴിഞ്ഞാല്‍ പിന്നെ സമൂലം പുനഃസൃഷ്ടിക്കപ്പെടുമെന്നു പറയുന്ന ഒരാളെ കാണിച്ചുതരട്ടെയോ? അയാള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം ചമക്കുകയാണോ, അതല്ല ഭ്രാന്തായതാണോ, എന്തോ!’ (34:7-8)
ഖബ്‌റില്‍ കിടക്കുന്ന മനുഷ്യന്റെ ശരീരം ദ്രവിച്ച് ചിന്നഭിന്നമാക്കപ്പെട്ടതിന് ശേഷം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടും എന്ന് പറയുന്നതായിരുന്നു അതില്‍ അവരുടെ ആശ്ചര്യത്തിന്റെയും അത്ഭുതത്തിന്റെയും പ്രേരകം.

‘നബഉന്‍ അള്വീം’ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആന്‍ ആണെന്നും മുഹമ്മദ് നബി(സ)യുടെ നുബുവത്ത് ആണെന്നും ചില മുഫസ്സിറുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മരണത്തിന് ശേഷമുള്ള പുനരുജ്ജീവിപ്പിക്കലാണ് അതുകൊണ്ടുദ്ദേശ്യം എന്ന അഭിപ്രായത്തിന് മുന്‍ഗണന നല്‍കുന്നവരും മുഫസ്സിറുകളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ അതത്രത്തോളം തൃപ്തികരമായ അഭിപ്രായമായി എനിക്ക് തോന്നുന്നില്ല. പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ് അബ്ദുല്ല ദര്‍റാസ് ഖുര്‍ആനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ ‘അന്നബഉല്‍ അള്വീം’ ല്‍ തെരെഞ്ഞെടുത്തിരിക്കുന്നതും നാമിവിടെ മുന്‍ഗണന നല്‍കിയ അഭിപ്രായം തന്നെയാണ്. (തുടരും)

വിവ: നസീഫ്

മഹാവൃത്താന്തം
അവരത് അറിയുക തന്നെ ചെയ്യും

Related Articles