Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ഹാറൂന്റെ സഹോദരി

quran.jpg

‘ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.’ (മര്‍യം: 28) എന്ന് അല്ലാഹു പറയുന്നു. ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്ന ‘ഹാറൂന്‍’ ആരെയാണ് ഉദ്ദേശിക്കുന്നത്? മൂസാ നബിയുടെ സഹോദരന്‍ ഹാറൂന്‍ തന്നെയാണോ അത്? മര്‍യമിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ജീവിച്ചിരുന്ന ഹാറൂന്‍ എങ്ങനെയാണ് അവരുടെ സഹോദരിയാവുന്നത്? അതല്ല വേറെ ഏതെങ്കിലും ഹാറൂനാണോ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്?

മേല്‍പറഞ്ഞ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഹാറൂന്‍ മൂസാ നബിയുടെ സഹോദരന്‍ ഹാറൂന്‍ തന്നെയാണ്. ഒരേ മാതാപിതാക്കളുടെ മക്കള്‍ എന്ന അര്‍ഥത്തിലുള്ള സഹോദരിയല്ല ഈ പ്രയോഗം കൊണ്ടര്‍ഥമാക്കുന്നത്. ഒരു ആലങ്കാരിക പ്രയോഗം മാത്രമാണത്. അവര്‍ (മര്‍യം) ഹാറൂന്റെ വംശപരമ്പരയിലും സന്താനപരമ്പരയിലും പെട്ടവളാണ് എന്നാണത് അര്‍ഥമാക്കുന്നത്. തമീം ഗോത്രക്കാരനെ ‘തമീമിന്റെ സഹോദരന്‍’ (അഖൂ തമീം), എന്നും ഖുറൈശി ഗോത്രക്കാരനെ ഖുറൈശിന്റെ സഹോദരന്‍ എന്നും വിശേഷിപ്പിക്കുന്നത് പോലെ ഒരു പ്രയോഗമാണത്. സദ്‌വൃത്തനായ ഒരു നബിയുടെ സന്താനപരമ്പരയില്‍ പെട്ട നിനക്കെങ്ങനെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു? എന്നതായിരുന്നു അവരുടെ ചോദ്യം. മര്‍യം ഹാറൂന്‍ നബിയുടെ സന്താന പരമ്പരയില്‍ പെട്ടവരായിരുന്നില്ല എങ്കില്‍ പോലും ദേവാലയത്തിനുള്ള പരിചരണത്തിലൂടെയും അവിടെ ആരാധനക്കായി ജീവിതം ഉഴിഞ്ഞുവെച്ചതിലൂടെയും അദ്ദേഹത്തിലേക്ക് ചേര്‍ക്കപ്പെട്ടവളായിരുന്നു അവര്‍.

ദേവാലയങ്ങളുടെ പരിചരണം ഹാറൂന്‍ നബിയുടെ സന്താനങ്ങളില്‍ നിക്ഷിപ്തമാക്കപ്പെട്ടതായിരുന്നു. സേവനത്താലും ആരാധനകളാലും ദേവാലയത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചതിലൂടെ സദ്‌വൃത്തനായ നബിയിലേക്ക് ചേര്‍ക്കപ്പെട്ടവള്‍ എന്നതാണ് ‘ഹാറൂന്റെ സഹോദരി’ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ആയത്തില്‍ പരാമര്‍ശിക്കുന്ന ഹാറൂന്റെ ഉദ്ദേശ്യം ആ സമൂഹത്തില്‍ തന്നെയുള്ള മര്‍യം തന്റെ മാതൃകയായി സ്വീകരിച്ച ഒരു സദ്‌വൃത്തനാവാനുള്ള സാധ്യതയും നിരാകരിക്കാനാവില്ല. സൂക്ഷ്മതയിലും ദൈവത്തോടുള്ള അനുസരണത്തിലും ആരാധനകളിലും മര്‍യം അദ്ദേഹത്തെ അനുകരിച്ചതിനാല്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് അറിയപ്പെട്ടതാവാം. ‘ഈ സദ്‌വൃത്തനായ മനുഷ്യനെ മാതൃകയാക്കുകയും പിന്തുടരുകയും ചെയ്യുന്നവളേ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയും ആയിരുന്നില്ല. പിന്നെ എവിടന്നു കിട്ടി നിനക്ക് ഈ കുട്ടിയെ?’ എന്നതായിരിക്കാം ജനങ്ങളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം.

മുഗീറത്ത് ബിന്‍ ശുഅ്ബ(റ)ല്‍ നിന്നും അഹ്മദ്, മുസ്‌ലിം, തിര്‍മിദി, നസാഇ തുടങ്ങിയവര്‍ അദ്ദേഹം പറഞ്ഞതായി ഉദ്ധരിക്കുന്നു: പ്രവാചകന്‍(സ) എന്നെ നജ്‌റാന്‍ നിവാസികളിലേക്ക് (അവര്‍ ക്രിസ്ത്യാനികളായിരുന്നു) അയച്ചു. അവര്‍ ചോദിച്ചു: നിങ്ങള്‍ പാരായണം ചെയ്യുന്ന ‘ഓ ഹാറൂനിന്റെ സോദരീ’ എന്നതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? ഈസാ നബിക്കും അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പാണല്ലോ മൂസാ നബി വന്നിട്ടുള്ളത്? അതിന് മറുപടി നല്‍കാന്‍ സാധിക്കാതിരുന്ന മുഗീറ റസൂലിന്റെ സന്നിദ്ധിതിയില്‍ ചെന്ന് സംഭവിച്ച കാര്യം വിവരിച്ചു. അപ്പോള്‍ നബി(സ) അദ്ദേഹത്തോട് ചോദിച്ചു: മുന്‍കഴിഞ്ഞ നബിമാരുടെയും സദ്‌വൃത്തരുടെയും പേരുകള്‍ തങ്ങളുടെ പേരായി സ്വീകരിക്കുന്നവരാണവര്‍ എന്ന് അവര്‍ക്ക് മറുപടി നല്‍കാമായിരുന്നില്ലേ? നജ്‌റാന്‍ നിവാസികള്‍ മനസ്സിലാക്കിയ പോലെ ആയത്തില്‍ പരാമര്‍ശിക്കുന്ന ഹാറൂന്‍ മൂസാ നബിയുടെ സഹോദരന്‍ ഹാറൂന്‍ തന്നെയാവണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന പ്രവാചകനില്‍ നിന്ന് തന്നെയുള്ള വ്യാഖ്യാനമാണിത്. മര്‍യമിന്റെ സമകാലികനായ ഒരു ഹാറൂനായിരിക്കാം അത്. പ്രവാചകന്‍മാരുടെയും അവരിലെ തന്നെ സദ്‌വൃത്തരുടെയും പേരുകള്‍ പേരുകളായി സ്വീകരിക്കുന്ന സമൂഹത്തിലായിരുന്നു അവര്‍ ജീവിച്ചിരിക്കുന്നത്.

മൊഴിമാറ്റം: നസീഫ്‌

Related Articles